ആഗ്ര കോട്ടയെ പിന്തള്ളി കുത്തബ് മിനാർ, വിദേശികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്നയിടം
Mail This Article
ഇന്ത്യയിലേക്ക് എത്തുന്ന ഓരോ സഞ്ചാരികളെയും കാത്തിരിക്കുന്നത് നിരവധി ചരിത്രസ്മാരകങ്ങളാണ്. അതിൽ തന്നെ താജ്മഹൽ ആണ് ഏറ്റവും പ്രധാനപ്പെട്ടതും ആകർഷകവും. ഇന്ത്യ സന്ദർശിക്കാൻ എത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർ താജ് മഹൽ ഒരു നോക്കു കാണുന്നതിനാണ് ഏറ്റവും പ്രാധാന്യം നൽകുന്നത്. താജ് മഹൽ കഴിഞ്ഞാൽ ആഗ്ര കോട്ടയിലേക്ക് ആയിരുന്നു ഏറ്റവും അധികം സഞ്ചാരികൾ എത്തിയിരുന്നത്. എന്നാൽ 2023-24 ൽ വിദേശികൾ ഏറ്റവും അധികം സന്ദർശിച്ച രണ്ടാമത്തെ ചരിത്ര സ്മാരകമായത് കുത്തബ് മിനാർ ആണ്. ആഗ്ര കോട്ടയെ പിന്നിലാക്കിയാണ് കുത്തബ് മിനാറിന്റെ നേട്ടം.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അടുത്തിടെ പുറത്തുവിട്ട അപ്ഡേറ്റിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിലെ ഡൽഹി സുൽത്താനേറ്റിന്റെ ഭരണകാലത്തു പണി കഴിപ്പിക്കപ്പെട്ടതാണ് കുത്തബ് മിനാർ. കഴിഞ്ഞ കുറേ കാലമായി താജ് മഹൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദേശികൾ സന്ദർശിക്കുന്ന ചരിത്രസ്മാരകം എന്ന പദവി ആഗ്ര കോട്ടയ്ക്കായിരുന്നു. താജ് മഹലിന് സമീപമായിരുന്നു ആഗ്ര കോട്ട എന്നതും അതിന് ഒരു പ്രധാന കാരണമായിരുന്നു. എന്നാൽ അടുത്തിടെ കുത്തബ് മിനാറിൽ വിദേശ സന്ദർശകരിൽ 90.9 ശതമാനം വാർഷിക വർധനവ് രേഖപ്പെടുത്തിയിരുന്നു.
വെറുതെയല്ല കുത്തബ് മിനാറിലേക്ക് സന്ദർശകർ വർധിച്ചത്
രാജ്യാന്തര തലത്തിലാണ് കുത്തബ് മിനാറിന്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കിയിരിക്കുന്നത്. വൈകുന്നേരങ്ങളിൽ കുത്തബ് മിനാറിൽ നടക്കുന്ന ലേസർ ഷോ ദുബായിലെ ബുർജ് ഖലീഫയിൽ നടക്കുന്ന ലേസർ ഷോയോട് സാമ്യമുള്ളതാണ്. സഞ്ചാരികളെ കുത്തബ് മിനാർ ആകർഷിക്കുന്നതിന്റെ പ്രധാന ഘടകങ്ങളിൽ ഒന്ന് ഇതാണ്.
ആഗ്ര കോട്ടയിൽ സന്ദർശകരുടെ എണ്ണത്തിൽ കുറവ്
താജ് മഹൽ സന്ദർശിക്കാൻ എത്തുന്നവർ നിർബന്ധമായും സമീപത്തുള്ള ആഗ്ര കോട്ട കൂടി സന്ദർശിച്ചു മാത്രമാണ് മടങ്ങാറുള്ളത്. എന്നാൽ, കഴിഞ്ഞ കുറച്ചു കാലമായി ആഗ്ര കോട്ടയിലേക്ക് സന്ദർശകർ എത്തുന്നില്ല. പരിപാലനത്തിലെ അവഗണന, കഫേകൾ, ഗിഫ്റ്റ് ഷോപ്പുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളുടെ അഭാവം, ശീഷ് മഹൽ പോലുള്ള പ്രധാന ആകർഷണങ്ങളുടെ അടച്ചുപൂട്ടൽ എന്നീ കാരണങ്ങളാലാണ് ആഗ്ര കോട്ടയിൽ സന്ദർശകരുടെ എണ്ണത്തിൽ കുറവുണ്ടായിരിക്കുന്നത്. ആറ് - ഏഴു വർഷങ്ങൾക്കു മുമ്പ് വരെ കോട്ടയിൽ സൗണ്ട് ആൻഡ് ലൈറ്റ് ഷോ നടന്നിരുന്നു.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 18 ശതമാനം കുറവാണ് ആഗ്ര കോട്ടയിൽ ഉണ്ടായിരിക്കുന്നത്. ഏകദേശം 1.41 മില്യൺ സഞ്ചാരികളുടെ കുറവ്. താജ് മഹലിന് തൊട്ടടുത്താണ് ആഗ്ര കോട്ടയെങ്കിലും മിക്ക സഞ്ചാരികളും താജ്മഹൽ മാത്രം സന്ദർശിച്ചു മടങ്ങുന്നതിനാണ് പ്രാധാന്യം നൽകുന്നത്.
ചന്ദ് ബവോരി സ്റ്റെപ് വെൽ
ഒരു വശത്ത് ആഗ്ര കോട്ടയിൽ നിന്ന് സഞ്ചാരികൾ അകലുമ്പോൾ രാജസ്ഥാനിലെ ആഭാനേരി ഗ്രാമത്തിലെ ചന്ദ് ബവോരി സ്റ്റെപ് വെൽ കാണാൻ സ്വദേശികളും വിദേശികളുമായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഒമ്പതാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ടതാണ് ഇത്. കഴിഞ്ഞ കുറച്ചു കാലമായി വിദേശ സഞ്ചാരികൾക്കിടയിലും ഇതിനു വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ജനപ്രീതിയിൽ ഇതു ചെങ്കോട്ടയെയും ഫത്തേപുർ സിക്രിയെയും മറികടന്നു കഴിഞ്ഞിരിക്കുന്നു. ഇതിന്റെ അതുല്യമായ വാസ്തുവിദ്യ വൈഭവം തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. വിദേശ സന്ദർശകരിൽ 144.8 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന കുറവ് സൂചിപ്പിക്കുന്നത് കാലം മാറുന്നതിന് അനുസരിച്ച് ചരിത്രപരമായ സ്മാരകങ്ങളിൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ലേസർ ഷോ പോലെയുള്ള ഏറ്റവും പുതിയ ആകർഷണങ്ങൾ ഉൾപ്പെടുത്തണമെന്നുമാണ്. അത്തരത്തിൽ മാറ്റം സംഭവിക്കുമ്പോൾ വിദേശികളും സ്വദേശികളുമായി നിരവധി സഞ്ചാരികളെ ആകർഷിക്കാൻ ഇന്ത്യയിലെ ചരിത്രസ്മാരകങ്ങൾക്കു കഴിയും.