മുംതാസ് മുതൽ ഹുമയൂൺ വരെ; ഇന്ത്യയിൽ 42 ലോക പൈതൃക കേന്ദ്രങ്ങൾ
Mail This Article
എല്ലാ വർഷവും ഏപ്രിൽ 18 ആണ് ലോക പൈതൃക ദിനമായി ആഘോഷിക്കാറുള്ളത്. നമ്മുടെ പുരാതന സ്മാരകങ്ങളും അത്തരത്തിലുള്ള കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ലോക പൈതൃക ദിനം ആചരിക്കുന്നത്. 'വൈവിധ്യങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുക' എന്നതാണ് ഇത്തവണത്തെ ലോക പൈതൃക ദിനത്തിന്റെ തീം. 1983 ലാണ് ആദ്യമായി ലോക പൈതൃക ദിനം ആചരിക്കപ്പെട്ടത്. സ്മാരകങ്ങൾക്കും സ്മാരക കേന്ദ്രങ്ങൾക്കുമുള്ള രാജ്യാന്തര കൗൺസിലാണ് അതിന് മുൻകൈ എടുത്തത്. 1983ലെ ജനറൽ കോൺഫറൻസിൽ യുനെസ്കോ അതിന് അംഗീകാരം നൽകുകയും ചെയ്തു. ഇന്ത്യയിലെ യുനെസ്കോ അംഗീകാരം ലഭിച്ച നിരവധി പൈതൃക കേന്ദ്രങ്ങളാണ് ഉള്ളത്. അവ ഏതൊക്കെയാണെന്ന് നോക്കാം.
സാംസ്കാരിക കേന്ദ്രങ്ങളോ പ്രകൃതി സുന്ദരമായ ഇടങ്ങളോ അല്ലെങ്കിൽ ഇവ രണ്ടും ചേർന്നതുമായ സ്ഥലങ്ങളാണ് ഇന്ത്യയിലെ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങൾ. രാജ്യത്തെ സംസ്കാരത്തിന്റെ ഉയർച്ചയെ പ്രതിനിധാനം ചെയ്യുന്നതാണ് ഇത്തരം കേന്ദ്രങ്ങൾ. വിനോദസഞ്ചാര മേഖലയിലും വിദ്യാഭ്യാസ മേഖലയിലും പ്രാദേശിക സാമ്പത്തിക വ്യവസ്ഥിതിയിലും എല്ലാം ഇത് വലിയ മാറ്റമാണ് വരുത്തുന്നത്. ലോകത്തിനു മുമ്പിൽ ഇന്ത്യയ്ക്ക് തനതായ പൈതൃകവും വ്യക്തിത്വവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ പൈതൃക കേന്ദ്രങ്ങളുടെ സ്വാധീനം വലുതാണ്. യുനെസ്കോ അംഗീകരിച്ച പൈതൃക കേന്ദ്രങ്ങളുടെ എണ്ണം നോക്കുകയാണെങ്കിൽ ഇന്ത്യ ആറാം സ്ഥാനത്താണ്.
ഇന്ത്യയിലെ യുനെസ്കോ പൈതൃകകേന്ദ്രങ്ങൾ
സാംസ്കാരികമായ വൈവിധ്യവും പ്രകൃതി സുന്ദരമായ ഇടങ്ങളുമൊക്കെയായി വ്യത്യസ്ത രീതിയിലുള്ള പൈതൃക കേന്ദ്രങ്ങളാണ് ഇന്ത്യയിൽ ഉള്ളത്. ചുരുക്കത്തിൽ ഇന്ത്യയിലെ പൈതൃകകേന്ദ്രങ്ങൾ വൈവിധ്യങ്ങളാൽ സമ്പന്നമാണ്. ഇവയിൽ പുരാതന ക്ഷേത്രങ്ങളും ചരിത്രപ്രധാനമായ നഗരങ്ങളും വന്യജീവി സങ്കേതങ്ങളും പർവ്വത നിരകളും ഉൾപ്പെടുന്നു. 2023ലെ കണക്ക് അനുസരിച്ച് 42 ലോക പൈതൃക കേന്ദ്രങ്ങളാണ് ഇന്ത്യയിൽ ഉള്ളത്. ഇതിൽ 34 എണ്ണം സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. ഏഴെണ്ണം പ്രകൃതിയുമായി ബന്ധപ്പെട്ടതും ഒരെണ്ണം സമ്മിശ്ര പൈതൃക കേന്ദ്രവുമാണ്. വരും തലമുറകൾക്ക് വേണ്ടി സംരക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ പൈതൃകകേന്ദ്രങ്ങൾ വാസ്തു വിദ്യ വിസ്മയങ്ങളും കലാപരമായ നിധികളുമാണ്. 1983 ൽ ഉത്തർപ്രദേശിലെ ആഗ്രാ കോട്ടയാണ് ആദ്യമായി പൈതൃക പട്ടികയിൽ ഇടം കണ്ടെത്തിയത്.
ഇന്ത്യയിലെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങൾ, പൈതൃക പട്ടികയിൽ ഇടം പിടിച്ച വർഷം, പൈതൃക കേന്ദ്രം ഉൾപ്പെടുന്ന സംസ്ഥാനം എന്നീ ക്രമത്തിൽ താഴെ കൊടുക്കുന്ന വിധത്തിലാണ്. അജന്ത ഗുഹകൾ (1983, മഹാരാഷ്ട്ര), എല്ലോറ ഗുഹകൾ (1983, മഹാരാഷ്ട്ര), താജ് മഹൽ (1983, ഉത്തർ പ്രദേശ്), മഹാബലിപുരത്തെ സ്മാരകങ്ങൾ ( 1984,തമിഴ് നാട്), കൊണാർക്കിലെ സൂര്യക്ഷേത്രം (1984, ഒഡിഷ), ഗോവയിലെ ദേവാലയങ്ങളും കോൺവെന്റുകളും (1984,ഗോവ), ഫത്തേപുർ സിക്രി (1986,ഉത്തർ പ്രദേശ്), ഹംപിയിലെ സ്മാരകങ്ങൾ (1986, കർണാടക), ഖജുരാഹോയിലെ സ്മാരകങ്ങൾ (1986, മധ്യപ്രദേശ്), എലഫന്റാ ഗുഹകൾ (1987,മഹാരാഷ്ട്ര), ചോള ക്ഷേത്രങ്ങൾ (1987, തമിഴ് നാട്), പറ്റാടക്കൽ സ്മാരകങ്ങൾ (1987, കർണാടക), ശാന്തിനികേതൻ (2023, പശ്ചിമ ബംഗാൾ), സാഞ്ചിയിലെ ബുദ്ധിസ്റ്റ് സ്മാരകങ്ങൾ (1989, മധ്യപ്രദേശ്), ഇന്ത്യയിലെ മലയോര റെയിൽവേ (1999, പശ്ചിമ ബംഗാൾ, തമിഴ് നാട്, ഹിമാചൽ പ്രദേശ്), ഹുമയൂണിന്റെ ശവകുടീരം (1993, ഡൽഹി), കുത്തബ് മിനാറും സ്മാരകങ്ങളും (1993,ഡൽഹി), ബോധ് ഗയയിലെ മഹാബോധി ടെമ്പിൾ കോംപ്ലക്സ് (2002, ബിഹാർ), റോക്ക് ഷെൽട്ടേഴ്സ് ഓഫ് ഭീംബെട്ക (2003, മധ്യപ്രദേശ്), ചമ്പാനർ - പാവഗഡ് ആർക്കയോളജിക്കൽ പാർക്ക് ( 2004, ഗുജറാത്ത്) , ഛത്രപതി ശിവാജി ടെർമിനസ് (2004, മഹാരാഷ്ട്ര), ചെങ്കോട്ടയും പരിസരവും (2007, ഡൽഹി), ജന്തർ മന്ദിർ (2010, ജയ്പുർ), രാജസ്ഥാനിലെ ഹിൽ ഫോർട്സ് (2013, രാജസ്ഥാൻ), റാണി കി വാവ് (2014, ഗുജറാത്ത്), നളന്ദയിലെ ആർക്കയോളജിക്കൽ സർവേ ഓഫ് നളന്ദ മഹാവിര (2016, ബിഹാർ), ലെ കോർബ്യൂസറിന്റെ വാസ്തുവിദ്യാ പ്രവർത്തനം (2016, ചണ്ഡിഗഡ്), അഹ്മദാബാദിന്റെ ചരിത്രനഗരം (2017, ഗുജറാത്ത്), മുംബൈയിലെ വിക്ടോറിയൻ ഗോഥിക് ആൻഡ് ആർട്ട് ഡെകോ എൻസെംബിൾസ് (2018, മഹാരാഷ്ട്ര), ജയ്പൂർ നഗരം (2019, രാജസ്ഥാൻ) കാകതീയ രുദ്രേശ്വര ക്ഷേത്രം (2021, തെലങ്കാന), ഹാരപ്പൻ നഗരമായ ധൊലാവിര (2021,ഗുജറാത്ത്), സേക്രട് എൻസെമ്പിൾസ് ഓഫ് ദ ഹോയ്സാല (2023,കർണാടക).
ലോക പൈതൃക കേന്ദ്രങ്ങളിൽ ഇടം പിടിച്ച സാംസ്കാരിക കേന്ദ്രങ്ങളിൽ തന്നെ പതിനേഴാം നൂറ്റാണ്ടിൽ ഷാജഹാൻ ചക്രവർത്തി പണി കഴിപ്പിച്ച താജ് മഹലാണ് സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ട ഡൽഹിയിലെ കുത്തബ് മിനാറും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. മറ്റൊരു പൈതൃക കേന്ദ്രമായ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂർ നഗരത്തിലേക്കും നിരവധി സഞ്ചാരികളാണ് ഓരോ വർഷവും എത്തിച്ചേരുന്നത്.
പൈതൃക പട്ടികയിൽ ഇടം കണ്ടെത്തിയ സുന്ദരപ്രകൃതി
സാംസ്കാരിക കേന്ദ്രങ്ങളെ പോലെ തന്നെ പൈതൃക പട്ടികയിൽ നിരവധി സ്ഥലങ്ങളും ഇടം പിടിച്ചിട്ടുണ്ട്. അതിൽ ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ഉൾപ്പെടുന്നു. സുന്ദർബൻസ് ദേശീയ ഉദ്യാനം (1987, പശ്ചിമ ബംഗാൾ), പശ്ചിമഘട്ടം (2012, കേരള, തമിഴ് നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്), നന്ദാ ദേവി ആൻഡ് വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് (1988, ഉത്തരാഖണ്ഡ്), മനാസ് വന്യജീവി സങ്കേതം (1985, അസ്സം), ഹിമാലയൻ നാഷണൽ പാർക്ക് (2014, ഹിമാചൽ പ്രദേശ്), കിയോലാഡിയോ നാഷണൽ പാർക്ക് (1985, രാജസ്ഥാൻ), കാസിരംഗ നാഷണൽ പാർക്ക് (1985, അസ്സം) എന്നിവയാണ് ഇന്ത്യയിലെ പ്രകൃതി പൈതൃക കേന്ദ്രങ്ങൾ.
സുന്ദർബൻസും പശ്ചിമഘട്ടവും കാസിരംഗ നാഷണൽ പാർക്കും തുടങ്ങിയ യുനെസ്കോ അംഗീകരിച്ച പ്രകൃതി പൈതൃക കേന്ദ്രങ്ങൾ അതുല്യമായ ജൈവവൈവിധ്യത്തെയും പ്രകൃതിയെയും ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽ വനമായ സുന്ദർബൻസ് വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ സമ്പന്നമാണ്. അതുപോലെ തന്നെയാണ് പശ്ചിമഘട്ടവും. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് 1600 കിലോമീറ്റർ നീളമുള്ള ഒരു പർവത നിരയാണ് പശ്ചിഘട്ടം. ജൈവവൈവിധ്യ ഹോട് സ്പോട്ട് എന്നറിയപ്പെടുന്ന അവ തനതായ സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും കേന്ദ്രമാണ്. ഇന്ത്യൻ കാണ്ടാമൃഗങ്ങളുടെ സങ്കേതമായ കാസിരംഗ നാഷണൽ പാർക്കും വൈവിധ്യമാർന്ന വന്യജീവികളുടെ സങ്കേതമാണ്.
സാംസ്കാരികമായും പ്രകൃതിപരമായും ഇഴ ചേർന്ന് നിൽക്കുന്ന ഒരു പൈതൃകകേന്ദ്രം മാത്രമാണ് ഇന്ത്യയിലുള്ളത്. യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ ഒരേയൊരു മിക്സഡ് ഹെറിറ്റേജ് കേന്ദ്രം എന്ന് പറയുന്നത് സിക്കിമിലെ ഖാങ്‌ചെൻഡ്‌സോംഗ നാഷണൽ പാർക്ക് ആണ്. 2016ലാണ് ഇത് പട്ടികയിൽ ഇടം കണ്ടെത്തിയത്. സിക്കിമിൽ സ്ഥിതി ചെയ്യുന്ന ഖാങ്‌ചെൻഡ്‌സോംഗ ദേശീയോദ്യാനം അതിമനോഹരമായ ഹിമാലയൻ കാഴ്ചകൾക്ക് പ്രസിദ്ധമാണ്. പ്രാകൃത വനങ്ങൾ, ഹിമ തടാകങ്ങൾ, ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഖാങ്‌ചെൻഡ്‌സോംഗ എന്നിവ ഉൾക്കൊള്ളുന്നു. ഹിമപ്പുലികളും ചുവന്ന പാണ്ടകളും ഉൾപ്പെടെയുള്ള അപൂർവ വന്യജീവികളുടെ സങ്കേതമാണ് ഈ പാർക്ക്.