ADVERTISEMENT

ആമസോൺ സ്ഥാപകന്‍ ജെഫ് ബെസോസ് കമ്പനിയിൽ പുലർത്തിയിരുന്ന വിചിത്രമായ ഒരു മീറ്റിങ് രീതി ചർച്ചയാകുകയാണ്. ബെസോസ് ഉള്ള സമയത്ത് ആമസോണിൽ മീറ്റിങ്ങുകൾ നടക്കുമ്പോൾ മറ്റെല്ലാവരും ഇരിക്കുന്ന ഇരിപ്പിടങ്ങൾക്കു സമീപം ഒരു ഒഴിഞ്ഞ കസേര സൂക്ഷിക്കുമായിരുന്നത്രേ. എന്തിനായിരുന്നു ഈ കസേര?

ബെസോസിന്റെ അഭിപ്രായപ്രകാരം മീറ്റിങ്ങിൽ പങ്കെടുക്കാത്ത, എന്നാൽ വലിയ പ്രാധാന്യമുള്ള ഒരു വിഭാഗത്തെ ഈ കസേര സൂചിപ്പിക്കുന്നു. ഉപഭോക്താക്കളാണ് ആ വിഭാഗം.ഉപഭോക്താക്കളുടെ സംതൃപ്തിയാണ് കമ്പനിയുടെ വിജയത്തിന്റെ പ്രധാന നട്ടെല്ലെന്ന് ബെസോസ് ഉറച്ചുവിശ്വസിച്ചിരുന്നത്രേ.

കൗബോയ് സംസ്കാരത്തിനു പേരുകേട്ട ന്യൂ മെക്സിക്കോയിലെ അൽബുക്കർക്കിലാണ് ബെസോസിന്റെ ജനനം 1964 ൽ.മോട്ടർ സൈക്കിൾ ഷോറൂം ഉടമയായ ടെഡ് ജോർഗൻസനിന്റെയും ജാക്‌ലിന്റെയും മകനായി. ബെസോസിന് ഒരു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. ജാക്വിലിൻ താമസിയാതെ മിഗ്വൽ ബെസോസിനെ വിവാഹം കഴിച്ചു. 

പഠനകാലത്തു തന്നെ കംപ്യൂട്ടറുകളോട് താൽപര്യം പുലർത്തിയ ബെസോസ്, പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി.തുടർന്ന് വാൾ സ്ട്രീറ്റിലും ചില ഇൻവെസ്റ്റ്മെന്റ് കമ്പനികളിലും ജോലി.ഇതിനിടെ ഡി.ഇ.ഷോ എന്ന പ്രശസ്തമായ ഇൻവെസ്റ്റ് കമ്പനിയുടെ ഏറ്റവും പ്രായം കുറഞ്ഞ സീനിയർ വൈസ് പ്രസിഡന്റായി. 

ജെഫ് ബെസോസ്
ജെഫ് ബെസോസ്

സിയാറ്റിലിലെ തന്റെ വീടിന്റെ ഗാരിജായിരുന്നു ഓൺലൈൻ ബുക്സ്റ്റോറായി ആമസോണിന്റെ ആദ്യ ഓഫിസ്. ഇവിടെ ആമസോൺ ഡോട് കോം എന്നെഴുതിയ ബാനറിനു താഴെ ഒരു കംപ്യൂട്ടറുമായി ഇരിക്കുന്ന ബെസോസിന്റെ ചിത്രം ലോകപ്രശസ്തമാണ്. 

ആമസോൺ തുടങ്ങിയ കാലം തൊട്ടുതന്നെ വെന്നിക്കൊടിയേന്തി. ആദ്യ 30 ദിവസങ്ങൾക്കുള്ളിൽ തന്നെ അൻപതോളം രാജ്യങ്ങളിൽ പുസ്തകം വിൽക്കാൻ ഓൺലൈൻ ബുക്‌സ്റ്റോറിനു സാധിച്ചു. രണ്ടുമാസങ്ങൾക്കുള്ളിൽ ഇരുപതിനായിരം യുഎസ് ഡോളർ വരുമാനം ശേഖരിക്കാൻ കമ്പനിക്കു കഴിഞ്ഞു.1997 ആയപ്പോഴേക്കും ഇ കൊമേഴ്സ് രംഗത്തെ മാർക്കറ്റ് ലീഡറായി ആമസോൺ മാറി. 

ആമസോണിനൊപ്പം ബെസോസും വളർന്നു. 2013ൽ വിഖ്യാത ദിനപത്രമായ വാഷിങ്ടൻ പോസ്റ്റിന്റെ ഉടമസ്ഥാവകാശം അദ്ദേഹം 25 കോടി യുഎസ് ഡോളറിന് സ്വന്തമാക്കി. നാലു തലമുറകളായി പത്രത്തിന്റെ ഉടമകളായിരുന്ന ഗ്രഹാം കുടുംബത്തിൽ നിന്നായിരുന്നു ഈ വാങ്ങൽ.

 2000 ലാണ് അദ്ദേഹം ബ്ലൂ ഒറിജിൻ എന്ന ബഹിരാകാശകമ്പനിക്ക് ജനനമേകിയത്. ബ്ലൂ ഒറിജിന്റെ സിദ്ധാന്തം ലളിതമായിരുന്നു. പണം നൽകാൻ തയാറുള്ള എല്ലാ ഉപയോക്താക്കൾക്കും ബഹിരാകാശത്തെത്താൻ അവസരമൊരുക്കുക. ഒന്നരപ്പതിറ്റാണ്ടോളം നിശബ്ദതയിൽ കഴിഞ്ഞ ബ്ലൂ ഒറിജിൻ ഒടുവിൽ എല്ലാ ശക്തിയോടെയും ബഹിരാകാശത്തു നിലയുറപ്പിക്കുന്ന കാഴ്ചയാണ് ഇന്നത്തെ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. നാസയുടെ ഒട്ടേറെ പ്രോഗ്രാമുകളിലും ബ്ലൂ ഒറിജിൻ പങ്കാളിയാണ്.

ഇതോടൊപ്പം തന്നെ കുറെയേറെ കാരുണ്യപദ്ധതികൾക്കും ബെസോസ് തുടക്കമിട്ടു.ബെസോസ് ഡേ വൺ ഫണ്ട്, ബെർക്‌ഷയർ ഹാത്ത്‌വെ, ജെപി മോർഗൻ എന്നിവരുമായി ചേർന്നുള്ള ആരോഗ്യപദ്ധതി, കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള എർത്ത് ഫണ്ട് തുടങ്ങിയവ ഇതിൽ പെടും. 

1993ൽ മക്കിൻസിയുമായി ബെസോസിന്റെ വിവാഹം.വളരെ നിശബ്ദമായ സ്വകാര്യജീവിതമായിരുന്നു ബെസോസിന്റേത്.ഇതിനിടെ ടിവി അവതാരകയായ ലോറൻ സാഞ്ചസുമായി ബെസോസ് അടുപ്പത്തിലായി. ലോറനുമായുള്ള അടുപ്പം ബെസോസിന്റെ വിവാഹജീവിതത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. 2019 ജനുവരിയിൽ ഇവർ വേർപിരിഞ്ഞു. 3700 കോടി യുഎസ് ഡോളറാണ് വിവാഹ മോചനത്തിന്റെ ഭാഗമായി മക്കിൻസിക്ക് ലഭിച്ചത്. ഇതോടെ അവർ ലോകത്തിലെ ഏറ്റവും ധനികയായ നാലാമത്തെ വനിതയായി.

English Summary:

Jeff Bezos always kept one empty chair at Amazon meetings. Here's why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com