അപകടകരമായ ആകാശച്ചുഴികൾ; ഏറ്റവും സാധ്യതയുള്ള വിമാനപാതകൾ
Mail This Article
ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രയിലായിരുന്നു സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777-300 ഇആര്‍ വിമാനം കഴിഞ്ഞ ദിവസമാണ് ആകാശച്ചുഴിയില്‍ പെട്ടത്. 37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങള്‍ കൊണ്ട് 6,000 അടിയിലേക്കെത്തിയതോടെ വിമാനത്തിലുണ്ടായിരുന്നവരില്‍ പലരും ഇരിപ്പിടങ്ങളില്‍ നിന്നും തെറിച്ചുപോയി. അപകടത്തില്‍ ഒരു യാത്രക്കാരന് ജീവന് നഷ്ടമാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമാനയാത്രകളില്‍ ആകാശചുഴിക്കു സാധ്യത കൂടുതലുള്ള ആകാശ പാതകളുമുണ്ട്. ഇന്ത്യന്‍ നഗരത്തിലേക്കുള്ളത് അടക്കമുള്ള ഇത്തരം വിമാന പാതകളെക്കുറിച്ച് കൂടുതല്‍ അറിയാം.
ആകാശയാത്രക്കിടെ അന്തരീക്ഷത്തിലെ മര്‍ദവ്യത്യാസം മൂലമുള്ള കുലുക്കങ്ങള്‍ സാധാരണയാണ്. പൊതുവില്‍ ഇത്തരം സാഹചര്യം മുന്‍കൂട്ടി കണ്ടു ക്യാപ്റ്റന്‍ യാത്രികര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. എന്നാല്‍ ചിലപ്പോഴെങ്കിലും ഇങ്ങനെയൊരു അപകടം മുന്‍കൂട്ടി കാണാന്‍ സാധിച്ചെന്നു വരില്ല. അത്തരം ഒരു സാഹചര്യമാണ് സിംഗപ്പൂര്‍ എയര്‍ലൈനിലെ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. മുന്നറിയിപ്പു ലഭിക്കാത്തതിനാല്‍ സീറ്റ് ബെല്റ്റു ധരിക്കാതിരുന്നതിനാല്‍ യാത്രികര്‍ വിമാനത്തിനുള്ളില്‍ പറന്നു നടക്കുന്ന നില വന്നു.
യാത്രികര്‍ എതാനും നിമിഷങ്ങള്‍ മരണത്തെ മുന്നില്‍ കാണുകയായിരുന്നു. ബ്രിട്ടീഷ് പൗരനായ 73കാരന് ഹൃദയാഘാതത്തെ തുടര്‍ന്നു മരണപ്പെടുകയും 31 യാത്രികര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. വിമാനത്തിന്റെ ഉള്ളില്‍ ഭക്ഷണവും മറ്റു വസ്തുക്കളും ഓക്സിജന്‍ മാസ്കുകളുമെല്ലാം പുറത്തേക്കു തള്ളിയ നിലയിലുള്ള ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തായ്ലാന്ഡിനു മുകളില്‍ വച്ചുണ്ടായ അപകടത്തെ തുടര്‍ന്നു വിമാനം ബാങ്കോക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കുകയും ചെയ്തു.
ആകാശ ചുഴിക്കു സാധ്യതയുള്ള വിമാന പാതകള്‍ പലതുണ്ട്. ഇതില്‍ ഏറ്റവും അപകടം ചിലിയിലെ സാന്റിയാഗോ മുതല്‍ ബൊളീവിയയിലെ സാന്റ ക്രൂസ് വരെയുള്ള പാതയാണ്. ആകാശത്തുള്ള വ്യത്യസ്ത വേഗതയിലുള്ള വായു പ്രവാഹങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുന്ന പ്രദേശത്തുകൂടെ കടന്നു പോവുമ്പോഴാണ് ആകാശ ചുഴി സംഭവിക്കുന്നത്. ചുഴലിക്കാറ്റിന്റെ സാന്നിധ്യവും ചില പ്രത്യേകതരം മേഘങ്ങളും മലകളുമെല്ലാം ആകാശ ചുഴിക്കു കാരണമാവാറുണ്ട്.
സാന്റിയാഗോ- സാന്റ ക്രൂസ് പാതയിലെ ആകാശ ചുഴിക്കു പിന്നില്‍ പസഫിക് സമുദ്രത്തില്‍ നിന്നും അറ്റ്ലാന്റിക് സമുദ്രത്തിലേക്കു വീശുന്ന കാറ്റുകളാണ്. ആന്‍ഡസ് പര്വതനിരക്കു ലംബദിശയിലാണ് ഈ കാറ്റ് വീശുന്നതെന്നതെന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഭൂമധ്യരേഖയോടു ചേര്‍ന്നുള്ള പ്രദേശങ്ങളും ആകാശ ചുഴിക്കു സാധ്യതയുള്ളവയാണ്. ഇവിടങ്ങളില്‍ കണ്ടു വരുന്ന ശക്തമായ മുകളിലേക്കുള്ള വാതകപ്രവാഹങ്ങളും മിന്നലുകളും ആകാശ ചുഴിക്കു കാരണമാവാറുണ്ട്. പര്‍വതങ്ങള്‍ കാരണമാണ് ജപ്പാനിലേക്കുള്ള യാത്രകള്‍ ആകാശചുഴികള് നിറഞ്ഞതാവുന്നത്.
ലോകത്തെ ഏറ്റവും അപകടം പിടിച്ച ആകാശ ചുഴി നിറഞ്ഞ പാതകളില്‍ മുന്നില്‍ ടോക്കിയോ ഉണ്ട്. ഏറ്റവും കൂടിയ ആകാശ ചുഴി സാധ്യതയുള്ള ദീര്‍ഘദൂര വിമാന പാതകളില്‍ ആദ്യത്തെ മൂന്നെണ്ണം ടോക്കിയോ- കാഠ്മണ്ഡു, ടോക്കിയോ- ന്യൂഡല്‍ഹി, ടോക്കിയോ – ധാക്ക എന്നിവയാണ്. ടോക്കിയോയിലേക്കുള്ള യാത്രയില്‍ മാത്രമാണ് ഈ അപകട സാധ്യതാ പട്ടികയില്‍ ഇന്ത്യന്‍ നഗരത്തിന്റെ സാന്നിധ്യമുള്ളത്.
ആകാശ ചുഴി കൂടുതലുളള വിമാന റൂട്ടുകളില്‍ ഏഷ്യയില്‍ നിന്നുള്ള വിമാന പാതകളും മുന്നിലുണ്ട്. കസാക്കിസ്ഥാനിലെ അല്‍മാട്ടി- കിര്‍ഗിസ്ഥാനിലെ ബിഷ്കേക്, ചൈനയിലെ ലാന്‍സൗ- ചൈനയിലെ ചെങ്കുഡു, ജപ്പാനിലെ സെന്‍ട്രയര്‍-ജപ്പാനിലെ സെന്‍ഡായ് എന്നീ ഏഷ്യന്‍ വിമാന പാതകളിലാണ് ആകാശ ചുഴി അപകട സാധ്യത കൂടുതല്‍.
യൂറോപ്പിലേക്കു വന്നാല്‍ ഇറ്റലിയിലെ മിലാനിലേക്കും സ്വിറ്റ്സര്‍ലണ്ടിലെ സൂറിച്ചിലേക്കുമുള്ള യാത്രകള്‍ക്കിടയിലാണു കൂടുതല്‍ ആകാശ ചുഴി അപകട സാധ്യതയുള്ളത്. മിലാന്-ജനീവ, മിലാന്-സൂറിച്ച്, ജനീവ-സൂറിച്ച് എന്നീ പാതകളിലെ യാത്രകളിലാണ് ആകാശ ചുഴി സാധ്യത കൂടുതല്‍. വടക്കേ അമേരിക്കയിലേക്കുവന്നാല് നാഷ്വില്ല- ഡര്‍ഹാം, ഷാലറ്റ്- പിറ്റ്സ്ബര്‍ഗ്, ഡെന്‍വര്‍- മെക്സിക്കോയിലെ പ്യൂവെറ്റോ വല്ലാറ്റ എന്നീ വിമാന റൂട്ടുകളിലാണ് ആകാശ ചുഴി അപകട സാധ്യത കൂടുതലുള്ളത്.