ADVERTISEMENT

ഇനി ഒരു ടിക്കറ്റില്‍ ഒന്നിലേറെ സ്ഥലങ്ങളിലേക്കു സഞ്ചാരികള്‍ക്കു പോകാം, ഇന്ത്യയ്ക്കും ജപ്പാനും ഇടയിലുള്ള യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ എയര്‍ ഇന്ത്യയും എയര്‍ നിപ്പോണ്‍ എയര്‍വേസും(ANA) സഹകരിക്കുന്നു. ഇനി മുതല്‍ ഒരു ടിക്കറ്റില്‍ ഇരു രാജ്യങ്ങളിലേയും ഒന്നിലേറെ സ്ഥലങ്ങളിലേക്കു സഞ്ചാരികള്‍ക്കു പോകാം. എയര്‍ ഇന്ത്യയും ഓള്‍ നിപ്പോണ്‍ എയര്‍വേസും കോഡ് ഷെയര്‍ കരാറിലെത്തിയതോടെണ് ഇത് സാധ്യയാമാവുന്നത്. 

ഏപ്രില്‍ 23 ന് പ്രഖ്യാപിച്ച ഈ പദ്ധതി മേയ് 23 മുതല്‍ പ്രാവര്‍ത്തികമാവും. എയര്‍ ഇന്ത്യയിലോ എഎന്‍എയിലോ യാത്രചെയ്യുന്നവര്‍ക്ക് ഒറ്റ ടിക്കറ്റില്‍ ഒന്നിലേറെ ലക്ഷ്യങ്ങളിലേക്കെത്താനാവും. വ്യോമയാന മേഖലയില്‍ പൊതുവെ കണ്ടുവരുന്ന രീതിയാണ് കോഡ് ഷെയര്‍ എഗ്രിമെന്റ്. ഒന്നിലേറെ എയര്‍ലൈനുകള്‍ക്കു പരസ്പരം സഹകരിച്ചുകൊണ്ടു യാത്രികരെ കൊണ്ടുപോവാന്‍ സഹായിക്കുന്ന രീതിയാണിത്. എയര്‍ലൈനുകള്‍ പരസ്പരം എയര്‍ലൈന്‍ കോഡുകളും ഫ്‌ളൈറ്റ് നമ്പറുകളും പങ്കുവയ്ക്കും. പുതിയ റൂട്ടുകളിലേക്കു സേവനം വ്യാപിപ്പിക്കുന്നതിനും ചെലവു കുറയ്ക്കുന്നതിനും ഈ സഹകരണം വഴി എയര്‍ലൈനുകള്‍ക്കു സാധിക്കുന്നു. 

Image Credit : franckreporter/istockphoto
Image Credit : franckreporter/istockphoto

യാത്രികര്‍ക്കു കൂടുതല്‍ വിപുലമായ സാധ്യതകള്‍ തുറന്നിടുന്നതാണ് പുതിയ സഹകരണമെന്ന് എയര്‍ ഇന്ത്യ ചീഫ് കൊമേഴ്‌സ്യല്‍ ആൻഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പ്രതികരിച്ചു. ഈ പദ്ധതിക്കു കീഴില്‍ യാത്ര ചെയ്യുന്നവര്‍ക്കു ലോഞ്ച് ആക്‌സസ്, പ്രയോരിറ്റി ബോര്‍ഡിങ് എന്നിങ്ങനെയുള്ള പ്രീമിയം സൗകര്യങ്ങളും ലഭ്യമാക്കും. സാധാരണഗതിയില്‍ ഇത് എയര്‍ലൈനുകളുടെ പ്രീമിയം അംഗങ്ങള്‍ക്കു മാത്രമാണ് ലഭ്യമാവുക. എയര്‍ ഇന്ത്യയും എഎന്‍എയും സഹകരിച്ചുള്ള വിമാന റൂട്ടുകളിലേക്കുള്ള ടിക്കറ്റുകള്‍ ഏപ്രില്‍ 23 മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്. 

Biei, Japan. Photo : thanyarat07/istockphoto
Biei, Japan. Photo : thanyarat07/istockphoto

പുതിയ കരാര്‍ പ്രകാരം ടോക്യോ ഹനേഡാ- ഡല്‍ഹി, ടോക്യോ നരിത - മുംബൈ തുടങ്ങിയ എഎന്‍എ വിമാനങ്ങളില്‍ എയര്‍ ഇന്ത്യയുടെ എഐ ഡെസിഗ്നേറ്റര്‍ കോഡും ഉപയോഗിക്കും. തിരിച്ച് എയര്‍ ഇന്ത്യയുടെ ടോക്യോ നരിത- ഡല്‍ഹി ഫ്‌ളൈറ്റുകളില്‍ എഎന്‍എയുടെ എന്‍എച്ച് ഡെസിഗ്നേറ്റര്‍ കോഡും ഉള്‍പ്പെടുത്തും. കൂടുതല്‍ റൂട്ടുകളിലേക്ക് സഹകരണം വിപുലപ്പെടുത്താന്‍ എയര്‍ ഇന്ത്യക്കും എഎന്‍എക്കും പദ്ധതിയുണ്ട്. 

സവിശേഷമായ പാരമ്പര്യവും ചരിത്രവും പ്രകൃതിഭംഗിയും വഴി ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന നാടാണ് ജപ്പാന്‍. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട വിദേശരാജ്യങ്ങളില്‍ മുന്നിലുണ്ട് ജപ്പാന്‍. അവിടുത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ക്യോട്ടോയാണ്. മനോഹരമായ ക്ഷേത്രങ്ങളും പരമ്പരാഗത വീടുകളും മുളങ്കാടുകളുമെല്ലാം ക്യോട്ടോയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 

Japan. Image Credit : anek.soowannaphoom /shutterstock
Japan. Image Credit : anek.soowannaphoom /shutterstock

ലോകത്തെ തന്നെ ഏറ്റവും ആകര്‍ഷകമായ തലസ്ഥാന നഗരങ്ങളിലൊന്നാണ് ടോക്യോ. ആധുനിക ജീവിതങ്ങളും തിരക്കേറിയെ തെരുവുകളും മാര്‍ക്കറ്റുകളും ഇംപീരിയല്‍ പാലസ്, സെന്‍സോ ജി ക്ഷേത്രം എന്നിങ്ങനെയുള്ള ചരിത്രകേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന നഗരം. ടോക്യോയിലെ സ്ട്രീറ്റ് ഫുഡും രാത്രി ജീവിതവും ഒസാക കോട്ടയും യൂനിവേഴ്‌സല്‍ സ്റ്റുഡിയോസ് ജപ്പാനുമെല്ലാം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 

കോഡ്‌ഷെയര്‍ കരാര്‍

എയര്‍ലൈനുകള്‍ തമ്മിലുള്ള സഹകരണമാണ് കോഡ്‌ഷെയറിങ് വഴി ഉദ്ദേശിക്കുന്നത്. കരാറിലെത്തുന്ന എയര്‍ലൈനിന്റെ ചില റൂട്ടുകളിലെ ടിക്കറ്റുകള്‍ വില്‍ക്കാന്‍ തയ്യാറാവുന്ന രീതിയാണിത്. ഇതുവഴി യാത്രികര്‍ കൂടുതല്‍ എളുപ്പത്തില്‍ ഒന്നിലേറെ ലക്ഷ്യങ്ങളിലേക്കു സഞ്ചരിക്കാനും എയര്‍ലൈനുകള്‍ക്കു കൂടുതല്‍ യാത്രികരെ ആകര്‍ഷിക്കാനും സാധിക്കുന്നു. 

യാത്രികര്‍ക്ക് ടിക്കറ്റിങ്, ചെക്ക് ഇന്‍, ബാഗേജ് കൈമാറ്റം എന്നിവ സംയോജിപ്പിക്കാന്‍ ഇതുവഴി സാധിക്കും. കോർപറേറ്റീവ് നിരക്കുകളുടെ പ്രയോജനവും ഇതുവഴി യാത്രികര്‍ക്ക് ലഭിക്കും. ഇന്ന് പ്രമുഖ എയര്‍ലൈനുകള്‍ക്കും മറ്റ് എയര്‍ലൈനുകളുമായി കോഡ് പങ്കിടല്‍ പങ്കാളിത്തമുണ്ട്. സര്‍വീസുകളില്ലാത്ത മേഖലകളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ ഇതുവഴി എയര്‍ലൈനുകള്‍ക്ക് സാധിക്കും.

English Summary:

Experience India and Japan on a Single Ticket with Air India and ANA's New Partnership.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com