പ്രേമ നൈരാശ്യത്തിൽ കടലിൽ ചാടുന്ന സന്യാസി; ഈ കാഴ്ച കാണാൻ എത്തുന്നു സഞ്ചാരികൾ!
Mail This Article
നിങ്ങൾ പെറുവിലെ ഒരു ക്ലിഫ് സൈഡ് റസ്റററന്റിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന സമയം, പെട്ടെന്ന് ഒരു സന്യാസി അടുത്തുള്ള പാറക്കെട്ടുകളിൽ നിന്നും അഗാധമായ കടലിലേയ്ക്ക് എടുത്തുചാടുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടായാൽ എന്തായാലും ഞെട്ടും അല്ലേ, എന്നാൽ എല്ലാ ഞായറാഴ്ചയും ഈ റസ്റററന്റിൽ സംഭവിക്കുന്ന ഒരു സാധാരാണ കാര്യം മാത്രമാണത്. പെറുവിലെ ലിമിയിലുള്ള ഒരു ക്ലിഫ് സൈഡ് റസ്റ്ററന്റിന്റെ പ്രത്യേകതയാണ് ഈ പറഞ്ഞത്. ഇത് കാണാൻ മാത്രം ആയിരക്കണക്കിനു പേരാണ് ഇവിടെ സന്ദർശനം നടത്തുന്നത്. മോറോ സോളാറിനും ലാ ഹെറാദുര ബീച്ചിനും സമീപം സ്ഥിതി ചെയ്യുന്ന "സാൽട്ടോ ഡെൽ ഫ്രെയ്ൽ" അല്ലെങ്കിൽ ജംപിങ് ഓഫ് ദി ഫ്രെയർ എന്നാണ് ഇത് അറിയപ്പെടുന്നത്. സന്ദർശകർക്ക് ഇവിടെ പെറുവീയൻ പാചകരീതി ആസ്വദിക്കാം, അതൊടൊപ്പം അവിസ്മരണീയമായ ഈ കാഴ്ച കാണുകയും ചെയ്യാം.
പ്രേമ നൈരാശ്യത്തിൽ കടലിൽ ചാടുന്ന സന്യാസി
എല്ലാ ഞായറാഴ്ചയും ഭക്ഷണശാലയിൽ നടക്കുന്ന ഈ ആചാരത്തിനു പിന്നിൽ നഷ്ടപ്പെട്ടുപോയ ഒരു പ്രണയത്തിന്റെ കഥയുണ്ട്. അതിന് നൂറ്റാണ്ടുകൾ പിന്നോട്ട് പോകണം. 1860-കളിൽ, ലിമിയയിലെ ഒരു പ്രഭുവിന്റെ മകളും ദാസിയുടെ മകനും തമ്മിൽ പ്രണയത്തിലാകുന്നു. ക്ലാര എന്ന ആ പെൺകുട്ടി ഗർഭിണി ആയതോടെ അന്നത്തെ ആ സമൂഹത്തിൽ കോളിളക്കമുണ്ടാകുന്നു. പ്രഭു ദാസിയുടെ മകനായ ഫ്രാൻസിസ്കോയെ ലാ റെക്കോലെറ്റയിലെ കോൺവെന്റിൽ അടയ്ക്കാൻ ഉത്തരവിട്ടു, അവൻ സന്യാസിയാകുന്നതോടെ മകളെയും കൊണ്ടു നാട് വിടാനായിരുന്നു പ്രഭുവിന്റെ പദ്ധതി. അങ്ങനെ കാലാവോ തുറമുഖത്തുകൂടി ക്ലാര കടന്നുപോകുന്നുണ്ടെന്ന് അറിഞ്ഞ ഫ്രാൻസിസ്കോ മോറോ സോളാർ എന്ന സ്ഥലത്ത് കാത്തിരുന്നു. എന്നാൽ ക്ലാര സഞ്ചരിക്കുന്ന കപ്പൽ ദൂരേയ്ക്കു മായുന്നതു കണ്ട വിഷമത്തിൽ ആ യുവ സന്യാസി കടലിലേക്ക് എടുത്തു ചാടി ജീവൻ വെടിഞ്ഞു. ഇതുകണ്ട ക്ലാരയും കടലിലേക്കു ചാടി മരിച്ചുവെന്നുമാണ് ഐതിഹ്യം. ഒന്നിക്കാനാവാതെ പോയ ആ പ്രണയത്തിന്റെ കഥ ലിമിയയിൽ ആകെ വ്യാപിക്കുകയും അതിന്റെ ഓർമയ്ക്കായി എൽ സാൾട്ടോ ഡെൽ ഫ്രെയ്ൽ എന്ന അനുഷ്ഠാനം ഇവിടെ ആചരിക്കാനും തുടങ്ങി. പിന്നീട് ആ മുനമ്പിൽ ഒരു റസ്റ്ററന്റും തുടങ്ങിയതോടെ സഞ്ചാരികളും സന്ദർശകരും ഇവിടേയ്ക്ക് എത്താനാരംഭിച്ചു.
ഇന്ന് അതേ സ്ഥലത്ത് നിങ്ങൾക്കു പ്രദേശവാസികൾ ആ കഥ വീണ്ടും അവതരിപ്പിക്കുന്നത് കാണാം. ചൊറിലോസ് പ്രദേശത്ത് നിന്നുള്ള പുരുഷന്മാർ സന്യാസിമാരുടെ വേഷം ധരിച്ച് പാറക്കെട്ടുകളിൽ നിന്ന് താഴെയുള്ള അപകടകരമായ സമുദ്രത്തിലേക്ക് ചാടുന്നു. ഈ ഡൈവ് ചെയ്ത് ചിലർ മരിച്ചുണ്ടെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഈ സംഭവം കാണാനായി മാത്രം നിരവധിപ്പേർ ഇവിടെയെത്തുന്നു.