ജയിച്ചത് ട്രംപ് മാത്രമല്ല, പ്ലൂട്ടോക്രാറ്റ് ആകുമോ ഇലോൺ മസ്ക്? കാരണം അറിയാം
Mail This Article
അക്രമിയുടെ വെടിയേറ്റു മുറിഞ്ഞ വലതുചെവിയിൽനിന്നും രക്തം ഒലിപ്പിച്ചു മുഷ്ടി ചുരുട്ടി ജനക്കൂട്ടത്തിനുനേരെ കൈവീശുന്ന ട്രംപിന്റെ ചിത്രം ഇലോൺ മസ്ക് തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവച്ചു പിന്തുണ അറിയിച്ചു. യുഎസ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചു. രണ്ടാമതും യുഎസ് പ്രസിഡന്റാകാൻ പോകുകയാണ് ട്രംപ്. എന്നാൽ ട്രംപിനോളം ശ്രദ്ധ സ്പേസ് എക്സ്, ടെസ്‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്കിലേക്കും പോകുന്നുണ്ട്. സമ്പന്നർ ഭരണത്തിൽ ആധിപത്യം നേടുന്ന അവസ്ഥയ്ക്ക് പ്ലൂട്ടോക്രസി എന്നാണ് പറയുന്നത്.
അത്തരമൊരു പ്ലൂട്ടോക്രസിയായിരിക്കുമോ ഇനി യുഎസിൽ നടക്കുന്നത്? മസ്ക് ആയിരിക്കുമോ ഭരണത്തിന്റെ നട്ടെല്ല് തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്.വിജയപ്രസംഗത്തിൽ വ്യവസായിയും ശതകോടീശ്വരനുമായ ഇലോൺ മസ്കിനെ പുകഴ്ത്താൻ ട്രംപ് ധാരാളം സമയം ചിലവഴിച്ചു. പുതുതായി ഉദിച്ചുയർന്ന താരമെന്നു പറഞ്ഞാണ് മസ്കിനെ ട്രംപ് അവതരിപ്പിച്ചത്. പെൻസിൽവേനിയയിലെയും ഫിലഡെൽഫിയയിലെയും പ്രചാരണങ്ങളിൽ പങ്കെടുത്തതിന് ട്രംപ് മസ്കിന് നന്ദി പറഞ്ഞു.കുഞ്ഞിനെ കരുതലോടെ കയ്യിലെടുക്കുന്ന അമ്മയെപ്പോലെ സ്പേസ്എക്സ് റോക്കറ്റിനെ തിരികെപ്പിടിച്ചെടുത്ത സംവിധാനം അദ്ഭുതത്തോടെയാണു ടിവിയിൽ കണ്ടതെന്നും അതു കഴിഞ്ഞപ്പോൾ മസ്കിനെ നേരിട്ടുവിളിച്ച് അഭിനന്ദിച്ചെന്നും അദ്ദേഹം അനുസ്മരിച്ചു.
ശതകോടീശ്വരൻമാരിലെ സൂപ്പർസ്റ്റാർ
ശതകോടീശ്വരൻമാരിലെ സൂപ്പർസ്റ്റാറാണു മസ്ക്. സംരഭകനെന്ന നിലയിലും സാങ്കേതികവിദഗ്ധനെന്ന നിലയിലും മികവു തെളിയിച്ച വ്യക്തിത്വം.അനേകം ആരാധകരുമുണ്ട് മസ്കിന്.ഇലോൺ മസ്ക് രണ്ടു വർഷത്തിനുള്ളിൽ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നു പറഞ്ഞുള്ള അഭ്യൂഹവും ക്യാംപെയ്നും ട്വിറ്ററിൽ ശക്തമായിരുന്നു.ആഗ്രഹിക്കുന്നതെല്ലാം നടത്തിയെടുക്കാൻ ശേഷിയുള്ള ഇലോൺ മസ്ക് പ്രസിഡന്റ് സ്ഥാനത്തേക്കു വരാൻ തങ്ങൾ ആഗ്രഹിക്കുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ ഫോളോവേഴ്സിൽ പലരുടെയും ആവശ്യം.
സൂപ്പർഹീറോ കോസ്റ്റ്യൂം അണിഞ്ഞ മസ്ക്
ലോകത്തേറ്റവും കൂടുതൽ ട്വിറ്റർ ഫോളോവേഴ്സുള്ള സംരംഭകനാണു മസ്ക്.ഇലോൺ മസ്ക് പ്രസിഡന്റാകുന്നതു സംബന്ധിച്ചുള്ള നിരവധി ട്രോളുകളും മീമുകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സൂപ്പർഹീറോ കോസ്റ്റ്യൂം അണിഞ്ഞ് ന്യൂയോർക്ക് നഗരത്തെ നോക്കി മസ്ക് നിൽക്കുന്നതായിരുന്നു ഇതിൽ ഏറെ ശ്രദ്ധ നേടിയ ഒരു ട്രോള്‍. ക്യാംപെയ്നിന്റെ ഭാഗമായവർ എടുത്തുപറയുന്നത് ഒരു കാര്യമാണ്.
1980കളിൽ ഡോണൾഡ് ട്രംപും ഇങ്ങനെയായിരുന്നു. ടിവി മാധ്യമങ്ങളിലും വിനോദ പരിപാടികളിലും കൂടി നിറഞ്ഞുനിന്ന ഷോമാൻ. അദ്ദേഹം പിന്നീട് പതിറ്റാണ്ടുകൾക്കിപ്പുറം അമേരിക്കൻ പ്രസിഡന്റായി. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ 1971 ജൂൺ 28നാണു മസ്ക് ജനിച്ചത്. പകൽ സ്വപ്നങ്ങളിൽ മുഴുകിയ ബാല്യം, മസ്കിനെ സ്കൂളിലെ മറ്റു വിദ്യാർഥികൾക്കിടയിൽ പരിഹാസപാത്രമാക്കി. മസ്കിന് എന്തോ കുഴപ്പമുണ്ടെന്നു കരുതി രക്ഷിതാക്കൾ വൈദ്യപരിശോധന വരെ നടത്തി.
വായന ഒരു ശീലമാക്കി മാറ്റിയ മസ്ക് ഹൈസ്ക്കൂളെത്തിയപ്പോഴേക്കും പരിഹാസം കേട്ടു മടുത്തു. കൂടുതൽ ശുഭാപ്തിവിശ്വാസം നേടാനായി ഈ സമയത്ത് കരാട്ടെയും ഗുസ്തിയും പഠിച്ചു. 1989ൽ മസ്ക് 18 വയസ്സുകാരൻ യുവാവായി. അന്നു ദക്ഷിണാഫ്രിക്കയിലെ നിയമമനുസരിച്ചു യുവാക്കൾ നിർബന്ധിത സൈനികസേവനത്തിൽ ചേരണം. ഇതു താൽപര്യമില്ലാതെ അദ്ദേഹം കാനഡയിലേക്കു ഡിഗ്രി പഠിക്കാനായി യാത്രയായി. തുടർന്ന് 1992ൽ തന്റെ സ്വപ്നരാജ്യമായ യുഎസിൽ എത്തിച്ചേരുകയും അവിടെ പെൻസിൽവേനിയ സർവകലാശാലയിൽ പഠനം പൂർത്തിയാക്കുകയും ചെയ്തു.
ഇലോൺ മസ്കിനെ ടോണി സ്റ്റാർക്കുമായി ഉപമിക്കുന്നവരുണ്ട്
ഒട്ടേറെ വിപ്ലവകരമായ സാങ്കേതികവിദ്യകൾക്കു മസ്ക് പണം മുടക്കിയിട്ടുണ്ട്. അതിൽ പ്രധാനമാണ് ഹൈപ്പർ ലൂപ്പ്. മണിക്കൂറിൽ 1000 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നു കരുതപ്പെടുന്ന ട്യൂബ് ഗതാഗത സംവിധാനമാണിത്.നിർമിതബുദ്ധിയുടെ വികാസത്തിനായി ന്യൂറലിങ്ക്, വൻകിട ഡ്രെജിങ് ജോലികൾക്കായി ബോറിങ് എന്നീ കമ്പനികളും മസ്കിന്റെ ഉടമസ്ഥതയിലുണ്ട്.
അയൺമാൻ സിനിമകളിലൂടെ പ്രശസ്തനായ ശതകോടീശ്വര കഥാപാത്രമാണ് ടോണി സ്റ്റാർക്.വേറാരും ചിന്തിക്കാത്ത കാര്യങ്ങൾ ചിന്തിക്കുന്നതിനാലും അതിനായി പരിശ്രമിക്കുന്നതിനാലും ഇലോൺ മസ്കിനെ ടോണി സ്റ്റാർക്കുമായി ഉപമിക്കുന്നവരുണ്ട്. ഇലോൺ മസ്ക് പ്രസിഡന്റാകുന്നതൊക്കെ വലിയൊരു ഭാവനയാകാം. എന്നാൽ തീർച്ചയായും ട്രംപിന്റെ രണ്ടാംവരവിൽ അദ്ദേഹത്തെ കാത്ത് ഒട്ടേറെ അവസരങ്ങളുണ്ടെന്നത് വാസ്തവം.