പെട്ടു മോനേ! ഐഫോണ്‍ 15ന് ആപ്പിള്‍ ഇന്റലിജന്‍സ് ലഭിച്ചേക്കില്ല!
Mail This Article
ഐഫോണ്‍ 15, 15 പ്ലസ് ഉടമകള്‍ക്ക്, ഐഓഎസ് 18ല്‍ വരുന്ന ഏറ്റവും സുപ്രധാന ഫീച്ചറായ ഓണ്‍-ഡിവൈസ് ആപ്പിള്‍ ഇന്റലിജന്‍സ് ലഭിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഐഫോണ്‍ 15 പ്രോ, പ്രോ മാക്‌സ് എന്നീ മോഡലുകളില്‍ ഇത് അത്യാവശ്യം പ്രവര്‍ത്തിപ്പിക്കാനായേക്കുമെന്നാണ് സൂചന. ഐഫോണ്‍ 15, 15 പ്ലസ് ഫോണുകള്‍ക്കുള്ള പ്രധാന പ്രശ്‌നം അവയ്ക്ക് റാം കുറവാണ് എന്നതാണ് എന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ കുറിക്കുന്നു. ഐഫോണ്‍ 14 പ്രോ, പ്രോ മാക്‌സ് അടക്കം മുന്‍ മോഡലുകള്‍ക്കൊന്നും ഓണ്‍-ഡിവൈസ് ആപ്പിള്‍ ഇന്റലിജന്‍സ് ലഭിച്ചേക്കില്ല.
ഈ മോഡലുകളില്‍ എ16 പ്രൊസസറുകളാണ് ഉള്ളത്. തങ്ങളുടെ മാക്ബുക്കുകള്‍ക്കായി പുറത്തിറക്കിയ, ഏകദേശം സമാന കരുത്തുള്ള, എം1 പ്രൊസസര്‍ ആപ്പിള്‍ ഇന്റലിജന്‍സ് സപ്പോര്‍ട്ട് ചെയ്യും. എന്നു പറഞ്ഞാല്‍, ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളിലുള്ള ഡിറാം (DRAM) തന്നെയായിരിക്കും പ്രശ്‌നമെന്ന് കുവോ ഊഹിക്കുന്നു. എം1 പ്രൊസസറുകളുടെ കംപ്യൂട്ടിങ് ശേഷി ഏകദേശം 11 ടോപ്‌സ് (TOPS, ട്രില്ല്യന്‍സ് ഓഫ് ഓപറേഷന്‍സ് പെര്‍ സെക്കന്‍ഡ്) ആണ്. എന്നാല്‍, എ16 പ്രൊസസറിന് 17 ടോപ്‌സ് കരുത്തുണ്ട്. എന്നാല്‍, ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളില്‍ എ16 പ്രൊസസറുകള്‍ക്കൊപ്പം 6ജിബി റാമേയുള്ളു. എം1 ചിപ്പുകള്‍ക്കൊപ്പംകുറഞ്ഞത് 8ജിബി റാം ഉണ്ട്. അതിനാലായിരിക്കണം, ആപ്പിളിന്റെ ഓണ്‍-ഡിവൈസ് എഐ എല്‍എല്‍എം ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളില്‍ പ്രവര്‍ത്തിക്കാത്തതത്രെ.
വേറെ കാരണം ഉണ്ടോ?
അതു കൂടാതെ, മറ്റൊരു തിയറിയും കുവോ മുന്നോട്ടുവയ്ക്കുന്നു-ആപ്പിള്‍ പ്രയോജനപ്പെടുത്തുന്നത് 3-ബില്ല്യന്‍ പാരമീറ്റര്‍ ലാര്‍ജ് ലാംഗ്വെജ് മോഡല്‍ പ്രയോജനപ്പെടുത്തിയാണ് ഓണ്‍-ഡിവൈസ് എഐ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നു പറഞ്ഞാല്‍, എഐക്ക് കുറഞ്ഞത് 2ജിബി ഡെഡിക്കേറ്റഡ് റാംവേണ്ടിവന്നേക്കാം എന്നും കുവോ പറയുന്നു.
എന്താണ് ഓണ്‍-ഡിവൈസ് എഐ?
നിര്‍മിത ബുദ്ധി (എഐ) പ്രൊസസിങ് ഉപകരണങ്ങളില്‍ തന്നെ നടത്തുന്നതിനെയാണ് ഓണ്‍-ഡിവൈസ് പ്രൊസസിങ് എന്നു വിശേഷിപ്പിക്കുന്നത്. പല എഐ സേവനങ്ങളും, പ്രൊസസിങിനായി ഡേറ്റാ ക്ലൗഡിലേക്കു കൊണ്ടുപോകുന്നു. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയായതു കൊണ്ടാണ് ആപ്പിള്‍ ഓണ്‍-ഡിവൈസ്പ്രൊസസിങിന് ഊന്നല്‍ നല്‍കുന്നത്.
ഐഫോണ്‍ 15 പ്രോ ഇല്ലെങ്കിലോ?
ഓണ്‍-ഡിവൈസ് എഐ പ്രൊസസിങ് വേണമെന്നുളളവര്‍ക്ക് ഐഫോണ്‍ 15 പ്രോ, പ്രൊ മാക്‌സ് മോഡലുകള്‍ ഉണ്ടായേ തീരൂ എന്നു തന്നെയാണ് ഇപ്പോള്‍ വിശ്വസിക്കപ്പെടുന്നത്. അതേസമയം, ഐഫോണ്‍ 15, 15 പ്ലസ്, ഐഫോണ്‍ 14 പ്രോ സീരിസുകളിലൊക്കെ ഐഓഎസ് 18 ബീറ്റാ വേര്‍ഷന്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇതില്‍ നിന്ന് ഇപ്പോള്‍ ഒരു കാര്യം ഉറപ്പിക്കാം. ഐഫോണ്‍ 16, 16 പ്ലസ് മോഡലുകള്‍ക്ക് ഉറപ്പായും 8ജിബി റാം ഉണ്ടായിരിക്കും.
തങ്ങളുടെ എഐ സേവനത്തിന് പൈസ ഈടാക്കുന്ന കാര്യം ആപ്പിള്‍ ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍, അത്തരം ഒരു സാധ്യതയും ഭാവിയില്‍ വന്നേക്കാം. എഐ പ്രൊസസിങിന് സ്വകാര്യത വേണമെന്നുള്ളവര്‍ വരിസംഖ്യയും നല്‍കേണ്ട കാലം താമസിയാതെ എത്തിയേക്കാം. കാരണം, മിക്ക കമ്പനികളും പ്രീമിയം എഐ സേവനങ്ങള്‍ക്ക് പൈസ ഈടാക്കുന്നുണ്ട്. ഓണ്‍-ഡിവൈസ് പ്രൊസസിങ് ഇല്ലാത്ത എഐ സേവനവും, ചില നൂതന ഫീച്ചറുകളും ഐഓഎസ് 18 സ്വീകരിക്കാന്‍ കെല്‍പ്പുള്ള പല പഴയ ഫോണുകളിലും ലഭിച്ചേക്കും.
മസ്‌ക് ഓപ്പണ്‍എഐക്ക് എതിരെയുള്ള കേസ് പിന്‍വലിച്ചു
ടെസ്‌ലാ മേധാവി ഇലോണ്‍ മസ്‌ക് പ്രശസ്ത നിർമിത ബുദ്ധി (എഐ) കമ്പനിയായ ഓപ്പണ്‍എഐക്ക് എതിരെ നല്‍കിയിരുന്ന കേസ് പിന്‍വലിച്ചു എന്ന് റോയിട്ടേഴ്‌സ്. താനും കൂടെ ചേര്‍ന്ന് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുക എന്നു ഉദ്ദേശത്തോടു കൂടെ സ്ഥാപിച്ച ഓപ്പണ്‍എഐ അതിന്റെ താൽപര്യങ്ങളില്‍നിന്നു വ്യതിചലിച്ചു എന്നു കാണിച്ചായിരുന്നു മസ്‌ക് കേസു നല്‍കിയിരുന്നത്. മാനുഷിക പരിഗണനകളുള്ള എഐ വികസിപ്പിക്കാനുള്ള ലക്ഷ്യം ഉപേക്ഷിച്ച് മൈക്രോസോഫ്റ്റിനെ പോലെയുള്ള ടെക്‌നോളജി ഭീമന്മാര്‍ക്ക് കമ്പനിയെ അടിയറവച്ചു എന്നായിരുന്നു മസ്‌ക് നല്‍കിയ കേസില്‍ പറഞ്ഞിരുന്നത്.
വിസ്മയകരമായ നേട്ടങ്ങള്‍ മസ്‌കിന് അവകാശപ്പെട്ടതാണ് എന്നു സ്ഥാപിക്കാനുള്ള ശ്രമമാണ് ഇതെന്നായിരുന്നു, ഓപ്പണ്‍എഐ കോടതിയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞിരുന്നത്. മസ്‌ക് ഇപ്പോള്‍ കേസ് പിന്‍വലിച്ചിരിക്കുന്നത് 'വിതൗട്ട് പ്രജുഡിസ്' ആയി ആണ്. എന്നു പറഞ്ഞാല്‍, അദ്ദേഹത്തിന് ഭാവിയില്‍ വേണമെങ്കില്‍ ഈ കേസില്‍ കോടതി നടപടികള്‍ തുടരാം.
ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കാന്‍ മസ്‌ക്
കേസ് പിന്‍വലിച്ചെന്നു കരുതി ഓപ്പണ്‍എഐക്കെതിരെ മസ്‌കിന്റെ രോഷം തണുത്തിട്ടൊന്നുമില്ലെന്ന് സൂചന. ആപ്പിള്‍ ഓഎസ് തലത്തില്‍ ഓപ്പണ്‍എഐയുമായി സഖ്യത്തിലാകുമ്പോള്‍ തന്റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കുന്ന കാര്യം ആലോചിക്കുന്നു എന്ന് മസ്‌ക്.
എക്‌സ്, ടെസ്‌ല, സ്‌പെയ്‌സ്എക്‌സ്, എക്‌സ്എഐ തുടങ്ങിയ കമ്പനികളില്‍ ഐഫോണ്‍, ഐപാഡ്, മാക് തുടങ്ങിയവ ഉപയോഗിക്കുന്നത് വിലക്കാനായിരിക്കും മസ്‌ക് ആലോചിക്കുന്നത്. തന്റെ കമ്പനികളില്‍ സന്ദര്‍ശകരായി എത്തുന്നവര്‍ പോലും ആപ്പിള്‍ ഉപകരണങ്ങള്‍ വാതില്‍ക്കല്‍ വയ്‌ക്കേണ്ടി വന്നേക്കുമെന്ന്മസ്‌ക് സൂചിപ്പിച്ചു:
ഫെയ്‌സ്ബുക്ക് മെസഞ്ചറിനും വാട്‌സാപ്പിലേതു പോലെ കമ്യൂണിറ്റീസ്
മെറ്റാ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമങ്ങളാണ് വാട്‌സാപ്പും, ഫെയ്‌സ്ബുക്ക് മെസഞ്ചറും. വാട്‌സാപ്പില്‍ കമ്യൂണിറ്റീസ് ഫീച്ചര്‍ വന്നട്ട് ഏതാനും മാസങ്ങളായി. ഇതേ ഫീച്ചര്‍ ഇപ്പോള്‍ മെസഞ്ചറിലും അവതരിപ്പിച്ചു തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ഒരു കമ്യൂണിറ്റിയില്‍ 5,000 പേര്‍ക്കു വരെ ചേരാമെന്ന് മെറ്റാ.
സിഎംഎഫ് ഫോണ്‍ 1 ഹിറ്റ് ആകുമോ? 20000 രൂപയില്‍ താഴെ വില
നതിങ് കമ്പനിയുടെ സബ് ബ്രാൻഡ് ആണ് സിഎംഎഫ്. പുതിയ ബ്രാന്‍ഡിന്റെ പേരില്‍ ഉടന്‍ പുറത്തിറക്കുമെന്നു കരുതുന്ന മോഡലിന് സിഎംഎഫ് ഫോണ്‍ 1 എന്നായിരിക്കും പേര്. ഇതിന്റെ തുടക്ക വേരിയന്റ് ഒരു പക്ഷെ 17,000 രൂപയ്ക്കു വരെ വാങ്ങാന്‍ സാധിച്ചേക്കുമെന്ന് 91മൊബൈല്‍സ്.
മീഡിയാടെക് ഡിമെന്‍സിറ്റി 7300 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലിന് 6ജിബി/128ജിബി സപ്പോര്‍ട്ടാണ് പ്രതീക്ഷിക്കുന്നത്. ഈ വേരിയന്റിന്റെ പാക്കറ്റിലെ എംആര്‍പി 19,999 ആയിരിക്കാമെന്നും, വിവിധ തരം ഡിസ്‌കൗണ്ടുകള്‍ ഉള്‍പ്പെടുത്തി ഫോണ്‍ 17,000 രൂപയ്ക്ക് വില്‍ക്കാനായിരിക്കാം കമ്പനി ശ്രമിക്കുന്നത് എന്നുമാണ് ഊഹം. കൂടിയ വിലയ്ക്കു വില്‍ക്കുമെന്നു കരുതുന്ന ഒരു 8ജിബി/256ജിബി വേരിയന്റും ഉണ്ടായേക്കും.
ഫുള്‍എച്ഡിപ്ലസ് റസലൂഷനുള്ള 6.67-ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള അമോലെഡ് പാനല്‍ ആയിരിക്കാം സ്‌ക്രീന്‍. ആന്‍ഡ്രോയിഡ് 14-കേന്ദ്രമാക്കി വികസിപ്പിച്ച നതിങ് ഓഎസ് 2.5ല്‍ പ്രവര്‍ത്തിക്കുമെന്നു കരുതുന്ന സിഎംഎഫ് ഫോണ്‍ 1ന്, 50എംപി പ്രധാന ക്യാമറ, 50എംപി അള്‍ട്രാവൈഡ് എന്നിവഅടങ്ങുന്ന പിന്‍ക്യാമറാ സിസ്റ്റവും, 5,000എംഎഎച് ബാറ്ററിയും പ്രതീക്ഷിക്കുന്നു.