ADVERTISEMENT

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ പുതിയൊരു അദ്ധ്യായം തുറന്ന കമ്പനിയായ നതിങ് വീണ്ടുമിതാ അത്ഭുതപ്പെടുത്തുന്നു. ഇത്തവണ നതിങ് കമ്പനിയുടെ സബ് ബ്രാൻഡ് ആയ സിഎംഎഫ് ലേബലില്‍ ഇറക്കിയ സിഎംഎഫ് 1 ആണ് ലോക ശ്രദ്ധ പിടിച്ചിരിക്കുന്നത്. പതിനായിരക്കണക്കിനു രൂപ നല്‍കി വാങ്ങുന്ന ഫോണുകളുടെ പകിട്ടും പ്രതാപവുമില്ലെങ്കിലും ആവര്‍ത്തന വിരസതയില്‍ ആറാടുന്ന സ്മാര്‍ട്ട്‌ഫോണ്‍ മേഖലയെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു ഡിവൈസ് പുറത്തുവന്നിരിക്കുന്നു.

 ഫോണ്‍ 1ല്‍ ഉണ്ട് ഒട്ടേറെ പുതുമകള്‍. ഈ ഫോണിനു പുറത്ത് എന്തൊക്കെ ചെയ്യാമെന്ന് അറിയുമ്പോഴാണ് ഫോണ്‍ നിര്‍മാണ മേഖലയില്‍ നതിങ് ആരംഭിച്ചിരിക്കുന്ന നിശബ്ദ വിപ്ലവം നമുക്ക് കണ്ടു തുടങ്ങാനാകുക. പുതിയ ഫോണ്‍ വാങ്ങിക്കഴിഞ്ഞ്, സിം ഇട്ട്, വെറുതെ തോണ്ടി, തോണ്ടി ഇരിക്കുക എന്ന ആശയമല്ല, നതിങ് മുന്നോട്ടുവച്ചിരിക്കുന്നത്. 

cmf - 1

സിം പിക്കറിനൊപ്പം, സ്‌ക്രൂ ഡ്രൈവറും നതിങ് നല്‍കുന്നു. എന്തിനാണെന്നോ? ഫോണിന്റെ പിന്നിലെ കവര്‍ അങ്ങ് അഴിച്ചു നീക്കാന്‍. അങ്ങനെ 'സുതാര്യമായി' വേണമെങ്കിലും ഉപയോഗിക്കാം. അതല്ലെങ്കില്‍ പല കവറുകള്‍ ഫോണിനായി നതിങ് തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. (ഇവ ഫോണിനൊപ്പം തന്നെ നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.) അതാണ് പറയുന്നത് ഈ ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഭാഗത്തു നിന്ന് കമ്പനി എത്രമാത്രം ചിന്തിച്ചിരിക്കുന്നു എന്ന്. ഫീച്ചര്‍ ഫോണുകളുടെ കാലത്ത് അവയ്ക്ക് ടാഗ് ഇടാമായിരുന്നു. ടാഗ് കൈയ്യില്‍ ഇട്ടു കഴിഞ്ഞാല്‍ ഫോണ്‍ വഴുതി പോയാലും താഴെ വീഴുമായിരുന്നില്ല. 

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ടാഗ് ഇടാനാവില്ല. എന്നാല്‍, സിഎംഎഫ് (1)ല്‍ നതിങ് നല്‍കുന്ന ഒരു കവര്‍ വാങ്ങി പിടിപ്പിച്ചു കഴിഞ്ഞാല്‍ അതില്‍ ടാഗ് ഇടാം. അതിനു പുറമെ സിഎംഎഫ് ഫോണിനു മാത്രമായി നിര്‍മ്മിച്ച സ്റ്റാന്‍ഡ് ഉപയോക്താവിനു തന്നെ സ്‌ക്രൂ ചെയ്തു പിടിപ്പിക്കാം! വാലറ്റ് എന്‍ക്ലോഷറും ഉണ്ട്. അത് സ്‌ക്രൂ ചെയ്തു പിടിപ്പിച്ചാല്‍ മാഗ്‌സെയ്ഫ് ചാര്‍ജിങ് ശേഷിയും ഫോണ്‍ ആര്‍ജ്ജിക്കും! എക്‌സ്പാന്‍ഡബിലിറ്റിയുടെ പൊടിപൂരം! 

ജുഗാട് ഫോണ്‍ എന്ന് മിസ്റ്റര്‍ ഹൂസ്ദബോസ് 

സിഎംഎഫ് 1 ഫോണില്‍ താന്‍ കാണുന്നത് ജുഗാഡ് (jugaad) മനസ്ഥിതിയാണെന്ന് ഫോണ്‍ റിവ്യു ചെയ്ത മിസ്റ്റര്‍ഹൂസ്ദബോസ് എന്ന യൂട്യൂബര്‍ പറയുന്നു. ജുഗാദ് എന്നു പറഞ്ഞാല്‍ 'ചിലവുകുറഞ്ഞ രീതിയില്‍ നൂതനത്വം കൊണ്ടുവരിക' എന്നാണ് അര്‍ത്ഥമെന്നും, ഇത് താന്‍ ഇന്ത്യയില്‍ പരിചയപ്പെട്ട ആശയമാണെന്നും മിസ്റ്റര്‍ഹൂസ്ദബോസ് പറയുന്നു.

നമ്മുടെ കൈയ്യിലുള്ള ഉപകരണത്തിന് പലവിധ ഉപയോഗസാധ്യത കണ്ടെത്തുന്നതിനെയാണ് ഇങ്ങനെ വിളിക്കുന്നത്. നിര്‍മ്മിക്കുന്നതിനു മുമ്പ് വ്യക്തമായ തീരുമാനങ്ങള്‍ എടുത്തതിന്റെ ഫലമാണ് സിഎംഎഫ് 1 എന്ന് സ്പഷ്ടം. ഉപയോഗക്ഷമതയ്ക്കാണ് പ്രാധാന്യമെങ്കില്‍ ഈ കൊച്ചു ഫോണിന് ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ഉപകരണങ്ങളെ കവച്ചുവയ്ക്കാനാകും. 

ന്യൂനതകള്‍

ഇതൊക്കെയാണെങ്കിലും ഏതാനും കാര്യങ്ങള്‍ അറിയുക തന്നെ വേണം. അത്ര മികച്ച വസ്തുക്കള്‍ കൊണ്ടല്ല ഇത് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍ സിഎംഎഫ് ഫോണ്‍ 1 ഈടുനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എളുപ്പത്തില്‍ അഴിക്കാമെന്നതിനാല്‍, പൊടിയും മറ്റും കയറാം. ഫോണിന്റെ താഴെ അല്‍പ്പം ബെസല്‍ കൂടുതല്‍ തോന്നിക്കും. ഇത്രയൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഉപയോക്താവിന് ബാറ്ററി മാറ്റാവുന്ന രീതിയില്‍ നിര്‍മ്മിച്ചില്ല എന്നും ആരോപണം ഉണ്ട്. 

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് രണ്ടു വര്‍ഷത്തേക്കു മാത്രമേ ലഭിക്കൂ. എന്നാല്‍, മൂന്നു വര്‍ഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റ് ലഭിക്കും. ദീര്‍ഘനേരം മാക്‌സിമം റിഫ്രെഷ് റെയ്റ്റില്‍ ഗെയിം കളിച്ചാല്‍ ഫോണ്‍ ചൂടാകുന്നു എന്നും പറയുന്നു. എടുത്ത ഫോട്ടോ ഡിസ്‌പ്ലെ ചെയ്യാന്‍ അല്‍പ്പം താമസം ഉണ്ടെന്നു തോന്നുന്നു. ഇത് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് വഴി പരിഹരിക്കാനാകുന്നതാണോ എന്ന് അറിയില്ല. 

എന്താണ് സിഎംഎഫിന്റെ ഫുള്‍ഫോം?

കളേഴ്‌സ്, മെറ്റീരിയല്‍സ്, ആന്‍ഡ് ഫിനിഷ് എന്നാണ് സിഎംഎഫ് എന്ന ചുരുക്കപ്പേര് വികസിപ്പിക്കുമ്പോള്‍ കിട്ടുന്നത്. അത് അന്വര്‍ത്ഥമാക്കുന്ന ഉപകരണമാണ് നതിങ് പുറത്തിറക്കിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ എന്നുകേട്ടാല്‍ വല്ലാതെ ഗൗരവത്തിലെടുക്കേണ്ട ഒരു ഉപകരണം മാത്രമായല്ല അതിന് ഒരു കളിപ്പാട്ടമായി (ഫോണിന്റെ പ്രായോഗിക സാധ്യതകള്‍ കണ്ട് അത്ഭുതപ്പെട്ട പല റിവ്യൂവര്‍മാരും ടോയി എന്ന വാക്കുപയോഗിക്കാന്‍ മടിക്കുന്നില്ല) പോലും അവതരിക്കാം എന്ന തോന്നല്‍ ആദ്യമായി കൊണ്ടുവന്ന ഫോണും ആകാം സിഎംഎഫ് ഫോണ്‍ 1. 

സ്‌പെക്‌സ്

സ്മാര്‍ട്ട്‌ഫോണിന് പുതിയ നിര്‍വ്വചനം നല്‍കിയ ഫോണ്‍ എന്നൊക്കെ പറയാമെങ്കിലും അതിന്റെ സ്‌പെക്‌സ് എന്തൊക്കെയാണ്? ഡിസ്‌പ്ലെ മികച്ചതു തന്നെ-6.67-ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍. 2000നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ്. 4-എന്‍എം പ്രൊസസില്‍ തീര്‍ത്തെടുത്ത മീഡിയാടെക് ഡൈമന്‍സിറ്റി 7300 5ജി പ്രൊസസര്‍. ഇതിന്റെ എഞ്ചിനിയറിങില്‍ നതിങ് സഹകരിച്ചു. ഇരട്ട 50എംപി പിന്‍ക്യാമറകള്‍. 16എംപി സെല്‍ഫി ക്യാം. 5000എംഎഎച് ബാറ്ററി. സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ ഇന്‍സ്റ്റോള്‍ ചെയ്താണ് ഫോണ്‍ ലഭിക്കുന്നത്. ഇന്‍-ഡിസ്‌പ്ലെ ഒപ്ടിക്കല്‍ ഫിങ്ഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ട്. തുടക്ക വേരിയന്റിന് 6ജിബി റാമും, 128ജിബി ആന്തരിക സംഭരണശേഷിയും ഉണ്ട്. 2ടിബിയുടെ എസ്ഡി കാര്‍ഡ് വരെ സ്വീകരിക്കും. 

തുടക്ക വേരിയന്റിന് 15,999 രൂപ വില. 

സിഎംഎഫ് ബഡ്‌സ് പ്രോ 2 വയര്‍ലെസ് ഇയര്‍ഫോണുകളും, സിഎംഎഫ് വാച്ച് പ്രോ 2 സ്മാര്‍ട്ട് വാച്ചും നതിങ് പുറത്തിറക്കിയിട്ടുണ്ട്. 

കാള്‍ പെയ് പാവങ്ങളുടെ സ്റ്റീവ് ജോബ്‌സോ?

കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ചു നല്‍കാന്‍ ആരംഭിച്ച വണ്‍പ്ലസ് കമ്പനിയുടെ സ്ഥാപകരില്‍ ഒരാള്‍ ആയിരുന്നു കാള്‍ പെയ്. വണ്‍പ്ലസിനെ മറ്റൊരു ചൈനീസ് കമ്പനിയായ ഒപ്പോയിലെത്തിയപ്പോൾ കാള്‍ പിന്നെ അവിടെ നിന്നില്ല. (ഒ  പ്പോ, വിവോ, വണ്‍പ്ലസ്, റിയല്‍മി, ഇമൂ ഒക്കെ ബിബികെ എന്ന കൂറ്റന്‍ കമ്പനിക്കു കീഴില്‍ ആണെങ്കിലും, വണ്‍പ്ലസിന് സ്വന്തമായി ഉണ്ടായിരുന്ന 'വ്യക്തിത്വം' നഷ്ടപ്പെട്ടതു കൊണ്ടു കൂടെയാകാം കാള്‍ പുറത്തു പോയത്.)

താന്‍ ഒരു ചെറിയ ബ്രെയ്ക് എടുക്കുന്നു. കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം അല്‍പ്പ സമയം ചിലവിട്ട ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് കാള്‍ പറഞ്ഞിരുന്നു. –കാള്‍ തുടങ്ങിയ കമ്പനിയാണ് നതിങ്. വേറിട്ട ഡിവൈസ് എന്ന് എല്ലാവരെക്കൊണ്ടും പറയിച്ച ഫോണ്‍ ആയിരുന്നു നതിങ് ഫോണ്‍ (1).

കുട്ടിക്കാലത്ത് താന്‍ ആപ്പിള്‍ കമ്പനിയുടെ സ്ഥാപകരില്‍ ഒരാളും മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ 'ഫാന്‍ ബോയി' ആയിരുന്നു എന്ന് കാള്‍ തന്നെ പറഞ്ഞിട്ടുണ്ട്. തന്റെ ഡെസ്‌കില്‍ ജോബ്‌സിന്റെ ഒരു ചെറിയ രൂപവും കാള്‍ വച്ചിരുന്നു. പുതിയ കാലത്തെ സ്റ്റീവ് ജോബ്‌സ് എന്ന വിവരണം പലരും കാളിന് ചാര്‍ത്തി കൊടുത്തി തുടങ്ങിയിട്ടുണ്ട്. 

ഇന്ത്യയില്‍ ജോബ്‌സ് നടത്തിയ ആത്മീയ യാത്രകളെക്കുറിച്ച് തനിക്കുള്ളില്‍ ഉദ്വേഗം വളര്‍ന്നുതുടങ്ങിയിട്ടുണ്ടെന്നും കാള്‍ സമ്മതിച്ചിട്ടുണ്ട്. ഡിസൈനര്‍ ജോണി ഐവിന്റെയും, ജോബ്‌സിന്റെയും കൈയ്യൊപ്പു പതിഞ്ഞു കിടക്കുന്ന ഐഫോണിന്റെ സവിശേഷതകളിലൊന്ന് അത് ഉപയോഗിക്കാന്‍ എത്ര എളുപ്പമാണ് എന്നതാണ്. 

തന്റെ ഉപകരണങ്ങളും അത്തരത്തില്‍ കൈകാര്യം ചെയ്യാൻ മുന്‍തൂക്കം നല്‍കി ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ആളുമാണ് കാള്‍. എന്തായാലും, ജോബ്‌സിനെ പോലെ പ്രീമിയം ഉല്‍പ്പന്നത്തെക്കാളേറെ താരതമ്യേന പൈസ കുറവുള്ളവരെ കൂടെ പരിഗണിച്ച് ഉപകരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന കാളിന് ചേരുന്നത്, പാവങ്ങളുടെ, പ്രായോഗികതയുടെ സ്റ്റീവ് ജോബ്‌സ് എന്ന പട്ടം ആയിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com