ADVERTISEMENT

ലോകത്തിലെ മനോഹര കാഴ്ചകളില്‍ ഇന്നും ഉത്തരം കിട്ടാത്ത ഒട്ടേറെ നിർമിതികളുണ്ട്. ഈജിപ്തിലെ പിരമിഡുകളും നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് കൊത്തുപണികള്‍ ചെയ്ത് അലങ്കരിച്ച  ക്ഷേത്രങ്ങളുമെല്ലാം എങ്ങനെ, ആരാണ് ഉണ്ടാക്കിയത് എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ആഫ്രിക്കന്‍ രാജ്യമായ ഇത്യോപ്യയിലുമുണ്ട്, ചരിത്രവും വിശ്വാസവും ഇഴചേരുന്ന അത്തരമൊരു കാഴ്ച. മണ്ണിനടിയില്‍, പാറക്കല്ലില്‍ കൊത്തിയെടുത്ത ശില്‍പചാരുതയാര്‍ന്ന 11 പള്ളികള്‍. വടക്കൻ ഇത്യോപ്യൻ പട്ടണമായ ലാലിബെലയില്‍ എത്തുന്നവര്‍ക്ക് ഓരോ നിമിഷവും അദ്ഭുതത്തിന്റേതാണ്. ലാസ്റ്റ പർവതനിരകളിലെ ഈ ചെറിയ പട്ടണം രാജ്യത്തെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഇത്യോപ്യൻ ഓർത്തഡോക്സ് ക്രിസ്ത്യാനികളുടെ തീർഥാടന കേന്ദ്രമാണ് ഇവിടം.

എഡി 330 മുതൽ ഔദ്യോഗികമായി ക്രിസ്തുമതം സ്വീകരിച്ച ഇത്യോപ്യ, ലോകത്തിലെ ഏറ്റവും പഴയ ക്രിസ്ത്യൻ രാജ്യമാണെന്ന് അവകാശപ്പെടുന്നു. പല വട്ടം പട്ടിണിയും പരിവട്ടവും രാജ്യത്തെ കാര്‍ന്നുതിന്നിട്ടും അവരുടെ വിശ്വാസം എക്കാലത്തും പാറക്കല്ലു പോലെ ദൃഢമായിരുന്നു. ലാലിബെലയിലെ ഭൂഗര്‍ഭ പള്ളികള്‍ അതിനു തെളിവാണ്. മണ്ണിനടിയില്‍, 40 മുതൽ 50 മീറ്റർ വരെ ആഴത്തിലാണ് പ്രസിദ്ധമായ പള്ളികള്‍ നിര്‍മിച്ചിട്ടുള്ളത്. ദൂരെ നിന്നു നോക്കുമ്പോള്‍ പള്ളികള്‍ അവിടെയുണ്ടെന്നു കാണാനാവില്ല. താഴേക്ക് ഇറങ്ങിപ്പോകുന്ന തീര്‍ഥാടകരെ കാണുമ്പോഴേ പള്ളിയുണ്ടെന്നു മനസ്സിലാവൂ. പള്ളികളുടെ ഉള്‍ഭാഗത്തേക്ക് സൂര്യപ്രകാശം കടത്തിവിടാന്‍, മുകള്‍വശത്ത് കുരിശാകൃതിയിലുള്ള ദ്വാരങ്ങളുണ്ട്‌. ജോർദാൻ നദിക്ക് വടക്കു ഭാഗത്തായി അഞ്ച് പള്ളികളും തെക്ക് ഭാഗത്തായി അഞ്ചു പള്ളികളും, ഒരെണ്ണം സ്വതന്ത്രമായും സ്ഥിതിചെയ്യുന്നു. ഇവയെ തുരങ്കങ്ങളും കിടങ്ങുകളും വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. 

The church of Saint George in lalibela. Image Credit: narvikk/ istockphoto
The church of Saint George in lalibela. Image Credit: narvikk/ istockphoto

ഈ പള്ളികൾ പരമ്പരാഗത രീതിയിൽ നിർമിച്ചതല്ല, വാതിലുകൾ, ജനലുകൾ, തൂണുകൾ, വിവിധ നിലകൾ, മേൽക്കൂരകൾ തുടങ്ങിയവയെല്ലാം പാറയില്‍ കൊത്തിയെടുത്തിരിക്കുന്നു. ഡ്രെയ്‌നേജ് പാത്തികൾ, കിടങ്ങുകൾ, ആചാരപരമായ വഴികൾ എന്നിവയുടെ വിപുലമായ സംവിധാനവുമുണ്ട്. സന്യാസിമാരുടെ ഗുഹകളിലേക്കും ശവകുടീരങ്ങളിലേക്കും തുറക്കുന്ന തുരങ്കങ്ങളുമുണ്ട്. ആരാണ് ഈ പള്ളികള്‍ നിര്‍മിച്ചത് എന്നതിനെച്ചൊല്ലി പല സിദ്ധാന്തങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 12- 13 നൂറ്റാണ്ടുകളില്‍ സാഗ്‌വേ രാജവംശത്തിലെ രാജാവായിരുന്ന ഗെബ്രെ മെസ്‌കെൽ ലാലിബെലയുടെ പേരിലാണ് ഗ്രാമം അറിയപ്പെടുന്നത്. വിശുദ്ധ നഗരമായ ജറുസലമിനെ സ്വന്തം രാജ്യത്ത് പുനര്‍നിര്‍മിക്കാനായി അദ്ദേഹം നിര്‍മിച്ചതാണ് ഈ പള്ളികള്‍ എന്നു പറയപ്പെടുന്നു. 11 പള്ളികള്‍ പണിയാൻ 24 വർഷമെടുത്തു.

പള്ളികള്‍ പണിയാന്‍ ലാലിബെല രാജാവിനെ മാലാഖമാര്‍ സഹായിച്ചു എന്നൊരു വിശ്വാസവുമുണ്ട്. ഒരൊറ്റ രാത്രിയില്‍ പതിനൊന്നു പള്ളികളുടെ പണി പൂര്‍ത്തിയാക്കിയെന്നാണ് കഥ. പള്ളികളുടെ കൂട്ടത്തില്‍, അഞ്ച് ഇടനാഴികളുള്ള ബിയെറ്റ് മേധാനി ആലം ലോകത്തിലെ ഏറ്റവും വലിയ മോണോലിത്തിക്ക് പള്ളിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ബിയെറ്റ് മെർകോറിയോസും ബിയെറ്റ് ഗബ്രിയേൽ റാഫേലും മുമ്പ് രാജകീയ വസതികളായിരുന്നു. ഇവയുടെ ഉള്‍വശം മനോഹരമായ ചുവർചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ലാലിബെല ഗ്രാമത്തിൽ, പള്ളികൾക്കു സമീപത്തായി രണ്ടു നിലകളുള്ള വൃത്താകൃതിയിലുള്ള വീടുകൾ ഉണ്ട്. ചെങ്കല്ലു കൊണ്ടു നിർമ്മിച്ച ഈ വീടുകള്‍ ലാസ്റ്റ ടുകുലുകൾ എന്നറിയപ്പെടുന്നു. 12-ാം നൂറ്റാണ്ട് മുതൽ കോപ്റ്റിക് ക്രിസ്ത്യാനികളുടെ തീർഥാടന കേന്ദ്രങ്ങളാണ് ഇവ. ലാലിബെലയിലെ പള്ളികള്‍ 1978-ൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി. പതിനൊന്നു പള്ളികളില്‍ പലതും നാശത്തിന്‍റെ വക്കിലാണ്. പലവിധ സംരക്ഷണ, പുനരുദ്ധാരണ പദ്ധതികൾ നടപ്പിലാക്കിയെങ്കിലും അവയൊന്നും കാര്യക്ഷമമല്ല.

English Summary:

Saint George church in Lalibela, Northern Ethiopia, Africa.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com