'കൈനീട്ടം വൈകിട്ടായാൽ കുഴപ്പമുണ്ടോ ചേട്ടാ?'; യുപിഐ ആപ്പുകൾ നാണംകെടുത്താതിരിക്കാൻ ചില 'ട്രിക്സ്'
Mail This Article
കാബൂളിവാലയിൽ ശങ്കരാടിയുടെ ഹോട്ടലിലെത്തി പുട്ട് കഴിക്കുന്ന സീനിനെ അനുസ്മരിപ്പിക്കുന്നതാണ് ചിലപ്പോഴൊക്കെ നാം യുപിഐ പണമിടപാട് നടത്തുന്നത്. ക്യൂആർ കോഡിലേക്കു സ്കാനർ ചൂണ്ടി..പിൻ നമ്പർ അടിച്ചശേഷമുള്ള ആ സെക്കൻഡുകൾ..ഏവരുടെയും ചങ്കിടിപ്പ് ഒന്ന് വർദ്ധിപ്പിക്കും. കാരണം എന്തും സംഭവിക്കാം. ഡിങ് എന്ന ശബ്ദത്തോടെ പണം അവിടെ ചെല്ലാം. അല്ലെങ്കിൽ പ്രൊസസിങ് എന്നു കാണിക്കാം. അതുമല്ലെങ്കിൽ 'Fail' ആകാം.
ഇതൊന്നും നടന്നില്ലെങ്കിൽ കൈനീട്ടം വൈകിട്ടാക്കി കടം പറഞ്ഞുപോരാം.എന്തായാലും പഴ്സിൽ പണം കരുതാത്ത ഏതൊരു പുലിയും ഒരു നിമിഷ നേരത്തേക്കു എലിയായി മാറുന്ന ആ നിമിഷം എങ്ങനെ മറികടക്കാനാകുമെന്ന് നോക്കാം. യുപിഐ പണമിടപാടുകളുടെ ആശ്രിതത്വം വർദ്ധിച്ചതിനാൽ മിക്കവാറും ആളുകളും പണം കൈവശം കരുതാറില്ല. യുപിഐ പണമിടപാട് പരാജയപ്പെട്ട് കുടുങ്ങുമ്പോൾ കാത്തിരിപ്പും പ്രാർഥനയും അല്ലെങ്കിൽ കൂട്ടുകാരെ വിളിക്കുകയും എല്ലാം വേണ്ടിവരുന്നു.
എന്തുകൊണ്ടാണ് യുപിഐ പണമിടപാട് പരാജയപ്പെടുന്നത്.
തെറ്റായ യുപിഐ ഐഡി, ബാങ്ക് സെർവറുകളിലെ പ്രശ്നങ്ങള്‍, ഇന്റര്‍നെറ്റില്ലെങ്കിൽ എല്ലാം യുപിഐ ട്രാൻസ്ഫർ പരാജയപ്പെടും. മാത്രമല്ല ചില ബാങ്കുകൾ യുപിഐ ഇടപാടുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നുണ്ടെന്നും ഓർക്കുക.
എങ്ങനെ മറികടക്കാം.
∙ഏറ്റവും സാധാരണ കാരണം സെർവർ പ്രശ്നങ്ങളാണ്. സാധാരണഗതിയിൽ ഒന്നിസധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്ത് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
∙പിൻ നമ്പർ മറന്നുപോയെങ്കിൽ റിസെറ്റ് ചെയ്ത് പുനസജ്ജീകരിക്കുക, 3 തവണയില്‍ക്കൂടുതൽ പിൻ നമ്പർ തെറ്റായി നല്‍കിയാൽ 24 മണിക്കൂർ നേരത്തേക്ക് സേവനം പ്രവർത്തനരഹിതമാകുമെന്ന് ഓർമിക്കുക.
∙ നെറ്റ്വർക് കണക്ഷനും യുപിഐ പണമിടപാടിനെ സ്വാധീനിക്കുന്ന ഘടകമാണ്. സിഗ്നൽ ലഭിക്കാനായി അൽപം നീങ്ങുകയും അല്ലെങ്കിൽ സമീപത്തുള്ളവരുടെ ഹോട്സ്പോട്(സുരക്ഷിതമാണെങ്കിൽ) ഉപയോഗിക്കുന്നതിലൂടെയും പരിഹരിക്കാനാകും.
∙ബാങ്ക് സെർവർ പ്രശ്നങ്ങളും നെറ്റ്വർക്ക് പ്രശ്നങ്ങളും പരിഹരിക്കുന്നതിനായാണ് യുപിഐ ലൈറ്റ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
∙ഇടപാടുകൾക്ക് പിൻ വേണ്ട എന്നതാണ് പ്രത്യേകത. യുപിഐ ലൈറ്റ് വോലറ്റിൽ നിന്നുള്ള പണമാണ് ഇടപാടുകൾക്കായി ഉപയോഗിക്കാനാകുക. നിശ്ചിത തുക വോലറ്റിൽ സൂക്ഷിക്കാം. നിലവിൽ വോലറ്റിലെ പണംതീരുമ്പോൾ ഉപഭോക്താവ് വീണ്ടും ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇതിലേക്ക് ചേർക്കുകയാണ് വേണ്ടത്.
∙ സ്വന്തം ബാങ്ക് അക്കൗണ്ടും വേണ്ട: ഗൂഗിള്‍ പേ യുപിഐ സര്‍ക്കിള്‍ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്, ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാതെ തന്നെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താന്‍ സഹായിക്കും. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സെക്കന്‍ഡറി ഉപയോക്താക്കളായി ചേര്‍ക്കാനും കഴിയും. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) സഹകരിച്ചാണ് ഈ ഫീച്ചര്‍ വികസിപ്പിച്ചത്.
∙ ഫീച്ചർ ഫോണിനായി യുപിഐ123:ഫീച്ചർ ഫോണുകളുള്ളവർക്ക് UPI ഉപയോഗിക്കാൻ അനുവദിക്കുന്ന ഒരു സേവനമാണിത്; ഇൻ്റർനെറ്റ് ഇല്ലാതെ പണമിടപാട് നടത്താൻ ഇത് ഒരാളെ അനുവദിക്കുന്നു. *99# എന്ന യുഎസ്എസ്ഡി കോഡാണ് ഉപയോഗിക്കുന്നത്. ഐവിആർ, മിസ്ഡ് കോൾ സംവിധാനങ്ങളാണ് പേമെന്റ് സാധ്യമാക്കുന്നത്.