2026ൽ ഗഗൻയാൻ, 2040ൽ ഇന്ത്യ ചന്ദ്രനിലും; ഡോ. എസ്. സോമനാഥ്
Mail This Article
ഇന്ത്യയുടെ അഭിമാനകരമായ ഗഗൻയാൻ ദൗത്യം 2026ൽ ആരംഭിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. മനുഷ്യ ബഹിരാകാശ യാത്ര പദ്ധതിയായ ഗഗൻയാനിന്റെ റോക്കറ്റുകൾ തയാറായെന്നും ക്രൂ പരിശീലനങ്ങളെല്ലാം പൂർത്തിയായെന്നും സർക്കാർ തലത്തിലുള്ള ഔദ്യോഗിക അനുമതികളെല്ലാം ലഭിച്ചെന്നും അദ്ദേഹം അറിയിച്ചു.2040ൽ ചന്ദ്രനിലേക്കു ഇന്ത്യയെത്തുന്ന ദൗത്യം ലക്ഷ്യം കാണുമെന്നും രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ വച്ച് നടക്കുന്ന ‘കോണ്‍ഫ്‌ളുവന്‍സ് 2024’ വേദിയിൽ അദ്ദേഹം പറഞ്ഞു.
റോക്കറ്റുകള്‍ക്കായി ആവശ്യമായി വരുന്ന ചെലവ് ഭൂരിഭാഗവും അതിന്റെ ഹാർഡ്വെയർ ഭാഗങ്ങളുടേതാണെന്നും അതിനാൽത്തന്നെ പുനരുപയോഗ സാധ്യതയുള്ള റോക്കറ്റുകളുടെ നിർമാണത്തിലും അതേപോലെ ബഹിരാകാശ നിലയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ബഹുദൂരം മുന്നോട്ടുപോയതായി ഡോ. എസ് സോമനാഥ് പറഞ്ഞു.
ബഹിരാകാശ ഗവേഷണ രംഗത്തേയ്ക്ക് സ്വകാര്യ കമ്പനികൾ എത്തിയത് നാസയുടെ വളർച്ചയിൽ വഴിത്തിരിവായി, അമേരിക്കയുടെ ആ തീരുമാനം നിർണായകമായിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. ചൈനയെ അപേക്ഷിച്ചു നമുക്കുള്ള നേട്ടം ജനസംഖ്യയുടെ ഭൂരിഭാഗവും യുവാക്കളാണെന്നതാണ്.
ഇന്ത്യയിൽ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ എണ്ണം 200 കവിഞ്ഞു. ഭാവിയിൽ സിലിക്കൺ വാലി പോലെ ടെക് സ്റ്റാർട്ടപ്പുകളുടെ കേന്ദ്രമായി മാറാനുള്ള ഒരു കരുത്ത് ഇന്ത്യക്കുണ്ട്. കഴിവും വിദ്യാഭ്യാസവും ലഭ്യമാണ്. പക്ഷേ ആവശ്യമായ ബാഹ്യ പരിസ്ഥിതിയാണ് തയാറാക്കേണ്ടത്. കേരളം പ്രകൃതി സുന്ദരമാണ്. പക്ഷേ ഇത്തരം അടിസ്ഥാന സൗകര്യങ്ങളിൽ കേരളം പിന്നിലാണ്. ഈ അവസ്ഥ മാറിയാലെ നമ്മുടെ സംസ്ഥാനം വളരൂ. കഴിവുള്ള ആളുകൾക്ക് കുറവില്ല, പക്ഷേ അവർക്ക് വളരാനും കഴിവു തെളിയിക്കാനുമുള്ള സാഹചര്യമില്ല. 5 മണി കഴിഞ്ഞു ജോലി ചെയ്യുന്ന അധ്യാപകരും കഴിവുകള്‍ തെളിയിക്കാൻ കഴിയുന്ന സ്റ്റാർടപ്പുകളുമാണ് വേണ്ടതെന്നും ഇസ്രോ ചെയർമാൻ രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ വച്ച് നടക്കുന്ന ‘കോണ്‍ഫ്‌ളുവന്‍സ് 2024’ വേദിയിൽ പറഞ്ഞു.