ADVERTISEMENT

'ഡിസാസ്റ്റർ ടൂറിസം' അഥവാ 'ദുരന്ത ടൂറിസം' വയനാടിനെ വേട്ടയാടാൻ തുടങ്ങിക്കഴി‍ഞ്ഞു. ദുരന്തഭൂമിയിലിനി മതിയായ കാരണമില്ലാതെ എത്തുന്ന ഓരോ മനുഷ്യനും ഒരു 'ഡിസാസ്റ്റര്‍ ടൂറിസ്റ്റ്' ആണ്.

എന്താണ് ഡിസാസ്റ്റർ ടൂറിസം?

ഡിസാസ്റ്റർ ടൂറിസം എന്ത് എന്നറിയുന്നതിന് മുമ്പ് ഡാർക് ടൂറിസം (Dark Tourism) (ബ്ലാക്ക് ടൂറിസം, ഗ്രീഫ് ടൂറിസം എന്നൊക്കെ മറ്റ് പേരുകൾ) എന്താണ് എന്നറിഞ്ഞിരിക്കണം.

ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്ത് ജനകീയ തിരച്ചിലിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നടത്തിയ പരിശോധന. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ
ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്ത് ജനകീയ തിരച്ചിലിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നടത്തിയ പരിശോധന. ചിത്രം : ധനേഷ് അശോകൻ ∙ മനോരമ

മനുഷ്യനോ പ്രകൃതിയോ ദുരന്തങ്ങൾക്ക്, ജീവത്യാഗങ്ങൾക്ക്, കൊടിയ വേദനകൾക്ക് ഇരയായ സ്ഥാനങ്ങളിലേക്കുള്ള മനുഷ്യന്റെ സഞ്ചാരമാണ് ഡാർക് ടൂറിസം. ബർലിൻ മതിൽ കാണാൻ പോകുന്നതും ചെര്‍ണോബിൽ സന്ദർശിക്കുന്നതും 9/11 സ്മാരക സന്ദർശനവും വിഖ്യാതങ്ങളായ സെമിറ്റെറികൾ (Cemeteries) സന്ദർശിക്കാൻ പോകുന്നതും ഒക്കെ ഡാർക് ടൂറിസം ആണ്. എന്തിന് താജ്മഹൽ സന്ദർശനം പോലും ഡാർക് ടൂറിസത്തിന്റെ ഭാഗമായി കാണുന്നുണ്ട്. അതൊരു വേദനയുടെ സ്മാരകം കൂടിയാണല്ലോ?

തൊണ്ണൂറുകളുടെ ആദ്യത്തിലാണ് ഡാർക് ടൂറിസം വൈജ്ഞാനിക തലങ്ങളിൽ ശ്രദ്ധ നേടുന്നത്. ഡാർക് ടൂറിസത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ച് നിരവധി ചർച്ചകൾ നടന്നിട്ടുണ്ട്. എന്താണ് ഇത്തരം ഡസ്റ്റിനേഷനുകൾ സന്ദർശിക്കാൻ ഒരു വ്യക്തിക്ക് ചോദനയാകുന്നത്? പല കാരണങ്ങളുണ്ടതിന്. ആ സ്ഥലത്തു തന്നെ നേരിട്ട് ചെന്നു കണ്ട്, ആ ഓർമകളിലൂടെ വൈകാരികമായി സഞ്ചരിച്ച് ആ ദുഃഖത്തിൽ പങ്കുചേരുക, കേവലമായ കുതൂഹലത്തിന്റെ പേരിൽ സന്ദർശനം നടത്തുക, വ്ലോഗുകൾ ചെയ്യാൻ, അതേപ്പറ്റി എഴുതാൻ ഒക്കെ പോവുക, അത്തരം സ്ഥലങ്ങളിലെത്തി വിഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഖ്യാതിയും പണവും നേടുക, സംഭവിച്ചതിനെക്കുറിച്ച് ശരിയായി പഠിക്കുക, ചരിത്ര പ്രാധാന്യം മനസ്സിലാക്കുക എന്നിങ്ങനെ നിരവധി തലങ്ങളിൽ ഡാർക് ടൂറിസത്തിന് പ്രേരണയാകുന്ന ഘടകങ്ങൾ വ്യാപരിച്ചു കിടക്കുന്നു.

ഡാർക് ടൂറിസ്റ്റുകൾ അസ്വീകാര്യരാവുന്നത് പല കാരണങ്ങളാലാണ്. ദുരന്ത ഭൂമികയിൽ അതിനിരയായ മനുഷ്യരെ പ്രദർശന വസ്തുക്കളെപ്പോലെ കാണുക, വേദനിക്കുന്ന മനുഷ്യരുടെ ഫോട്ടോയും വിഡിയോയും മറ്റും എടുക്കാൻ വ്യഗ്രത കാണിക്കുക, ദുരന്ത ഭൂമികകളിൽ അനവസരത്തിൽ ചിരിച്ചും ആഹ്ലാദിച്ചും പെരുമാറുക, അനവസരത്തിലുള്ള ഭാഷ പ്രയോഗിക്കുക, ചേരാത്ത വസ്ത്രധാരണം നടത്തുക തുടങ്ങി നിരവധി കാരണങ്ങളാൽ ഡാർക് ടൂറിസ്റ്റുകൾ തന്നെ ഒരു ദുരന്തമായി മാറുന്നു!

wayanad-travel

എന്നാൽ ഒരു ദുരന്തം / നരഹത്യ / വേദനാജനകമായ സംഭവം ഒക്കെ നടന്നു കഴിഞ്ഞ്, അതിൽ നിന്നും പ്രകൃതിയും മനുഷ്യ സമൂഹവും ഒരു വീണ്ടെടുക്കലിന് വിധേയമായശേഷം ആ ഭൂമിക ഒരു ഡാർക് ടൂറിസം ഡസ്റ്റിനേഷൻ ആയി മാറുമ്പോൾ അത് തുടർ വീണ്ടെടുക്കൽ പ്രക്രിയയ്ക്കുള്ള സാമ്പത്തിക സ്രോതസായും മാറുന്നു. ഹിരോഷിമ, ആഷ് വിറ്റ്സിലെ (Auschwitz) നാസി കോൺസൺട്രേഷൻ ക്യാംപ്, ഇന്നും ആപത്കരമായ വികിരണങ്ങളുടെ സാന്നിധ്യമുള്ള ചെർണോബിൽ, ഇവയൊക്കെ സന്ദർശിക്കാനെത്തുന്ന കോടിക്കണക്കിന് സന്ദർശകരിൽ നിന്നുള്ള വരുമാനം ഓരോ വർഷവും കൂടിക്കൂടിയാണ് വരുന്നത്.

landslide-chooralmala

ഇനി ഡിസാസ്റ്റർ ടൂറിസത്തിലേക്കു വരാം. ഡാർക് ടൂറിസത്തിന്റെ ഒരു ഉപ വിഭാഗമാണ് ഡിസാസ്റ്റർ ടൂറിസം. പ്രകൃതിദത്തമോ മനുഷ്യ നിർമ്മിതമോ ആയ ഒരു പാരിസ്ഥിതിക ദുരന്തം നടന്ന സ്ഥലത്തേക്കുള്ള സഞ്ചാരമാണ് ഡിസാസ്റ്റർ ടൂറിസം. നേരത്തേ പറഞ്ഞ കാരണങ്ങൾ തന്നെയാണ് ഡിസാസ്റ്റര്‍ ടൂറിസത്തിന് പിന്നിലും. എന്നാൽ ഒരു ഉയിർത്തെഴുന്നേൽപ്പിന് ശേഷമുള്ള ഡിസാസ്റ്റർ ടൂറിസം ഗുണകരമാകുന്ന കാഴ്ചയാണ് നേരത്തേ സൂചിപ്പിച്ചതു പോലെ കാണാൻ കഴിയുന്നത്.

വയനാട്ടിൽ തുടക്കമിട്ട ഡിസാസ്റ്റർ ടൂറിസത്തിലേക്ക് മടങ്ങി വരാം. ഒരു റീബിൽഡ് പ്രക്രിയ തുടങ്ങിക്കഴിഞ്ഞിട്ടില്ലാത്ത, പല വിധ സഹായങ്ങൾ അനുസ്യൂതം ഒരു ജന വിഭാഗത്തിന് ഇനിയും നൽകേണ്ട, മാനസ്സികമായ ശക്തിപ്പെടുത്തൽ അനിവാര്യമായ ഈ ഘട്ടത്തിൽ ഡിസാസ്റ്റർ ടൂറിസം വയനാടിന് വിപത്തു തന്നെയാണ്. ഇതു മനസ്സിലാക്കാനുള്ള സാമാന്യ ബോധം നമ്മുടെ യൂട്യൂബർമാരും വ്ലോഗർമാരും അവിടേക്ക് പോകാൻ കാത്തിരിക്കുന്ന മറ്റുള്ളവരും മനസ്സിലാക്കണം. നിങ്ങളുടെ ഒരു മോശം പെരുമാറ്റം വേദനിപ്പിക്കുക നിരവധി വ്രണിത ഹൃദയങ്ങളെയാണ്. ദുരന്ത സ്ഥലത്തെ നിങ്ങളുടെ വിഡിയോ / ഫോട്ടോ ഷൂട്ട്, സെൽഫി, അസ്ഥാനത്തെ ചിരി ഒക്കെയും ചെന്നു തറയ്ക്കുക ഉറ്റവരെയും അതുവരെ നേടിയ സർവ സമ്പാദ്യത്തെയും നഷ്ടപ്പെട്ട കുറെ ആത്മാക്കളുടെ മുറിവേറ്റ ഹൃദയങ്ങളിലാണ്. നിങ്ങളുടെ സാന്നിധ്യം തടസ്സപ്പെടുത്തുക തുടർ രക്ഷാപ്രവർത്തനങ്ങളെയും പുനരധിവാസ / പുനർ നിർമാണ പ്രവര്‍ത്തനങ്ങളെയുമാണ്. അവിടുള്ളവർക്കു വേണ്ട പല അവശ്യ സാധനങ്ങളാകാം നിങ്ങൾ ഉപയോഗിക്കുക! നിങ്ങൾ തന്നെയും അപകടങ്ങളിലും പെടാം.

landslide-chooralmala-one-army-rescue

പോകാം. വരട്ടെ. എല്ലാ ദുഃഖവും ഒന്നു കെട്ടടങ്ങട്ടെ. പുനരധിവാസ – പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ഒരു ഘട്ടമെങ്കിലും എത്തട്ടെ. അതുവരെ കാത്തിരിക്കണം. ഇപ്പോൾ വയനാടിനാവശ്യം അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെ ആണ്. ഒരു SAFE WAYANAD പ്രചാരണത്തിന് സമയമായിരിക്കുന്നു. വയനാട് എന്ന ഒരു ജില്ലയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ദുരന്തത്തിന് ഇരയായത്. ദേശീയ – രാജ്യാന്തര മാധ്യമങ്ങൾ സ്വാഭാവികമായും ഇതിനെ ചിത്രീകരിച്ചത് വയനാട് ദുരന്തം എന്ന നിലയ്ക്കാണ്. വളരെ സുരക്ഷിതമായ വയനാട്ടിലെ മറ്റ് ഡസ്റ്റിനേഷനുകളിൽ ടൂറിസം ഇപ്പോഴുമുണ്ട്. ഉത്തരവാദിത്ത ടൂറിസത്തിൽ അടിയുറച്ചു വിശ്വസിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന ലക്ഷക്കണക്കിന് പേർ പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നുണ്ട്. അവരുടെ അന്നം മുടങ്ങാതിരിക്കാൻ, ഉത്തരവാദിത്ത ടൂറിസം നില നിൽക്കുകയും ശക്തിപ്പെടുകയും ചെയ്യാന്‍ ഒരു SAFE WAYANAD പ്രചാരണം ഇതര സംസ്ഥാനങ്ങളിലും വിദേശത്തും ശക്തിപ്പെടുത്തണം.

നേപ്പാളിന്റെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. 2015 ലെ അതി ഭീകരമായ ഭൂകമ്പം കവർന്നത് ആയിരക്കണക്കിന് ജീവിതങ്ങളാണ്. എന്നാൽ നേപ്പാളിലെ 75 ജില്ലകളിൽ മുപ്പതോളം ജില്ലകളെ മാത്രമാണ് ഭൂകമ്പം കാര്യമായി ബാധിച്ചത്. ചിത്വാൻ പോലുള്ള പ്രധാന ഡസ്റ്റിനേഷനുകളെ ഭൂകമ്പം ബാധിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ അന്തർദ്ദേശീയ മാധ്യമങ്ങൾ ടൂറിസ്റ്റുകളില്‍ ചിന്താക്കുഴപ്പമുണ്ടാക്കിയപ്പോൾ നേപ്പാൾ ടൂറിസം ബോർഡ് ഉണർന്നു പ്രവർത്തിച്ചു. ഡേവിഡ് ബക്കാമും ജാക്കി ചാനും ഒക്കെ അവരുടെ വക്താക്കളായത് വലിയ മാറ്റമാണ് സൃഷ്ടിച്ചത്.

വയനാട്ടിലെ പ്രധാന ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളെല്ലാം ഇപ്പോഴും സുരക്ഷിതമാണെന്നോർക്കണം. നാളെ ചൂരൽമലയും മുണ്ടക്കൈയും ഒക്കെ വീണ്ടും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറുകയും ചെയ്യും.

'ഞാനിപ്പോൾ നേപ്പാളിലാണ്'...

2015 ഒടുവിലും 2016 ലും നേപ്പാൾ ചെയ്തത് നമുക്ക് മാതൃകയാക്കാവുന്നതാണ്. അക്കാലയളവില്‍ നേപ്പാൾ സന്ദർശിച്ച ടൂറിസ്റ്റുകളെക്കൊണ്ട് നേപ്പാളിൽ നിന്നുള്ള അവരുടെ ഫോട്ടോ എടുപ്പിച്ച് 'ഞാനിപ്പോൾ നേപ്പാളിലാണ്' എന്ന വാചകത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യിച്ചു. വയനാടിന്റെ മറ്റ് ഭാഗങ്ങൾ സന്ദർശിച്ച് താമസിച്ചു മടങ്ങുന്ന ആഭ്യന്തര – വിനോദ സഞ്ചാരികളെക്കൊണ്ട് ' I am in Wayanad now' എന്ന തലക്കെട്ടോടെ അല്ലെങ്കിൽ അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യിക്കാൻ നമ്മുടെ ടൂർ ഓപ്പറേറ്റർമാരും റിസോർട്ടുകളും ഒക്കെ വിചാരിച്ചാൽ മാത്രം മതി.

Safe Wayanad പ്രചാരണവുമായി ടൂറിസം വകുപ്പും രംഗത്ത് എത്തണം. ഈ ഘട്ടത്തിൽ വയനാടിനു മാത്രമായുള്ള ഡസ്റ്റിനേഷൻ മാർക്കറ്റിങ് തന്ത്രങ്ങളും രൂപീകരിച്ച് നടപ്പാക്കണം.

പക്ഷേ ടൂറിസം വീണ്ടെടുക്കൽ പ്രക്രിയ വയനാടിനെ മാസ് ടൂറിസത്തിലേക്ക് തള്ളി വിടാത്ത രീതിയിലായിരിക്കുകയും വേണം. (ഇക്കാര്യത്തിൽ നേപ്പാൾ ശ്രദ്ധിക്കുകയുണ്ടായില്ല) വയനാട് മാത്രമല്ല മൂന്നാർ പോലുള്ള ഡസ്റ്റിനേഷനുകളിലും ഡേ ടൂറിസ്റ്റുകൾക്ക് അടിയന്തിരമായി നിയന്ത്രണം ഏർപ്പെടുത്തണം. വയനാട്, ഇടുക്കി, വാഗമൺ തുടങ്ങിയ ഒരു കേന്ദ്രങ്ങളിലും ഗ്ലാസ് ബ്രിജുകളോ പാർക്കുകളോ അനുവദിക്കരുത്. എക്സ്പീരിയൻഷ്യൽ ടൂറിസം അഥവാ 'അനുഭവവേദ്യ ടൂറിസം' എന്നാൽ വെറും പാർക്കുകള്‍ അല്ല. അവ വളരെക്കുറച്ചു പേർക്കു മാത്രം ജോലി സാധ്യത പ്രദാനം ചെയ്യുന്നു എന്നല്ലാതെ മറ്റൊരു ഗുണവും ചെയ്യുന്നില്ല. മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ തുടങ്ങിയവയ്ക്ക് കൂടുതൽ സാധ്യത ഉള്ള മേഖലകളിൽ റിസോർട്ടുകൾക്കും മറ്റു നിർമാണ പ്രവർത്തനങ്ങൾക്കും അനുമതി നൽകാതിരിക്കുക. മലയോര മേഖലകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ കൊണ്ടു വരിക തുടങ്ങിയ നിരവധി കാര്യങ്ങളും ചെയ്യേണ്ടതുണ്ട്.

നമുക്ക് വേണ്ടത് മാസ് ടൂറിസമല്ല, ക്വാളിറ്റി ടൂറിസമാണ്. ഓരോ യാത്രയിലും നാം Responsible Traveller (ഉത്തരവാദിത്തബോധമുള്ള സഞ്ചാരി) ആവുക. 

English Summary:

Impact of Disaster Tourism on Wayanad: Understanding Dark Tourism.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com