Activate your premium subscription today
അത് പഞ്ചപാണ്ഡവരുടെ വനവാസ കാലമായിരുന്നു. എന്നും കണ്ണന്റെ സാമീപ്യവും ദർശനവും ലഭിക്കാൻ പാണ്ഡവർ കൃഷ്ണ വിഗ്രഹം വച്ച് ആരാധിക്കാൻ തീരുമാനിച്ചു. എന്നാൽ വനവാസകാലത്ത് സഹദേവനുമാത്രം ആരാധനയ്ക്കു പറ്റിയ വിഗ്രഹം ലഭിച്ചില്ല. സഹദേവൻ അഗ്നിയിൽ ചാടി മരിക്കുവാനുറച്ചു. അതിനായി ഒരുക്കിയ അഗ്നികുണ്ഡത്തിൽനിന്നു പ്രത്യക്ഷമായതാണ് തൃക്കൊടിത്താനത്തെ മഹാവിഷ്ണു വിഗ്രഹം എന്നാണ് വിശ്വാസം. ‘അദ്ഭുതനാരായണൻ’ എന്ന പേരിലും ഭഗവാൻ അറിയപ്പെടുന്നു. ചതുർബാഹുവായ മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അജ്ഞാതവാസകാലത്ത് പാണ്ഡവർ വസിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങൾ ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലുമായുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഇവർ ആരാധിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്ത മഹാവിഷ്ണു ക്ഷേത്രങ്ങൾ. ‘108 വൈഷ്ണവ തിരുപ്പതികൾ’ എന്നറിയപ്പെടുന്ന ഈ മഹാവിഷ്ണു ക്ഷേത്രങ്ങൾ ആചാരപ്പെരുമയിൽ എന്നും മുന്നിലാണ്. ഇതിൽ എഴുപതാമത്തേതാണ് തൃക്കൊടിത്താനം ക്ഷേത്രം. ചങ്ങനാശേരി – മല്ലപ്പള്ളി റോഡിൽ 2 കിലോമീറ്റർ പിന്നിട്ട് കവിയൂർ റോഡിൽ മുക്കാട്ടുപടി ജംക്ഷനു സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എരിയുന്ന നിലവിളക്കിന്റെയും കത്തുന്ന കർപ്പൂരത്തിന്റെയും അകമ്പടിയോടെ അനുഗ്രഹം ചൊരിയുന്ന അദ്ഭുതനാരായണന്റെ വിശേഷങ്ങൾ അറിയാം.
അജ്ഞാതവാസ കാലത്ത് പഞ്ചപാണ്ഡവർ കൗരവരുടെ കണ്ണിൽ പെടാതെ എവിടെ ആയിരിക്കും വസിച്ചത്? ഇതിഹാസമായ മഹാഭാരതത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഈ ചോദ്യം മനസ്സിൽ എത്തിയേക്കാം. നാടെങ്ങും പരതിയ കൗരവരെ കബളിപ്പിച്ച് പഞ്ചപാണ്ഡവർ വസിച്ചത് ഈ മണ്ണിലാണ്. പാണ്ഡവ സഹോദരങ്ങൾക്ക് സംരക്ഷണമേകി ഭഗവാൻ ശ്രീകൃഷ്ണനും ഈ ഊരിലെത്തിയെന്നാണ് ഐതിഹ്യം. ആ ഊരിന്റെ പേര് ചെങ്ങന്നൂർ എന്നാണ്. പഞ്ചപാണ്ഡവ തിരുപ്പതികളെന്നും വൈഷ്ണവ തിരുപ്പതികളെന്നും പേരുകൾ വേറെയും. പാണ്ഡവൻപാറയെന്നു കേൾക്കുമ്പോൾ പണ്ഡവരെ ഓർമ വരുന്നെങ്കിൽ സംശയം വേണ്ട. ചെങ്ങന്നൂരിന്റെ സമീപ പ്രദേശങ്ങളിൽ പല ഊരുകളിലും പാണ്ഡവ മുദ്രയുണ്ട്. മഹാഭാരത കഥയിലെ ഐതിഹ്യമാണ് ഈ ഏടുകളെങ്കിൽ മഹാവിഷ്ണുവിന്റെ സാന്നിധ്യം ഈ നാടിന്റെ പുണ്യമായി ഇന്നും നില നിൽക്കുന്നു.
Results 1-2