അന്യഗ്രഹ സിദ്ധാന്തങ്ങളുടെ മറ്റൊരു പ്രധാന ഇര! ഗ്രേ ഏലിയൻസ് താമസിക്കുന്ന സീറ്റ റെറ്റിക്കുലി
Mail This Article
ലോകത്തെ നിഗൂഢവാദങ്ങളിൽ ഏറെ വ്യാപിക്കപ്പെട്ടതാണ് അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ടുള്ള നിഗൂഢസിദ്ധാന്തം. ഇന്റർനെറ്റ് യുഗം തുടങ്ങുന്നതിനു വളരെക്കാലം മുൻപ് തന്നെ ഇവ ശക്തമായി രംഗത്തുണ്ട്. പുസ്തകങ്ങളിലൂടെയും ചർച്ചാഗ്രൂപ്പുകൾ വഴിയുമൊക്കെ ഇവ യുഎസിലൊക്കെ പണ്ടേ പ്രശസ്തമായിരുന്നു. യുഎസിലെ റോസ്‌വെൽ സംഭവമൊക്കെ അന്യഗ്രഹ ദുരൂഹവാദത്തിലെ വളരെ കുപ്രസിദ്ധമായ സംഭവമാണ്.ഇന്നും യുഎസിൽ ഇതൊക്കെ വളരെ ശക്തമാണ്.
യുഎസ് പാർലമെന്റിൽ പോലും ഇതു സംബന്ധിച്ച ചർച്ചകൾ നടന്നു. സൗരയൂഥത്തിനു പുറത്തു പലമേഖലകളിലും ഏലിയൻ കുതുകികൾ അന്യഗ്രഹജീവന് ജീവസാധ്യത കൽപ്പിക്കപ്പെടാറുണ്ട്. അതിൽ പ്രമുഖമാണ് സീറ്റ റെറ്റിക്കുലി എന്ന നക്ഷത്രസമൂഹം. ഭൂമിയിൽ നിന്നു 39.3 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്ര സമൂഹം. ഇതിനെ പ്രശസ്തമാക്കിയ നിരവധി സംഭവങ്ങളുണ്ട്. അതിലൊന്ന് 2011ലാണു സംഭവിച്ചത്.
ഒരു ഇന്റർനെറ്റ് ഉപയോക്താവ് ഒരു വിഡിയോ ക്ലിപ് പങ്കുവച്ചു. നടന്നു വരുന്ന ഒരു അന്യഗ്രഹജീവിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലിപ്പായിരുന്നു അത്. തലയ്ക്ക് അസാധാരണമായ വലുപ്പമുള്ളതായിരുന്നു ഈ അന്യഗ്രഹജീവി. മനുഷ്യരെപ്പോലെയുള്ള ആംഗ്യവിക്ഷേപങ്ങളും ഇതിനുണ്ടായിരുന്നു. സീറ്റ റെറ്റിക്കുലി നക്ഷത്രസമൂഹത്തിലെ ഗ്രഹത്തിൽ നിന്നു റഷ്യയിൽ പണ്ടെത്തിയ അന്യഗ്രഹജീവിയാണിതെന്നും സോവിയറ്റ് ചാരസംഘടനയായ കെജിബിയാണ് ഈ വിഡിയോ ഷൂട്ട് ചെയ്തതെന്നും ഉപയോക്താവ് വാദമുയർന്നു. സ്കിന്നി ബോബ് എന്ന പേരിലാണ് ഈ അന്യഗ്രഹജീവി പ്രശസ്തനായത്. എന്നാൽ സ്കിന്നി ബോബ് ഒരു വ്യാജസൃഷ്ടിയാണെന്ന് തെളിയുകയുണ്ടായി.
ബെറ്റി ഹിൽ–ബാർണി ഹിൽ സംഭവം
സീറ്റ റെറ്റിക്കുലിയിൽ നിന്നുള്ള അന്യഗ്രഹജീവികൾ ഉൾപ്പെട്ടെന്നു കരുതപ്പെടുന്ന മറ്റൊരു പ്രശസ്ത സംഭവമാണ് ബെറ്റി ഹിൽ–ബാർണി ഹിൽ സംഭവം.യുഎസിലെ ന്യൂഹാംഷറിലുള്ള ബെറ്റി–ബാർണി ദമ്പതിമാരാണ് ഈ സംഭവത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബെറ്റി സാമൂഹിക പ്രവർത്തകയായിരുന്നു. ബാർണി തപാൽ വകുപ്പ് ജീവനക്കാരനും. 1961ൽ കാനഡയിലേക്കു വിനോദയാത്ര പോയ ഇരുവരും ന്യൂഹാംഷറിലെ വീട്ടിലേക്കു രാത്രി മടങ്ങുകയായിരുന്നു. ഒരു പ്രകാശബിന്ദു കാറിനെ പിന്തുടരുന്നതായി അവർക്കു തോന്നി. ബെറ്റി ബൈനോക്കുലറെടുത്ത് നോക്കിയശേഷം അതു തളികാരൂപത്തിലുള്ള പേടകമാണെന്നു പറഞ്ഞു.
ലിങ്കൺ എന്ന സ്ഥലത്ത് കാർ നിർത്തി. കാറിനു മുകളിൽ ഹുങ്കാര ശബ്ദത്തോടെ തളിക നിൽക്കുന്നുണ്ടായിരുന്നു.താമസിയാതെ ദമ്പതികളുടെ ബോധം പോയി. പിറ്റേദിവസം തങ്ങളുടെ വീട്ടിൽ അവർ ഉറക്കമുണർന്നു. തലേന്നത്തെ കാര്യങ്ങൾ ഓർമയുണ്ടായിരുന്നില്ല. ബെറ്റിയുടെ വസ്ത്രം കീറുകയും പിങ്ക് നിറത്തിലുള്ള പൗഡർത്തരികൾ പറ്റിപ്പിടിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
അന്നത്തെ കാര്യങ്ങൾ ഓർമിക്കാനായി അവർ ഹിപ്നോട്ടിസത്തിനു വിധേയരായി. നീല സ്യൂട്ടിട്ട അന്യഗ്രഹജീവികളായിരുന്നു പേടകത്തിൽ വന്നതെന്നു ദമ്പതികൾ ഓർമിച്ചു.
മനുഷ്യരൂപവും ചാരനിറവും കടുംനീല ചുണ്ടുകളും കട്ടിയുള്ള മുടിയുമുള്ള ജീവികൾ. അവർ ദമ്പതികളെ പേടകത്തിനുള്ളിൽ കയറ്റി ശാരീരിക പരിശോധനകൾ നടത്തി. ഇടയ്ക്കു ജീവികളുടെ നേതാവിനോട് എവിടെനിന്നു വരുന്നെന്നു ബെറ്റി ചോദിച്ചിരുന്നു. അപ്പോൾ അയാൾ ഒരു മാപ്പ് കാട്ടി.പിൽക്കാലത്ത് ബെറ്റി ഈ മാപ്പ് ഓർത്തെടുത്ത് കടലാസിൽ വരച്ചു. സീറ്റ റെറ്റിക്കുലി നക്ഷത്രസംവിധാനത്തിന്റെ മാപ്പായിരുന്നു അത്. സംഭവത്തോടെ ദമ്പതിമാർ പ്രശസ്തരായി.
ഗ്രേ ഏലിയൻസ്
സയൻസ് ഫിക്‌ഷൻ, സിനിമകൾ എന്നിവയെ ഈ സംഭവം ശക്തമായി സ്വാധീനിച്ചു. ഇതു പോലെ പല സംഭവങ്ങൾ സീറ്റ റെറ്റിക്കുല അടിസ്ഥാനപ്പെടുത്തി ഉണ്ടായിട്ടുണ്ട്. അവിടെ നിന്നു വരുന്നെന്നു കരുതപ്പെടുന്ന അന്യഗ്രഹജീവികളെ ഗ്രേ ഏലിയൻസ് എന്നാണ് അന്യഗ്രഹകുതുകികൾ വിളിക്കുന്നത്.
ബെറ്റി ഹിൽ വെളുത്തവർഗക്കാരിയും ബാർണി കറുത്തവർഗക്കാരനുമായിരുന്നു. വംശീയത നിലനിന്ന ഒരു കാലവുമായിരുന്നു അത്. അതൊക്കെക്കൊണ്ടുള്ള സമ്മർദ്ദം കാരണം ബെറ്റിക്കും ബാർണിക്കും തോന്നിയതാണ് ഈ സംഭവങ്ങളെന്നാണ് വിദഗ്ധരുടെ അഭിപ്രായം.