ADVERTISEMENT

രാജ്യത്തെ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ മേഖലയില്‍ വന്‍ ചലനങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് സിലിസിയം സര്‍ക്യൂട്‌സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന, കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനി. സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍മസ്‌കിന്റെ സ്റ്റാര്‍ലിങ്കിനടക്കം ഘടകഭാഗങ്ങള്‍ ഉണ്ടാക്കി നല്‍കാന്‍ സാധിച്ചേക്കാവുന്ന രീതിയില്‍, പ്രാദേശികമായി ലോ എര്‍ത് സാറ്റലൈറ്റ് (ലിയോ) കംപോണന്റ്‌സ് നിര്‍മ്മിച്ചെടുക്കാനാണ് കമ്പനിയുടെ ഉദ്ദേശം. 

ഇതിനായി സെന്റര്‍ ഫോര്‍ ഡിവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സുമായി (സി-ഡോട്ട്) ആണ് ഡല്‍ഹിയില്‍ വച്ച് സിലിസിയം സര്‍ക്യൂട്‌സ് കമ്പനിയുടെ സഹസ്ഥാപകന്‍ റിജിന്‍ ജോണ്‍ കരാറില്‍ ഒപ്പട്ടിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിനു കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സിനു (ഡോട്ട്) കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് സി-ഡോട്ട്.

ഇന്ത്യയിലെ ടെക്‌നോളജി സ്റ്റാര്‍ട്ട്-അപ് മേഖലയിലെ അതിവേഗം വളരുന്ന കമ്പനികളിലൊന്നായി കരുതപ്പെടുന്ന സിലിസിയം സര്‍ക്യൂട്‌സ് ഭാവികൂടെ കണക്കിലെടുത്തുള്ള ടെലികമ്യൂണിക്കേഷന്‍സ് സാങ്കേതികവിദ്യ പ്രാദേശികമായി തന്നെ വികസിപ്പിക്കാനുള്ള വമ്പന്‍ ശ്രമമായിരിക്കും ഇനി നടത്തുക. കേന്ദ്രത്തിന്റെ മെയ്ക് ഇന്‍ ഇന്ത്യാ ആശയത്തോട് ഒട്ടിനില്‍ക്കുന്ന ഒന്നായിരിക്കും ഇത്. അടുത്ത തലമുറ സെമികണ്‍ഡക്ടര്‍, സാറ്റലൈറ്റ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനും ഇത് ഗുണംചെയ്യും. 

കേരളാ ടെക്‌നോളജിയുടെയും വിജയം

റിജിനും, ഡോ. അരുണ്‍ അശോകുമായി ചേര്‍ന്ന് കാസര്‍കോട് ജില്ലയിലുള്ള കാഞ്ഞാങ്ങാട്ട് 2022 സെപ്റ്റംബറില്‍ ആണ് സിലിസിയം സര്‍ക്യൂട്‌സ് സ്ഥാപിച്ചത്. കമ്പനിക്ക് കേരളാ സ്റ്റാര്‍ട്ട്അപ് മിഷന്റെയും മെയ്കര്‍ വില്ലേജിന്റെയും, രാജഗിരി എഞ്ചിനിയറിങ് കോളജിന്റെയും പിന്തുണയുമുണ്ട്. അതേസമയം, സിലിസിയം സര്‍ക്യൂട്‌സിന്റെ പ്രവര്‍ത്തനം ഫാബ്‌ലെസ് ചിപ് ഡിസൈന്‍ ഇന്‍ക്യുബേറ്റര്‍ (ഫാബ്‌സി) ഐഐടി ഹൈദ്രാബാദിന് കീഴിലാണ്. കമ്പനി ഇനി ലിയോ സാറ്റലൈറ്റ് ഘടകഭാഗങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും അതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനും ഒരുങ്ങുകയാണ്.

ഇന്ത്യന്‍ ടെക്‌നോളജി നിര്‍മാണ മേഖലയില്‍ പുതുയുഗം

ടെലകോം ടെക്‌നോളജി ഡിവലപ്‌മെന്റ് ഫണ്ട് സ്‌കീം (ടിടിഡിഎഫ്) പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്ന കമ്പനിയുടെ ലക്ഷ്യം ഇനി ചെലവുകുറച്ച്, അതേസമയം തന്നെ, പുതിയ തലമുറയിലെ കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുക എന്നതായിരിക്കും. ലിയോ സാറ്റലൈറ്റുകള്‍ ദേശിയതലത്തിലും അന്തര്‍ദേശീയതലത്തിലും, വാണിജ്യപരമായും, തന്ത്രപരമായും അതിപ്രാധ്യന്യമുള്ള സാങ്കേതികവിദ്യയാണ്. 

രാജ്യത്തെ സ്റ്റാര്‍ട്ട്അപ്പുകളുടെ ശേഷി പരമാവധി ചൂഷണം ചെയ്ത് ഉന്നതി കൈവരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ടിടിഡിഎഫ് സ്‌കീം പ്രവര്‍ത്തിക്കുന്നത്. സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ചെലവു കുറച്ച് മികവുറ്റ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ സ്‌കീം വഴി ലഭിക്കുന്ന ഫണ്ട് വളരെ ഉപകാരപ്പെടും.

സിലിസിയം സര്‍ക്യൂട്‌സുമായുള്ള കരാര്‍, ഗവണ്‍മെന്റിന് സ്റ്റാര്‍ട്ട്അപ്പുകളുടെ ശേഷിയുലുള്ള ഉത്തമ വിശ്വാസത്തിന് തെളിവാണ്. സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് നിര്‍ണ്ണായകവും, സുശക്തഫലം ഉണ്ടാക്കുന്നതുമായ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ കഴിയുമെന്ന് ഗവണ്‍മെന്റ് കരുതുന്നു എന്നത് ഇതില്‍ നിന്ന് സ്പഷ്ടമാണ് എന്ന് വിലയിരുത്തപ്പെടുന്നു.

ഡോട്ടിന്റെയും, സി-ഡോട്ടിന്റെയും പിന്തുണ നേടിക്കഴിഞ്ഞ സിലിസിയം സര്‍ക്യൂട്‌സ് ഇനി പ്രാദേശികമായി തന്നെ പുതിയ ടെലികമ്യൂണിക്കേഷന്‍സ്, സെമികണ്‍ഡക്ടര്‍ ടെക്‌നോളജി വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്‍കും. ഉപഗ്രഹ സാങ്കേതികവിദ്യ, നൂതന സെമികണ്‍ഡക്ടര്‍ നിര്‍മ്മാണം എന്നിവയില്‍ സ്വയംപര്യാപ്തത നേടാനും, ഈ മേഖലയില്‍ ആഗോള തലത്തില്‍ നേതൃനിരയിലേക്കെത്താനുമുള്ള ഇന്ത്യയുടെ ശ്രമത്തിന് കരുത്തു പകരാനുമായിരിക്കും ഇനി സിലിസിയം സര്‍ക്യൂട്‌സ് ശ്രമിക്കുക. 

ലിയോ സാറ്റലൈറ്റ് ടെക്‌നോളജിയുടെ സാധ്യത

ലിയോ സാറ്റലൈറ്റ് ടെക്‌നോളജിക്ക് ഗ്രാമീണ മേഖലയിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കുക എന്നതടക്കം സാമൂഹ്യപരമായ കടമകള്‍ നിര്‍വ്വഹിക്കാനുണ്ട്. ഭാവിയില്‍ വയര്‍ലെസ് ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ രാജ്യമെമ്പാടും പ്രയോജനപ്പെടുത്താനും ഇത് ഗുണം ചെയ്‌തേക്കും. രാജ്യത്തെ ലിയോ മണ്ഡലത്തിലേക്ക് മസ്‌ക് പോലും രംഗപ്രവേശനം ചെയ്യാനൊരുങ്ങുന്ന സമയമാണ് ഇത് എന്നത് ഈ സാങ്കേതികവിദ്യയുടെ സാധ്യത അടിവരയിട്ട് കാട്ടുന്നു. 

എയര്‍ടെല്‍, ജിയോ തുടങ്ങിയ ടെലകോം ഭീമന്മാരും ഈ മേഖലയില്‍ കരുത്തുകാട്ടാനൊരുങ്ങുന്നു. ഇത്തരത്തിലുളള കൂടുതല്‍ കൂടുതല്‍ കമ്പനികള്‍ രംഗത്തുവരുന്നതോടെ സിലിസിയം, സാറ്റ്‌കോം സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് വികസിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്കും ഹാര്‍ഡ്‌വെയറിനും കൂടുതല്‍ പ്രാധാന്യം കൈവരും. സ്റ്റാര്‍ലിങ്കിനും, ജിയോയ്ക്കും, എയര്‍ടെല്ലിനും പുറമെ, ആമസോണിന്റെ പ്രൊജക്ട് കുയിപര്‍, വണ്‍വെബ്, ടെലിസാറ്റ് ലൈറ്റ്‌സ്പീഡ്, വിയസാറ്റ്, ഹ്യൂസ്‌നെറ്റ്, എഎസ്ടി സ്‌പെയ്‌സ്‌മൊബൈല്‍ തുടങ്ങിയ കമ്പനികള്‍ക്കും സിലിസിയം സര്‍ക്യൂട്‌സ് നിര്‍മ്മിക്കുന്ന ഹാര്‍ഡ്‌വെയര്‍ ആവശ്യം വന്നേക്കാം. ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാണത്തിനുള്ള ഗ്രാന്റ് ആണ് ഇപ്പോള്‍ കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. 

ഇസ്രോയുടെ കൂടെ സാന്നിധ്യത്തില്‍ നടക്കുന്ന സാറ്റലൈറ്റ് സാങ്കേതികവിദ്യാ വികസിപ്പിക്കല്‍ സിലിസിയം സര്‍ക്യൂട്‌സിന് വലിയൊരു കുതിപ്പു തന്നെ നല്‍കും. സാറ്റലൈറ്റ് സാങ്കേതികവിദ്യ ഇപ്പോള്‍ നേരിടുന്ന ചില വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനും കമ്പനി ശ്രമിക്കും: സാറ്റലൈറ്റുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്നതായിരിക്കും അതിലൊന്ന്. അതുവഴി അവയെ കൂടുതല്‍ കാലം ഭ്രമണപഥത്തില്‍ നിറുത്താന്‍ സാധിക്കും. കൂടുതല്‍ വേഗത്തിലും, മുറിയാതെയും ഡേറ്റ പ്രക്ഷേപണം ചെയ്യുക എന്ന വെല്ലുവിളിയും കമ്പനി ഏറ്റെടുക്കും. ഇടതടവില്ലാതെ ഇന്റര്‍നെറ്റ് എത്തിക്കാന്‍ സിഗ്നല്‍ ഇന്റഗ്രിറ്റി ഉറപ്പാക്കാനും കമ്പനി ശ്രമിക്കും. 

കരാര്‍ ഒപ്പിടുന്ന സന്ദര്‍ഭത്തില്‍ രാജ്യത്ത് ഈ മേഖലയിലെ പ്രമുഖര്‍ തന്നെ പങ്കെടുത്തിരുന്നു. സി-ഡോട്ട് മേധവി ഡോ. രാജ്കുമാര്‍ ഉപാധ്യായ്, സിലിസിയം സര്‍ക്യൂട്‌സ് സഹസ്ഥാപകനും മേധാവിയുമായ റിജിന്‍ ജോണ്‍, സി-ഡോട്ട് ഡയറക്ടര്‍മാരായ ഡോ. പങ്കജ് കുമാര്‍ ഡലീല, ശിഖാ ശ്രീവാസ്തവ, ഡിഡിജി (ടിടിഡിഎഫ്) പ്രതിനിധികളായ ഡോ. പരാഗ് അഗര്‍വാള്‍, വിനോദ് കുമാര്‍ എന്നിവര്‍ അടക്കം വേദിയില്‍ ഒന്നുചേര്‍ന്നു.

ഈ സന്ദര്‍ഭത്തില്‍ പ്രാദേശികമായി സെമികണ്‍ഡക്ടറുകള്‍ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യം ഡോ രാജ്കുമാര്‍ ഊന്നിപ്പറഞ്ഞു. രാജ്യം നേരിടുന്ന സവിശേഷ വെല്ലുവിളികളില്‍ നിന്ന കരകയറാന്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് എന്തെല്ലാം ചെയ്യാമെന്നതിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. പദ്ധതിയുടെ അവസാനം വരെ സി-ഡോട്ടിന്റെ ഉറച്ച പിന്തുണ സിലിസിയം സര്‍ക്യൂട്‌സിന് ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. അടിസ്ഥാനസൗകര്യം ഉണ്ടാക്കുന്നതിനു മുതല്‍ സാങ്കേതികവിദ്യയുടെ മേഖലയില്‍ വരെ സഹായം നല്‍കുമെന്ന് ഡോ രാജ്കുമാര്‍ പറഞ്ഞു. 

ബഹിരാകാശ സാങ്കേതികവിദ്യ സ്വകാര്യ കമ്പനികള്‍ക്കായി തുറന്നിടാന്‍ കേന്ദ്രം 2020ല്‍ കൈക്കൊണ്ട തീരുമാനമാണ് പുതിയ മാറ്റങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത് എന്ന കാര്യം ഈ സന്ദര്‍ഭത്തില്‍ എടുത്തു പറയേണ്ടിയിരിക്കുന്നു. ഇസ്രോയുടെ പിന്തുണയും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കം സ്വാകാര്യ മേഖലയ്ക്കും ഉറപ്പാക്കുമെന്നും ഗവണ്‍മെന്റ് അറിയിച്ചിരുന്നു. അതിന്റെയല്ലാം ഫലമായാണ് ലോകനിലവാരമുള്ള ടെക്‌നോളജി വികസിപ്പിക്കാന്‍ ഇപ്പോള്‍ സ്വകാര്യ കമ്പനികള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ലോകത്തെ വ്യോമ സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയുടെ വമ്പന്‍ സാന്നിധ്യമായിരിക്കും ഇതുവഴി ഉറപ്പാക്കാന്‍ സാധിക്കുക. 

English Summary:

Kerala-based Silicium Circuits is revolutionizing India's satellite communication sector by locally manufacturing LEO satellite components. This innovative startup, backed by government initiatives, aims for global leadership.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com