ADVERTISEMENT

സൗദി അറേബ്യയിലെ പ്രശസ്തമായ ഖൈബർ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു മരുപ്പച്ചയിൽ   ഒരു പട്ടണം കണ്ടെത്തിയിരിക്കുകയാണ്. 4000 വർഷത്തോളം പഴക്കമുള്ള പട്ടണത്തിന്റെ ശേഷിപ്പുകളാണ് പുരാവസ്തു ഗവേഷകർ ഇവിടെ കണ്ടെത്തിയത്. അൽ നത്താഹ് എന്നു പേരുള്ള നഗരം ഖൈബർ മേഖലയിലെ മരുപ്പച്ച പ്രദേശത്താണ്.

14.5 കിലോമീറ്റർ ചുറ്റളവുള്ള ഒരു മതിലിനാൽ സംരക്ഷിതമാണ് ഈ മരുപ്പച്ച. 2400 ബിസി മുതൽ നിലവിലുണ്ടെന്നു കരുതപ്പെടുന്ന ഈ പട്ടണത്തിൽ അഞ്ഞൂറോളം ആളുകൾ താമസിച്ചിരുന്നു. അറേബ്യൻ മേഖലയിലെ നഗരവത്കരണത്തിന്റെ തുടക്കം കൂടി അടയാളപ്പെടുത്തുന്നതാണ് ഈ നഗരം.‌‌

കഴിഞ്ഞദിവസം മെക്സിക്കോയിൽ വനത്തിൽ മറഞ്ഞ ഒരു മായൻ നഗരം കണ്ടെത്തിയിരുന്നു. കൊച്ചിയുടെ മൂന്നിരട്ടി വലുപ്പമുള്ള നഗരത്തിൽ മായൻ സംസ്കാരത്തിന്റെ ചിഹ്നങ്ങളായ പിരമിഡുകൾ ധാരാളമായുണ്ടായിരുന്നു. കൂടാതെ വിവിധ കായിക പ്രവർത്തനങ്ങൾ നടത്താനുള്ള വേദികളും വഴികളും എല്ലാം അടങ്ങിയതാണ് ഈ നഗരം.മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ ഉൾപ്പെടുന്ന കാംപിചെ സംസ്ഥാനത്താണ് ഈ നഗരം കണ്ടുകിട്ടിയത്. ലിഡാർ എന്ന പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് നഗരം കണ്ടെത്തിയത്. 

തിരച്ചിൽ നടത്തുന്നതിനിടെ വളരെ ആകസ്മികമായാണ് കണ്ടെത്തൽ നടന്നത്. വലേറിയാന എന്നു പേരിട്ടിരിക്കുന്ന ഈ നഗരപ്രദേശം കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും വലുപ്പമുള്ള രണ്ടാമത്തെ മായൻ സാംസ്കാരിക കേന്ദ്രമാണ്. കാലാക്മുൾ എന്ന നഗരമായിരുന്നു കണ്ടെത്തിയതിൽ ഏറ്റവും വലുപ്പമുള്ളത്.പ്രാചീനലോകത്തെ പ്രബലമായ നാഗരിതകകളിലൊന്നായിരുന്ന മായൻ സംസ്കാരം ഇന്നത്തെകാലത്തെ ഗ്വാട്ടിമാലയിലെ താഴ്‌വരകൾ, യൂക്കാട്ടൻ ഉപദ്വീപ്, ബെലൈസ്, മെക്സിക്കോയുടെയും ഹോണ്ടുറസിന്റെയും ഭാഗങ്ങൾ എന്നിവിടങ്ങളിലായാണു പരന്നുകിടന്നത്.

എഡി ആറാം നൂറ്റാണ്ടിൽ ഇവർ ഏറ്റവും ശക്തമായ നിലയിലെത്തി. കൃഷി, കരകൗശല നിർമാണം, ഗണിതം, വാസ്തുവിദ്യ എന്നീ മേഖലകളിൽ മികച്ചു നിന്ന മായൻമാർ സ്വന്തമായി ഒരു ഗ്ലിഫ് ലിപി രൂപപ്പെടുത്തിയിരുന്നു.മായൻ നാഗരികതയുടെ ഏറ്റവും പ്രൗഢമായ ചിഹ്നങ്ങളിലൊന്നായിരുന്നു അവർ തയാറാക്കിയ കലണ്ടർ. ഹാബ് എന്ന പൊതു കലണ്ടറും സോൽകീൻ എന്ന ദിവ്യമായി കരുതിപ്പോന്ന കലണ്ടറും ഇതിന്റെ ഭാഗങ്ങളാണ്. ഭാവിയിലേക്കുള്ള സമയക്രമത്തിനായി ലോങ് കൗണ്ട് കലണ്ടർ എന്നൊരു വകഭേദവും അവർ രൂപകൽപന ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com