തിരക്ക് ഒഴിവാക്കാം; മൂന്നാറിലേക്കു യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Mail This Article
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. 2006 നു ശേഷം മൂന്നാര്‍ കണ്ട ഏറ്റവും വലിയ സഞ്ചാരികളുടെ തിരക്കാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നാണ് മൂന്നാറിലെ ടൂറിസം ഓപറേറ്റര്‍മാര്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതല്‍ മൂന്നാറില്‍ ആരംഭിച്ച ഗതാഗതക്കുരുക്ക് ഞായറാഴ്ചയായതോടെ പരമാവധിയിലെത്തി. 13 കിമി ദൂരം പിന്നിടാന്‍ മൂന്നാറിലെത്തിയ സഞ്ചാരികള്‍ക്ക് ഏതാണ്ട് 5.5 മണിക്കൂറാണ് എടുത്തത്.
2006 നു ശേഷം മൂന്നാറില്‍ ഏറ്റവും വലിയ സഞ്ചാരികളുടെ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നാണ് ടൂറിസം ഓപറേറ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. നീലക്കുറിഞ്ഞി പൂത്തതായിരുന്നു 2006 ല്‍ മൂന്നാറിലേക്കു സഞ്ചാരികളെ ആകര്‍ഷിച്ചത്. ഇത്തവണ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും സഞ്ചാരികള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയ നടപടിയാണ് മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിച്ചത്. മൂന്നാറിലേക്കു യാത്രയ്ക്കു പദ്ധതിയിടുന്നുണ്ടെങ്കില്‍ തിരക്കില്‍ നിന്നും ഒഴിഞ്ഞ് എങ്ങനെ യാത്ര ആസ്വദിക്കാനാവുമെന്നു നോക്കാം.
തിരക്കൊഴിവാക്കാന്‍
മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് വലിയ തിരക്ക് അനുഭവപ്പെടുന്നതെന്നാണു ടൂറിസ്റ്റ് ഗൈഡുമാര്‍ അറിയിക്കുന്നത്. ഇത് ഒഴിവാക്കിയും നിങ്ങള്‍ക്ക് മൂന്നാര്‍ ആസ്വദിക്കാനാവും. മൂന്നാറില്‍ നിന്നുള്ള ടൂര്‍ ഓപറേറ്റര്‍ ജ്യോതിസ് രാജന് പറയുന്നത് ഇങ്ങനെ 'വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലുമാണ് മൂന്നാറില്‍ കൂടുതല്‍ തിരക്കുള്ളത്. ഇടദിവസങ്ങളില്‍ പൊതുവേ തിരക്ക് കുറവാണ്. കേരളത്തിനു പുറത്തു നിന്നുള്ളവര്‍ക്ക് ഉദുമല്‍പേട്ട റൂട്ട് വഴി മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലേക്കെത്താനാവും. മൂന്നാര്‍ ടൗണില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള ഇവിടെയാണ് വട്ടവട അടക്കമുള്ള പ്രദേശങ്ങള്‍. തിരക്കുള്ള ദിവസങ്ങളിലാണ് യാത്രയെങ്കില്‍ മൂന്നാര്‍ ടൗണിലേക്കു പോവാതെ മൂന്നാറിന്റെ സൗന്ദര്യം ഈ പ്രദേശങ്ങളില്‍ ആസ്വദിക്കാനാവും'
ഇനി നിങ്ങള്‍ കേരളത്തിനുള്ളിലെ യാത്രികരാണെങ്കില്‍ മാങ്കുളം, ചിന്നക്കനാല്‍, ബൈസണ്‍ വാലി, കുഞ്ചിതണ്ണി വഴി വരുന്നതും ഒരു മാര്‍ഗമാണ്. കൊച്ചിയില്‍ നിന്നും വരുന്നവര്‍ക്കു ചിത്രപുരത്തോ രണ്ടാം മൈലിലോ താമസിക്കാവുന്നതാണ്. മൂന്നാര്‍ ടൗണിന്റെ തിരക്കുകളില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണിത്. ഇവിടെ ഹോട്ടലുകളും ഹോംസ്റ്റേകളും നിരവധിയുണ്ട്. കാട്ടിലൂടെയുള്ള സഫാരിക്കും ട്രെക്കിങിനുമുള്ള സാധ്യതകളും മാത്രമല്ല അമ്യൂസ്മെന്റ് പാര്‍ക്ക് വരെ ഇവിടെയുണ്ട്. പവര്‍ഹൗസ് വെള്ളച്ചാട്ടം, ചായത്തോട്ടങ്ങള്‍, ആറ്റുകാട് വെള്ളച്ചാട്ടം, സുഗന്ധ വ്യഞ്ജന തോട്ടങ്ങളും വില്പന ശാലകൾ... എന്നിങ്ങനെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ടെന്നും ടൂര്‍ ഓപറേറ്റര്‍ ജ്യോതിസ് വിശദീകരിക്കുന്നു.
തിരക്കേറിയ സ്ഥലങ്ങള്‍
സഞ്ചാരികളുടെ തിരക്കു കൊണ്ട് പൊറുതി മുട്ടുന്ന മൂന്നാറിലെ ഹോട്ട് സ്പോട്ടുകളേയും അറിഞ്ഞു വയ്ക്കാം. ഇരവികുളം ദേശീയ പാര്‍ക്ക്, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, ടോപ് സ്റ്റേഷന് എന്നിങ്ങനെ മൂന്നാറിലെത്തുന്നവര്‍ ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ തന്നെയാണ് ഈ സീസണിലും വലിയ തിരക്ക് അനുഭവപ്പെടുന്നത്. ഇതേ സ്ഥലങ്ങളില്‍ തന്നെ പ്രവൃത്തി ദിനങ്ങളില്‍ തിരക്കു കുറവാണ്. വണ്‍ ഡേ ട്രിപ്പിനു പകരം ഒരു ദിവസം നേരത്തെ വന്നു താമസിച്ചു പിറ്റേന്നു സ്ഥലങ്ങള്‍ കാണാന്‍ ശ്രമിക്കുന്നതും സഞ്ചാരികള്‍ക്കു തിരക്കില്‍ പെട്ടാലും മൂന്നാര്‍ ആസ്വദിക്കാന്‍ കൂടുതല്‍ സാവകാശം നല്‍കുമെന്നും ജ്യോതിസ് നിര്‍ദേശിക്കുന്നു.