ADVERTISEMENT

വീക്കെന്‍ഡില്‍ കൂട്ടുകാരും കുടുംബവുമൊത്ത് പോകാന്‍ ഹില്‍സ്റ്റേഷനോ ബീച്ചുകളോ പോലെയുള്ള പ്രകൃതിമനോഹരമായ സ്ഥലങ്ങളാണ് സാധാരണയായി എല്ലാവരും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ആരെങ്കിലും ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിലേക്ക് വിനോദയാത്ര പ്ലാന്‍ ചെയ്യുമോ? കണ്ടുതന്നെ അറിയണം. ചൈനയുടെ പുതിയ സംരംഭമാണ് 'ന്യൂക്ലിയര്‍ ടൂറിസം’. ആണവനിലയങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് പൊതുജനങ്ങള്‍ക്ക് നേരിട്ടറിയാനുള്ള അവസരമാണിത്. 

ഇതിന്‍റെ ഭാഗമായി, ഏറ്റവും വലിയ ആറ്റോമിക് എനർജി ജനറേറ്ററായ ചൈന ജനറൽ ന്യൂക്ലിയർ പവർ കോർപ്പറേഷൻ(CGN), ആളുകള്‍ക്കു രാജ്യത്തുടനീളമുള്ള ഒമ്പത് ആണവ നിലയങ്ങളിലേക്കുള്ള സന്ദർശനത്തിനായി ഓൺലൈൻ ബുക്കിങ് സംവിധാനവും ആരംഭിച്ചു. കൈകൊണ്ടു വരച്ച ഗൈഡ് മാപ്പുകൾ ഉൾപ്പെടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു ബുക്ക്‌ലെറ്റും അവര്‍ പുറത്തിറക്കിയിട്ടുണ്ട്. 

ഫുജിയാൻ പ്രവിശ്യയിലെ നിംഗ്‌ഡെ ആണവ നിലയത്തില്‍, പരിപാടിയുടെ ഉദ്ഘാടനം നടന്നു. സമീപത്തുള്ള വൈറ്റ് ടീ ഗാര്‍ഡന്‍സിന്‍റെ കാഴ്ചകള്‍ക്കൊപ്പം നാല് സിപിആർ 1000 റിയാക്ടറുകൾ കാണാൻ ഉദ്യോഗസ്ഥർ സന്ദർശകര്‍ക്ക് അവസരമൊരുക്കി.

ഗ്വാങ്‌സിയിലെ ഫാങ്‌ചെൻഗാംഗ് സ്റ്റേഷനാണ് മറ്റൊരിടം. ജിംഗ് വംശീയ ന്യൂനപക്ഷത്തിന്റെ ആസ്ഥാനമായ പ്രശസ്തമായ ടൂറിസ്റ്റ് ദ്വീപുകൾക്കു സമീപമാണ് മനോഹരമായ ഹുവാലോങ് വൺ റിയാക്ടറുകൾ സ്ഥിതി ചെയ്യുന്നത്. വെൻഷൂവിന്റെ മനോഹരമായ തീരപ്രദേശത്തിനു സമീപം നിർമ്മിക്കുന്ന സനാവോ ജനറേറ്റര്‍, ഒട്ടേറെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരെ ആകര്‍ഷിക്കുമെന്നു കരുതപ്പെടുന്നു.

റേഡിയേഷൻ, സുരക്ഷാ നിയന്ത്രണങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളുമായി പങ്കുവയ്ക്കുന്നതിലൂടെ ആണവമേഖലയിൽ പൊതുജനവിശ്വാസം വർധിപ്പിക്കാൻ ഈ സംരംഭത്തിനു കഴിയുമെന്നും ചൈന ജനറൽ ന്യൂക്ലിയർ പവർ കോർപ്പറേഷൻ വിശ്വസിക്കുന്നു. 

2060 ൽ സിറോ എമിഷൻ ലക്ഷ്യമാക്കി ആണവോർജ ഉൽപാദന ശേഷി വിപുലീകരിക്കാൻ പദ്ധതിയിടുന്നതിനാൽ  പൊതുജന പിന്തുണ തേടുകയാണ് ചൈന. ലോകത്തിലെ മൊത്തം ആണവശക്തിയുടെ പകുതിയോളം വരുന്ന 30 റിയാക്ടറുകൾ നിർമിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. 

English Summary:

Experience China's Nuclear Frontier: Tours Now Open at Power Plants.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com