അഭ്യൂഹങ്ങള്‍ക്ക് തൽക്കാലം വിരാമം; സേര്‍ച് എൻജിൻ തുടങ്ങുന്നില്ലെന്ന് ആള്ട്ട്മാന്
Mail This Article
ഇന്റര്‍നെറ്റിലാകെ കൗതുകം പടര്‍ത്തിയ റിപ്പോര്‍ട്ടില്‍ ട്വിസ്റ്റ്. വൈറല്‍ നിര്‍മിത ബുദ്ധി (എഐ) സേര്‍ച്ച് സംവിധാനമായ ചാറ്റ് ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ മേയ് 13ന് പുതിയ ഇന്റര്‍നെറ്റ് സേര്‍ച് എൻജിൻ അവതരിപ്പിച്ചേക്കുമെന്നായിരുന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്ന് സ്വന്തം എക്‌സ്(ട്വിറ്റര്‍) പ്രൊഫൈലിലില്‍ നിന്ന് ഓപ്പണ്‍എഐ മേധാവി സാം ഓള്‍ട്ട്മാന്‍ തന്നെ പുതിയ സേര്‍ച് എൻജിൻ പുറത്തിറക്കാന്‍ ഉദ്ദേശമില്ലെന്ന് അറിയിച്ച് രംഗത്തുവരികയായിരുന്നു.
ടെക് പുതുമകള്‍ അനാവരണം ചെയ്യാന്‍ ഗൂഗിള്‍ ഐ/ഓ; എങ്ങനെ ലൈവ് ആയി കാണാം?
ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍ ഡവലപ്പര്‍മാര്‍ക്കായി വര്‍ഷാവര്‍ഷം നടത്തുന്ന സുപ്രധാന സമ്മേളനമാണ് ഐ/ഓ. കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള ഷോര്‍ലൈന്‍ ആംഫിതിയറ്ററില്‍ മെയ് 14ന് ആണ് ഈ വര്‍ഷത്തെ ഗൂഗിള്‍ ഐ/ഓ. നിര്‍മിത ബുദ്ധി (എഐ) മുതല്‍, ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഓഎസില്‍ വരെ ഉടന്‍ എത്താന്‍ പോകുന്ന പുതുമകള്‍ ഈ വേദിയില്‍ അറിയിക്കും. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ നടത്തുന്ന പ്രസംഗം തന്നെ ആയിരിക്കും സമ്മേളനത്തിലെ പ്രധാന ആകര്‍ഷണം.
തത്സമയ പ്രക്ഷേപണം എങ്ങനെ വീക്ഷിക്കാം
മേയ് 14-ന് രാത്രി 10.30ന് ആയിരിക്കും സമ്മേളനം ആരംഭിക്കുക. എക്‌സ് പ്ലാറ്റ്‌ഫോമിലും യൂട്യൂബിലും ഇത് ലൈവ് സ്ട്രീം ചെയ്യും. അതിനു പുറമെ ഗൂഗിളിന്റെ ഹബ് പേജിലും തത്സമയ സംപ്രേക്ഷണം ലഭ്യമായിരിക്കും.
പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങള്‍
ആന്‍ഡ്രോയിഡ് 15ല്‍ കമ്പനി കൊണ്ടുവരാന്‍ ഒരുങ്ങുന്ന പുതുമകളെക്കുറിച്ചുള്ള വിവരണം ഉറപ്പായും ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് തങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നറിയിക്കാനായി 'സാന്‍ഡ്‌ബോക്‌സ്' ഫീച്ചര്‍ പരിചയപ്പെടുത്തിയേക്കുമെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.
സ്‌ക്രീന്‍ റെക്കോഡിങ് നടത്താനുള്ള കഴിവ്, സാറ്റലൈറ്റ് കണക്ടിവിറ്റി, ഇന്‍-ക്യാമറാ നിയന്ത്രണങ്ങള്‍, ബാറ്ററി ലൈഫ് നീട്ടാനുള്ള കഴിവുകള്‍, പുതിയ എഐ ശേഷികള്‍ തുടങ്ങി പല പുതുമകളും പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ് 15ല്‍ സ്റ്റാറ്റസ് ബാറിന് പുതിയൊരു രൂപകല്‍പ്പനാ രീതിയും വന്നേക്കുമെന്നും കേള്‍ക്കുന്നു. കമ്പനി ജനറേറ്റിവ് എഐ മേഖലയില്‍ കൈവരിച്ചിരിക്കുന്ന മുന്നേറ്റത്തെക്കുറിച്ച് പിച്ചൈ വിശദമായിതന്നെ വിവരിച്ചേക്കാം. ചാറ്റ്‌ബോട്ട് ജെമിനൈയിലേക്ക് എത്തുന്ന പുതുമകളും പരിചയപ്പെടുത്തിയേക്കാം.
ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ വിവോ
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയൊരു ജേതാവ്-വിവോ. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവുമധികം ഫോണ്‍ വിറ്റിരിക്കുന്നത് ഈ ചൈനീസ് ഫോണ്‍ നിര്‍മ്മാതാവാണ്. സാംസങിനെയുംഷഓമിയെയും പിന്തള്ളിയാണ് വിവോ വിജയം നേടിയിരിക്കുന്നത് എന്ന് കൗണ്ടര്‍പോയിന്റ് എന്ന വിശകലന കമ്പനി പറയുന്നു.
മാര്‍ച്ച് 2024 വരെയുള്ള മൂന്നു മാസ കാലയളവില്‍ വിറ്റ ഫോണുകളില്‍ 19.5 ശതമാനവും നിര്‍മ്മിച്ചത് വിവോ ആയിരുന്നു. ഷോമിക്കും പിന്നില്‍ 17.5 ശതമാനം വില്‍പ്പനയുമായി മൂന്നാം സ്ഥാനത്താണ് സാംസങ്. എന്നാല്‍, ഇന്ത്യയിലെ പ്രീമിയം ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് സാംസങ് ആണ്.