അർത്തുങ്കൽ നിന്നു ഗുജറാത്തിലേക്ക്, ഒരു കടലോര സൈക്കിൾയാത്ര; 4800 കിലോമീറ്റർ
Mail This Article
വലവീശുന്ന കൈകളിൽ ഹാൻഡിൽ, വള്ളത്തിനു പകരം സൈക്കിൾ, അറബിക്കടലിനു പകരം പടിഞ്ഞാറൻ തീരം... അർത്തുങ്കലിലെ മത്സ്യത്തൊഴിലാളിയായ ആന്റണി കുരിശിങ്കൽ നീണ്ട സൈക്കിൾ യാത്രയിലാണ്. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരം മുഴുവൻ ചുറ്റുന്ന രണ്ടുമാസം നീളുന്ന, ഏകദേശം 4800 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര. യാത്രയുടെ അവസാനഘട്ടമായി കന്യാകുമാരി മുതൽ അർത്തുങ്കൽ വരെയുള്ള 300 കിലോമീറ്ററോളം യാത്ര അടുത്ത ദിവസം ആരംഭിക്കും.
ഏപ്രിൽ മൂന്നിനാണ് അർത്തുങ്കലിൽ നിന്നു യാത്ര തുടങ്ങിയത്. കേരളത്തിൽ തീരദേശ റോഡിലൂടെയായിരുന്നു ആദ്യം യാത്ര. ഹാർബറുകളിലും ഫിഷ് ലാൻഡിങ് കേന്ദ്രങ്ങളിലും മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചും അവരുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞും കടലിനെ സംരക്ഷിക്കണമെന്ന സന്ദേശം പങ്കുവച്ചുമായിരുന്നു യാത്ര.
തയാറെടുപ്പ്
പണ്ടു മുതലേ സൈക്കിളാണു പ്രധാന വാഹനമെങ്കിലും ദൂരയാത്രയ്ക്കായി ഒരുമാസം മുൻപേ പരിശീലനം തുടങ്ങി. ദിവസവും 30 കിലോമീറ്ററിലധികം സഞ്ചരിച്ചു കായികക്ഷമത ഉറപ്പാക്കി. ഒരു പുതിയ സൈക്കിളും വാങ്ങി.
അർത്തുങ്കലിൽ നിന്നു തുടങ്ങിയ യാത്ര ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ തീര അതിർത്തിയായ നാരായൺ സരോവർ വരെ എത്തി. അവിടെ നിന്നു ട്രെയിനിൽ തിരുനെൽവേലിയിലേക്ക്. തുടർന്നു കന്യാകുമാരി മുതൽ അർത്തുങ്കൽ വരെ കൂടി സൈക്കിൾ ചവിട്ടി യാത്ര പൂർത്തിയാക്കാനാണു പദ്ധതി.
കടൽ സംരക്ഷിക്കണം
25 വർഷത്തിലധികമായി മത്സ്യത്തൊഴിലാളിയായ ആന്റണി സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറിയാണ്. കടലും തീരവും സംരക്ഷിക്കുക എന്ന ആശയവുമായാണു യാത്ര നടത്തുന്നത്. കടലവകാശ സന്ദേശയാത്ര എന്നാണു യാത്രയ്ക്കു പേര്. ഓരോ സ്ഥലത്തും മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലെ ലഘുലേഖകൾ വിതരണം ചെയ്തു. അവിടങ്ങളിലെ മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയവും നടത്തി.
മറ്റു സംസ്ഥാനങ്ങളിൽ നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം സ്വീകരണവും നൽകിയിരുന്നു. ഇന്ധന പമ്പുകളിലും ധാബകളിലും മത്സ്യത്തൊഴിലാളികളുടെ വീടുകളിലുമാണു രാത്രി തങ്ങിയത്.
മത്സ്യത്തൊഴിലാളി സുഹൃത്തുക്കളും ബന്ധുക്കളും പിന്തുണയുമായി ഒപ്പം നിന്നതോടെ നീണ്ട യാത്രയ്ക്കു തുടക്കമായി. മാർച്ചു മുതൽ തീരെ വരുമാനമില്ലാത്ത സീസൺ കണക്കാക്കിയാണു യാത്ര നടത്തുന്നത്.
അന്ധകാരനഴി കുരിശിങ്കൽ വീട്ടിൽ ആന്റണി അമ്മ ത്രേസ്യാമ്മയ്ക്കും തന്റെ സഹോദരങ്ങൾക്കും ഒപ്പമാണു താമസം.