ബിആർക് : കോഴ്സ് ദൈർഘ്യം അഞ്ചു വർഷം.എൻട്രൻസില്ല. അഭിരുചി തെളിയിക്കണം എൻജിനീയറിങ്ങിലെ കൃത്യതയ്ക്കു പുറമെ ചിത്രരചനാപാടവവും സൗന്ദര്യ ബോധവും ഭാവനാവിലാസവും ഉള്ളവർക്കു യോജിച്ച മികച്ച കരിയർ, നിർമിതികളിൽ ഉറപ്പും സുരക്ഷയും വരുംവിധമാണ് സിവിൽ എൻജിനീയറിങ്ങിലെ ഡിസൈൻ. അതിനോട് സൗന്ദര്യബോധത്തെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങളും ആർക്കിടെക്റ്റ് കൂട്ടിച്ചേർക്കുന്നു. വീടുകൾ മാത്രമല്ല, ഷോപ്പിങ് മാളുകൾ, കോളജുകൾ, ദേവാലയങ്ങൾ, ആശുപത്രികൾ, തിയറ്ററുകൾ തുടങ്ങി ഏതു തരം കെട്ടിടങ്ങളും രൂപകൽപന ചെയ്യാൻ ആർക്കിടെക്റ്റുകൾക്ക് അവസരമുണ്ട്. പാർക്കുകൾ, ബീച്ചുകൾ എന്നിവയുടെ ഡിസൈനുമാകാം. നഗരാസൂത്രണം, ഗ്രാമതല ആസൂത്രണം മുതലായ ബൃഹദ് പദ്ധതികളിലും ആർക്കിടെക്റ്റുകളുടെ സേവനം ആവശ്യമാണ്.