ADVERTISEMENT

‌ദുബായ് ∙ നവംബറിൽ നടക്കുന്ന ദുബായ് ഡിസൈൻ വീക്കിൽ പങ്കെടുക്കാൻ മലയാളി യുവ ആർകിടെക്ടും. 500 പേർ പങ്കെടുത്ത രാജ്യാന്തര മത്സരത്തിൽ നിന്നാണ് കോഴിക്കോട് സ്വദേശി ഫാദിൽ കുമ്മായപ്പുറത്ത് പ്രദർശനത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചില്ലും സ്റ്റെയിൻലെസ് സ്റ്റീലും ഉപയോഗിച്ച് ത്രിമാനമായി നിർമിച്ച 'മിറർ ലൂപ്' എന്ന ഇൻസ്റ്റലേഷനാണ് ഇദ്ദേഹത്തിന് ദുബായുടെ അഭിമാന പരിപാടിയായ ഡിസൈൻ വീക്കിലേക്ക് വാതിൽ തുറന്നുകൊടുത്തത്.

ഈ പരിപാടിയിലേക്ക് പ്രവേശനം ലഭിക്കുക എന്നത് കലയുടെയും വാസ്തുശിൽപ മേഖലയുടെയും വിശാല ലോകത്തേയ്ക്കുള്ള കടന്നുവരവ് കൂടിയാണെന്നും അതിന് ഭാഗ്യം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഫാദിൽ പറഞ്ഞു. ഇതിന് മുൻപും ഇദ്ദേഹം ഒട്ടേറെ ആർകിടെക്ചറൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. വാസ്തുശില്പകലാ മേഖലയിലെ തന്റെ പ്രവർത്തനത്തെക്കുറിച്ചും മിറർ ലൂപിനെക്കുറിച്ചുമുള്ള വിശേഷങ്ങൾ ഇദ്ദേഹം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു:

മിറർ ലൂപ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മിറർ ലൂപ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ കണ്ണാടിച്ചില്ലിൽ തീർത്ത വിസ്മയം
4x2 മീറ്റർ വിസ്തീർണത്തിലുള്ള, 'മിറർ ലൂപ്' എന്ന ഔട്ട്‌ഡോർ ആർട് ഇൻസ്റ്റലേഷൻ ദുബായ് ഡിസൈൻ വീക്കിൽ പ്രദർശിപ്പിക്കും. സ്ഥലത്തിന്റെയും ചുറ്റുപാടിന്റെയും ഒരു കലയാണിതെന്ന് തന്റെ കലാരൂപത്തെക്കുറിച്ച് ഫാദിൽ പറയുന്നു. ഇത് മിറർ ഫിനിഷ്ഡ് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് നിർമിച്ചത്. ഇതിന് ശക്തമായ ദ്രാവക ഗുരുത്വാകർഷണമുണ്ട്. ഭൗതികമായി അതിന്റെ ജ്യാമിതി ദുബായ് കടൽത്തീരവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രമുഖ അമേരിക്കൻ കലാകാരൻ ജെയിംസ് ടറെലുടെ പ്രകാശത്തിന്റെയും ബഹിരാകാശത്തിന്റെയും ശൈലി 'മിറർ ലൂപ്' ഒരുക്കാൻ പ്രചോദനമായി.

ഫാദിലിൻ്റെ സൃഷ്ടികൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഫാദിലിന്റെ സൃഷ്ടികൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ദുബായിയുടെ ദർശനം; സാമൂഹിക ജീവി എന്ന ഓർമപ്പെടുത്തൽ
ഇരുനൂറിലേറെ രാജ്യക്കാർ ഒത്തൊരുമയോടെ ജീവിക്കുന്ന ദുബായിയുടെ മനുഷ്യരെ ചേർത്തുപിടിക്കുന്ന കാഴ്ചപ്പാടും സർഗാത്മകതയും ഊർജവുമാണ് മിറർ ലൂപിലൂടെ ഫാദിൽ പ്രകടമാക്കാൻ ശ്രമിക്കുന്നത്. എല്ലാ ഭാഗത്ത് നിന്നും പ്രവേശിക്കാവുന്ന കലാരൂപം മനുഷ്യനെ താനൊറ്റയ്ക്കല്ല എന്ന ചിന്താഗതിയിലെത്തിക്കുന്നു.

ഫാദിലിൻ്റെ സൃഷ്ടികൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഫാദിലിന്റെ സൃഷ്ടികൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

മാത്രമല്ല, പൊതുയിടത്തിൽ സാമൂഹിക ജീവിയായി മാറുമ്പോഴുള്ള ഹൃദയവിശാലത ഇതിനകത്തേയ്ക്ക് പ്രവേശിച്ചാൽ വന്നുചേരുന്നതായി തോന്നും. ദുബായ് ഡിസൈൻ വീക്കിൽ പ്രദർശിപ്പിക്കാൻ ഇതിലും യോജിച്ചൊരു കലാരൂപം വേറെയില്ലെന്ന് ഫാദിൽ ഉറപ്പിക്കുന്നു. പ്രകൃതിയുമായി ചേർന്നുള്ള ഒരന്വേഷണമാണ് മിറർ ലൂപിലൂടെ ശ്രമിച്ചത്. കാണുമ്പോഴുള്ള സങ്കീർതയൊന്നും ഇതിന്റെ അകത്ത് നിന്ന് നോക്കിയാൽ കാണില്ലെന്നും ഇദ്ദേഹം പറഞ്ഞു.

കോയമ്പത്തൂരിൽ നിന്ന് ആർകിടെക്ട് പഠനത്തിന് ശേഷം രണ്ട് വര്‍ഷം ഗോവയിൽ ജോലി ചെയ്ത ഫാദിൽ പിന്നീട്, ലണ്ടന്‍ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എംആർക് ആർ ഐബിഎയും പൂർത്തിയാക്കി. നിലവിൽ കോഴിക്കോട് എച് എഫ് കെ ആർകിടെക്ട്സ് എന്ന പേരിൽ സ്ഥാപനം നടത്തുന്നു.

ഫാദിൽ പണിശാലയിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഫാദിൽ പണിശാലയിൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ദുബായ് ഡിസൈൻ വീക്കിനെക്കുറിച്ചറിയാം
ദുബായ് കൾച്ചർ & ആർട്‌സ് അതോറിറ്റിയുടെ ചെയർപേഴ്‌സണും ദുബായ് കൗൺസിൽ അംഗവുമായ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന പത്താമത് ദുബായ് ഡിസൈൻ വീക്ക് നവംബർ 5 മുതൽ 10വരെ ദുബായ് ഡിസൈൻ ഡിസ്ക്ട്രിക്ടിലാണ്  നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആർകിടെക്ടുകൾ, ഡിസൈനർമാർ, കലാസ്നേഹികൾ, ആസ്വാദകർ എന്നിവരെല്ലാം എത്തിച്ചേരുന്നു.

ഇൻസ്റ്റലേഷനുകളുടെ പ്രദർശനത്തോടൊപ്പം, ശിൽപശാലകൾ, ചർച്ചകൾ, മുഖാമുഖങ്ങൾ, സംവാദങ്ങൾ, കുട്ടികൾക്കുള്ള ശിൽപശാലകൾ തുടങ്ങിയ ഒട്ടേറെ പരിപാടികളും അരങ്ങേറും. ശരിക്കും ഒരു അത്ഭുതലോകത്തെത്തിയ പ്രതീതിയാണ് ഈ പരിപാടിയിൽ അനുഭവപ്പെടുക. ഫാദിലിനെ ബന്ധപ്പെടാൻ:+44 7467 360004(വാട്സാപ്പ്).

English Summary:

Malayali young architect to participate in Dubai International Design Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com