ഓപ്പൺ എഐയ്ക്കെതിരെ വെളിപ്പെടുത്തൽ, പിന്നാലെ ആത്മഹത്യ; സുജിർ ബാലാജിയുടെ അവസാന ബ്ലോഗ് പോസ്റ്റ് ഇങ്ങനെ
Mail This Article
ഓപ്പൺഎഐയുടെ പകർപ്പവകാശ ലംഘനങ്ങളെക്കുറിച്ചും എഐ സാങ്കേതികവിദ്യകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ബ്ലോഗുകളെഴുതിയിരുന്ന സുജിർ ബാലാജിയെ സാൻഫ്രാൻസിസ്കോയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് വലിയ വാർത്തയായി മാറി. ഇന്ത്യൻ വംശജനും മുൻ ഓപ്പൺഎഐ ഗവേഷകനുമാണ് ഇരുപത്തിയാറുകാരനായ സുജിർ. അധികൃതർ ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചു.
അപ്പാർട്ട്മെന്റിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്. ഫെയർ യൂസേജ്, പകർപ്പാവകാശ ലംഘനം തുടങ്ങിയവയെക്കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നെന്നും എന്നാൽ ജെൻ ഐ കമ്പനികൾക്കെതിരെ ഫയൽ ചെയ്ത കേസുകളെല്ലാം കണ്ടപ്പോഴാണ് ജിജ്ഞാസ തോന്നിയതെന്നും, പക്ഷേ കൂടുതൽ മനസിലായപ്പോൾ ന്യായമായ ഉപയോഗം എന്നത് അസംഭവ്യമാണെന്ന നിഗമനത്തിലാണെത്തിയതെന്നുമായിരുന്നു ബാലാജി അവസാനമായി പോസ്റ്റ് ചെയ്തിരുന്നത്.
ആരാണ് സുജിർ ബാലാജി?
ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ കംപ്യൂട്ടർ സയൻസ് പഠിച്ച ബാലാജി ഓപ്പൺഎഐയിൽ സ്കെയിൽ എഐയിൽ ഇന്റേൺഷിപ്പ് ചെയ്തു. 2022 അവസാനത്തോടെ ചാറ്റ് ജിപിടിയിൽനിന്ന് പുറത്തിറങ്ങിയതിന് ശേഷം, കമ്പനി അടിസ്ഥാനപരമായി പകർപ്പവകാശ നിയമം ലംഘിക്കുകയാണെന്നും അത്തരം സാങ്കേതികവിദ്യകൾ ഇന്റർനെറ്റിന് ഹാനികരമാണെന്നും ആരോപണം ഉന്നയിക്കുകയായിരുന്നു.
എഐ കമ്പനികൾ അവരുടെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് പകർപ്പവകാശമുള്ള ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് പരസ്യമായി സംസാരിച്ച വ്യക്തികളിൽ ഒരാളാണ് സുജിർ ബാലാജി.
രാജ്യാന്തര മാധ്യമങ്ങള്‍ ഇദ്ദേഹത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. പല മാധ്യമങ്ങളോടും വീക്ഷണങ്ങൾ പ്രസിദ്ധീകരിക്കണമെന്നു താൻ സ്വയം ആവശ്യപ്പെടുകയായിരുന്നുവെന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്തായാലും ബാലാജിയുടെ മരണത്തിനു ശേഷം ഓപ്പൺഎഐ വക്താക്കൾ അഗാധമായ ദുഖം വെളിപ്പെടുത്തിയിരുന്നു.