ഇനി ഐഫോണ്‍ 16 പ്രോ മാക്സും 'മെയ്ഡ് ഇൻ ഇന്ത്യ'! കൂടുതല്‍ ആപ്പിള്‍ സ്റ്റോറുകളും തുറക്കും; വില എത്രയായാലും ആവേശം?
Mail This Article
ഇന്ത്യയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുകയാണെന്ന് ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍. പുനെ, ബെംഗളൂരു, ഡെല്‍ഹി-എന്‍സിആര്‍, മുംബൈ എന്നിവടങ്ങളിലായിരിക്കും പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ വരിക. കമ്പനിയുടെ ഡിവൈസുകള്‍ നേരിട്ടു കണ്ട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായിരിക്കും ഈ സ്റ്റോറുകള്‍ ഗുണംചെയ്യുക.
ഇന്ത്യയിലെ ഉപയോക്താക്കളുടെ ആവേശം കണ്ടാണ് തങ്ങള്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുന്നതെന്നാണ് ആപ്പിളിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഡെയ്ര്ഡ്രെ ഒബ്രയന്‍ (Deirdre O'Brien) നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്. ഏപ്രില്‍ 2023ല്‍ ആണ് കമ്പനി തങ്ങളുടെ ആദ്യത്തെ രണ്ട് ആപ്പിള്‍ സ്റ്റോറുകള്‍ ഡല്‍ഹിയിലും മുംബൈയിലുമായി ആരംഭിച്ചത്. പുതിയ സ്റ്റോറുകള്‍ അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നു പറയുന്നു.
മൊത്തം ഐഫോണ്‍ 16 സീരിസും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു
സ്റ്റോറുകള്‍ക്കു പുറമെ, തങ്ങളുടെ ആദ്യത്തെ 'മെയിഡ് ഇന്‍ ഇന്ത്യാ' ഐഫോണ്‍ 16 പ്രോ, പ്രോ മാക്സ് സീരിസ് ഈ മാസം വില്‍പ്പനയ്ക്കെത്തിക്കുമെന്നും കമ്പനി അറിയിച്ചു. മൊത്തം ഐഫോണ്‍ 16 സീരിസും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു.
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫോണുകള്‍ രാജ്യത്തെ ഐഫോണ്‍ പ്രേമികള്‍ക്കു വില്‍ക്കുകയും, കയറ്റി അയയ്ക്കുകയും ചെയ്യുമെന്ന് ആപ്പിള്‍ അറിയിച്ചു. എന്നാല്‍, ഇങ്ങനെ പ്രാദേശികമായി നിര്‍മ്മിച്ചു വില്‍ക്കുന്ന ഫോണുകളുടെ വില കുറയ്ക്കുമോ എന്നതിനെക്കുറിച്ച് കമ്പനി ഒന്നും പറഞ്ഞില്ല.
ഐഓഎസ് 18.0.1 പുറത്തിറക്കി
ഐഓഎസ് 18.0.1 ഇപ്പോള്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. താമസിയാതെ പുറത്തിറക്കാന്‍ പോകുന്ന ഐഓഎസ് 18.1 ആഴ്ചകള്‍ക്കുള്ളില്‍ എത്തും. അതിനു മുമ്പ് ഈ അപ്ഡേറ്റ് നടത്തണം. ഐഫോണ്‍ 16 സീരിസ്, ഐഫോണ്‍ 15 പ്രോ സീരിസ് ഉടമകള്‍ കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന അപ്ഡേറ്റാണ് ഐഓഎസ് 18.1. ആപ്പിള്‍ ഇന്റലിജന്‍സ് എന്ന് അറിയപ്പെടുന്ന നിര്‍മ്മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ ഫീച്ചറുകള്‍ ആദ്യമായി ആപ്പിള്‍ ഉപകരണങ്ങളിലേക്ക് എത്തുന്നത് അതു വഴിയാണ്.
ലോകത്തെ രണ്ടാമത്തെ ധനികനായി മാര്‍ക്ക് സക്കര്‍ബര്‍ഗ്
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസിനെ മൂന്നാം സ്ഥാനത്തെക്ക് പിന്തള്ളി മെറ്റാ മേധാവി ലോകത്തെ രണ്ടാമത്തെ വലിയ പണക്കാരന് എന്ന റാങ്കിങ് സ്വന്തമാക്കി എന്ന് ബ്ലൂംബര്‍ഗ്. സക്കര്‍ബര്‍ഗിന്റെ മെറ്റാവേഴ്സ് എന്ന ആശയത്തിന് തുടക്കത്തില്‍ സ്വീകാര്യത ലഭിക്കാതെ പോയതോടെ അദ്ദേഹത്തിന്റെ മൂല്ല്യം ഇടിഞ്ഞിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ മാസങ്ങളില്‍ മെറ്റാ കരുത്തോടെ തിരിച്ചുവരവു നടത്തിയതോടെ സക്കര്‍ബര്‍ഗ് ഗംഭീര തിരിച്ചുവരവു നടത്തിയിരിക്കുകയാണ്. മെറ്റയുടെ ഓഹരി 23 ശതമാനമാണ് ഇക്കഴിഞ്ഞ മാസങ്ങളില്‍ ഉയര്‍ന്നത്.
നിലവില്‍ സക്കര്‍ബര്‍ഗിന്റെ ആസ്തി 206.2 ബില്ല്യന്‍ ഡോളറാണെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. ഇതിനേക്കാള്‍ 1.1 ബില്ല്യന്‍ ഡോളര്‍ കുറവാണ് ഇപ്പോള്‍ ബേസോസിന്. എന്നാല്‍, സക്കര്‍ബര്‍ഗ് ഇപ്പോഴും ടെസ്ലാ മേധാവി ഇലോണ്‍ മസ്കിനെക്കാള്‍ 50 ബില്ല്യന്‍ ഡോളര്‍ പിന്നിലാണ്. അതേസമയം, നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ മെറ്റാ ഇപ്പോള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റവും നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്.
ആന്‍ഡ്രോയിഡ് 16ല്‍ പ്രതീക്ഷിക്കുന്ന ചില ഫീച്ചറുകള്‍
2025ല്‍ പുറത്തിറക്കുമെന്നു പ്രതീക്ഷിക്കുന്ന ആന്‍ഡ്രോയിഡ് 16ല്‍ ഒട്ടനവധി പുതിയ ഫീച്ചറുകള്‍ പ്രതീക്ഷിക്കാമെന്ന് പറയുന്നു. ഇത് സ്വീകരിക്കാന്‍ സാധിക്കുന്ന മൊത്തം ആന്‍ഡ്രോയിഡ് ഫോണുകളുടെയും പ്രവര്‍ത്തനം ഏതെങ്കിലും രീതിയില്‍ മെച്ചപ്പെടുത്തിയേക്കും. ആന്‍ഡ്രോയിഡ് 15ല്‍ ഉള്ള ഡെസ്ക്ടോപ് വിന്‍ഡോയിങ് ഫീച്ചര്‍ കൂടുതല്‍ മികവാര്‍ജ്ജിക്കും. സെറ്റിങ്സ് പുതിയ ലേഔട്ടോടെ എത്തും. സ്ക്രീന്‍ റെക്കോഡിങ് കുടുതല്‍ ശേഷി പ്രകടിപ്പിക്കും. അതിനൊക്കെ പുറമെ, നോട്ടിഫിക്കേഷന്‍സ് ഉപയോക്താവിനെ സദാ തോണ്ടിവിളിക്കുന്ന രീതി കുറച്ചേക്കും.
എഐ ഭീഷണി ഏശില്ലെന്ന് വാദം
എഐ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതോടെ വ്യാപകമായി തൊഴല്‍ നഷ്ടമുണ്ടാകും എന്ന ഭീതി സമൂഹത്തില്‍ പരന്നു കഴിഞ്ഞു. എന്നാലിപ്പോള്‍, എംഐടി ഇക്കണോമിസ്റ്റ് ആയ ഡാരന്‍ അസെമൊഗ്ലു (Daron Acemoglu) പറയുന്നത് എഐയെക്കുറിച്ച് അത്ര അശുഭപ്രതീക്ഷ വച്ചുപുലര്‍ത്തേണ്ട കാര്യമില്ലെന്നാണ്. ഇന്നുള്ളതിന്റെ ഏകദേശം 5 ശതമാനം ജോലികളായിരിക്കും എഐ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതോടെ നഷ്ടമാകുക എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
അദ്ദേഹത്തിന്റെ വിലയിരുത്തല്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രൊഫഷണലുകള്‍ക്ക് പ്രതീക്ഷ പകരുന്നതാണ്. ബ്ലൂംബര്‍ഗിന് നല്കിയ അഭിമുഖ സംഭാഷണത്തിലാണ് എഐ ഗുണകരമൊക്കെ ആയേക്കുമെങ്കിലും ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെയുള്ള ജോലിക്കാര്‍ക്ക് പ്രതീക്ഷയറ്റ സാഹചര്യമായിരിക്കില്ല വരുന്നത് എന്ന് അദ്ദേഹം പറയുന്നു. തന്റെ പ്രവചനം ജോലിക്കാര്‍ക്ക് ഉത്സാഹം പകരുന്ന കാര്യമാണെങ്കിലും, ഇപ്പോള്‍ എഐക്കായി പണംവാരി എറിഞ്ഞുകൊണ്ടിരിക്കുന്ന കമ്പനികള്‍ക്ക് ഇത് നല്ല വാര്‍ത്ത ആയിരിക്കില്ലെന്നും എംഐടിയിലെ ഉന്നത സ്ഥാനത്തിരിക്കുന്ന അദ്ദേഹം പറയുന്നു.
താമസിയാതെ എഐയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കുറഞ്ഞേക്കും. ഈ മേഖലയിലെ നിക്ഷേപവും കുറഞ്ഞേക്കും. ഇനി അതല്ല, ഒരു വര്‍ഷത്തേക്കു കൂടെ എഐ ഭ്രമം നീണ്ടു നിന്നാല്‍ ടെക്നോളജി കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ വമ്പന്‍ തകര്‍ച്ച നേരിടേണ്ടി വന്നേക്കാം. ഇതോടെ വിദ്യാര്‍ത്ഥികളും, എക്സിക്യൂട്ടിവ്മാരും, നിക്ഷേപകരും നിരാശരായേക്കാം. എഐ വസന്തം, എഐ ശൈത്യത്തിനു വഴിമാറിയാലെന്നപോലെ എന്ന് അദ്ദേഹം ഡാരന്‍ പറയുന്നു.
ഇതിനു പുറമെ മറ്റൊരു സാഹചര്യവും ഉരുത്തിരിഞ്ഞുവരാം. എഐ ഭ്രമം വര്‍ഷങ്ങളോളം നീണ്ടേക്കാം. ഈ കാലയളവല്‍ കമ്പനികള്‍ ആയിരിക്കണക്കിനു ജോലിക്കാരെ പിരിച്ചുവിട്ട് പകരം ബില്ല്യന്‍ കണക്കിനു ഡോളര്‍ എഐയില്‍ നിക്ഷേപിക്കും. ഇതുകൊണ്ട് എന്തു ഫലമുണ്ടാകും എന്ന് ഒരു ധാരണയുമില്ലാതെ ആയിരിക്കും അത്. അവസാനം ഗത്യന്തരമില്ലാതെ കമ്പനികള്‍ ജോലിക്കാരെ തിരിച്ചുവിളിച്ചു തുടങ്ങുമെന്നും ഡാരന്‍ പ്രവചിക്കുന്നു.