ഇന്ത്യയിൽ നിന്നും ഒരു വമ്പൻ സ്മാർട്ഫോണ്‍ നിർമാതാവുണ്ടാകാനുള്ള സാധ്യത ആപ്പിൾ തകർത്തോ?, റിപ്പോര്‍ട്ടുകൾ ഇങ്ങനെ
Mail This Article
ഇന്ത്യയില്‍ നിന്ന് ഒരു വമ്പന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാവ് ഉണ്ടാകാനുള്ള സാധ്യത ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍ തടഞ്ഞതായുള്ള റിപ്പോര്‍ട്ടുകളുടെ യാഥാർഥ്യമെന്തെന്ന് അറിയാം. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാവ് വിവോയുടെ ഇന്ത്യയിലെ ബിസിനസിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമമാണ്ആപ്പിള്‍ തകര്‍ത്തതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചൈനീസ് കമ്പനികള്‍ക്കെതിരെ കേന്ദ്രം നീക്കം ശക്തമാക്കിയതോടെയാണ് വിവോ ഇന്ത്യയിലെ തങ്ങളുടെ വിഭാഗത്തിന്റെ 51 ശതമാനവും ടാറ്റയ്ക്ക് വില്‍ക്കാനുള്ള ചര്‍ച്ചയില്‍ ഏര്‍പ്പെട്ടത്.
ഇത് സംബന്ധിച്ചു ടാറ്റയും വിവോയും തമ്മിലുള്ള ചര്‍ച്ച മുറുകിയതോടെ ആപ്പിള്‍ ഇടപെട്ട് ടാറ്റയെ വിലക്കി എന്ന സൂചനയാണ് ഉള്ളത്. കാരണം, ടാറ്റ ഇന്ത്യയില്‍ ആപ്പിളിന്റെ നിര്‍മാണ പങ്കാളിയാണ്. അതാണ് വിവോയില്‍ ഓഹരിയെടുക്കാനുള്ള നീക്കം ആപ്പിളിനെ അസന്തുഷ്ടരാക്കിയതത്രെ. ഇത് വിവോയ്ക്ക് കനത്തപ്രഹരമായിരിക്കാമെന്നും കരുതപ്പെടുന്നു. എന്തായാലും, ഇത്തരം കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്നുള്ള ഔദ്യോഗിക നിലപാടാണ് ടാറ്റ സ്വീകരിക്കുന്നതെന്നും പറയുന്നു.
ആപ്പിളിനായി ഐഫോണ്‍ കരാറടിസ്ഥാനത്തില്‍ നിര്‍മിച്ചു നല്കുന്ന കമ്പനിയായ വിസ്ട്രോണ്ന്റെ ഫാക്ടറി ടാറ്റ 2023ല്‍ ഏറ്റെടുത്തത് 125 ദശലക്ഷം ഡോളറിനാണ്. ഈ ഇടപാടില്‍ മുഖ്യ പങ്കു വഹിച്ചത് ആപ്പിള്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകമെമ്പാടും തങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ കമ്പനികളെ ഉള്‍പ്പെടുത്താന്‍ ആപ്പിള്‍ ആഗ്രഹിക്കുന്നു. കൂടാതെ, ടാറ്റയ്ക്ക് ആപ്പിളായിരിക്കാം കൂടുതല്‍ നല്ല പങ്കാളി എന്ന വാദവും ഉണ്ട്. ഏകദേശം 10,000 ജോലിക്കാരാണ് ഇപ്പോള്‍ വിസ്ട്രണ്‍ന്റെ ഫാക്ടറിയില്‍ ജോലിയെടുക്കുന്നത്. ഇത് വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചേക്കാം. മറ്റൊരു ഐഫോണ്‍ നിര്‍മാണ കമ്പനിയായ പെഗാട്രോണിന്റെ തമിഴ്നാട്ടിലെ ഫാക്ടറിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ചര്‍ച്ചയിലാണ് ഇപ്പോള്‍ ടാറ്റ എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചൈനീസ് കമ്പനികള്‍ സഹകരണം തേടുന്നു
അതേസമയം, ടാറ്റാ-വിവോ കച്ചവടം നടന്നില്ലെങ്കിലും മറ്റു ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ ബിസിനസുകാര്‍ക്ക് കമ്പനികള്‍ വിറ്റേക്കാമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വില്ക്കാന് സാധിക്കാത്ത പക്ഷം, പങ്കാളികളായി എങ്കിലും ഇന്ത്യന്‍ കമ്പനികളെ കൂട്ടിയേക്കാം. ഇന്ത്യന്‍ ബിസിനസുകാര്‍ വന്‍കിട ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാക്കളാകുന്നത് കാണാന്‍ കേന്ദ്രം ആഗ്രഹിക്കുന്നുണ്ട്.
അടുത്തിടെയായി ടാറ്റ ഇലക്ട്രോണിക് ഉപകരണ നിര്‍മാണ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ കാര്യമായി ശ്രദ്ധ ചെലുത്തിവരികയായിരുന്നു. വിവോയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ രാജ്യത്തെ ആദ്യത്തെ പ്രധാന സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാവ് എന്ന പേര് ടാറ്റ സ്വന്തമാക്കിയേനെ. ഇന്ത്യയില്‍ നിന്ന് ഇതുവരെ ഫോണ്‍ നിര്‍മാണത്തിന് ഇറങ്ങിയ കമ്പനികളൊക്കെ ബജറ്റ് ഫോണുകള്‍ മാത്രം നിര്‍മ്മിക്കുന്നവയായിരുന്നു.
അതേസമയം, ടാറ്റാ-വിവോ ചര്‍ച്ചകള്‍ നിറുത്തിവച്ചിരിക്കുന്നത് തത്കാലത്തേക്കു മാത്രമാണെന്നും വാദമുണ്ട്. എന്തായാലും തങ്ങളുടെ ഭാവി തന്ത്രങ്ങള്‍ ടാറ്റ കൂടുതല്‍ ശ്രദ്ധയോടെയായിരിക്കും സ്വീകരിക്കുക. ആപ്പിളുമായുള്ള പങ്കാളിത്തത്തിന്റെ പേരില്‍ തങ്ങളുടെ പല ബിസിനസ് സാധ്യതകളും ബലി കഴിക്കേണ്ടിവന്നേക്കാമെന്നത് ചര്‍ച്ച ചെയ്യപ്പെട്ടേക്കാം.
ഇന്ത്യയില്‍ നിന്ന് റെക്കോർഡ് വരുമാനം ലഭിച്ചു എന്ന് കുക്ക്
ജൂണില്‍ അവസാനിച്ച പാദത്തില്‍ തങ്ങള്‍ക്ക് റെക്കോർഡ് വരുമാനം കിട്ടിയെന്ന് ആപ്പിള്‍. തങ്ങള്‍ക്ക് 85.8 ബില്ല്യന്‍ ഡോളര്‍ വരുമാനമാണ് കിട്ടിയതെന്നും, തലേ വര്‍ഷത്തെ വരുമാനത്തേക്കാള്‍ 5 ശതമാനം വര്‍ദ്ധനയാണ് ഇത് കാട്ടുന്നതെന്നും കമ്പനിയുടെ മേധാവി ടിം കുക്ക് അറിയിച്ചു. വരുമാന വര്‍ദ്ധനയ്ക്കു കാരണം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും മേഖലകളിലും തങ്ങള്‍ക്ക് റെക്കോർഡ് വില്‍പ്പന നടത്താനായതിനാലാണെന്നാണ് അദ്ദേഹം പറഞ്ഞത്. കാനഡ, മെക്സിക്കോ, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, തയ്ലന്റ് എന്നിവിടങ്ങളിലും വില്‍പ്പനയില്‍ വര്‍ദ്ധനയുണ്ടായി എന്നും കുക്ക് പറഞ്ഞു.
ആപ്പിള്‍ സര്‍വീസുകളും റെക്കോർഡ് വരുമാനം കൊണ്ടുവരുന്നു
ആപ്പിള്‍ ടിവി, ഐക്ലൗഡ് തുടങ്ങിയ തങ്ങളുടെ സേവനങ്ങള്‍ സകലകാല റെക്കോഡ് വരുമാനമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കുക്ക് പറഞ്ഞു. തലേ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ മാര്‍ക്കറ്റ് കുത്തകയാക്കി വച്ചിരിക്കുന്നു എന്ന് ആരോപണം
ആപ്പിള്‍ ഇന്റലിജന്‍സ് എന്ന നിര്‍മിത ബുദ്ധി (എഐ) ടൂള്‍ അവതരിപ്പിക്കാനിരിക്കെയാണ് കമ്പനിക്ക് അധികാരികളില്‍ നിന്ന് പല പുതിയ പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കുമെന്ന് സൂചന. യൂറോപ്യന്‍ യൂണിയനില്‍ (ഇയു) മാത്രം ആപ്പിള്‍ മൂന്ന് അന്വേഷണങ്ങളാണ് നേരിടുന്നത്. ചെറിയ കമ്പനികള്‍ക്കും ആപ്പിള്‍ പോലെയുള്ള വമ്പന്‍ ടെക് ഭീമന്മാര്ക്കെരെ മത്സരിക്കാനുള്ള ഇടം ഒരുക്കണമെന്നാണ് ഇയുവിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് ആക്ട് (ഡിഎംഎ) പറയുന്നത്. കമ്പനിയുടെ ആപ്പ് സ്റ്റോര്‍ ഡിഎംഎയുടെ ലംഘനമാണെന്ന് ഇയു അധികാരികള്‍ പറയുന്നു.
അമേരിക്കയിലാകട്ടെ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ആപ്പിളിനെതിരെ രണ്ടു പ്രധാന ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കുത്തക നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്നും, സ്മാര്‍ട്ട്ഫോണുകളുടെ വില വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇരിക്കുന്നു എന്നും. എഐ-കേന്ദ്രീകൃത ഫീച്ചറുകളുമായി അടുത്ത തലമുറയിലെ ഐഫോണുകള്‍ അടുത്ത മാസം ഇറങ്ങുമ്പോള്‍ ആപ്പിളിന്റെ ബിസിനസ് തന്ത്രങ്ങള്‍ അധികാരികള്‍ സശ്രദ്ധം വീക്ഷിക്കുന്നുണ്ടാകും.