ADVERTISEMENT

തുലാമാസത്തിൽ തുടങ്ങി, ഇടവപ്പാതിയിൽ വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി ഉയരൽ ചടങ്ങ് വരെ നീളുന്നതാണ് വടക്കൻ കേരളത്തിലെ തെയ്യക്കാലം. ഈ സമയത്ത് തെയ്യത്തിന്‍റെ അപൂര്‍വമനോഹരമായ കാഴ്ചകള്‍ കാണാന്‍ കണ്ണൂരിലെയും കാസര്‍ഗോഡിലെയും ക്ഷേത്രങ്ങളിലേക്കു വിദേശികളും സ്വദേശികളുമായി അനേകം സഞ്ചാരികള്‍ എത്തുന്നു. കണ്ണൂരിലെ തെയ്യത്തില്‍ പങ്കെടുത്ത അനുഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുകയാണ് നടി അന്ന ബെന്‍. 

അന്ന ബെന്നിന്‍റെ കുറിപ്പ് വായിക്കാം

"കണ്ണൂർ എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി.

ഇത്രയും തീവ്രതയും ആഴവുമുള്ള ഒരിടം...

തെയ്യം എന്ന ഈ മനോഹര കലാരൂപത്തിന്റെ ഒന്നല്ല, രണ്ട് പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ആദ്യത്തേത് നീലിയാർ ഭഗവതി തെയ്യമാണ്, സൂര്യാസ്തമയ സമയത്ത് ഒരു പുണ്യവൃക്ഷത്തിന്റെ നടുവിലുള്ള ഇടത്തായിരുന്നു അത്. എനിക്ക് ഭഗവതിയുടെ അനുഗ്രഹം കിട്ടിയെന്നും ഭഗവതിയെ വീണ്ടും കാണാന്‍ പറ്റുമെന്നും എനിക്ക് ധൈര്യമായി പറയാന്‍ കഴിയും. 

kannur-perumkaliyattam-theyyam

രണ്ടാമത്തേത് നങ്ങോളങ്ങര ഭഗവതി തെയ്യമായിരുന്നു, എന്തൊരു കാഴ്ചയായിരുന്നു അത്! തീയുടെ വെളിച്ചമല്ലാതെ മറ്റൊന്നുമില്ലാതെ തെയ്യം രാത്രിയിൽ അരങ്ങേറി. കണ്ണൂരിൽ വാർഷിക തിറ കളിയാട്ടം തെയ്യം ഉത്സവത്തിൽ അവതരിപ്പിക്കുന്ന അപൂർവ മാതൃദേവത തെയ്യങ്ങളാണ് ഇവ രണ്ടും.

1/02/2023, KANNUR, നിറപന്ത പ്രഭയിൽ നിറഞ്ഞാടി......
1/02/2023, KANNUR, നിറപന്ത പ്രഭയിൽ നിറഞ്ഞാടി......

കണ്ണൂരിൽ ഞാൻ കണ്ടുമുട്ടിയ വിസ്മയിപ്പിക്കുന്ന ആളുകൾക്ക് ഒത്തിരി സ്നേഹം"

കൂടാതെ, തനിക്ക് തെയ്യത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഇനിയും കൂടുതല്‍ തെയ്യങ്ങള്‍ കാണാന്‍ താന്‍ വീണ്ടും വരുമെന്നും അന്ന ബെന്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

നീലിഭഗവതിയുടെ തെയ്യക്കാഴ്ച

വടക്കൻ കേരളത്തിൽ അമ്മ ദൈവങ്ങളിലൊന്നായി കെട്ടിയാടുന്ന തെയ്യമാണ് നീലിയാർ ഭഗവതി. കണ്ണൂരിലെ കൊട്ടിയൂരിനടുത്തുള്ള മണത്തണയിൽ നാട്ടുരാജാവിനാൽ അപമൃത്യുവിനിരയായ സുന്ദരിയും തർക്കശാസ്ത്ര വിദഗ്ദ്ധയുമായ താഴ്ന്ന ജാതിയിൽ പെട്ട നീലി എന്ന സ്ത്രീയാണു മരണശേഷം നീലിയാർ ഭഗവതിയായി മാറിയത് എന്നു വിശ്വാസം. കോട്ടത്തമ്മ, ഒറ്റത്തിറ തുടങ്ങിയ പേരുകളിലും ഈ തെയ്യം അറിയപ്പെടുന്നു. കണ്ണൂർ ജില്ലയിലെ മൊറാഴക്കടുത്ത് മാങ്ങാട്ടു പറമ്പ് നീലിയാർ കോട്ടത്ത് ഈ തെയ്യം കെട്ടിയാടി വരുന്നു.  പണ്ഡിതനായ കാളക്കാട്ട് ഇല്ലത്തെ നമ്പൂതിരിയാണത്രേ മാങ്ങാട്ടു പറമ്പിൽ നീലിയെ മാതൃരൂപത്തില്‍ കുടിയിരുത്തിയത്.

പത്തൊൻപത് ഏക്കർ വിസ്തൃതിയുള്ള ഈ കാവിൽ വൈകുന്നേരം സൂര്യാസ്തമന സമയത്താണ് തെയ്യക്കോലം ഇറങ്ങുക. വണ്ണാൻ സമുദായത്തിൽ പെട്ടവരാണു കോലം കെട്ടുന്നത്. ഒറ്റ ചെണ്ടയും കുറച്ച് വാദ്യങ്ങളും മാത്രമാണ്  തെയ്യത്തിന് ഉപയോഗിക്കുന്നത്.

വർഷത്തിൽ എല്ലാ കാലത്തും കെട്ടിയാടപ്പെടുന്ന തെയ്യമാണ് നീലിയാർ ഭഗവതി തെയ്യം. കർക്കടക മാസം 2 മുതൽ 16 വരെ മാങ്ങാട്ട് നീലിയാർ കോട്ടത്തിലെ ഭഗവതി ആരൂഢസ്ഥാനമായ കൊട്ടിയൂരിനടുത്തുള്ള മണത്തണയിലാണുണ്ടാകുക എന്ന വിശ്വാസത്താൽ ആ സമയത്ത് മാത്രം ഈ തെയ്യം കെട്ടിയാടിക്കുന്നില്ല. 

കടന്നപ്പള്ളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിൽ 13 വയസ്സുകാരൻ സഞ്ജയ്‌ കൃഷ്ണ കെട്ടിയാടിയ പുലിയൂർ കാളിതെയ്യം.
കടന്നപ്പള്ളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിൽ 13 വയസ്സുകാരൻ സഞ്ജയ്‌ കൃഷ്ണ കെട്ടിയാടിയ പുലിയൂർ കാളിതെയ്യം.

എല്ലാ മാസസംക്രമത്തിനും കുടുംബവകയായും മറ്റുദിവസങ്ങളിൽ ഭക്തരുടെ പ്രാർത്ഥനക്കനുസരിച്ചും തെയ്യം കെട്ടുന്നു. സന്താന സൗഭാഗ്യത്തിനും മംഗല്യ ഭാഗ്യത്തിനും ഭക്തർ നീലിയാർ ഭഗവതിയെ കെട്ടിയാടിക്കാൻ നേർച്ച നേരാറുണ്ട്.

സന്താനലബ്ധി നല്‍കുന്ന നങ്ങോളങ്ങര ഭഗവതി

പാപ്പിനിശ്ശേരിയിലെ ഇരിണാവ് നങ്ങോളങ്ങര ഭഗവതി കാവിൽ, എല്ലാ വര്‍ഷവും തുലാം 11 മുതല്‍  മൂന്നാഴ്ചയോളം ദിവസേന ഭഗവതി തെയ്യം കെട്ടിയാടുന്നു. ഓരോ വർഷവും അനുഗ്രഹം തേടി അനേകം ഭക്തരാണ് ഇവിടെയെത്തുന്നത്. ഇവിടുത്തെ ഭഗവതി മാടായി കാവിലമ്മയുടെ സഹോദരിയാണെന്നാണു വിശ്വാസം.

വരവേൽപ്...: ഇരിണാവ് നങ്ങോളങ്ങര ഭഗവതിക്കാവിൽ ഇന്നലെ രാത്രി കെട്ടിയാടിയ നങ്ങോളങ്ങര ഭഗവതി തെയ്യത്തെ കുട്ടികൾ കുരുത്തോലവൃഷ്ടിയോടെ വരവേറ്റപ്പോൾ.  ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ
ഇരിണാവ് നങ്ങോളങ്ങര ഭഗവതിക്കാവിൽ നങ്ങോളങ്ങര ഭഗവതി തെയ്യത്തെ കുട്ടികൾ കുരുത്തോലവൃഷ്ടിയോടെ വരവേറ്റപ്പോൾ. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ (ഫയൽ ചിത്രം)

വിളക്കു വയ്ക്കാനുള്ള മൺതറയും വള്ളിക്കെട്ടുകൾക്കിടയിലെ നാഗസ്ഥാനവും മാത്രമാണ് കാവിലുള്ളത്. ആദ്യ 3 ദിവസങ്ങളിൽ തറവാട്ടുകാരുടെ തെയ്യം നടന്നതിനു ശേഷം നേർച്ചത്തെയ്യം കെട്ടിയാടുന്നു. സന്താനലബ്ധിക്കായി ഭക്തരുടെ നേർച്ചയായാണ് തെയ്യം കെട്ടിയാടിക്കുന്നത്. സന്ധ്യക്ക് ഒരു മണിക്കൂർ നേരം മാത്രമായിരിക്കും ചടങ്ങ്.

വാദ്യഘോഷങ്ങളും ആർഭാടവും ആരവങ്ങളുമില്ലാതെയാണ് കളിയാട്ടം നടക്കുന്നത്. കൊടിയിലത്തോറ്റമോ, അന്തി തോറ്റമോ ഇല്ലാതെ ഒരു വീക്കു ചെണ്ടയുടെ പതിഞ്ഞ താളത്തിൽ ഭഗവതി സ്തുതി പാടിയാണ് തെയ്യം മുടിവയ്ക്കുന്നത്. കാവിനുള്ളിലെ വള്ളിക്കുടിലിനുള്ളിൽ വച്ചാണ് മുഖത്തെഴുത്ത്. 

വൃശ്ചിക സംക്രമത്തലേന്നു ദേവിയെ അകംപാടി അടക്കുന്നതോടെ പിന്നെ ഒരു വർഷക്കാലത്തേക്ക് ആർക്കും ഈ ദേവസ്ഥാനത്ത് പ്രവേശനമില്ല.

English Summary:

Actress Anna Ben shares her captivating experience witnessing the vibrant Theyyam rituals of Neeliyar Bhagavathi and Nangolangara Bhagavathi in Kannur, Kerala. Discover the beauty and cultural significance of this ancient art form.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com