‘വീട്ടിലെ കട്ടിലും കൊണ്ടാണോ പ്രണവിന്റെ യാത്ര?’ ഹംപി യാത്രയിലെ ‘വലിയ ബാഗ്’ വൈറൽ!
Mail This Article
ഓരോ ദേശത്തേയും അപൂർവങ്ങളായ കാഴ്ചകളും അവ സമ്മാനിക്കുന്ന വ്യത്യസ്തമായ അനുഭവങ്ങളുമാണ് പ്രണവ് മോഹൻലാലിന് സിനിമയേക്കാൾ പ്രിയമെന്നു പറയേണ്ടതില്ലല്ലോ. ഓരോ സിനിമയ്ക്കു ശേഷവും നീണ്ട അവധിയെടുത്ത് യാത്രകൾ പോകാറുള്ള താരത്തിന്റെ ഇത്തവണത്തെ ലക്ഷ്യസ്ഥാനം ഹംപിയാണ്. സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ താൻ കാണുന്ന കാഴ്ചകൾ തന്റെ ആരാധകർക്കായി പങ്കുവെയ്ക്കുന്നതിൽ താരപുത്രൻ ഒട്ടും മടികാണിക്കാറില്ല. ഹംപി എന്ന ക്യാപ്ഷനോടെയാണ് പ്രണവ് ചിത്രം പങ്കുവച്ചിരിക്കുന്നത്. വലിയൊരു ബാക്ക് പാക്കുമായി ഒരു പാറക്കെട്ടിനു മുകളിൽ നിന്നും സൂര്യനെ നോക്കി നിൽക്കുന്നതാണ് ചിത്രം. രസകരമായ നിരവധി കമെന്റുകളാണ് ചിത്രങ്ങൾക്കു താഴെ ആരാധകർ കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രണവിന്റെ ബാഗ് കണ്ട്, വീട്ടിലെ കട്ടിലും കൊണ്ടാണോ യാത്രയെന്നാണ് ചിലരുടെ ചോദ്യം, ഇത്ര വലിയ ബാഗിൽ എന്താണ് എന്നതു ചിലരെയെങ്കിലും കുഴപ്പിക്കുന്നുണ്ട്. റോക്ക് ക്ലൈംപിങ് പാഷനാണ് പ്രണവിന്, മലകയറ്റത്തിന്റെ ‘ക്രാഷ് മാറ്റ്’ ബാഗാണിത്. പാറക്കെട്ടുകളിൽ വലിഞ്ഞു കയറുമ്പോൾ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നതാണിത്.
ഹംപി, കല്ലിലെഴുതിയ മഹാകാവ്യം
ചുറ്റിനും പാറക്കെട്ടുകൾ...അതിനിടയിൽ കൽമണ്ഡപങ്ങളും കൊട്ടാരക്കെട്ടുകളും ക്ഷേത്രങ്ങളും എന്നുവേണ്ട എന്തിനും കല്ലിന്റെ കാഠിന്യം. നശിപ്പിക്കപ്പെട്ടിട്ടും ശിലാപാളികളാൽ പണിതുയർത്തിയ നിർമിതികൾക്കു കാലപ്പഴക്കത്തിന്റെ മങ്ങൽ തെല്ലുമേറ്റിട്ടില്ല. മധ്യകാലഘട്ടത്തിൽ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയിൽ മനോഹരമായ വാസ്തുവിദ്യയുടെ നിരവധി കാഴ്ചകളുണ്ട്.
ഹംപിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. ഹംപി ബസാർ, കമലപുരത്തിനടുത്തുള്ള റോയൽ സെന്റർ. പുരാതന നിർമിതികളും ക്ഷേത്രങ്ങളുമാണ് ഹംപി ബസാറിലെ കാഴ്ചകളിലധികവും. പതിനഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച വിരൂപാക്ഷ ക്ഷേത്രം, ജൈന മതസ്ഥരുടെ ആരാധനാലയങ്ങൾ, വിഷ്ണുവിന്റെ രൂപമായ നരസിംഹത്തിന്റെ ഏകശിലാ ശിൽപം, സംഗീതം പുറപ്പെടുവിക്കുന്ന തൂണുകള്‍ ഉള്ള വിട്ടൽ ക്ഷേത്രം, ഹംപി ബസാറിനും വിട്ടൽ ക്ഷേത്രത്തിനും ഇടയിലായി സുലേ ബസാറും അച്യുതരായ ക്ഷേത്രവും, ഗണപതിയുടെ മോണോലിത്തിക്ക് പ്രതിമ, നന്ദി, കോദണ്ഡരാമ ക്ഷേത്രം, കൃഷ്ണ ക്ഷേത്രം എന്നിങ്ങനെ നീളുന്നു ഈ രാജകാലത്തിന്റെ ശേഷിപ്പുകൾ.
ഹംപി ബസാർ പ്രദേശത്തിനും കമലപുരത്തിനും ഇടയിലാണ് റോയല്‍ സെന്‍റര്‍. ഹംപി ബസാറിൽ നിന്ന് 2 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ സൗന്ദര്യം നിറഞ്ഞ ലോട്ടസ് മഹൽ, എലിഫന്റ് ക്വാർട്ടർ എന്നിവയൊക്കെയാണ് ഈ ഭാഗത്തുള്ള പ്രധാന കാഴ്ചകള്‍.
ഹംപിയിൽ നിന്നും ഏകദേശം നൂറു കിലോമീറ്റർ യാത്ര ചെയ്താൽ കർണാടകയിലെ ഗഡാഗ് ജില്ലയിലുള്ള ലക്കുണ്ടി എന്ന ഗ്രാമത്തിലെത്താം. പതിനാലാം നൂറ്റാണ്ടിനും മുമ്പുള്ള ക്ഷേത്രങ്ങൾ, ക്ഷേത്രാവശിഷ്ടങ്ങൾ എന്നിവയും പടിക്കെട്ടുള്ള കിണറുകളും ചരിത്ര ലിഖിതങ്ങളും ഇവിടെയുണ്ട്.