തായ്‌ലൻഡ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? ജലക്ഷാമവും മലിനീകരണവും കൊണ്ടുവലഞ്ഞ് ഈ ദ്വീപുകള്‍
Mail This Article
അതിമനോഹരമായ കടൽത്തീരങ്ങളും മനോഹരമായ കാലാവസ്ഥയും കൊണ്ട്, എക്കാലത്തും സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് തായ്‌ലൻഡ്. എന്നാല്‍, ഏഷ്യയിലുടനീളം ബാധിച്ച ഉഷ്ണതരംഗം തായ്‌ലൻഡിനെയും കീഴടക്കിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്‍റെ അനന്തരഫലമായി പലയിടങ്ങളിലും കടുത്ത ജലക്ഷാമം ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുന്നു.
തെക്കൻ തായ്‌ലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന കോ ഫി ഫി ദ്വീപസമൂഹം വര്‍ഷംതോറും ലക്ഷക്കണക്കിനു സന്ദർശകരെ ആകർഷിക്കുന്നു. ആംഫോ മുവാങ്ങിൽ നിന്നു 42 കിലോമീറ്റർ അകലെ, ആൻഡമാൻ കടലിന്റെ മധ്യത്തിലാണ് കോ ഫി ഫി അല്ലെങ്കിൽ ഫി ഫി ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. നോഫറത് താരാ ബീച്ചിന്റെ ഭാഗമാണിത്. കോ ഫി ഫി ഡോൺ, കോ ഫി ഫിലെ എന്നീ വലിയ രണ്ടു ദ്വീപുകളും സമീപത്തുള്ള കോ യുങ്, കോ മായ് ഫി, കോ പിഡ നോക്, കോ പിഡ എന്നിങ്ങനെ 4 ചെറിയ ദ്വീപുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ചൂടു വല്ലാതെ കൂടിയതോടെ കോ ഫി ഫി ദ്വീപുകളിലെ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു. ജലസംഭരണികൾ ശോഷിക്കുന്നതിനാൽ ദ്വീപുകളിലേക്കുള്ള ജലവിതരണത്തിന്റെ ഉത്തരവാദിത്തമുള്ള സ്വകാര്യ കമ്പനി, അധികം വൈകാതെ സേവനം നിര്‍ത്തിയേക്കും. അങ്ങനെ സംഭവിച്ചാല്‍, പ്രധാന ഭൂപ്രദേശത്തു നിന്നും ഇവിടേക്കു ജലം ഇറക്കുമതി ചെയ്യേണ്ടി വരും.
മാസങ്ങൾ നീണ്ട ജലക്ഷാമം ഹോട്ടൽ ബുക്കിങ്ങിനെ ബാധിച്ചതായാണ് റിപ്പോർട്ട്. ഇവിടേക്കു യാത്ര ചെയ്യുന്നവര്‍ താമസസ്ഥലങ്ങളിൽ ശുദ്ധജലത്തിന്റെ ലഭ്യത മുൻകൂട്ടി പരിശോധിക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വിനോദസഞ്ചാരികള്‍ മുന്നറിയിപ്പു നൽകി. യുഎന്നിന്റെ ലോക കാലാവസ്ഥാ സംഘടന ഉയർത്തിക്കാട്ടുന്നത് പോലെ, ആഗോള ശരാശരിയെ അപേക്ഷിച്ച് ഏഷ്യയിൽ ഉയര്‍ന്ന ചൂടാണ് അനുഭവപ്പെടുന്നത്. കോ ഫി ഫി ദ്വീപിനെ രക്ഷിക്കാന്‍ സുസ്ഥിരമായ പരിഹാരമാര്‍ഗങ്ങള്‍ വേണമെന്നു പ്രാദേശിക ടൂറിസം ഓപ്പറേറ്റർമാർ ആവശ്യപ്പെട്ടു. ഇവിടുത്തെ ജല അടിസ്ഥാന സൗകര്യങ്ങളിൽ ദീർഘകാല നിക്ഷേപത്തിന്റെ ആവശ്യകത അവര്‍ ഊന്നിപ്പറയുന്നു.
തായ്‌ലൻഡ് ഉൾക്കടലിലെ മറ്റൊരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കോ സാമുയിയും സമാനമായ വരണ്ടതും ചൂടുള്ളതുമായ അവസ്ഥയെ അഭിമുഖീകരിക്കുന്നുണ്ട്. തായ്‌ലൻഡിലെ ചുംഫോൺ ദ്വീപസമൂഹത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് കോ സമൂയി. ഫൂകേത്, കോ ചാങ്ങ് എന്നിവ കഴിഞ്ഞാൽ തായ്‌ലൻഡിലെ മൂന്നാമത്തെ വലിയ ദ്വീപായ കോ സമൂയിയില്‍ പ്രധാനമായും ടൂറിസത്തെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഉള്ളത്. മനോഹരമായ ബീച്ചുകളും മലഞ്ചെരിവുകളും തെങ്ങിന്‍തോപ്പുകളും പവിഴപ്പുറ്റുകളുമെല്ലാമായി പ്രകൃതിഭംഗിയാര്‍ന്ന ഇവിടം ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ സഞ്ചാരികളെ വരവേല്‍ക്കുന്നു. ജർമനി, യുകെ, തായ്‌ലൻഡ് എന്നിവിടങ്ങളില്‍ നിന്നാണ് ദ്വീപിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്.
അതേ സമയം, ഫുകേതിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ കോ പ്ലിംങ് ദ്വീപ് ഈയിടെ അടച്ചു. സ്കൂബ ഡൈവിംഗും സ്നോര്‍ക്കലിംഗുമെല്ലാമായി സജീവമായിരുന്ന ഇവിടം, പവിഴപ്പുറ്റുകളുടെ നാശം കാരണമാണ് അടച്ചത്. അമിതടൂറിസം മൂലമുള്ള മലിനീകരണമാണ് ഈ അവസ്ഥയ്ക്ക് കാരണം. കുറച്ചു കാലം ടൂറിസ്റ്റുകളെ അനുവദിക്കാതിരുന്നാല്‍ കാര്യങ്ങള്‍ പഴയപടിയാകും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇതിനിടെ, ഇന്ത്യൻ വിനോദസഞ്ചാരികൾക്കുള്ള വീസ രഹിത പ്രവേശനം തായ്‌ലൻഡ് നവംബർ വരെ നീട്ടിയിരുന്നു. 2027 ഓടെ 80 ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യ, തായ്‌വാൻ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഈ സൗകര്യം ലഭ്യമാകും.