മധ്യപ്രദേശ് യാത്ര, ഇനി എയര്‍ ടാക്സിയിലും സഞ്ചരിക്കാം
Mail This Article
മധ്യപ്രദേശിലേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഇനി എയര്‍ ടാക്‌സിയും ആസ്വദിക്കാം. ജൂണ്‍ 9 മുതലാണ് മധ്യപ്രദേശില്‍ എയര്‍ ടാക്‌സി സേവനങ്ങള്‍ ആരംഭിച്ചത്. പിഎം ശ്രി പര്യാതന്‍ വായു സേവയുടെ ഭാഗമായാണ് മധ്യപ്രദേശ് സംസ്ഥാനത്തിനുള്ളില്‍ എയര്‍ ടാക്‌സിയില്‍ സഞ്ചരിക്കാനുള്ള അവസരം ലഭിക്കുന്നത്. വൈകാതെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് എയര്‍ ടാക്‌സി സംവിധാനം വ്യാപിപ്പിക്കാന്‍ വ്യോമയാന മന്ത്രാലയത്തിനു പദ്ധതിയുണ്ട്.
മധ്യപ്രദേശ് സമ്പന്നമായ സാംസ്‌ക്കാരിക പൈതൃകം കൊണ്ടും നിര്‍മിതികള്‍ കൊണ്ടും പ്രകൃതിഭംഗികൊണ്ടും സമ്പന്നമാണ്. എയര്‍ ടാക്‌സികള്‍ കൂടി വരുന്നതോടെ മധ്യപ്രദേശിനുള്ളില്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ വിനോദ സഞ്ചാരികള്‍ക്കു സാധിക്കുകയും ചെയ്യും. ഭോപ്പാല്‍, ഉജ്ജയിന്‍, ഗ്വാളിയോര്‍, ഇന്‍ഡോര്‍, ഖജുരാഹോ, ജബല്‍പൂര്‍ എന്നിങ്ങനെയുള്ള പ്രസിദ്ധമായ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് എളുപ്പം എത്താനാവും. യാത്രാ സമയം കുറയുമെന്നതുകൊണ്ടുതന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ മധ്യപ്രദേശിലെ കൂടുതല്‍ സ്ഥലങ്ങള്‍ കാണാനുള്ള അവസരവും സഞ്ചാരികള്‍ക്കു ലഭിക്കും.
പരിധികളില്ലാത്ത യാത്രാ അനുഭവമാണ് സഞ്ചാരികള്‍ക്കു പുതിയ സേവനം സമ്മാനിക്കുകയെന്നു മധ്യപ്രദേശ് ടൂറിസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പൂര്‍, രെവ, ഉജ്ജയിന്‍, ഗ്വാളിയോര്‍, ഖജുരാഹോ എന്നിവിടങ്ങളിലേക്ക് എയര്‍ ടാക്‌സി സേവനം ഉണ്ടായിരിക്കും. കൂടുതല്‍ കാര്യക്ഷമമായും എളുപ്പത്തിലും ഈ സ്ഥലങ്ങളിലേക്കും അടുത്തുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കും സഞ്ചാരികള്‍ക്ക് എയര്‍ ടാക്‌സി വഴി എത്തിച്ചേരാനാവും.
യാത്ര പോവുന്ന സ്ഥലവും ദൂരവും അനുസരിച്ചാണ് നിരക്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഭോപാല്‍-ജബല്‍പൂര്‍ റൂട്ടില്‍ ഏകദേശം 9,000 രൂപയാണ് ടിക്കറ്റിന് ഈടാക്കുക. അതേസമയം ഭോപാല്‍- ഖജുരാഹോ റൂട്ടിലേക്കെത്തിയാല്‍ ഇത് 15,000 രൂപയിലേക്കുയരുകയും ചെയ്യും. ബജറ്റിന് അനുസരിച്ച് യാത്രികര്‍ക്ക് സീറ്റ് ഷെയറിങ് ഓപ്ഷൻ അല്ലെങ്കിൽ പ്രൈവറ്റ് ചാര്‍ട്ടര്‍ ബുക്കിങ് തിരഞ്ഞെടുക്കാം.
ചരിത്രവും സംസ്‌ക്കാരവും ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രദേശമാണ് മധ്യപ്രദേശ്. സാഞ്ചി സ്തൂപം, ഖജുരാഹോ ക്ഷേത്രങ്ങള്‍, ബെഡാഗട്ടിലെ മാര്‍ബിള്‍ പാറകള്‍ എന്നിങ്ങനെ വ്യത്യസ്ത കാഴ്ചകള്‍ മധ്യപ്രദേശിലുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലേക്കും പ്രകൃതി ഭംഗിയിലേക്കും വിരല്‍ ചൂണ്ടുന്ന നിരവധി കാര്യങ്ങള്‍ മധ്യപ്രദേശിലെ ഈ സഞ്ചാര കേന്ദ്രങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. എയര്‍ ടാക്‌സിയുടെ വരവോടെ സംസ്ഥാനത്തെ ടൂറിസം കൂടുതല്‍ വളരുമെന്നാണ് പ്രതീക്ഷ.
മധ്യപ്രദേശിലെ എയര്‍ ടാക്‌സിക്കൊപ്പം ഇന്ത്യയിലെ നഗരങ്ങളിലെ വ്യോമ ഗതാഗതം വര്‍ധിപ്പിക്കുന്ന പദ്ധതിയെക്കുറിച്ചും വ്യോമയാന മന്ത്രാലയം സൂചനകള്‍ നല്‍കി. 2026 ആവുമ്പോഴേക്കും രാജ്യത്താകെ എയര്‍ ടാക്‌സി സര്‍വീസുകള്‍ തുടങ്ങുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിരവധി സാങ്കേതിക കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സവിശേഷ ശ്രദ്ധ ലഭിച്ച പദ്ധതികളിലൊന്നാണിത്.
നഗരങ്ങളിലും സംസ്ഥാനങ്ങള്‍ക്കകത്തുമുള്ള യാത്രയുടെ രീതികള്‍ മാറ്റുന്നതിന് എയര്‍ ടാക്‌സികളുടെ വരവ് സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ദൂരം അനായാസം മറികടക്കാനാവുമെന്നതു വലിയ സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്. സമീപഭാവിയില്‍ തന്നെ ഇത് സഞ്ചാരത്തിന്റെ ജനപ്രിയ രീതിയാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഒരേ സമയം അടിസ്ഥാന സൗകര്യവികസനവും വിനോദസഞ്ചാര രംഗത്തിന്റെ പുരോഗതിയും ഇത്തരം പദ്ധതികള്‍ വഴി കൈവരിക്കാനാവും.