ADVERTISEMENT

കഥകേള്‍ക്കാന്‍ കുട്ടികള്‍ക്കാണ് ഇഷ്ടമെന്നു പറയുമെങ്കിലും കഥകള്‍ പറയേണ്ട പോലെ പറഞ്ഞാല്‍ ഏതു പ്രായക്കാരും കേട്ടിരുന്നുപോവും. രാജ്യാന്തര തലത്തിലുള്ള കഥപറച്ചിലിനും കഥ കേള്‍ക്കാനും പറ്റിയ ഒരു വേദി, അതാണ് ഉദയ്പൂര്‍ ടെയ്ല്‍സ് എന്ന് അറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ സ്റ്റോറി ടെല്ലിങ് ഫെസ്റ്റിവല്‍. പ്രണയം, ചരിത്രം, മിസ്റ്ററി, ഹൊറര്‍, ത്രില്ലര്‍, കവഡ്(രാജസ്ഥാനിലെ കഥപറച്ചില്‍) എന്നിങ്ങനെ പല വിഷയങ്ങളിലും ശൈലിയിലുമുള്ള കഥപറച്ചിലുകാര്‍ ഈ ദിവസങ്ങളില്‍ രാജസ്ഥാനിലേക്കെത്തും. 

Udaipur. Image Credit : MOROZ NATALIYA//shutterstock
Udaipur. Image Credit : MOROZ NATALIYA//shutterstock

ജനുവരി 12, 13, 14 ദിവസങ്ങളിലാണ് ഉദയ്പൂര്‍ ടെയ്ല്‍സ് നടക്കുക. ആ ദിവസങ്ങളില്‍ തടാകങ്ങളുടെ നഗരം കഥയുടെ നഗരമായി മാറും. രാജ്യാന്തര കഥപറച്ചില്‍ ഉത്സവത്തിന്റെ അഞ്ചാം പതിപ്പാണ് ഇത്തവണത്തേത്. 2017ലായിരുന്നു ആദ്യമായി ഉദയ്പൂര്‍ ടെയ്ല്‍സ് നടന്നത്. പിന്നീട് 2018, 2020, 2022, 2023 വര്‍ഷങ്ങളില്‍ ഉദയ്പൂര്‍ ടെയ്ല്‍സ് സംഘടിപ്പിച്ചിരുന്നു. 

'സന്ദര്‍ശകരില്‍ നിന്നും വലിയ പിന്തുണയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. രാജ്യാന്തര തലത്തിലുള്ള വ്യത്യസ്ത ശൈലികളിലുള്ള കഥപറച്ചിലുകാരെ ഇത്തവണ ആദരിക്കുന്നുണ്ട്. ലോകത്തിലെ കഥകള്‍ കേള്‍ക്കാന്‍ അവസരമുള്ള ദിവസങ്ങള്‍ സന്ദര്‍ശകര്‍ക്കു മറക്കാനാവാത്ത അനുഭവം സമ്മാനിക്കും' ഉദയ്പൂര്‍ ടെയ്ല്‍സിന്റെ സഹസ്ഥാപക സുഷ്മി സിന്‍ഹ പറയുന്നു. 

മിത വസിഷ്ഠ്, റബേക്ക ലെമെയര്‍, ഗൗതം അഗര്‍വാള്‍, സൈദ് സഹില്‍ അഗ, ഗൗതം മുഖര്‍ജി, അദാര്‍ ഖുരാന, അസിമ ഭട്ട്, അക്ഷയ് ഗാന്ധി, ഗൗതം അഗര്‍വാള്‍, അഞ്ജന ചന്ദക്, ഹേമ സുബ്രഹ്‌മണ്യന്‍, സിമി ശ്രീവാസ്തവ, അസുതോഷ് പാണ്ഡേ, ഡോ. ഉല്‍ക മയൂര്‍, വിലാസ് ജാന്‍വേ എന്നിങ്ങനെ നിരവധി പേര്‍ കഥപറയാനെത്തും. കഥപറച്ചിലിനൊപ്പം നൃത്ത-സംഗീത വിരുന്നുകളും നടക്കും. പ്രസിദ്ധ നാടോടി സംഗീതജ്ഞനായ രാഗിര്‍, സിയാ നാഥ് എന്നിവരും ഫോക് ഫ്യൂഷന്‍ ബാന്‍ഡുകളായ യുഗം ഉദയ്പൂര്‍ ജയിലിലെ അന്തേവാസികളുടെ സൂഫി സംഗീത കൂട്ടായ്മയായ ഔട്ട് ഓഫ് ദ ബോക്‌സും പരിപാടികള്‍ അവതരിപ്പിക്കും. 

Udaipur India, Image Credit : Ralf Menache/ istockphoto
Udaipur India, Image Credit : Ralf Menache/ istockphoto

തടാകങ്ങളുടേയും കൊട്ടാരങ്ങളുടേയും ഉദയ്പൂര്‍

രാജസ്ഥാനില്‍ ആരവല്ലി മലനിരകളുടെ തെക്കേ ചെരിവിലാണ് ഉദയ്പൂര്‍ സ്ഥിതി ചെയ്യുന്നത്. തടാകങ്ങളുടേയും കൊട്ടാരങ്ങളുടേയും കോട്ടകളുടേയും പേരില്‍ പ്രസിദ്ധമാണ് ഈ രാജസ്ഥാനി പൗരാണിക നഗരം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിര്‍മിത തടാകമായ ജെയ്‌സാമന്ദ് ഉദയ്പൂരിലാണ്. മനോഹരമായ സിറ്റി പാലസും മണ്‍സൂണ്‍ പാലസ് എന്ന പേരില്‍ അറിയപ്പെടുന്ന സജന്‍ഗ്രഹുമെല്ലാം നിര്‍മാണ ഭംഗി കൊണ്ടും പഴക്കം കൊണ്ടുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. ഫത്തേ സാഗര്‍ തടാകം, ജാഗ് മന്ദിര്‍ പാലസ്, ക്രിസ്റ്റല്‍ ഗാലറി, സിറ്റി പാലസ് മ്യൂസിയം, മോട്ടി മാഗ്രി, ഗാര്‍ഡന്‍ ഓഫ് ഫ്രണ്ട്‌സ്, വിന്റേജ് കാര്‍ മ്യൂസിയം, ഗുലാബ് ബാഗ് മൃഗശാല എന്നിങ്ങനെ ഉദയ്പൂരിലെത്തുന്ന സഞ്ചാരികള്‍ക്ക് പോകാന്‍ സ്ഥലങ്ങളേറെയാണ്. 

വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന നാടായതിനാല്‍ ഷോപ്പിങിന് നിരവധി അവസരങ്ങളും ഇവിടെയുണ്ട്. വസ്ത്രങ്ങളും കരകൗശല വസ്ത്രങ്ങളും വാങ്ങാന്‍ ഹാത്തിപോലെ ബസാറുണ്ട്. കൈത്തറി തുണികളും എംബ്രോയിട്ടറി കൊണ്ട് മനോഹരമാക്കിയ തുണികളുമെല്ലാം ലേക്ക് പ്ലേസ് റോഡിലും പുസ്തകങ്ങളും പേഴ്‌സുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ചെരിപ്പും തുണിയുമെല്ലാം ബാപു ബസാറിലും ലഭിക്കും. പാവ് ബാജി, പാനി പുരി, കച്ചോരി, ബ്രഡ് പകോറ, ദാല്‍ ബാട്ടി എന്നിങ്ങനെയുള്ള ഭക്ഷണങ്ങളും ഉദയ്പൂരിലെത്തുമ്പോള്‍ രുചിച്ചു നോക്കാവുന്നതാണ്. 

വര്‍ഷത്തില്‍ എല്ലാക്കാലത്തും ഉദയ്പൂര്‍ സന്ദര്‍ശിക്കാമെങ്കിലും വേനലില്‍ ചൂട് പലര്‍ക്കും അസഹ്യമായി അനുഭവപ്പെടാറുണ്ട്. സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന തണുപ്പു കാലത്ത് പൊതുവേ നല്ല കാലാവസ്ഥയാണ്. ജൂലൈ മുതല്‍ ഫെബ്രുവരി വരെയാണ് മഴക്കാലം. മാര്‍ച്ചു മുതല്‍ ജൂണ്‍ വരെ വേനല്‍ നീളുന്നു. 

മഹാറാണ പ്രതാപ് വിമാനത്താവളം ഉദയ്പൂര്‍ നഗരത്തില്‍ നിന്നും നിന്നും 22 കിലോമീറ്റര്‍ മാത്രം അകലെയാണ്. ഉദയ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ട്രെയിനുകളില്‍ എത്തിച്ചേരാനാവും. രാജസ്ഥാന്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും ഏതാനും ചില സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകളും ഉദയ്പൂരിലുണ്ട്. അപ്പൊ കഥ കേള്‍ക്കാനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്നവര്‍ നേരെ വെച്ചു പിടിച്ചോളൂ ഉദയ്പൂരിലേക്ക്.

English Summary:

All About International Storytelling Festival 'Udaipur Tales'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com