ലോകം കോര്‍പറേറ്റുകള്‍ ഭരിക്കും, ഇന്ത്യയും ചൈനയും സൂപ്പര്‍ പവറുകളായി മാറും: ഇസ്രോ ചെയർമാന് എസ്. സോമനാഥ്
Mail This Article
2050 ആകുമ്പോഴേക്കും രാജ്യങ്ങള്‍ കൂടുതല്‍ ദുര്‍ബലമാവുകയും ലോകം കോര്‍പറേറ്റുകള്‍ ഭരിക്കുകയും ചെയ്യുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജി സംഘടിപ്പിച്ച 'കോണ്‍ഫ്‌ളുവന്‍സ് 2024'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പ്രതിഫലം ലഭിക്കുന്ന ജോലികളില്‍ പകുതിയിലേറെ ഭാവിയില്‍ കംപ്യൂട്ടറുകൾ ഉപയോഗിച്ച് ചെയ്യാനാവുമെന്നും 'ടാലന്റ് ആന്റ് ദ ഫ്യൂച്ചര്‍ ഓഫ് ഇന്ത്യ' എന്ന വിഷയം അവതരിപ്പിക്കുമ്പോൾ സോമനാഥ് അഭിപ്രായപ്പെട്ടു. ഡോ. കെ. പൗലോസ് ജേക്കബ് ചര്‍ച്ച നിയന്ത്രിച്ചു.
വരുന്ന 25 വര്‍ഷത്തിനുള്ളില്‍ ലോകം കൂടുതല്‍ സാങ്കേതികവിദ്യ കേന്ദ്രീകരിച്ചുള്ളതാവും. ഊര്‍ജ പ്രതിസന്ധി ഇല്ലാതാവുകയും ഊര്‍ജം അധികമായി ഉത്പാദിപ്പിക്കുകയും ചെയ്യും. ഇതിനൊപ്പം വെള്ളത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍ സംഭവിക്കും. അപ്പോഴേക്കും ഇന്ത്യയും ചൈനയും സൂപ്പര്‍ പവറുകളായി മാറിയിട്ടുണ്ടാവുമെന്നും വ്യവസായം നിര്‍മിതബുദ്ധിയും കമ്പ്യൂട്ടറും അധിഷ്ഠിതമായുള്ളതായി മാറുമെന്നും സോമനാഥ് അഭിപ്രായപ്പെട്ടു.
ആയുസ് കൂടും, ജോലികള്‍ മാറി മറിയും
ഭാവിയില്‍ കംപ്യൂട്ടറുകളെ നമ്മുടെ ചിന്തകളുമായി ബന്ധിപ്പിക്കാനാവും. വിനോദരംഗം പൂര്‍ണമായി വെബ് അധിഷ്ഠിതമായി മാറുകയും നിര്‍മിത ബുദ്ധി ബിസിനസിന്റെ ഭാഗമായി മാറുകയും ചെയ്യും. യാഥാര്‍ഥ്യവും സ്വപ്‌നവും കൂടിക്കലര്‍ന്ന വെര്‍ച്വൽ ലോകങ്ങള്‍ സംഭവിക്കും. എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ കണ്ടുപിടിക്കപ്പെടുകയും മനുഷ്യ ആയുസ് 100 വര്‍ഷത്തിലേറെയായി വര്‍ധിക്കുകയും ചെയ്യും. മരണത്തെ അതിജീവിക്കാനുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അതിവേഗത്തിലുള്ള സഞ്ചാര മാര്‍ഗങ്ങള്‍ സാധ്യമാവുകയും ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാവുമെന്നും സോമനാഥ് പറഞ്ഞു.
ഇന്ത്യയുടെ ജനസംഖ്യ ഇപ്പോള്‍ 130 കോടിയോളമാണെങ്കില്‍ 2047ല്‍ അത് 165 കോടിയോളമായി ഉയരും. സ്ഥിരത നേടുന്ന ഇന്ത്യയുടെ ജനസംഖ്യ പിന്നീട് കുറയാനാണ് സാധ്യത. ജനസംഖ്യയിലെ വലിയ ശതമാനം ചെറുപ്പക്കാരാവുമെന്നതും ഇന്ത്യക്ക് ഗുണമാണ്. തൊഴില്‍ രംഗം ഭാവിയില്‍ മാറി മറിയും. 2030 ആവുമ്പോഴേക്കും ഇന്നു കാണുന്ന പല തൊഴിലുകളും ഇല്ലാതാവുമെന്നാണ് കരുതപ്പെടുന്നത്. തൊഴില്‍ ഇല്ലാതാവുക മാത്രമല്ല പുതിയ തരത്തിലുള്ള ജോലികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
ഡ്രൈവര്‍മാരുടെ ജോലി ഭാവിയില്‍ ഓട്ടമേറ്റഡ് വാഹനങ്ങളും ഡെലിവറി ബോയ്‌സിന്റെ ജോലി ഡ്രോണുകളും ഏറ്റെടുക്കാനുള്ള സാധ്യത കൂടുതലാണ്. വൈദ്യശാസ്ത്ര രംഗത്തും എഐയുടേയും സാങ്കേതികവിദ്യയുടേയും സ്വാധീനം പ്രകടമാണ്. രോഗനിര്‍ണയത്തിനും മറ്റുമായി നിരവധി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഡോക്ടര്‍മാര്‍ കൂടുതല്‍ എന്‍ജിനീയര്‍മാരായി മാറിക്കൊണ്ടിരിക്കുകയാണെന്നും സോമനാഥ് അഭിപ്രായപ്പെട്ടു.
ഇലോണ്‍ മസ്‌ക്, ഒരു പ്രചോദനം
ബഹിരാകാശ രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്കാരില്‍ നിന്നു മാത്രമല്ല വിദേശികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാറുണ്ട്. ഇലോണ്‍ മസ്‌കും അദ്ദേഹത്തിന്റെ സ്‌പേസ് എക്‌സും അത്തരത്തിലുള്ള ഒന്നാണ്. എന്തുകൊണ്ടാണ് അമേരിക്കയില്‍ ഒരു ഇലോണ്‍ മസ്‌ക് ഉണ്ടായതെന്നതിനെക്കുറിച്ച് നമ്മളെല്ലാം ചിന്തിക്കണം.
വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ബഹിരാകാശരംഗത്തേക്ക് സ്വകാര്യ കമ്പനികളേയും കൊണ്ടുവരണമെന്ന് അമേരിക്കന്‍ ഭരണകൂടവും നാസയും തീരുമാനമെടുക്കുന്നു. ഇതിന്റെ ഭാഗമായി കോട്‌സ്(Commercial Orbital Transportation Services) എന്ന പദ്ധതി അവര്‍ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് സ്‌പേസ് എക്‌സും ബ്ലൂ ഒറിജിനും പോലുള്ള സ്വകാര്യ കമ്പനികള്‍ ബഹിരാകാശ രംഗത്തേക്കെത്തിയത്. നാസയുടെ സഹകരണത്തോടെ ഇവര്‍ പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്തു. -
'പാസിങ് ദ ടോര്‍ച്ച്' എന്ന പേരില്‍ നാസ ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. നാസയിലെ പഴയ തലമുറയിലെ ശാസ്ത്രജ്ഞര്‍ പുതിയ തലമുറയിലുള്ളവര്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന പദ്ധതിയായിരുന്നു ഇത്. സ്ഥാപനങ്ങളിലെ തലമുറ മാറ്റം എങ്ങനെ നടത്താം എന്നതിനെക്കുറിച്ചാണ് അവര്‍ പറഞ്ഞത്. നാസ വലിയ സ്ഥാപനമാണെങ്കിലും ഇന്നത്തെ കാലത്തെ വെല്ലുവിളികള്‍ വ്യത്യസ്തമാണ്. പുതിയ ലോകത്തില്‍ പുതിയ പ്രശ്‌നങ്ങളാണ്. ഇതു മനസിലാക്കിക്കൊണ്ടാണ് സ്‌പേസ് ഷട്ടില്‍ പ്രോഗ്രാം തന്നെ അവസാനിപ്പിക്കാന്‍ നാസ തീരുമാനിച്ചത്. അമേരിക്കയുടേയും നാസയുടേയും ഏറ്റവും മികച്ച ബഹിരാകാശ റോക്കറ്റുകളിലൊയിരുന്നു സ്‌പേസ് ഷട്ടില്‍.
സ്‌പേസ് ഷട്ടിലിനു ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രകള്‍ റഷ്യയുടെ സോയൂസ് റോക്കറ്റും സ്വകാര്യ കമ്പനികളുടെ റോക്കറ്റുകളും ഉപയോഗിച്ചു നടത്താനാണ് അന്ന് നാസ തീരുമാനിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രകള്‍ക്ക് സ്വകാര്യ കമ്പനികളെ ഉപയോഗിക്കുമെന്നത് വലിയ തീരുമാനമായിരുന്നു. തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്ന സ്ഥാനങ്ങളിലിരിക്കുന്നവര്‍ മാറ്റങ്ങള്‍ക്ക് സമ്മതം മൂളുകയും എങ്ങനെ മാറ്റങ്ങളുണ്ടാവുന്നുവെന്ന് നിരീക്ഷിക്കുകയുമാണ് വേണ്ടത്. ബഹിരാകാശ രംഗത്ത് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനം മഹത്തരമായിരുന്നു. ബഹിരാകാശ രംഗത്തെ ഒരു ഉദാഹരണമായാണ് പറയുന്നത്. ഇത് എല്ലാക്കാര്യത്തിലും പരീക്ഷിക്കാവുന്നതേയുള്ളൂ.
ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യം 2040ല്‍
ഇന്ത്യയുടെ ബഹിരാകാശ രംഗത്തും സ്വകാര്യ കമ്പനികള്‍ വന്നു കഴിഞ്ഞു. നിങ്ങള്‍ക്കും റോക്കറ്റുകള്‍ നിര്‍മിക്കാനും സാറ്റലൈറ്റുകള്‍ നിര്‍മിക്കാനും ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാനുമൊക്കെ സാധിക്കും. ഈ മേഖലയില്‍ വലിയ സാധ്യതകളാണുള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ 250ലേറെ സ്വകാര്യ സ്റ്റാര്‍ട്ട്അപ് കമ്പനികളാണ് ഐഎസ്ആര്‍ഒയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതെന്നും ഇ സോമനാഥ് പറഞ്ഞു.
മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിന് വേണ്ട ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ബഹിരാകാശ സഞ്ചാരികള്‍ക്ക് പരിശീലനം നല്‍കി. ആദ്യത്തെ അണ്‍ക്രൂഡ് മിഷന്‍ വരുന്ന ഡിസംബറിലോ ജനുവരിയിലോ നടക്കും. മനുഷ്യരെ ഉള്‍പ്പെടുത്താത്ത രണ്ടോ മൂന്നോ ദൗത്യങ്ങള്‍ കൂടി നടക്കും.
2026ലായിരിക്കും ഇന്ത്യ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം സംഭവിക്കുക. ഇതിന്റെ തുടര്‍ച്ചയായി ആറിലേറെ ദൗത്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനും ചന്ദ്രനില്‍ മനുഷ്യരെ ഇറക്കുന്നതിനുമുള്ള ദൗത്യങ്ങള്‍ക്കുള്ള അനുമതികളും സര്‍ക്കാര്‍ തലത്തില്‍ ലഭിച്ചു കഴിഞ്ഞു. ഐഎസ്ആര്‍ഒയുടെ ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യം 2040ലായിരിക്കും സംഭവിക്കുകയെന്നും എസ് സോമനാഥ് പറഞ്ഞു.