പ്രപഞ്ചത്തിന്റെ 70 ശതമാനത്തോളം ഡാര്‍ക്ക് എനര്‍ജി; എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമായി
Mail This Article
നമ്മുടെ പ്രപഞ്ചത്തിന്റെ 70 ശതമാനത്തോളം ഭാഗവും ഡാര്‍ക്ക് എനര്‍ജിയാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. പ്രപഞ്ച വികാസത്തിനു കാരണമാവുന്ന ഈ വിചിത്ര ഊര്‍ജത്തിന് തമോഗര്‍ത്തങ്ങളുമായി ബന്ധമുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ഒക്ടോബര്‍ 28ന് ജേണല്‍ ഓഫ് കോസ്‌മോളജി ആന്റ് അസ്‌ട്രോപാര്‍ട്ടിക്കിള്‍ ഫിസിക്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
1,380 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാവിസ്‌ഫോടനം സംഭവിച്ചപ്പോള്‍ മുതല്‍ നമ്മുടെ പ്രപഞ്ചം വികസിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. പ്രപഞ്ച വികാസത്തിനു പിന്നില്‍ ഡാര്‍ക്ക് എനര്‍ജിയാണെന്ന് അറിയാമായിരുന്നെങ്കിലും ഡാര്‍ക്ക് എനര്‍ജി എവിടെ നിന്നു വന്നു എന്ന ചോദ്യത്തിന് പല ഉത്തരങ്ങളുമുണ്ടായിരുന്നു.
ഇപ്പോഴിതാ തമോഗര്‍ത്തങ്ങളില്‍ നിന്നാണ് ഡാര്‍ക്ക് എനര്‍ജി വരുന്നതെന്നാണ് ഗവേഷകരുടെ പഠനം പറയുന്നത്. പ്രപഞ്ചത്തിന് പ്രായമേറും തോറും ഡാര്‍ക്ക് എനര്‍ജിയുടെ സാന്ദ്രതയും തമോഗര്‍ത്തങ്ങളുടെ ഭാരവും വര്‍ധിക്കുന്നുവെന്നതും ഇവ തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
'പ്രപഞ്ചം ആരംഭിച്ച സമയത്തെ ഗുരുത്വത്തിന് സമാനമായ ശക്തമായ ഗുരുത്വം എവിടെ കാണാനാവും? എന്ന് ചോദിച്ചാല്‍ തമോഗര്‍ത്തങ്ങളുടെ മധ്യത്തില്‍ എന്നായിരിക്കും ഉത്തരം' പഠനത്തിന്റെ ഭാഗമായ മിഷിഗണ്‍ സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഗ്രിഗറി ടാര്‍ലി പറയുന്നു.
ഡാര്‍ക്ക് എനര്‍ജിക്ക് തമോഗര്‍ത്തങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നതിന് ഗവേഷകര്‍ ഡാര്‍ക്ക് എനര്‍ജി സ്‌പെക്ട്രോസ്‌കോപിക് ഇന്‍സ്ട്രുമെന്റ്(DESI) എന്ന ടെലസ്‌കോപിനെയാണ് ആശ്രയിച്ചത്.
അരിസോണയിലാണ് നാലു മീറ്റര്‍ വലിപ്പമുള്ള ഈ ടെലസ്‌കോപ്പ് സ്ഥാപിച്ചിരിക്കുന്നത്. വിദൂര ഗാസക്‌സികളെ നിരീക്ഷിച്ച് പ്രപഞ്ചം ഇന്നു കാണുന്ന നിലയിലേക്ക് എങ്ങനെ വികസിച്ചുവെന്നതിന്റെ തെളിവുകള്‍ നല്‍കാന്‍ ഈ ടെലസ്‌കോപ്പ് സഹായിക്കുന്നുണ്ട്. പ്രപഞ്ച വികാസവും ഡാര്‍ക്ക് എനര്‍ജിയുടെ പ്രപഞ്ചത്തിലെ സാന്ദ്രതയും കുറിക്കുന്ന വിവരങ്ങള്‍ DESI ടെലസ്‌കോപ് നല്‍കുന്നുണ്ട്.
'തമോഗര്‍ത്തവും ഡാര്‍ക്ക് എനര്‍ജിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന പ്രപഞ്ച പ്രതിഭാസങ്ങളാണ്. വലിയ നക്ഷത്രങ്ങള്‍ അവസാനകാലത്ത് തമോഗര്‍ത്തങ്ങളായി മാറുമ്പോള്‍ പ്രപഞ്ചത്തിലേക്ക് കൂടുതല്‍ ഡാര്‍ക്ക് എനര്‍ജി പുറന്തള്ളുകയും ചെയ്യുന്നുണ്ട്.
പ്രപഞ്ചത്തിലെ ഡാര്‍ക്ക് എനര്‍ജിയുടെ ഉറവിടം തമോഗര്‍ത്തങ്ങളാവാനുള്ള സാധ്യതയാണ് ഇത് വര്‍ധിപ്പിക്കുന്നത്' ഹവായ് സര്‍വകലാശാലയിലെ ഭൗതികശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറും പഠനത്തിലെ പങ്കാളിയുമായ ഡങ്കന്‍ ഫറാ പറയുന്നു.
സൂചനകള്‍ DESI ടെലസ്‌കോപില്‍ നിന്നും ലഭിച്ചെങ്കിലും ഡാര്‍ക്ക് എനര്‍ജി വരുന്നത് തമോഗര്‍ത്തങ്ങളില്‍ നിന്നാണെന്ന് ഉറപ്പിക്കണമെങ്കില്‍ കൂടുതല്‍ പഠനങ്ങളും തെളിവുകളും ആവശ്യമാണ്. തമോഗര്‍ത്തങ്ങളാണോ ഡാര്‍ക്ക് എനര്‍ജിയുടെ ഉറവിടമെന്ന സാങ്കേതികമായ ചോദ്യം പരീക്ഷണങ്ങളിലൂടെ തെളിവുകള്‍ കണ്ടെത്തേണ്ട നിലയിലേക്ക് വളര്‍ന്നുകഴിഞ്ഞു.