Activate your premium subscription today
2023ൽ തന്നെ ഇന്ത്യയെ പുറത്താക്കാൻ മാലദ്വീപ് ശക്തമായ നീക്കം തുടങ്ങിയിരുന്നു. ‘ഇന്ത്യ ഔട്ട്’ എന്ന ക്യാംപെയ്ൻ ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്കിടയിലെ ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. നേപ്പാൾ മുതൽ ബംഗ്ലദേശ്, ശ്രീലങ്ക വരെയുള്ള രാജ്യങ്ങളിൽ സമീപകാലത്ത് ഇന്ത്യാ വിരുദ്ധ വികാരങ്ങൾ വർധിച്ചുവരികയാണ്. ഈ രാജ്യങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളെല്ലാം സംഭവിച്ച സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ എല്ലാ സാഹചര്യങ്ങളിലും അവരുടെ രോഷത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയാണെന്നാണ് നിരീക്ഷകർ പറയുന്നത്. ഈ രാജ്യങ്ങൾക്കിടയിൽ ഇന്ത്യാ വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുന്നതിൽ ചൈനയുടെ പങ്ക് സംശയാസ്പദമാണെങ്കിലും, ഇന്ത്യയുടെ അസ്വാരസ്യം അതിന് ഗുണം ചെയ്തു എന്നതിൽ സംശയമില്ല.
2024 മാർച്ച് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സിൽ’ ഒരു കുറിപ്പ് പങ്കുവച്ചു. അതുവരെ അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്നിരുന്ന ‘കച്ചത്തീവ്’ ദ്വീപിൽ വിവാദത്തീ കൊളുത്തുന്നതായിരുന്നു ആ കുറിപ്പ്. അതിനും മുൻപേ മാലദ്വീപില്‍നിന്ന് അസ്വാരസ്യങ്ങളുടെ അലയൊലികളെത്തിയിരുന്നു. ഇത്തരത്തിൽ, ഇന്ത്യയുടെ വിദേശനയം എല്ലാക്കാലവും നേരിട്ട വെല്ലുവിളിയാണ് അയൽപക്കരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ. ദക്ഷിണേഷ്യയിലെ രാജ്യങ്ങൾ കൂടാതെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ചൈനയും മ്യാൻമറുമെല്ലാം ഈ ഗണത്തിൽപ്പെടും. പക്ഷേ, പൊതുതിരഞ്ഞെടുപ്പുകാലത്തെ പ്രചാരണവിഷയങ്ങളിൽ സാധാരണ രാജ്യത്തിന്റെ വിദേശനയം കാര്യമായി പ്രതിഫലിക്കാറില്ല. പ്രകടനപത്രികകളിൽ ഇത് സംബന്ധിച്ച ചില നിലപാടുകളും സൂചനകളും രാഷ്ട്രീയപാർട്ടികൾ നൽകാറുണ്ടെന്നു മാത്രം. എന്നാൽ, വിദേശനയത്തിന്റെ കാര്യത്തിൽ തങ്ങള്‍ വളരെ വ്യത്യസ്തമാണെന്ന് വരുത്തിത്തീർക്കാൻ എൻഡിഎ സർക്കാർ ശ്രമിക്കുന്നുണ്ട്. അപ്പോഴും വിദേശകാര്യനിരീക്ഷകർ വിലയിരുത്തുന്ന ഒരു കാര്യമുണ്ട്. നരേന്ദ്ര മോദി സർക്കാരിന്റെ ഒരു പതിറ്റാണ്ടു പിന്നിടുന്ന ‘അയൽപക്കനയം’ (Neighbourhood policy) വലിയ സംഘർഷങ്ങളിലൂടെയും തിരിച്ചടികളിലൂടെയുമാണ് കടന്നുപൊയ്ക്കൊണ്ടിരുന്നത് എന്നതാണത്, ജി20 കൂട്ടായ്മയിൽ നിർണായകമായ സ്ഥാനംവഹിച്ചും പുതിയ ആർട്ടിക് നയവും അന്റാര്‍ട്ടിക് നിയമവും ആവിഷ്കരിച്ചും ഇന്ത്യ ലോകഭൗമഭൂപടത്തില്‍ പുതിയ തന്ത്രങ്ങൾ രൂപപ്പെടുത്തുമ്പോൾ, തൊട്ടടുത്ത അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ കലുഷിതമാകുന്ന സാഹചര്യമാണ്. ഇത് ഒട്ടേറെ ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഏറ്റവുമൊടുവിൽ, പാക്കിസ്ഥാനുള്ളിലേയ്ക്ക് കടന്നുചെന്ന് ഭീകരരെ ഇല്ലായ്മ ചെയ്യുമെന്ന പ്രഖ്യാപനവും മാലദ്വീപുമായി കലഹിക്കേണ്ടി വന്നതും കച്ചത്തീവ് വിഷയം അസമയത്ത് ഉയർത്തിക്കാട്ടി ശ്രീലങ്കയുമായി മറ്റൊരു സംഘർഷത്തിന് വഴിമരുന്നിട്ടതും വളരെ അപക്വമായ നയതന്ത്രത്തിന്റെ ദൃഷ്ടാന്തങ്ങളായി കാണുന്നുണ്ട്.
285 ഏക്കർ മാത്രമുള്ള, ജനവാസമില്ലാത്ത ഒരു ദ്വീപിന്റെ പേരിൽ ഇന്ത്യൻ രാഷ്ട്രീയം വാക്പോര് നടത്താൻ തുടങ്ങിയിട്ട് ദിവസങ്ങളായി. തമിഴ്നാട്ടിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ‘കച്ചത്തീവ്’ എന്ന കുഞ്ഞൻ ദ്വീപുവിവാദം രാജ്യം മുഴുവൻ ചർച്ചയാകുന്നു. മാർച്ച് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സിൽ’ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദത്തിനാധാരം. കച്ചത്തീവിനെ കോൺഗ്രസ് നിർദയമായി ശ്രീലങ്കയ്ക്ക് വിട്ടുനൽകിയെന്നും ആ പാർട്ടിയെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്നുമാണ്, ‘കച്ചത്തീവിനെ ഇന്ദിരാഗാന്ധി എങ്ങനെയാണ് ശ്രീലങ്കയ്ക്ക് വിട്ടുനൽകിയത്’എന്ന തലക്കെട്ടിലുള്ള മാധ്യമവാർത്ത പങ്കുവച്ചുകൊണ്ട് മോദി ആരോപിച്ചത്. തമിഴ്നാട് ബിജെപിയുടെ അധ്യക്ഷൻ കെ. അണ്ണാമലൈയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലായിരുന്നു വാർത്ത. കച്ചത്തീവിനെക്കുറിച്ചുള്ള ചർച്ചകൾ അപ്രസക്തമാണെന്ന് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു അഭിപ്രായപ്പെട്ടെന്നും അണ്ണാമലൈയ്ക്ക് ലഭിച്ച മറുപടിയിൽ പറയുന്നു. എന്താണ് കച്ചത്തീവിന്റെ പ്രസക്തി? പ്രധാനമന്ത്രി ആരോപിച്ചതുപോലെ കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് വെറുതേ വിട്ടുനൽകുകയായിരുന്നോ ഇന്ദിരാഗാന്ധി? തമിഴ്നാട് കച്ചത്തീവിനെ തിരികെ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്?
Results 1-3