ADVERTISEMENT

ഓക്സ്​ഫോർഡ് റോയൽ  അസ്ട്രണോമിക്കല്‍ സൊസൈറ്റി അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനം ശാസ്ത്ര ലോകത്തെ ഇപ്പോള്‍  ഉണര്‍ത്തിയിരിക്കുകയാണ്. ഗായ ഡിആര്‍2 (Gaia DR2) ദൗത്യം വഴി ശേഖരിച്ച ഒപ്ടിക്കല്‍ ഡേറ്റയും, മറ്റൊരു ദൗത്യത്തില്‍ നിന്ന് (AllWISE) കിട്ടിയ മിഡ്-ഇന്‍ഫ്രാറെഡ് ഡേറ്റയും വിശകലനം ചെയ്താണ് ഗവേഷകര്‍, നമ്മുടെ ക്ഷീരപഥത്തിനുള്ളില്‍ തന്നെ ഭാഗിക ഡൈസണ്‍ സ്ഫിയറുകള്‍ ഉണ്ടായിരിക്കാം എന്ന നിഗമനം നടത്തിയിരിക്കുന്നത്. ഇതാണ് ശാസ്ത്രകാരന്മാരില്‍ ഇപ്പോള്‍ ഉദ്വേഗം വളര്‍ത്തിയിരിക്കുന്നത്. വാദം ശരിയാണെങ്കില്‍, അന്യഗ്രഹ ജീവികളും ഉണ്ടായിരിക്കാം എന്ന് അനുമാനിക്കപ്പെടുന്നു. 

എന്താണീ ഡൈസണ്‍ സ്ഫിയര്‍

ഒരു ഗ്രഹത്തില്‍ നിന്ന് മറ്റൊരു ഗ്രഹത്തിലേക്കുള്ള യാത്ര എളുപ്പത്തില്‍ സാധ്യമാകുന്ന സംസ്‌കാരങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടെങ്കില്‍, അവിടെ വസിക്കുന്നവര്‍ തങ്ങളുടെ ഗ്രഹത്തെ മുഴുവനായി മൂടി നില്‍ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍ (megastructure)  ഉണ്ടാക്കാന്‍ കെല്‍പ്പുള്ളവര്‍ ആയിരിക്കും എന്നൊരു നിഗമനം ഉണ്ട്. ഈ സങ്കല്‍പ്പം ആദ്യം മുന്നോട്ടുവച്ചത് ഒലാഫ് സ്റ്റെപ്ള്‍ഡണ്‍ (Olaf Stapledon) ആയിരുന്നു. ഇത് 1937 ല്‍ ഇറങ്ങിയ അദ്ദേഹത്തിന്റെ നോവലായ സ്റ്റാര്‍ മേക്കറിലാണ് കണ്ടത്. 

Image Credit: Canva AI
Image Credit: Canva AI

എന്നാല്‍, അത്തരം പുരോഗമിച്ച സംസ്‌കാരങ്ങള്‍ ഉണ്ടങ്കില്‍ അവിടെ വസിക്കുന്നവര്‍ തങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജ  ആവശ്യങ്ങള്‍എങ്ങനെ നിറവേറ്റും എന്ന കാര്യം ഒരു ചിന്താ പരീക്ഷണം വഴി ലോക ശ്രദ്ധയില്‍ കൊണ്ടുവന്നത് ഫിസിസ്റ്റ് ആയ ഫ്രീമാന്‍ ഡൈസണ്‍ ആയിരുന്നു. ഇത് 1960ല്‍ ആയിരുന്നു. ഇദ്ദേഹത്തിന്റെ പേരിലാണ് ഈ സങ്കല്‍പ്പം ഇപ്പോള്‍ നിലനില്‍ക്കുന്നത്.

ഒരു ഗ്രഹത്തെ മുഴുവനായി ചൂഴ്ന്നു നില്‍ക്കുന്ന പുറംതോടായി ആയിരുന്നു ഇത് ആദ്യം സങ്കല്‍പ്പിച്ചിരുന്നത്. പിന്നീട് അത് ആ ഗ്രഹത്തെ ചുറ്റി നില്‍ക്കുന്ന ഒട്ടനവധി സാറ്റലൈറ്റുകളുടെ ഒരു കൂട്ടമായോ, മറ്റെന്തെങ്കിലും നൂതന നിര്‍മ്മിതിയായോ, സങ്കല്‍പ്പിക്കുകയായിരുന്നു. ഇത്തരം സ്ട്രക്ചറുകളെയാണ് ഡൈസണ്‍ സ്ഫിയര്‍ അല്ലെങ്കില്‍ ഡൈസണ്‍ വലയം എന്നു വിളിക്കുന്നത്. ഇങ്ങനെയുള്ള സംവിധാനം വഴി തങ്ങള്‍ക്ക് ഏറിവരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ അത്തരം സംസ്‌കാരങ്ങള്‍ക്ക് സാധിക്കുന്നുണ്ടാകം എന്ന് ഊഹിക്കപ്പെടുന്നു. 

ശാസ്ത്രകാരന്മാര്‍ക്കും ഗൂഢാലോചനാ വദാക്കാര്‍ക്കും ഒരേപോലെ പ്രിയപ്പെട്ട വിഷയമാണ് അന്യഗ്രഹ ജീവികള്‍ ഉണ്ടോ എന്ന കാര്യം. ഡൈസണ്‍ സ്ഫിയര്‍ എന്ന സങ്കല്‍പ്പം നമ്മുടെ ക്ഷീരപഥത്തില്‍ തന്നെ ഉണ്ടായിരിക്കാം എന്ന വാദം നടത്തിയിരിക്കുന്ന പഠനം ഇവിടെ വായിക്കാം:

സൗരോര്‍ജ്ജമടക്കം ശേഖരിക്കാന്‍ 11 ബില്ല്യന്‍ ഡോളര്‍ മുടക്കാന്‍ ചൈന

തങ്ങളുടെ ഊര്‍ജ്ജോത്പാദന മേഖലയെ പോഷിപ്പിക്കാന്‍ 11 ബില്ല്യന്‍ ഡോളറിന്റെ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ചൈന. സൗരോര്‍ജ്ജം, കാറ്റ്, കല്‍ക്കരി എന്നിവയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനായിരിക്കും, ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ചൈന ത്രീ ഗോര്‍ജസ് റിന്യൂവബ്ള്‍സ് ഗ്രൂപ്' എന്ന കമ്പനി ശ്രമിക്കുക എന്ന് ബ്ലൂംബര്‍ഗ്. മരുഭൂമിയില്‍ 455 ഗിഗാവോട്‌സ് പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം 2030തോടെ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്.  

എഐ ചാറ്റ്‌ബോട്ടുകളില്‍ നിന്ന് വാര്‍ത്ത അറിയാന്‍ ശ്രമിക്കരുതേ എന്ന് ഓള്‍ട്ട്മാന്‍

നിര്‍മ്മിത ബുദ്ധിയില്‍ (എഐ) പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടുകള്‍ ഇപ്പോഴും പൂര്‍ണ്ണമായി ആശ്രയിക്കാവുന്ന തലത്തിലേക്ക് ഉയര്‍ന്നിട്ടില്ലെന്ന് വ്യക്തം. നീമാന്‍ ലാബ് നടത്തിയ പരീക്ഷണത്തില്‍ പ്രശസ്ത എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റി തെറ്റായ ലേഖനങ്ങളുടെ ലിങ്കുകള്‍ കൊണ്ടുവന്നതോടെയാണ് പുതിയ വിവാദം ഉടലെടുത്തത്. 

ഇതോടെ, ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ മേധാവി സാം ഓള്‍ട്ട്മാന്‍ രംഗത്തെത്തി. എഐ ചാറ്റ്‌ബോട്ടുകളില്‍ നിന്ന് വാര്‍ത്ത അറിയാന്‍ ശ്രമികകരുതേ എന്ന അഭ്യര്‍ത്ഥനയാണ് ഓള്‍ട്ട്മാന്‍ നടത്തിയതെന്ന് എന്‍ഗ്യാജറ്റ്. 

ഓപ്പൺഎഐ സിഇഒ സാം ആൾട്‌മാൻ (Photo by Patrick T. Fallon / AFP)
ഓപ്പൺഎഐ സിഇഒ സാം ആൾട്‌മാൻ (Photo by Patrick T. Fallon / AFP)

മെറ്റായുടെ ഭീഷണി ഇന്ത്യയിലേക്കും വരുമോ?

ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്പനികള്‍ക്കെതിരെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആരോപണമാണ് അവര്‍ തങ്ങളുടെ ഉപയോക്താക്കളെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കുന്നു എന്നത്. ഉദാഹരണത്തിന് ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ ഉപയോക്താക്കള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളെക്കുറിച്ചുളള വിവരങ്ങളും, ലൊക്കേഷന്‍ ഡേറ്റ തുടങ്ങിയവയൊക്കെ ശേഖരിച്ചുവയ്ക്കുന്നുണ്ടാകാം എന്നാണ് ആരോപണം. 

അടുത്തിടെ ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ, യൂറോപ്യന്‍ ഉപയോക്താക്കള്‍ക്ക് ഒരു അന്ത്യശാസനം നല്‍കിയിരിക്കുകയാണ്-ഒന്നുകില്‍ നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവദിക്കുകയും, അങ്ങനെ നിങ്ങളുടെ താത്പര്യങ്ങള്‍ അറിഞ്ഞുള്ള പരസ്യങ്ങള്‍ കാണുകയും ചെയ്യുക. അല്ലെങ്കില്‍ പ്രതിമാസം 12.99 യൂറോ (ഏകദേശം 1200 രൂപ) അടയ്ക്കുക എന്നാണ് കമ്പനി ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായിരിക്കും ഇത് ബാധകമാകുക. അതേസമയം, തങ്ങളുടെ നയം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ മെറ്റയ്ക്ക് ഇയു കനത്ത പിഴ ചുമത്തിയേക്കും. 

ഇത് യൂറോപ്പിലെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ടിന്റെ (ഡിഎംഎ) ലംഘനമാണെന്നും, ഇതില്‍ ഒന്നു തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കുകയാണെന്നും യൂറോപ്യന്‍ കമ്മിഷന്‍ ആരോപിക്കുന്നു. വര്‍ഷങ്ങളായി സമൂഹ മാധ്യമങ്ങളില്‍ തങ്ങള്‍ ഉണ്ടാക്കിയെടുത്ത ഇടം നിലനിര്‍ത്താനായി ഉപയോക്താക്കള്‍ കമ്പനികള്‍ പറയുന്നത് അനുസരിക്കേണ്ടതായി വരുന്നു. ഇത്തരം ഒരു സാഹചര്യം ഇന്ത്യയില്‍ പ്രതീക്ഷിക്കാമോ? തീര്‍ച്ചയായും. ഡിജിറ്റല്‍ ഇന്ത്യാ ആക്ട് (ഡിഐഎ) നിലവില്‍ വന്നു കഴിയുമ്പോള്‍ മെറ്റാ പോലെയുള്ള കമ്പനകള്‍ ഇതേ നയം തന്നെ ഇന്ത്യയിലും അനുവര്‍ത്തിക്കാതിരിക്കാന്‍ കാരണം കാണുക എളുപ്പമല്ല.

ആപ്പിളിന്റെ എഐ തന്ത്രത്തിനും ഇയു ഡിഎംഎ വിഘ്‌നം സൃഷ്ടിക്കുന്നു

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ കൊണ്ടുവരുന്ന സുപ്രധാന ഫീച്ചറായ ആപ്പിള്‍ ഇന്റലിജന്‍സ് ഇയുവില്‍ തുടക്കത്തില്‍ നില്‍കില്ല. ഫോണ്‍ മിററിങ്, ഷെയര്‍പ്ലേ തുടങ്ങിയ ഫീച്ചറുകളും ഇയു മേഖലയില്‍ ഈ വര്‍ഷം നല്‍കില്ലെന്ന് റിപ്പോര്‍ട്ട്. തങ്ങള്‍ ഇയു നിബന്ധനകളോട് സഹകരിക്കാന്‍ തയാറാണ്. പക്ഷെ, തങ്ങളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ സ്വകാര്യതയ്ക്ക് കോട്ടം വരുന്ന കാര്യങ്ങള്‍ ചെയ്യില്ലെന്ന നിലപാടിലാണ് ആപ്പിള്‍. 

തങ്ങളുടെ സ്വന്തം എഐയുമായി ആപ്പിള്‍ വരുന്നതാണ് ഇയുവിന് പ്രശ്‌നം എന്ന് കരുതപ്പെടുന്നു. മറ്റു കമ്പനികളെ സഹകരിപ്പിക്കാത്ത കാര്യമാണ് ഇയുവിന്റെ കോംപറ്റീഷന്‍ കമ്മിഷണര്‍ ആയ മാര്‍ഗരതെ വെസ്റ്റയര്‍ ഫോറം യൂറോപാ ഇവന്റില്‍ എടുത്തു പറഞ്ഞത് എന്ന് ദി വേര്‍ജ്. ഡിഎംഎയുമായി സഹകരിക്കാന്‍ ആപ്പിളിന് ഇയു നല്‍കിയിരിക്കുന്നത് 12 മാസമാണ്. ഡിഎംഎ പ്രശ്‌നങ്ങള്‍ നേരിടുന്നത് ആപ്പിള്‍ മാത്രമല്ല. ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയവ അടക്കം പല കമ്പനികള്‍ക്കും മുന്നില്‍ ഡിഎംഎ കടമ്പ ഉണ്ട്.  

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

രൂപസാദൃശ്യം കണ്ടാല്‍ പരാതിപ്പടാമെന്ന് യൂട്യൂബ്

ഒരു വ്യക്തിയുടെ രൂപസാദൃശ്യമുള്ള എഐ ജനറേറ്റഡ് കണ്ടെന്റ് യൂട്യൂബില്‍ കണ്ടാല്‍ അത് നീക്കംചെയ്യാന്‍ ആവശ്യപ്പെടാം. യൂട്യൂബ് പുറത്തിറക്കിയ പുതിയ നയത്തിലാണ് ഇതുള്ളതെന് ടെക്ക്രഞ്ച്. ഒരാളുടെ രൂപമോ, സ്വരമോ ഉപയോഗിച്ചിരിക്കുന്നതായി കണ്ടാല്‍ അയാള്‍ക്ക് പരാതിപ്പടാം. 



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com