വ്യത്യസ്തമായ ഒരു സുരക്ഷാ വിഡിയോ; കൈയടി നേടി ശ്രീലങ്കൻ എയർലൈൻസ്
Mail This Article
ഒരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്തവർ എയർഹോസ്റ്റസ് നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കേട്ടിട്ടുണ്ടാകും. പകുതി പേർക്കും സീറ്റ് ബെൽറ്റ് ഇടുന്നത് ഒഴിച്ച് മിക്കവർക്കും ഒന്നും മനസ്സിലാകണമെന്നില്ല. എന്നാൽ, വിമാനത്തിൽ ശ്രദ്ധിക്കേണ്ട സുരക്ഷമാർഗങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളുമായി എത്തിയ ഒരു വിഡിയോ വിർച്വൽ ലോകത്തിൽ ചർച്ചയായിരിക്കുകയാണ്. ശ്രീലങ്കൻ എയർലൈൻസ് ആണ് 'ഓൺബോർഡ് സേഫ്റ്റി വിഡിയോ 2024’മായി എത്തിയിരിക്കുന്നത്.
ശ്രീലങ്കയുടെ മനോഹരമായ പ്രകൃതിഭംഗി കാണിച്ചുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത് തന്നെ. വിമാനത്തിൽ അകവും സീറ്റുമെല്ലാം മനോഹരമായ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പശ്ചാത്തലത്തിലാണ് കാണിക്കുന്നത്. വ്യോമയാന യാത്രയിൽ എല്ലാ യാത്രക്കാരും സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ധാരണ ഉള്ളവരായിരിക്കുക എന്നതു പ്രധാനമാണ്. അതുകൊണ്ടു തന്നെ വളരെ എളുപ്പത്തിൽ ഓരോ യാത്രക്കാരനും മനസ്സിലാകുന്ന വിധത്തിലാണ് സുരക്ഷാ മുൻകരുതലുകളെക്കുറിച്ചുള്ള വിഡിയോ. ഏതായാലും പുതിയ സുരക്ഷാ മുൻകരുതൽ വിഡിയോ ഒരു സിനിമാറ്റിക് അനുഭവമാണ് സമ്മാനിക്കുന്നത്. ശ്രീലങ്കയുടെ മനോഹാരിതയും ഓൺബോർഡ് സേവനത്തിന്റെ ഊഷ്മളതയും ഉൾപ്പെടുത്തിയാണ് ഈ വിഡിയോ തയാറാക്കിയിരിക്കുന്നത്.
പുതിയ ഓൺബോർഡ് വിഡിയോ ലോഞ്ച് ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും ഗ്ലോബൽ സെയിൽസ് കോൺഫറൻസിൽ 200 ലധികം രാജ്യാന്തര ട്രാവൽ ട്രേഡ് പാർട്ണേഴ്സിന് ഒപ്പമാണ് ഇത് പ്രീമിയർ ചെയ്തതെന്നും ശ്രീലങ്കൻ എയർലൈൻസിന്റെ ചീഫ് എക്സിക്യുട്ടിവ് ഓഫീസർ റിച്ചാർഡ് നട്ടാൽ പറഞ്ഞു. അഭിമാനത്തോടെയാണ് അത് ലോകവുമായി പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകുമ്പോൾ തന്നെ ശ്രീലങ്കയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും അനാവരണം ചെയ്യുകയാണ് ഈ വിഡിയോയിൽ. ഫ്ലൈറ്റ് കാബിൻ പലപ്പോഴും ശ്രീലങ്കയുടെ മനോഹരമായ പ്രകൃതിദൃശ്യങ്ങളിൽ അലിഞ്ഞു ചേരുകയാണ് വിഡിയോയിൽ. ഓഗസ്റ്റ് 15 നാണ് ശ്രീലങ്കൻ എയർലൈൻസിന്റെ യുട്യൂബ് ചാനലിൽ വിഡിയോ അപ്ലോഡ് ചെയ്തത്.
വലിയ വരവേൽപാണ് വിഡിയോയ്ക്കു ലഭിച്ചിരിക്കുന്നത്. അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച എയർലൈൻ സുരക്ഷ മുൻകരുതൽ വിഡിയോ ആണ് ഇതെന്നാണ് കമന്റുകൾ പറയുന്നത്. ഈ വിഡിയോ തയാറാക്കിയവരുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുന്നവരും ഉണ്ട്. റെഗുലേറ്ററി ബോഡി എന്ന നിലയിൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് ശ്രീലങ്കയും എയർലൈനുമായി ചേർന്നു പ്രവർത്തിച്ചു.
വിഡിയോയുടെ ഇൻ-ഫ്ലൈറ്റ് എന്റർടെയിൻമെന്റ് സിസ്റ്റം തമിഴിലും സിംഹളയിലും സബ് ടൈറ്റിലുകൾ കൂടി ഉൾപ്പെടുന്നതാണ്. സുരക്ഷ മുൻകരുതൽ വിഡിയോ കൂടുതൽ ആളുകളിലേക്കു കൃത്യമായി എത്താൻ ഇത് സഹായിക്കുന്നു. ശ്രീലങ്കയുടെ പ്രകൃതിഭംഗി മാത്രമല്ല സംസ്കാരവും കായിക വിനോദങ്ങളും കൂടി ഉൾപ്പെടുത്തിയാണ് ഈ വിഡിയോ തയാറാക്കിയിരിക്കുന്നത്. ചുരുക്കത്തിൽ സുരക്ഷാ വിഡിയോയിലൂടെ ശ്രീലങ്കയുടെ വിനോദസഞ്ചാരവും സാഹസിക കായികഇനങ്ങളും ലോകശ്രദ്ധയിലേക്ക് എത്തിക്കുക കൂടിയാണ് ഇതിലൂടെ ശ്രീലങ്കൻ എയർലൈൻസ് ചെയ്തിരിക്കുന്നത്.