ADVERTISEMENT

സ്മാർട്ഫോണുകളുടെ ഗ്ലാമറസ് ബോഡി പ്ലാസ്റ്റിക്കിന്റെയും ഗ്ലാസിന്റെയും പല വകഭേദങ്ങളിലാണിപ്പോൾ. അലുമിനിയം ബോഡിയുടെ ശക്തിയും ‘ക്ലാസും’ അറിയുമ്പോൾത്തന്നെ അതിൽനിന്ന് ഗ്ലാസിലേക്കും പ്ലാസ്റ്റിക്കിലേക്കും മാറാൻ സൗന്ദര്യശാസ്ത്രപരമായ കാരണങ്ങൾ മാത്രമായിരുന്നില്ല. ഫോണിലുള്ളിലെ സ്മാർട് ഘടകങ്ങളുടെ ശേഷിയും കഠിനാധ്വാനവും കൂടിക്കൂടിവരുമ്പോൾ ചൂടും കൂടും; അതു നമ്മുടെ കയ്യിലെത്താതിരിക്കാൻ ഈ മെറ്റീരിയലൊക്കെയാണു സൗകര്യം.

കണക്ടിവിറ്റി ഉഷാറാക്കാനുള്ള ആന്റനകളുടെ പ്രവർത്തനത്തിനും ഗ്ലാസ്, പ്ലാസ്റ്റിക് ബോഡിയാണു കൂടുതൽ ഉചിതമെന്നു ഫോൺ നിർമാതാക്കൾ വിലയിരുത്തി. പക്ഷേ, ബലമുള്ള ബോഡി എന്ന ആശയം കെട്ടുപോയിരുന്നില്ല. പ്രീമിയം–മിഡ് റേഞ്ച് ഫോണുകളിലെ താരബ്രാൻഡ് വൺപ്ലസ് ഇതാ വീണ്ടും മെറ്റൽ ബോഡിയുള്ള ഫോൺ ലോകവിപണിയിൽ എത്തിച്ചിരിക്കുന്നു. 

കഴിഞ്ഞ ദിവസം ഇന്ത്യയടക്കമുള്ള മാർക്കറ്റുകളിലെത്തിയ ‘വൺപ്ലസ് നോഡ് 4’ അലുമിനിയം യൂണിബോഡിയുള്ള ആദ്യ 5ജി ഫോൺ ആണ്. 5ജി ആന്റനകളുടെ വലുപ്പം പകുതിയാക്കിയും രൂപം മാറ്റിയും മദർബോർഡ് ഡിസൈൻ പരിഷ്കരിച്ചുമൊക്കെയാണ് വൺപ്ലസ് അലുമിനിയം ബോഡിക്കു വഴിയൊരുക്കിയത്.

അലുമിനിയം ബോഡി സിഗ‌്‌നലുകൾ ബൂസ്റ്റ് ചെയ്യുന്ന വിധത്തിലും പ്രവർത്തിക്കുമെന്ന് കമ്പനി പറയുന്നു. 2 ക്യാമറകൾ വെർട്ടിക്കൽ ആയി വയ്ക്കുന്നതിനുപകരം നിരത്തിവച്ചതിലൂടെ മദർബോഡ് വലുപ്പം കുറയ്ക്കാനും വലിയ ബാറ്ററി വയ്ക്കാനും കഴിഞ്ഞു. ഡാർക് ടോണുള്ള മിഡ്നൈറ്റ്, 28000 ലേസർ സ്ട്രോക്കുകളിലൂടെ ആകർഷക പാറ്റേണൊരുക്കിയ മെർക്കൂറിയൽ സിൽവർ, ഒയാസിസ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് അലുമിനിയം ബോഡി എത്തുന്നത്. 

ഏറ്റവും പുതിയ പ്രോസസർ 

ബോഡിക്കുള്ളിലും നോഡ് 4 അത്യാധുനികമാണ്. ഇക്കൊല്ലത്തെ ഏറ്റവും പുതിയ പ്രോസസർ ആയ ക്വാൽകോം സ്നാപ്ഡ്രാഗൻ 7 പ്ലസ് ജെൻ3 തൊട്ടുമുൻ തലമുറ പ്രോസസറിനെക്കാൾ വളരെ ശേഷി കൂടിയതാണ്. 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി എന്നീ റാം–സ്റ്റോറേജ് കോംബിനേഷനുകളിലാണ് നോഡ് 4 കിട്ടുക. നോഡ് ശ്രേണിയിൽ‌ ഇതുവരെ അവതരിപ്പിച്ച ഏറ്റവും വലിയ ബാറ്ററിയാണിതിന്. 100 വാട്ട് സൂപ്പർവൂക് ചാർജർ വഴി ഇത് 0–100% ചാർജ് ചെയ്യാ‍ൻ അരമണിക്കൂർ മതി. 

ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ 14.1 ഓപ്പറേറ്റിങ് സിസ്റ്റം തികച്ചും യൂസർ–ഫ്രണ്ട്‌ലി ആണ്. ചില ഗെയിമുകളും മറ്റും പ്രീ–ലോഡഡ് ആയി വന്നിട്ടുണ്ടെങ്കിലും ഡിസേബിൾ ചെയ്യാനാകും. ഗെയിമിങ്, എന്റർടെയ്ൻമെന്റ് ഉപയോഗത്തിലൊന്നും കാര്യമായി ചൂടാകുകയോ പെർഫോമൻസ് പതറുകയോ ചെയ്യുന്നില്ല. ബാറ്ററി ഫുൾ ചാർജ് ചെയ്താൽ ഒന്നര– രണ്ടു ദിവസം ഉപയോഗിക്കാം. 

കൊള്ളാം ക്യാമറ 

50 മെഗാപിക്സൽ മെയിൻ ക്യാമറ സോണി ലൈറ്റ് 600 സെൻസറാണ്. 112 ഡിഗ്രി വൈഡ് കിട്ടുന്ന 8–മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുമുണ്ട്. 16 മെഗാപിക്സൽ ആണ് സെൽഫീ ക്യാമറ. ഇതോടൊപ്പം ആകർഷകമായ എഐ ഫീച്ചറുകളും കൂടിയാകുമ്പോൾ നോഡ് 4 തികച്ചും യങ് ആകുന്നു. ഒരു ഫോട്ടോയിൽനിന്ന് ഒരാളെ കട്ട്ഔട്ട് ആക്കി മറ്റൊരു ചിത്രത്തിൽ പിടിപ്പിക്കുക, ഫോട്ടോയിലെ വേണ്ടാത്ത ആളുകളെയും വസ്തുക്കളെയും സിംപിൾ ആയി മായ്ച്ചുകളയുക തുടങ്ങിയ സൗകര്യങ്ങൾ ഇതിൽപ്പെടും. ഗ്രൂപ്പ് ആയി സെൽഫി എടുക്കുമ്പോൾ ഒരാളുടെ മാത്രം കണ്ണടഞ്ഞുപോയെന്നുകരുതി ആ ചിത്രം കളയേണ്ടതില്ല; എഐ ഉപയോഗിച്ച് കണ്ണു തുറപ്പിക്കാൻ ഈ ഫോണിൽ സൗകര്യമുണ്ട്. 

മികച്ച സ്ക്രീൻ പ്രസൻസ് 

6.74 ഇഞ്ച് അമൊലെഡ് ഡിസ്പ്ലേ 120 ഹെട്സ് വരെ സ്ക്രീൻ റിഫ്രഷ് റേറ്റുള്ളതാണ്. 450 പിക്സൽ പെർ ഇഞ്ച് റെസല്യൂഷൻ. ഔട്ഡോർ വെളിച്ചത്തിലും വ്യക്തതയുള്ള കാഴ്ച. ഫോണിനാകെ 200 ഗ്രാം ഭാരമാണുള്ളത്. രണ്ട് 5ജി സിം സ്ലോട്ടുകളാണുള്ളത്. വൈബ്രേറ്റ്–റിങ്–സൈലന്റ് മോഡുകളിലേക്ക് അനായാസം മാറ്റാനാകുന്ന അലെർട്ട് സ്ലൈഡർ ഉണ്ട്. 

ലോങ് ടേം അപ്ഡേറ്റ് 

ഇതിനൊക്കെ പുറമെ, 4 ആൻഡ്രോയ്ഡ് അപ്ഡേറ്റുകളും 6 വർഷത്തേക്ക് സെക്യൂരിറ്റി അപ്ഡേറ്റുകളും കിട്ടുമെന്ന സൂപ്പർ വാഗ്ദാനവും വൺപ്ലസ് നൽകുന്നു. 5–6 വർഷത്തേക്ക് ഒരു പ്രയാസവുമില്ലാതെ ഉപയോഗിക്കാനാകും. 

മിഡ് റേഞ്ച് വില 

ഓഗസ്റ്റ് രണ്ടിന് വിൽപന തുടങ്ങുന്ന ഫോൺ ഇപ്പോൾ പ്രീ–ബുക്കിങ് സ്റ്റേജിലാണ്. 8 ജിബി + 128 ജിബി മോഡൽ 29,999 രൂപ, 8 ജിബി + 256 ജിബി 32,999 രൂപ, 12 ജിബി + 256 ജിബി 35,999 രൂപ എന്നിങ്ങനെയാണു വില. പല ഓഫറുകളുമുണ്ട്. 30,000– 40,000 രൂപ ശ്രേണിയിലെ ഏറ്റവും മികച്ച ഫോണുകളിലൊന്നായി മാറാൻ തക്ക യോഗ്യതകളെല്ലാം നോഡ് 4നുണ്ടെന്ന് വൺപ്ലസിന് ആത്മവിശ്വാസത്തോടെ പറയാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com