ലാപ്ടോപ്പുകൾ ലോക്കാവും, ലോഗിൻ വിവരങ്ങളെല്ലാം പോകും; ഭീതിപരത്തി ക്രോം മാൽവെയർ, ശ്രദ്ധിക്കണേ
Mail This Article
ഉപയോക്താക്കളുടെ സിസ്റ്റം ലോക്ക് ചെയ്യുകയും ഗൂഗിൾ ലോഗിൻ വിവരങ്ങളെല്ലാം മോഷ്ടിക്കുകയും ചെയ്യുന്ന ഒരു 'പുതിയ' മാൽവെയർ ഭീതിപരത്തുന്നു. മാൽവെയറുകൾക്കെതിരെ വിവിധ സുരക്ഷാ മാർഗങ്ങളുമായി സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുമ്പോൾ, അതിനെയും മറികടക്കുന്ന രീതിയിൽ ഭീഷണി വളരുകയാണ്.
StealC എന്ന് വിളിക്കപ്പെടുന്ന ക്ഷുദ്രവെയറിന്റെ പ്രവർത്തനം ഈ രീതിയിലാണ്. മാല്‍വെയർ ബാധിക്കുന്ന സിസ്റ്റം ഫുൾ സ്ക്രീൻ മോഡിലേക്കു മാറും. ഇതിൽനിന്നും തടയാൻ എഫ്11, ESC കീകൾ അമർത്തുമ്പോൾ ഉപയോക്താവിന്റെ ബ്രൗസറിനെ കിയോസ്‌ക് മോഡിൽ ലോക്ക് ചെയ്യുന്നു.
കിയോസ്‌ക് മോഡിൽ ബ്രൗസർ സ്‌ക്രീനിൽ ദൃശ്യമാകുന്ന ഒരേയൊരു കാര്യം ഒരു ലോഗിൻ വിൻഡോയാണ്, ഇത് ഗൂഗിൾ അക്കൗണ്ടിന്റേതായിരിക്കും. ക്ലോസ് ചെയ്യാനാകാതെയും മറ്റുള്ള ആപ്പുകളിലേക്കു പോകാനാകാതെയും കുടുങ്ങുന്നവർ ലോഗിൻ വിവരങ്ങൾ നൽകുന്നതോടെ കുടുങ്ങുകയും ചെയ്യും.
ഓഗസ്റ്റ് 22 മുതൽ സൈബർ ഇടങ്ങളിലെത്തിയെന്നു കരുതപ്പെടുന്ന ക്രെഡൻഷ്യൽ ഫ്ലഷിങ് കാംപെയ്ൻ എന്ന ഈ മാൽവെയറിനെക്കുറിച്ച് വിവരങ്ങള്‍ നൽകുന്നത് ഓപ്പൺ അനാലിസിസ് ലാബ് ഗവേഷകരാണ്. ഉപയോക്തൃ ഇടപെടൽ പരിമിതപ്പെടുത്തുന്നതിന് പൊതു കിയോസ്‌കുകളിലും എടിഎം പോലെയുള്ള ടെർമിനലുകളിലും പലപ്പോഴും ഉപയോഗിക്കുന്ന സംവിധാനമാണ് കിയോസ്‌ക് മോഡ്.
കിയോസ്‌ക് മോഡിൽ നിന്ന് എങ്ങനെ പുറത്തുകടക്കാം?
ക്ഷുദ്രവെയർ ബാധിക്കുകയും കിയോസ്‌ക് മോഡിൽ കുടുങ്ങിപ്പോകുകയും ചെയ്‌താൽ, ആദ്യം ശ്രദ്ധിക്കേണ്ട കാര്യം, Esc, F11 എന്നിവ വിൻഡോ മോഡിലേക്ക് മടങ്ങാൻ സഹായിക്കില്ല എന്നതാണ്. എന്നിരുന്നാലും, "Alt+F4", "Ctrl + Shift + Esc", "Ctrl + Alt + Delete", "Alt+Tab" എന്നിങ്ങനെയുള്ള മറ്റ് കീബോർഡ് കുറുക്കുവഴികൾ ഉപയോഗിക്കാം
കിയോസ്‌ക് മോഡ് വീണ്ടും പോപ്പ് അപ്പ് ചെയ്യുന്ന സാഹചര്യത്തിൽ, വിൻഡോസ് ടാസ്‌ക് മാനേജർ ഓപ്പണ്‍ ആക്കാൻ Ctrl+Alt+Del ഉപയോഗിച്ച് ശ്രമിക്കുക. അത് ദൃശ്യമാകുമ്പോൾ, പ്രോസസ്സുകൾ ടാബിലേക്ക് പോകുക, Google Chrome കണ്ടെത്തി അതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് "End task" ബട്ടൺ അമർത്തുക. അല്ലെങ്കില്‍, റൺ ആപ്പ് കൊണ്ടുവരാൻ Win+R കുറുക്കുവഴിയും ഉപയോഗിക്കാം.
ഇവിടെ "cmd" എന്ന് ടൈപ്പ് ചെയ്ത് എന്റർ അമർത്തുക. ദൃശ്യമാകുന്ന വിൻഡോയിൽ, taskkill /F /IM chrome.exe എന്ന് ടൈപ്പ് ചെയ്‌ത് കമാൻഡ് പ്രവർത്തിപ്പിക്കുന്നതിന് വീണ്ടും എന്റർ അമർത്തുക. ഇത് Chrome നിർത്തുകയും ഡെസ്‌ക്‌ടോപ്പിലേക്ക് തിരികെയെത്താൻ സഹായിക്കുകയും ചെയ്യും.