വാഗമണ്ണിന്‍റെ മഞ്ഞണിഞ്ഞ മലനിരകള്‍ക്കു മുകളില്‍ പക്ഷിയെപ്പോലെ പറന്ന് ഇഷ്ക് നായിക
Mail This Article
പൃഥ്വിരാജ് നായകനായ 'ഇസ്ര' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ആന്‍ ശീതള്‍. അതിനു ശേഷം 'ഇഷ്ക്' എന്ന സിനിമയില്‍ ഷെയ്ന്‍ നിഗത്തിന്‍റെ നായികയായി വന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവര്‍മാരുള്ള താരത്തിന് സ്വന്തമായി യുട്യൂബ് ചാനലുമുണ്ട്. തന്‍റെ യാത്രകളുടെയും മറ്റും വിശേഷങ്ങള്‍ നടി യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വാഗമണ്ണില്‍ നടത്തിയ പാരാഗ്ലൈഡിങ് യാത്രയുടെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ആന്‍.
പാരാഗ്ലൈഡിങിനു തയാറെടുക്കുന്നതും മലനിരകള്‍ക്കു മുകളിലൂടെ പറന്നുയരുന്നതും തിരിച്ചു സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതുമെല്ലാം വിശദമായി യുട്യൂബ് വിഡിയോയിലുണ്ട്. മഞ്ഞും മലനിരകളും പച്ചപ്പും ഇടകലര്‍ന്ന വാഗമണ്ണിന്‍റെ ആകാശക്കാഴ്ച അതിമനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് ഈ വിഡിയോയില്‍.
പാരാഗ്ലൈഡിങ് പ്രേമികള്‍ക്ക് കേരളത്തില്‍ പോകാന്‍ പറ്റാവുന്ന ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് വാഗമണ്‍. പറക്കുന്നതോടൊപ്പം തന്നെ വാഗമണ്ണിന്‍റെ മനോഹരമായ ഭൂപ്രകൃതി ആസ്വദിക്കുകയും ചെയ്യാം. സമുദ്രനിരപ്പിൽ നിന്ന് 6,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വാഗമണ്‍ ഹിൽസ്റ്റേഷന്‍ പാരാഗ്ലൈഡിംഗ് കാരണം രാജ്യാന്തര ടൂറിസം ഭൂപടത്തിൽ വരെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.
വാഗമൺ കുന്നുകളിൽ നടക്കുന്ന വാർഷിക പാരാഗ്ലൈഡിങ് മത്സരത്തിൽ പങ്കെടുക്കാനായി രാജ്യമെങ്ങും നിന്നുമുള്ള സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. വാഗമണ്ണില്‍ നിന്ന് 4 കിലോമീറ്റർ അകലെയുള്ള കോലാഹലമേട്ടിലാണ് പാരാഗ്ലൈഡിങ് സ്പോട്ട് ഉള്ളത്. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അമൃതമേടിന്‍റെ ഭാഗമാണിത്.
കോലാഹലമേട്ടിലെ ഒരു പ്രധാന പാരാഗ്ലൈഡിങ് ഓപ്പറേറ്ററാണ് ഫ്ലൈ വാഗമണ്‍. രാവിലെ പതിനൊന്നു മുതല്‍ വൈകീട്ട് നാലുമണി വരെ പാരാഗ്ലൈഡിങ് നടത്തുന്നുണ്ട്. ഒരാള്‍ക്ക് 4,500 രൂപ മുതല്‍ മുകളിലേക്കാണ് ഇതിന്‍റെ ചാര്‍ജ് വരുന്നത്.
സെപ്റ്റംബർ മുതൽ ആരംഭിച്ച് ജനുവരി വരെയും വീണ്ടും മാർച്ച് മുതൽ മേയ് വരെയുമാണ് വാഗമണ്ണിലെ പാരാഗ്ലൈഡിങ് സീസൺ. സീസണിലുടനീളം തെക്ക് പടിഞ്ഞാറൻ ദിശയിൽ സ്ഥിരമായ കാറ്റ് വീശുന്നത് ഈ വിനോദത്തിന് ഏറെ സഹായകമാകുന്നു. വർഷത്തിന്‍റെ ഭൂരിഭാഗവും തണുത്ത കാലാവസ്ഥയായതിനാല്‍ ചൂടിനെ പേടിക്കേണ്ടതില്ല എന്നതും ഒരു മേന്മയാണ്.
പാരാഗ്ലൈഡിങ് സുരക്ഷിതമായിരിക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
1. പരിചയസമ്പന്നരായ ആൾക്കാരെ തിരഞ്ഞെടുക്കാം
പാരാഗ്ലൈഡിങ് സേവനം നല്‍കുന്ന ഒട്ടേറെ കമ്പനികള്‍ ഈയിടെയായി മുളച്ചുവരുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതാവണം എന്നില്ല. അതിനാൽ, പാരാഗ്ലൈഡിങ് നടത്തുന്ന കമ്പനികളുടെ ട്രാക്ക് റെക്കോർഡ് പരിശോധിക്കണം. മുന്‍പ് ഈ കമ്പനികൾ നടത്തിയ യാത്രകളില്‍ എന്തെങ്കിലും അപകടം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുക. കൂടാതെ മുന്‍പേ പാരാഗ്ലൈഡിങ് നടത്തിയ സുഹൃത്തുക്കളോട് അന്വേഷിക്കുക. ക്ലീൻ ഫ്ലൈയിങ് റെക്കോഡുള്ളതും പരിചയസമ്പന്നരായ പൈലറ്റുമാരുള്ളതുമായ കമ്പനി തിരഞ്ഞെടുക്കണം.
2. പൈലറ്റിന്‍റെ എക്സ്പീരിയന്‍സ് പരിശോധിക്കുക
പൈലറ്റിന്‍റെ പിഴവ് മൂലമാണ് മിക്ക പാരാഗ്ലൈഡിങ് അപകടങ്ങളും സംഭവിക്കുന്നത്. അശ്രദ്ധമായി പറക്കുന്നതും പരിചയസമ്പത്ത് കുറഞ്ഞതും സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കാത്തതുമായ പൈലറ്റിനൊപ്പം ഒരിക്കലും പറക്കരുത്. അതിനാൽ, പൈലറ്റ് ആരാണെന്ന് മുൻകൂട്ടി അറിഞ്ഞിരിക്കണം. പൈലറ്റിന്‍റെ ട്രാക്ക് റെക്കോർഡ് പരിശോധിക്കുകയാണ് മികച്ച മാര്‍ഗം. കൂടാതെ, പൈലറ്റ് മയക്കുമരുന്നിന് അടിമയാണോ മദ്യപാന പ്രശ്‌നമുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്. മുന്‍പ് പലയിടങ്ങളിലും അപകടമുണ്ടായ സാഹചര്യങ്ങളില്‍ പൈലറ്റുമാർ മദ്യവും മയക്കുമരുന്നുമെല്ലാം ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. എന്നാല്‍ ഇതിനെല്ലാം മുന്‍പേ പൈലറ്റിനു ആവശ്യമായ ലൈസന്‍സ് ഉണ്ടോ എന്നും പരിശോധിക്കണം. സംശയം തോന്നുന്ന സാഹചര്യങ്ങളില്‍ പറക്കല്‍ ഒഴിവാക്കുന്നതാണ് നല്ലത്.
3. പറക്കുന്ന ഉപകരണങ്ങൾ പരിശോധിക്കുക
പറക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും പരിശോധിക്കണം. കാനോപ്പി, ഹാർനെസ്, കാനോപ്പി ലൈനുകൾ, റിസർവ് പാരച്യൂട്ട്, കാരാബൈനറുകൾ തുടങ്ങിയവ നന്നായി നോക്കുക. ഹെൽമെറ്റുകളുടെ അവസ്ഥയും പരിശോധിക്കുക. നല്ല നിലവാരമുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. ഈയടുത്ത വര്‍ഷങ്ങളിലായി പറക്കലിന്‍റെ വേഗത കൂട്ടാനായി അഡ്വാന്‍സ്ഡ് ഗിയറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഗിയർ കൈകാര്യം ചെയ്യാൻ, പരിചയസമ്പന്നരായ പൈലറ്റുമാർ ആവശ്യമാണ്. ഇക്കാര്യവും ശ്രദ്ധിക്കേണ്ടതാണ്.
4. സുരക്ഷാ നടപടികൾ പരിശോധിക്കുക
പാരാഗ്ലൈഡിങ് ചെയ്യാനായി തിരഞ്ഞെടുക്കുന്ന കമ്പനി ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. എന്തെങ്കിലും അപകടങ്ങൾ ഉണ്ടായാൽ സഹായിക്കാന്‍ തൊട്ടടുത്ത് തന്നെ മെഡിക്കൽ, റെസ്ക്യൂ ടീമുകളും ആവശ്യമാണ്.
5. കാലാവസ്ഥ പരിശോധിക്കേണ്ടത് പ്രധാനം
സുരക്ഷിതമായ കാലാവസ്ഥയിൽ മാത്രം പറക്കുക എന്നത് പ്രധാനമാണ്. അധികം ശക്തിയില്ലാത്ത കാറ്റ് വീശുന്നതും തെളിഞ്ഞതുമായ ദിവസമായിരിക്കണം പാരാഗ്ലൈഡിംഗ് നടത്തേണ്ടത്. ശക്തിയായ കാറ്റോ മിന്നലോ മഴമേഘങ്ങളോ ഉള്ള ദിവസങ്ങള്‍ ഒഴിവാക്കുക. മണിക്കൂറിൽ 5 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റാണ് പാരാഗ്ലൈഡിങ് നടത്താന്‍ അനുയോജ്യമെന്ന് കണക്കാക്കുന്നു. മണിക്കൂറിൽ 35 കിലോമീറ്ററും അതിൽ കൂടുതലും വേഗതയുള്ള കാറ്റ് അപകടകരമാണെന്ന് കണക്കാക്കപ്പെടുന്നു.