ആദ്യമായി അടിവസ്ത്രം ഉപയോഗിച്ചത് 40,000 വർഷം മുൻപ്! നിർമാണത്തിന് പ്രത്യേക സൂചി, വിചിത്ര കണ്ടെത്തൽ
Mail This Article
മനുഷ്യൻ അടിവസ്ത്രങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടു 40000 വർഷമെങ്കിലും ആയിട്ടുണ്ടാകുമെന്ന് വെളിപ്പെടുത്തി പുതിയ ഗവേഷണം. സൈബീരിയയിലെ ഗുഹകളിൽ ജീവിച്ച മനുഷ്യരായിരുന്നത്രേ ആദ്യമായി അടിവസ്ത്രങ്ങൾ നിർമിച്ച് ഉപയോഗിക്കാൻ തുടങ്ങിയത്.മൃഗങ്ങളുടെ എല്ലുകൾ ഉപയോഗിച്ചുള്ള സൂചികൾ 70000 വർഷമായിട്ടെങ്കിലും മനുഷ്യവംശം ഉപയോഗിക്കുന്നുണ്ട്. അത്ര സങ്കീർണമൊന്നുമല്ലാത്ത ഈ ആദിമ സൂചികൾ അടിസ്ഥാന വസ്ത്രങ്ങൾ നിർമിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇവയുപയോഗിച്ച് അടിസ്ഥാന വസ്ത്രങ്ങൾ നന്നായി നിർമിക്കാൻ കഴിയുമായിരുന്നു.
അതേസമയം സൈബീരിയയിലെ ഡെനിസോവ ഗുഹയിൽ കണ്ടെത്തിയ വളരെ സങ്കീർണമായ സൂചികൾ ശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തി. ആദ്യം പറഞ്ഞ സൂചികൾ ഉപയോഗിച്ച് തന്നെ മികച്ചരീതിയിൽ വസ്ത്രങ്ങൾ നിർമിക്കാൻ പറ്റുമ്പോൾ സൈബീരിയിലെ മനുഷ്യർ എന്തിനാകണം സങ്കീർണവും അധ്വാനമേറിയതുമായ സൂചികൾ നിർമിച്ചത്
അവർ അടിവസ്ത്രങ്ങൾ നിർമിക്കാനായാണ് ഈ പ്രത്യേക സൂചികൾ ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. അക്കാലത്തുണ്ടായ കാലാവസ്ഥാമാറ്റവും ഇതിനു വഴിവച്ചു. പ്രസന്നമായ കാലാവസ്ഥ മാറി കടുത്ത തണുപ്പ് മേഖലയിലാകെ ഉണ്ടായി. ഇതോടെ ഉൾവസ്ത്രങ്ങൾ ഒരാവശ്യമായി മാറി. ഇതോടെയാണ് പുതിയ സൂചികൾ ഉപയോഗിച്ച് അടിവസ്ത്രങ്ങൾ നിർമിക്കാൻ ആദിമമാനുഷർ തുടക്കമിട്ടത്.
ശാസ്ത്രജ്ഞർ കണ്ടെത്തിയ പ്രത്യേകയിനം സൂചികൾ അടിവസ്ത്രങ്ങൾ കൂടാതെ വലിപ്പമുള്ളതും ശരീരം മൊത്തം മൂടുന്നതുമായ മറ്റു വസ്ത്രങ്ങൾ നിർമിക്കാനും ആദിമ മനുഷ്യരെ സഹായിച്ചെന്ന് ഗവേഷകർ പറയുന്നു. അതിനു മുൻപുള്ള കാലം വരെ സൈബീരിയയിലെ ഡെനിസോവ ഗുഹയിലെ മനുഷ്യർ കുറച്ച് വസ്ത്രം മാത്രമാണ് ധരിച്ചത്. ശരീരത്തിൽ ടാറ്റൂകളും വിവിധ നിറങ്ങളുമൊക്കെ അവർ ഉപയോഗിക്കുകയും ചെയ്തിരുന്നു. ആദിമകാലത്തെ ഒരു ഫാഷന്‍ കൂടിയായിരുന്നു അത്.
കടുത്ത തണുപ്പ് തുടങ്ങിയതോടെ ശരീരം മൊത്തം മറയ്ക്കുന്ന വസ്ത്രങ്ങൾ വേണ്ടിവന്നു. ഇതോടെ ടാറ്റുവിന്റെയും ശരീരനിറങ്ങളുടെയുമൊക്കെ ഉപയോഗം കുറഞ്ഞെന്നും ശാസ്ത്രജ്ഞർ പറയുന്നു. നരവംശശാസ്ത്രപരമായി വളരെയേറെ പ്രാധാന്യമുള്ളതാണ് സൈബീരിയയിലെ ഡെനിസോവ ഗുഹ. ഒരു ലക്ഷത്തോളം വർഷങ്ങളായി ഇവിടെ മനുഷ്യർ സ്ഥിരമായി താമസിച്ചിരുന്നു. ഹോമോ സാപ്പിയൻസ് മാത്രമല്ല, ആദിമനരൻമാരായ നിയാണ്ടർത്താലുകളും ഡെനിസോവരുമൊക്കെ ഇവിടെ ജീവിച്ചിരുന്നു