20 ലക്ഷം ടണ്‍ ഇരുമ്പ് പ്രതിവര്‍ഷം കടലില്‍ നിക്ഷേപിക്കും, വിവാദ പദ്ധതിയുമായി ശാസ്ത്രജ്ഞര്‍; ഇനി എന്താകും?
Mail This Article
ഭൂമിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകും എന്നു കരുതപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തിന് തടയിടാനുള്ള മാര്‍ഗങ്ങൾ ആരായുകയാണ് മനുഷ്യരാശി. ഇതിനുള്ള പല പദ്ധതികള്‍ പരിഗണിക്കുന്നുണ്ടെങ്കിലും ഏറ്റവും പുതിയത്, പെസഫിക് സമുദ്രത്തിന്റെ ഒരു വലിയ ഭാഗത്ത് ഇരുമ്പു കൊണ്ട് നിറക്കാനുള്ള ശ്രമം ആണ്. ഓഷന്‍ അയണ്‍ ഫെര്‍ട്ടിലൈസേഷന്‍ (ഓഐഎഫ്) എന്നറിയപ്പെടുന്ന സമ്പ്രദായമാണ് പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.
കടലില്‍ വളരുന്ന ഒരു ചെറിയ ചെടിയുടെ വളര്‍ച്ചയ്ക്ക് വളമായാണ് ഇരുമ്പ് ഇടുന്നത് എന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത്. ഫൈറ്റോപ്ലാങ്ക്ടണ്‍ (phytoplankton) എന്നറിയപ്പെടുന്ന കൊച്ചു ചെടിയുടെ വളര്‍ച്ച തഴയ്ക്കും എന്നു കരുതിയാണ് പുതിയ പരീക്ഷണം. ഈ ചെടി കാര്‍ബണ്‍ഡൈഓക്‌സൈഡ് ആഗീരണം ചെയ്യുന്നതാണ്. ലക്ഷ്യം സാധ്യമായാല്‍ കടലില്‍ തന്നെ ഈ വാതകത്തെ അമര്‍ച്ച ചെയ്യാമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.
ഏകദേശം 20 ലക്ഷം ടണ്‍ ഇരുമ്പ് പ്രതിവര്‍ഷം കടലില്‍ നിക്ഷേപിച്ചാല്‍ 2100 ആകുമ്പോഴേക്ക് 50 ബില്ല്യന്‍ ടണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡിനെ ഇല്ലായ്മ ചെയ്യാമെന്നാണ് കംപ്യൂട്ടര്‍ മോഡലുകള്‍ പ്രവചിക്കുന്നത്. പെസഫിക് സമുദ്രത്തിന്റെ വടക്കു കിഴക്കു ഭാഗത്ത് ഏകദേശം 3,800 ചതുരശ്രമൈല്‍ വിസ്തൃതിയില്‍ 2026 മുതല്‍ ഇരുമ്പു വിതറുന്ന പദ്ധതിയാണ് പരിഗണനയിലുള്ളത്.
എക്‌സ്‌പ്ലോറിങ് ഓഷന്‍ അയണ്‍ സൊലൂഷന്‍സ് (ExOIS) എന്ന് അറിയപ്പെടുന്ന ഗവേഷകരുടെ സംഘമാണ് ഫൈറ്റോപ്ലാങ്ക്ടണ് പോഷകമായ അയണ്‍ സള്‍ഫേറ്റ് നിക്ഷേപിച്ച് കാര്‍ബണ്‍ ഡൈഓക്‌സൈഡിനെ കടലില്‍ തന്നെവച്ച് നശിപ്പിക്കാമെന്ന് അവകാശപ്പെടുന്നത്.
നോര്‍ത് സൗത് അമേരിക്ക, ഏഷ്യയുടെ കിഴക്കന്‍ പ്രദേശം, ആര്‍ക്ടിക് മേഖലകള്‍ക്ക് ഇടയിലുള്ള സമുദ്രത്തിലാണ് പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നത്. ഫൈറ്റോപ്ലാങ്ക്ടണ്‍ തഴച്ചു വളരാന്‍ തുടങ്ങുന്നതോടെ വരും വര്‍ഷങ്ങളില്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവ് കുറയ്ക്കാനാകും.
ഫൈറ്റോപ്ലാങ്ക്ടണ്‍ നശിക്കുമ്പോള്‍ അത് ആഗീരണം ചെയ്ത കാര്‍ബണ്‍ ഡൈഓക്‌സൈഡും കടലിന്റെ അടിത്തട്ടിലേക്ക് അടിയും. അങ്ങനെ അത് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നതു തടയാനാകും. ഏകദേശം 1990 മുതല്‍ 2000ങ്ങളിലേക്ക് കടന്നും നടത്തിയ ഇതു സംബന്ധിച്ച ഗവേഷണം വിജയകരമായിരുന്നു എന്ന്ഒരു കൂട്ടം ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ദോഷവശവും?
എന്നാല്‍ ഇതിന് ഗുണവശം മാത്രമല്ല ഉള്ളതെന്നുള്ള എതിര്‍വാദവും ഉയര്‍ന്നു കഴിഞ്ഞു. ഓഐഎഫ് പരീക്ഷണം സമുദ്രത്തിന്റെ ജൈവപരിസ്ഥിതിയെ ദോഷകരമായി ബാധിക്കാമെന്ന ഉത്കണ്ഠയാണ് അവര്‍ പ്രകടിപ്പിക്കുന്നത്. കടലില്‍ ഇരുമ്പു പോഷണം നടത്തുമ്പോള്‍ അത് നമുക്ക് ഇപ്പോള്‍ പ്രവചിക്കാന്‍പോലും സാധിക്കാത്ത രീതിയില്‍ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ്, ആഴക്കടല്‍ വിദഗ്ധയായ ലീസാ ലേവിന്‍ സയന്റിഫിക് അമേരിക്കനോട് പറഞ്ഞത്.
കടലില്‍ ജീവലക്ഷണമില്ലാത്ത ഇടങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കാമെന്നും കടല്‍പ്പോച്ചവര്‍ഗ്ഗങ്ങളുടേതായ (algal) വളര്‍ച്ച കാണാനാകുമെങ്കിലും, ഇവ വെള്ളത്തിലെ ഓക്‌സിജനെ മുഴുവനും ഉപയോഗിച്ചേക്കാമെന്നും, അതുമൂലം ആ പ്രദേശത്തുള്ള മറ്റെല്ലാ ജീവജാലങ്ങളെയും നശിപ്പിച്ചേക്കാമെന്നുംഎതിര്‍വാദം ഉന്നയിക്കുന്നവര്‍ പറയുന്നു.
കൂടാതെ, തങ്ങളുടെ ഓഐഎഫ് പദ്ധതി നടപ്പാക്കണമെങ്കില്‍ ഗവേഷകര്‍ക്ക് 160 ദശലക്ഷം ഡോളര്‍ ഫണ്ട് കിട്ടേണ്ടതായിട്ടുണ്ട്. ഇതുവരെ അവര്‍ക്ക് രണ്ടു ദശലക്ഷം ഡോളര്‍ മാത്രമെ കിട്ടിയിട്ടുള്ളു. കൂടാതെ, പദ്ധതിക്ക് അമേരിക്കയുടെ എന്‍വൈറണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ പച്ചക്കൊടിഇതുവരെ കാണാനുമായിട്ടില്ല. അതിനു ശേഷം മാത്രമെ പരിക്ഷണ ഘട്ടത്തിലേക്കു പോലും കടക്കാനൊക്കൂ.
വാണിജ്യാടിസ്ഥാനത്തില്‍ കടല്‍ത്തട്ടില്‍ ഇരുമ്പു പോഷണം നടത്തുന്നതിന് 2013ല്‍ ഏര്‍പ്പെടുത്തിയ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍, ഗവേഷണാവശ്യങ്ങള്‍ക്കുള്ള ഓഐഎഫ് പരീക്ഷണങ്ങള്‍ക്ക് നിരോധനം ഇല്ല. എന്തായാലും, ഗവേഷകര്‍ക്ക് തങ്ങളുടെ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാനാകുമോ എന്ന കാര്യത്തില്‍ വരും മാസങ്ങളില്‍ തന്നെ തീരുമാനം ഉണ്ടാകും.
അഡോബി എക്‌സ്പ്രസില്‍ മലയാളം!
സകലതും ഉള്‍ക്കൊള്ളുന്ന കണ്ടെന്റ് ക്രിയേഷന്‍ ടൂള്‍ എന്ന വിവരണം ഉള്ള അഡോബി എക്‌സ്പ്രസിലേക്ക് ജനറേറ്റിവ് നിര്‍മ്മിത ബുദ്ധിയും (എഐ) എത്തി. ജനറേറ്റിവ് എഐക്കൊപ്പം ഇതിന്റെ പ്രവര്‍ത്തനം പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്നവര്‍ക്കും എളുപ്പമാക്കാനായി മലയാളം അടക്കം എട്ട് ഇന്ത്യന്‍ഭാഷകളും ഇനി സപ്പോര്‍ട്ട് ചെയ്യും
അഡോബി എക്‌സ്പ്രസിന്റെ മാസവരി 398 രൂപയാണ്. വാര്‍ഷിക വരിസംഖ്യയാണ് അടയ്ക്കുന്നതെങ്കില്‍ 3,993 രൂപയും.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 27 മുതല്‍
ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്‍പ്പനാശാലകള്‍ നടത്തുന്ന ഏറ്റവും വലിയ ആദായ വില്‍പ്പനാ മേളകളിലൊന്ന് തുടങ്ങുന്ന തിയതി പ്രഖ്യാപിച്ചു. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 27 മുതല്‍ ആരംഭിക്കും.പ്രൈം അംഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 26 മുതല്‍ ഓഫറുകള്‍ തുറന്നു കിട്ടും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ ഒട്ടു മിക്ക വിഭാഗങ്ങളിലുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കിഴിവു ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതാ പ്രഖ്യാപനവുമായി ആമസോണ്‍ നടത്തിയ ട്വീറ്റ്.
ലോകത്തെ കോടീശ്വരുടെ ലിസ്റ്റില്‍ ഓറക്ള്‍ മേധാവി രണ്ടാം സ്ഥാനത്ത്
ഫോര്‍ബ്‌സ് പുറത്തിറക്കിയ ലോകത്തെ കോടീശ്വരരുടെ പട്ടികയില്‍ ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, രണ്ടാം സ്ഥാനത്തുനിന്ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസ് പിന്തള്ളപ്പെട്ടു. ആ സ്ഥാനത്ത് ഇപ്പോള്‍ ഓറക്ള്‍ മേധാവി ലാറി എലിസണ്‍ ആണ് എത്തിയിരിക്കുന്നത്.
മസ്‌കിന്റെ ഇപ്പോഴത്തെ ആസ്തി 251 ബില്ല്യന്‍ ഡോളറാണെന്ന് പുതിയ ലിസ്റ്റ് പറയുന്നു. ഓറക്ള്‍ കമ്പനിയുടെ ഓഹരികള്‍ അമേരിക്കന്‍ സ്‌റ്റോക് മാര്‍ക്കറ്റില്‍ 5.1 ശതമാനം കുതിപ്പ് കാണിച്ചതാണ് എലിസണ് ഗുണമായത്. ലിസ്റ്റ് പ്രകാരം എലിസണ്‍ന്റെ ആസ്തി 206 ബില്ല്യന്‍ ഡോളറാണ്.
എഐ സുരക്ഷ ഉറപ്പാക്കുന്ന കമ്മറ്റിയില്‍ നിന്ന് ഓള്‍ട്ട്മാന്‍ പിന്മാറി
ഇപ്പോള്‍ സുപ്രശസ്തമായ എഐ ചാറ്റ് സംവിധാനമായ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ മേധാവി സാം ഓള്‍ട്ട്മാന്‍ ഒരു സുപ്രധാന സ്ഥാനത്തു നിന്ന് പിന്മാറി. സ്ഥാപനത്തിന്റെ സെയ്ഫ്റ്റി ആന്‍ഡ് സെക്യുരിറ്റി കമ്മറ്റിയില്‍ നിന്നാണ് ഓള്‍ട്ട്മാന്‍സ്വയം പിന്മാറിയിരിക്കുന്നത്.
എഐ വികസിപ്പിക്കുമ്പോള്‍ വേണ്ട സുരക്ഷ ഉറപ്പാക്കുക എന്ന ദൗത്യമാണ് കമ്മറ്റിക്ക്. എഐ മനുഷ്യരുടെ കൈവിട്ടു പോയാലൊ എന്ന ഉത്കണ്ഠ നിലനില്‍ക്കുമ്പോഴും റിസ്‌ക് എടുക്കാന്‍ തയാറുള്ള മേധാവിയായി ആണ് ഓള്‍ട്ട്മാന്‍ അറിയപ്പെട്ടിരുന്നത്.