ADVERTISEMENT

കേരളത്തിലെ ആദ്യത്തെ ലേഡി ഡ്രോണർ എന്നുവിളിക്കാം ആൻ ശീതളിനെ. ഇഷ്ക് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ഈ അഭിനേത്രി. എല്ലാവർക്കുമുണ്ടാകും വ്യത്യസ്തമാർന്ന ഹോബികൾ. പൊതുവെ വായനയും സംഗീതവും യാത്രയുമെല്ലാമായിരിക്കും നമ്മൾ കേട്ടിട്ടുണ്ടാകുക. എന്നാൽ ആൻ ശീതളിന്റ ഹോബി ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഫോട്ടോയെടുക്കാനും വിഡിയോ എടുക്കാനുമെല്ലാം നമുക്ക് ഇഷ്ടമാണ്. എന്നാൽ ആൻ ശീതളിന്റെ ഹോബി അതിനുമൊക്കെ അപ്പുറത്താണ്. എല്ലാ കാഴ്ചകൾക്കും മറ്റൊരു വശമുണ്ട്, ആകാശത്തുനിന്നുനോക്കികാണുമ്പോൾ പലതിനും ഭംഗിയേറേയാണ്. ആ ഭംഗിയാണ് ഈ താരം ആസ്വദിക്കുന്നത് തന്റെ ഹോബിയിലൂടെ. ഡ്രോൺ പറത്തുന്ന കേരളത്തിലെ ആദ്യത്തെ വനിത എന്നുവേണമെങ്കിൽ ആൻ ശീതളിനെ വിളിയ്ക്കാം. ഈ താരത്തിന്റെ ഹോബി ഡ്രോൺ പറത്തലാണ്. സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന നിരവധി റീലുകളിൽ ആനിന്റെ ഡ്രോൺ വിഡിയോസും ഉണ്ട്. അതിൽ മിക്കതും ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. 

 

ഹോബി പാഷനായി മാറിയപ്പോൾ 

 

യാത്രകളെ ഇഷ്ടപ്പെടുന്ന ആൻ ശീതൾ രണ്ടുവർഷത്തിലധികമായി ഡ്രോൺ പറത്തൽ ഹോബിയായി ചെയ്തുതുടങ്ങിയിട്ട്. ആദ്യമൊക്കെ ഇത് വെറുമൊരു കൗതുകം മാത്രമായിരുന്നുവെങ്കിൽ പീന്നീട് അതിനോട് അടുപ്പം കൂടിക്കൂടി വന്നു. യൂടൂബിലുടെയും മറ്റും കണ്ട് ആൻ സ്വന്തമായി പഠിച്ചെടുത്തതാണിത്. യാത്രയ്ക്ക് പോകുമ്പോഴെല്ലാം ഡ്രോണുമായിട്ടാണ് പോകുന്നത്. കേരളത്തിലെ ഡ്രോണർ കമ്യൂണിറ്റിയിലും അംഗമാണ് ആൻ ശീതൾ. താൻ ഏറ്റവുമധികം എൻജോയ് ചെയ്യുന്ന കാര്യമാണിതെന്ന് ആൻ പറയുന്നു. ഡ്രോണർ കമ്യൂണിറ്റിയിൽ മുഴുവൻ പുരുഷൻമാരാണ്. പക്ഷേ ഒരിക്കൽ പോലും അവരാരും ഞാനൊരു സ്ത്രീയായതിനാൽ എന്നെ മാറ്റിനിർത്തുകയോ പിന്തുണയ്ക്കാതിരിക്കുകയോ ചെയ്തിട്ടില്ല. അവരാണ് സത്യത്തിൽ ഏറ്റവും അധികം സപ്പോർട്ട് നൽകുന്നവർ. എല്ലാ കാര്യങ്ങളും അറിയിക്കുകയും നമുക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയുമെല്ലാം ചെയ്യും. അതുപോലെ തന്നെയാണ് നമ്മൾ യാത്ര ചെയ്യുന്ന സ്ഥലത്തെ ആളുകളും. പൊതുവെ ഒരു സ്ത്രീ ഇങ്ങനെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുന്നതുകാണുമ്പോൾ ആളുകൾക്ക് ഒരു കൗതുകമുണ്ടാകും. പലരും അടുത്തുവന്ന് സംശയങ്ങൾ ചോദിക്കും. ചിലർ പുതിയ അറിവുകൾ പകർന്നുനൽകും. മറ്റു ചിലർ നമുക്ക് അവിടുത്തെ അറിയാത്ത സ്ഥലങ്ങൾ പരിചയപ്പെടുത്തിത്തരും. എവിടെപ്പോയാലും നല്ല പ്രതികരണമാണ് ഇന്നുവരെ ലഭിച്ചിരിക്കുന്നത്. 

 

 

ഡ്രോൺ പറത്തുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം പാലിച്ചുതന്നെയാണ് ഞാൻ ഇതുവരെ ഷൂട്ട് ചെയ്തിട്ടുള്ളത്. അനുവാദമില്ലാതെ ഞാൻ എവിടെയും ഷൂട്ട് ചെയ്തിട്ടില്ല. എവിടെപ്പോവുകയാണെങ്കിലും പെർമിഷൻ എടുത്തതിനുശേഷം മാത്രമേ ഞാൻ ഡ്രോൺ ഓണാക്കൂ. സിറ്റി, എയർപോർട്ട്, ഫോറസ്റ്റ് എന്നിവിടങ്ങളിലൊന്നും ഡ്രോൺ ഉപയോഗിക്കാൻ പാടില്ല. എല്ലാ സ്ഥലങ്ങളും നമുക്ക് ഡ്രോൺ ഉപയോഗിക്കാൻ പറ്റില്ല. അങ്ങനെയുള്ളപ്പോൾ ഗൂഗിൾ മാപ്പിൽ നോക്കിയാണ് സ്ഥലങ്ങൾ കണ്ടെത്തുന്നത്. കുറേയൊക്കെ മാപ്പിൽ നിന്നും മനസ്സിലാക്കാൻ പറ്റും. അങ്ങനെ നമ്മൾ അവിടെ ചെന്ന് ഷൂട്ട് ചെയ്ത് തുടങ്ങുമ്പോഴാകും മറ്റു പല കാഴ്ചകളും നമ്മുടെ ഫ്രെയ്മിലേയ്ക്ക് കടന്നുവരുന്നത്. പക്ഷേ ഇതൊരൽപ്പം റിസ്കുള്ള പണികൂടിയാണെന്ന് പറയുന്നതാണ് നല്ലത്. കാരണം നല്ല കാറ്റുള്ള സ്ഥലങ്ങളിൽ ഡ്രോൺ മുകളിലേയ്ക്ക് പോകുനന്തിനനുസരിച്ച് ബാറ്ററിചാർജ് പെട്ടെന്ന് തീർന്നു പോകും. മുകളിലേക്കു പോയ ആൾ തിരികെ കയ്യിലെത്തുന്നവതുവരെ ഒരു പേടിയാണ്. 

 

 

ഡ്രോൺ കടലിൽ വീഴുമെന്ന് പേടിച്ചാണ് നിന്നത് 

 

 

തങ്കശ്ശേരി ബ്രേക്ക് വാട്ടറിന്റെ ഒരു വിഡിയോ ഞാൻ ഈ അടുത്ത് പോസ്റ്റ് ചെയ്തിരുന്നു. നിരവധിയാളുകൾ ആ സ്ഥലം എവിടെയാണെന്ന് എന്നോട് ചോദിച്ചു. കാരണം തങ്കശ്ശേരി ബ്രേക്ക് വാട്ടറിന്റെ അങ്ങനെയൊരു വിഷ്വൽ ഒട്ടുമിക്കപേരും കണ്ടിട്ടില്ല. കൊല്ലം ജില്ലയിലെ തങ്കശ്ശേരി ബ്രേക്ക് വാട്ടർ അധികം അങ്ങനെ ജനകീയമായിട്ടില്ല. പക്ഷേ എന്റെ അഭിപ്രായത്തിൽ അതിമനോഹരമായൊരു സ്പോട്ടാണത്. കേരളം എന്നുപറഞ്ഞാൽ മൂന്നാറും അതിരപ്പിളളിയും മാത്രമല്ലെന്ന് പുറത്തുള്ളവർ മനസ്സിലാക്കേണ്ടതുണ്ട്. ഇതുപോലെയുള്ള സ്ഥലങ്ങൾ കൂടുതൽ പ്രൊമോട്ട് ചെയ്യപ്പെടണം. സുഹൃത്തുക്കളാണ് തങ്കശ്ശേരിയിൽ ഷൂട്ട് ചെയ്യാം എന്നുപറയുന്നത്. അവിടുത്തെ ലൈറ്റ് ഹൗസായിരുന്നു ഞാൻ ആദ്യം പ്ലാൻ ചെയ്തത്. അവിടെയെത്തിയപ്പോഴാണ് ബ്രേക്ക് വാട്ടർ ഏരിയയാണ് കുറച്ചുകൂടി നല്ലത് എന്ന് തോന്നി. കൊല്ലത്തുകൂടി പല തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ഗംഭീരമായൊരു സ്ഥലം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. അങ്ങനെ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോടെ അങ്ങോട്ട് പോയി. 2.5 കിലോമീറ്റർ നടന്നുവേണം അങ്ങോട്ടെത്താൻ. അതിരാവിലെയായതിനാൽ നിരവധിപ്പേർ നടക്കാൻ വന്നിട്ടുണ്ടായിരുന്നു. ഇവിടേയ്ക്ക് വാഹനങ്ങൾക്കു പ്രവേശമില്ല. 

 

അൽപ്പം റിസ്കുള്ള പണിയാണിതെന്നു ഞാൻ നേരത്തെ പറഞ്ഞില്ലേ. അതിനു കാരണം തങ്കശേരിയിൽ ഷൂട്ട് ചെയ്തപ്പോഴുണ്ടായ ഒരനുഭവമാണ്. ഹാർബറിനോട് ചേർന്നാണ് ഈ ബ്രേക്ക് വാട്ടർ ഏരിയ. നല്ല കാറ്റുള്ള സ്ഥലമാണ്. ഡ്രോൺ ഓണാക്കി മുകളിലേക്ക് ഉയർത്തി തുടങ്ങി, ചുറ്റും വെള്ളമാണ്. എന്റെ പേടി മുഴുവൻ അതെങ്ങാനും കടലിൽ വീഴുമോ എന്നായിരുന്നു. കാരണം നല്ല കാറ്റുള്ളപ്പോൾ ഡ്രോൺ പ്രവർത്തിപ്പിക്കാൻ ഭയങ്കര പാടാണ്. ബാറ്ററിയുടെ ചാർജ് വേഗം തീർന്നുപോകും. അപ്പോൾ പറത്തിയപ്പോൾ ഡ്രോൺ വല്ലാതെ മുകളിലേക്കു പോയിരുന്നു. തിരിച്ചുവരുന്ന വഴിക്ക് അത് കടലിൽ വീഴരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന മുഴുവൻ. ഒന്ന് നല്ല വിലയുള്ള ഉപകരണമാണത്. രണ്ട് ഡ്രോണിലുള്ള എസ്ഡികാർഡിലാണ് വിഷ്വൽ മുഴുവൻ. ഫോണിൽ ഉണ്ടാകുമെങ്കിലും അതിന് ഒറിജിനലിന്റെ ക്വാളിറ്റിയൊന്നും ഉണ്ടാകില്ല, അതു ഡ്രോണിലാണ് ഉള്ളത്. അതുകൊണ്ട് തങ്കശ്ശേരിയിൽ ഷൂട്ടിന് പോയപ്പോൾ ഞാൻ ശരിക്കും പേടിച്ചു. പക്ഷേ ആ പേടിയെല്ലാം മാറിയത് അതിന്റെ റിസൾട്ട് കണ്ടപ്പോഴാണ്. അത്ര മനോഹരമായൊരു സ്ഥലം. കടൽക്ഷോഭം തടയാൻ നിരത്തിയിരിക്കുന്ന പുലിമുട്ടുകളാൽ ചുറ്റപ്പെട്ട ആ ആ സ്ഥലത്തിന്റെ ദൃശ്യം മുകളിൽ നിന്നുകാണുമ്പോൾ ഒരു ധനുഷ്കോടി ലുക്ക് ഒക്കെയുണ്ട്. ചില സ്ഥലങ്ങളുടെ ഭംഗി ആകാശക്കോണിലൂടെ കണ്ടാസ്വദിക്കണം. നമ്മൾ നേരേ കാണുന്ന, അല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ നമ്മളെ കടന്നുപോകുന്ന പല സ്ഥലങ്ങളും കാഴ്ചകളും ഇതുപോലെ ആകാശകണ്ണിലൂടെ കാണുമ്പോൾ അതിനൊക്കെ മറ്റൊരു മുഖവും ഭാവവുമാണ്. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ നല്ലൊരു വഴിയാണിതെന്ന് ആൻ ശീതളും സമ്മതിക്കുന്നു.     

 

 

നമ്മുടെ നാടിനെ ശരിക്കുമറിയണം, ജനകീയമാകണം  

 

തന്റെ ഡ്രോണിൽ പതിഞ്ഞ മറ്റൊരു സുന്ദരമായ കാഴ്ച ജഡായുപാറയാണെന്ന് ആൻ ശീതൾ. കഥകളിലും മറ്റും കേട്ടറിഞ്ഞ ഗരുഡന്റെ കഥയിൽ നിന്നും വ്യത്യസ്തമായൊരു അനുഭവമായിരുന്നു അവിടെ ചെന്നപ്പോൾ ഉണ്ടായതെന്ന് താരം പറയുന്നു. സീതാ ദേവിയെ രക്ഷിക്കാൻ സ്വയം ബലികൊടുത്ത പക്ഷിയുടെ ദയനീയാവസ്ഥ നമുക്ക് മനസിലാകണമെങ്കിൽ ആ പക്ഷി ചേതനയറ്റുകിടക്കുന്നത് കാണണം, അതിന് ഏറ്റവും മികച്ചത് ഒരു ഡ്രോൺ വിഷ്വൽ ആണ് എന്നെനിക്ക് തോന്നുന്നു. മുകളിൽ നിന്ന് നോക്കുമ്പോൾ ആരുമില്ലാതെ ചിറകറ്റ് ഒറ്റപ്പെട്ടുപോയ ഒരു പക്ഷിയെ നമുക്ക് കാണാം. അതിന്റെ നിസഹായാവസ്ഥ മനസിലാക്കാം. ഗംഭീരമായൊരു സ്ഥലമാണ് ജഡായുപാറ. ലോകോത്തര നിലവാരത്തിൽ ഒരുക്കിയിരിക്കുന്ന ഈ ടൂറിസ്റ്റ് കേന്ദ്രവും കൂടുതൽ ആളുകളിലേയ്ക്ക് എത്തേണ്ടതാണ്. എന്റെ റീൽസ് കണ്ട് നോർത്ത് ഇന്ത്യയിൽ നിന്നുമെല്ലാം കുറേയാളുകൾ മെസേജ് ചെയ്യാറുണ്ട്. കേരളത്തിൽ ഇത്തരം സ്ഥലങ്ങൾ ഒക്കെയുണ്ടെന്ന് നിങ്ങളുടെ വിഡിയോ കാണുമ്പോഴാണ് മനസിലാകുന്നത്. അടുത്ത തവണ കേരളം സന്ദർശിക്കുമ്പോൾ ഇവിടങ്ങളിലേക്ക് പോകാൻ ശ്രമിക്കാം എന്നുപറയുമ്പോൾ നമുക്കും ഒരു സന്തോഷമാണ്. 

 

നമ്മുടെ നാട്ടിലെ അറിയപ്പെടാത്ത സ്ഥലങ്ങൾ ജനകീയമാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ആൻ ശീതളിന് തന്റെ ഈ ഇഷ്ടത്തിലൂടെ. പലരും വിളിക്കുമ്പോൾ നമ്മളോട് പറയുന്നത് അവരുടെ നാട്ടിൽ നല്ല സ്ഥലങ്ങളുണ്ട് വന്ന് ഷൂട്ട് ചെയ്യുമോ എന്നാണ്. ട്രിപ്പ് എന്നുപറയുമ്പോൾ തന്നെ ആളുകൾ മൂന്നാറിലേയ്ക്കാണ് പോകുന്നത്. എന്നാൽ മൂന്നാറിനപ്പുറം കാന്തല്ലൂർ, ചിന്നാർ പോലെ അധികം എക്സ്പ്ലോർ ചെയ്യപ്പെടാത്ത അതിമനോഹരമായ നിരവധി സ്ഥലങ്ങളുണ്ട്. നമ്മൾ കാറിലിരുന്നു കാണുന്ന തേയിലത്തോട്ടങ്ങളുടേയും മലനിരകളുടേയും സൗന്ദര്യം ഞാൻ കൂടുതൽ ആസ്വദിച്ചത് ഡ്രോൺ വിഷ്വൽ എടുക്കാൻ തുടങ്ങിയപ്പോഴാണ്. നമ്മുടെ നാട്ടിലേക്ക് ഇനിയും വിനോദസഞ്ചാരികൾ എത്തണം, പുതിയ സ്ഥലങ്ങൾ കാണണം. കേരളത്തിലെ എല്ലാ ചെറിയ ഇടങ്ങളും മുഖ്യധാരയിലേക്ക് എത്തിക്കണം, കേരളത്തിന്റെ ലേഡി ഡ്രോൺ സ്റ്റാറിന്റെ ആഗ്രഹങ്ങൾ ഇതൊക്കെയാണ്.

 

Content Summary : Ann Sheetal is a pioneering female drone videographer.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com