ADVERTISEMENT

മൗറീഷ്യസ് അടക്കമുള്ള സ്ഥലങ്ങളിലേക്കാണ് ഇന്‍ഡിഗോ പുതുതായി വിമാന സര്‍വീസ് ആരംഭിക്കുന്നത്. പുതിയ മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുകയാണ് ഇന്‍ഡിഗോയുടെ ലക്ഷ്യം. സേവനങ്ങളുടെ കാര്യക്ഷമതയും ഉപഭോക്താക്കളുടെ സംതൃപ്തിയും നിലനിര്‍ത്തുന്നതിനായി തുടര്‍ച്ചയായി ശ്രമിക്കുന്ന ബജറ്റ് എയര്‍ലൈനാണ് ഇന്‍ഡിഗോ. കൂടുതല്‍ റൂട്ടുകളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതുവഴി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനാവുമെന്നാണ് ഇന്‍ഡിഗോയുടെ പ്രതീക്ഷ. കൂടുതല്‍ റൂട്ടുകള്‍ കൂടി വരുന്നതോടെ ബജറ്റ് വിമാന യാത്ര തിരഞ്ഞെടുക്കുന്നവരുടെ ഇഷ്ട എയര്‍ലൈനായി ഇന്‍ഡിഗോ കൂടുതല്‍ പേരിലേക്കെത്തും. 

വ്യോമയാനമേഖലയിലെ സഹകരണത്തിന്റെ പ്രാധാന്യം ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് അയാട്ട വേള്‍ഡ് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സമ്മിറ്റില്‍ എടുത്തു പറഞ്ഞിരുന്നു. കൂട്ടായ്മകള്‍ക്കൊപ്പം ചേരുന്നതിനു പകരം പുതിയ സഹകരണങ്ങള്‍ ആരംഭിക്കാനാണ് ഇന്‍ഡിഗോ താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം ഊന്നിപറഞ്ഞു. 2030 ആകുമ്പോൾ പ്രവര്‍ത്തന മേഖല ഇരട്ടിയാക്കുകയാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. 30 വൈഡ് ബോഡി എ 350-900 വിമാനങ്ങള്‍ക്ക് ഇന്‍ഡിഗോ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 2025 മാര്‍ച്ച് ആവുമ്പോഴേക്കും ബിസിനസ് ക്ലാസ് സീറ്റുകള്‍ അവതരിപ്പിക്കാനും ഇന്‍ഡിഗോക്ക് പദ്ധതിയുണ്ട്. 

2025 മാര്‍ച്ചിനുള്ളില്‍ 10 പുതിയ ആഭ്യന്തര, രാജ്യാന്തര റൂട്ടുകളിലേക്കു പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് ഇന്‍ഡിഗോ പദ്ധതി. തായ്‌ലാന്‍ഡിലെ പുതിയ റൂട്ടിലേക്കും മൗറീഷ്യസിലേക്കും അടക്കം പുതിയ ഇന്‍ഡിഗോ വിമാനങ്ങള്‍ പറക്കും. നിലവില്‍ 33 രാജ്യാന്തര റൂട്ടുകളില്‍ അടക്കം 122 റൂട്ടുകളില്‍ ഇന്‍ഡിഗോ പറക്കുന്നുണ്ട്. ആകെ 360 വിമാനങ്ങളാണ് ഇന്‍ഡിഗോക്കു കീഴില്‍ സര്‍വീസ് നടത്തുന്നത്. 

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും ഇന്‍ഡിഗോയുടെ പ്രവര്‍ത്തന രീതികളും കൂടി കണക്കിലെടുത്തു മാത്രമേ എയര്‍ലൈനുകളുമായുള്ള പങ്കാളിത്തം പരിഗണിക്കൂ എന്ന് ഇന്‍ഡിഗോ സിഇഒ പറഞ്ഞിട്ടുണ്ട്. 2025 ആവുമ്പോഴേക്കും എ 321 XLR വിമാനങ്ങള്‍ ഇന്‍ഡിഗോക്ക് ലഭ്യമാവുമെന്നാണ് കരുതപ്പെടുന്നത്. ഈ വിമാനങ്ങളുടെ വരവോടെ കൂടുതല്‍ ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ഇന്‍ഡിഗോക്ക് സാധിക്കുകയും ചെയ്യും. 

ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന മേഖലയില്‍ 61 ശതമാനമെന്ന മികച്ച പങ്കാളിത്തമുള്ള എയര്‍ലൈനാണ് ഇന്‍ഡിഗോ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കണക്കുകള്‍ പ്രകാരം 2022 ല്‍ ഇത് 56.1 ശതമാനമായിരുന്നു. നിരവധി രാജ്യാന്തര എയര്‍ലൈനുകളുമായി കോഡ് ഷെയര്‍ എഗ്രിമെന്റ് വഴി സേവനം മെച്ചപ്പെടുത്താന്‍ ഇന്‍ഡിഗോ ശ്രമിക്കുന്നുണ്ട്. പുതുതായി 980 വിമാനങ്ങള്‍ കൂടി ഇന്‍ഡിഗോ ബുക്കു ചെയ്തിട്ടുണ്ട്. ആ വിമാനങ്ങള്‍ കൂടി എത്തുന്നതോടെ രാജ്യാന്തര തലത്തില്‍ തന്നെ മികച്ച എയര്‍ലൈന്‍ എന്ന നിലയിലുള്ള സേവനങ്ങള്‍ സഞ്ചാരികള്‍ക്ക് പ്രതീക്ഷിക്കുകയും ചെയ്യാം.

English Summary:

IndiGo Aims For Global Reach With New Destinations Including Mauritius.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com