‘അന്ന് വെല്ലുവിളിച്ചപ്പോൾ ഇത്ര ഓർത്തു കാണില്ല’, മാലദ്വീപിലേക്ക് എത്തുന്ന ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്
Mail This Article
എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാൻ കഴിയില്ലെന്നാണ് പഴമൊഴി. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് എറിഞ്ഞ കല്ല് തിരിച്ചെടുക്കാൻ പറ്റുമായിരിക്കും. എന്നാൽ, പറഞ്ഞ വാക്ക് ഒരു കാലത്തും തിരിച്ചെടുക്കാൻ കഴിയില്ല. അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിയും വരും. മാലദ്വീപിന്റെ സന്തോഷം നഷ്ടപ്പെടാൻ കാരണമായതും ഇത്തരമൊരു വാക്കാണ്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് എതിരെ വിദ്വേഷ പരാമർശം നടത്തിയപ്പോൾ ഇന്ത്യക്കാരിൽ നിന്ന് ഇങ്ങനെയൊരു തിരിച്ചടി മാലദ്വീപ് പ്രതീക്ഷിച്ച് കാണില്ല. ഫലമോ ഇന്ത്യയിൽ നിന്ന് മാലദ്വീപിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്.
2024 ലെ ആദ്യത്തെ നാലു മാസത്തെ കണക്ക് എടുക്കുകയാണെങ്കിൽ ഇന്ത്യയിൽ നിന്ന് മാലദ്വീപിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ 42.2 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞവർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കുറവ്. ഇന്ത്യയ്ക്കെതിരെ മാലദ്വീപ് നടത്തിയ പരാമർശങ്ങൾ ഇന്ത്യക്കാർ അത്ര നിസ്സാരമായിട്ടല്ല കണ്ടതെന്ന് വെളിവാക്കുന്നതാണ് ഈ കണക്കുകൾ. നയതന്ത്ര മേഖലയിലെ പ്രശ്നങ്ങളാണ് വിനോദസഞ്ചാര മേഖലയെയും ബാധിച്ചത്. പരമ്പരാഗതമായി മാലദ്വീപിലേക്ക് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നത് ഇന്ത്യയിൽ നിന്ന് ആയിരുന്നു. എന്നാൽ, ഇന്ത്യയ്ക്കെതിരെ മാലദ്വീപ് ഭരണാധികാരി വിവാദ പരാമർശം നടത്തിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.
2024 തുടക്കത്തിൽ ആയിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ച് മാലദ്വീപിൽ ഉയർന്ന റാങ്കിലുള്ള ചില ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തിയത്. തുടർന്ന് ഇന്ത്യ മാലദ്വീപിന് എതിരെ ക്യാംപയിൻ ആരംഭിച്ചു. വിനോദസഞ്ചാര കാര്യങ്ങൾക്കായി ഇന്ത്യക്കാർ മാലദ്വീപിലേക്ക് പോകരുത് എന്നതായിരുന്നു പ്രധാന ക്യാംപെയ്ൻ.
2023 ജനുവരിയിൽ 18,612 ഇന്ത്യൻ വിനോദസഞ്ചാരികളായിരുന്നു മാലദ്വീപിൽ എത്തിയത്. എന്നാൽ, 2024 ജനുവരിയിൽ ഇത് 15,003 ആയി കുറഞ്ഞു. മാലദ്വീപ് വിനോദസഞ്ചാര മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ജനുവരി മാസത്തിൽ മാത്രം ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളിൽ 19.4 ശതമാനം കുറവാണ് വന്നിരിക്കുന്നത്. തുടർന്നുള്ള മാസങ്ങളിലും വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള ഈ ഇടിവ് തുടർന്നു. 2023 ഫെബ്രുവരിയിൽ 19,497 ഇന്ത്യൻ വിനോദസഞ്ചാരികൾ ആയിരുന്നു മാലദ്വീപിൽ എത്തിയതെങ്കിൽ 2024ൽ അത് 11,522 ആയി കുറഞ്ഞു. 40.9 ശതമാനം കുറവ്. മാർച്ചിൽ 54 ശതമാനവും ഏപ്രിലിൽ 55.6 ശതമാനവും കുറവ് ആണ് സംഭവിച്ചത്. തൽഫലമായി നിലവിൽ മാലദ്വീപിന്റെ ടൂറിസ്റ്റ് മാർക്കറ്റിൽ ആറാം സ്ഥാനത്തേക്ക് ഇന്ത്യ വീണു.
ചൈന, റഷ്യ, ഇംഗ്ലണ്ട്, ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയെ കടത്തിവെട്ടി മുന്നിലേക്ക് എത്തിയത്. ഇന്ത്യൻ വിനോദസഞ്ചാരികളിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും ഈ വർഷം ഏപ്രിൽ വരെ മാലദ്വീപ് 772,651 സഞ്ചാരികളെ സ്വീകരിച്ചു കഴിഞ്ഞു. നിലവിൽ ചൈനയാണ് ഈ ദ്വീപു രാജ്യത്തിന്റെ ഏറ്റവും വലിയ ടൂറിസം മാർക്കറ്റ്.
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപു രാജ്യം സഞ്ചാരികളെ ആകർഷിക്കുന്നത് ഇതിന്റെ പ്രകൃതിഭംഗി കൊണ്ടും മനോഹരമായ കടൽത്തീരങ്ങൾ കൊണ്ടുമാണ്. വെള്ളത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന വില്ലകളും ലോക നിലവാരത്തിലുള്ള റിസോർട്ടുകളും മറ്റൊരു ആകർഷണമാണ്. ദക്ഷിണേഷ്യൻ, അറബ്, ആഫ്രിക്കൻ സംസ്കാരങ്ങളുടെ സ്വാധീനം മാലദ്വീപിന്റെ ഭക്ഷണത്തിലും സംഗീതത്തിലും കലയിലും ദൃശ്യമാണ്.
സഞ്ചാരികളെ ആകർഷിക്കാൻ റോഡ് ഷോ
സഞ്ചാരികളെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ റോഡ് ഷോയുമായി മാല്‍ദീവ്‌സ് അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്‌സ് ആന്റ് ടൂര്‍ ഓപറേറ്റേഴ്‌സ്(MATATO). 2023ല്‍ മാലദ്വീപിലേക്കെത്തിയ സഞ്ചാരികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരായിരുന്നെങ്കില്‍ ഏപ്രില്‍ പത്തിലെ കണക്കുകള്‍ പ്രകാരം മാലദ്വീപിലേക്കെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്കിറങ്ങിയിരുന്നു. ഇതോടെയാണ് മാലദ്വീപ് ഇന്ത്യന്‍ നഗരങ്ങളില്‍ പ്രചാരണം നടത്താന്‍ തീരുമാനിക്കുന്നത്. MATATO പ്രതിനിധികള്‍ മാലദ്വീപിലെ മാലദ്വീപ് ഹൈക്കമ്മീഷണറുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോ നടത്താന്‍ തീരുമാനിച്ചത്.
ചൈനീസ് സഞ്ചാരികളുടെ എണ്ണം കൂടി
ഇന്ത്യക്കാരായ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായെങ്കില്‍ മാലദ്വീപിലേക്കുള്ള ചൈനീസ് സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. 2024 മാര്‍ച്ചില്‍ 13,608 ചൈനീസ് വിനോദ സഞ്ചാരികളാണ് മാലദ്വീപിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് 78.6 ശതമാനത്തിന്റെ വളര്‍ച്ചയാണിത് രേഖപ്പെടുത്തിയത്. നിലവില്‍ മാലദ്വീപിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത് ചൈനയില്‍ നിന്നാണ്. ഡിസംബര്‍ 2023 വരെ ഇന്ത്യക്കാരായിരുന്നു ഒന്നാമത്. 2024 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം മാലദ്വീപിലേക്കെത്തിയ സഞ്ചാരികളുടെ രാജ്യം തിരിച്ചുള്ള കണക്കില്‍ റഷ്യയാണ് രണ്ടാമത്. യു.കെ, ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലേക്കെത്തി.
2023 നവംബറില്‍ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി എത്തിയതോടെയാണ് ഇന്ത്യയുമായുള്ള നയതന്ത്ര പ്രതിസന്ധി ആരംഭിക്കുന്നത്. ഇന്ത്യയേക്കാള്‍ ചൈനയുമായി കൂടുതല്‍ അടുക്കാനാണ് മുയിസു ശ്രമിച്ചത്. മേയ് പത്തിനകം മാലദ്വീപിലുള്ള ഇന്ത്യന്‍ സൈനികരെ പൂര്‍ണമായും പിന്‍വലിക്കണമെന്നും മുയിസു ആവശ്യപ്പെട്ടിരുന്നു. മൂന്ന് വ്യോമതാവളങ്ങളിലായി 88 ഇന്ത്യന്‍ സൈനികരാണ് മാലദ്വീപിലുള്ളത്.