ADVERTISEMENT

ഭൂമിയിലെ ഏതെങ്കിലും ഒരിടം സങ്കല്‍പ്പിക്കുക. ചുറ്റുമുള്ള ചരാചരങ്ങളെല്ലാം പെട്ടെന്ന് ചലനം നിര്‍ത്തുന്നപോലെയും സമയസൂചി നിശ്ചലമാകുന്നത് പോലെയും തോന്നിക്കുന്ന ഒരിടം. ഉള്ളിലുള്ള ചിന്തകളെല്ലാം കാറ്റിലേക്ക് ഒഴുകി മാഞ്ഞുപോകുന്നു. ഓളപ്പരപ്പില്‍ നിന്നുയരുന്ന തണുപ്പ്, കണ്ണുകളിലേക്ക് ഒഴുകിനിറഞ്ഞ്, ഉള്ളം കുളിര്‍പ്പിക്കുന്നു. അഭൗമമെന്നു തോന്നിക്കുന്ന അത്തരമൊരനുഭവമാണ് ചണ്ഡിഗഡിലുള്ള സുഖ്ന തടാകം സന്ദര്‍ശകര്‍ക്കു നല്‍കുന്നത്. തടാകത്തിലൂടെയുള്ള യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് 'ഗോദ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ വാമിഖ ഗബ്ബി.

തടാകപ്പരപ്പിലൂടെ ബോട്ടില്‍ പോകുന്ന ചിത്രങ്ങളാണ് വാമിഖ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ബീജ് കളര്‍ ടോപ്പും നീല ജീന്‍സുമാണ് വേഷം. വാമിഖയുടെ ജന്മസ്ഥലം കൂടിയാണ് ചണ്ഡിഗഡ്.

Image: wamiqagabbi/instagram
Image: wamiqagabbi/instagram

ഹിമാലയത്തിന്‍റെ ഭാഗമായ ശിവാലിക് കുന്നുകളുടെ താഴ്​വരയിലുള്ള ഒരു ജലസംഭരണിയാണ് സുഖ്ന തടാകം.1958 ലാണ് മൂന്നു ചത്രുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ തടാകം നിര്‍മ്മിച്ചത്. ഇതിന്‍റെ തെക്കുവശത്ത് ഗോള്‍ഫ് കോഴ്സും പടിഞ്ഞാറ് നെക്ചന്ദിന്റെ പ്രശസ്തമായ റോക്ക് ഗാർഡനുമുണ്ട്.

പ്രശസ്ത ഫ്രഞ്ച്-സ്വിസ് വാസ്തുശില്‍പ്പിയായിരുന്ന ലേ കൂർബൂസിയേ ആയിരുന്നു തടാകത്തിന്‍റെ രൂപകല്‍പ്പന ചെയ്തത്. തടാകം എന്നും ശാന്തമായിരിക്കാന്‍ മോട്ടോർ ബോട്ടുകൾ വെള്ളത്തിൽ സഞ്ചരിക്കുന്നത് നിരോധിക്കണമെന്നും അണക്കെട്ടിന് മുകളിൽ വാഹന ഗതാഗതം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തടാകം ഇന്ന് തിരക്കേറിയ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. 

രാവിലെ അഞ്ചു മണി മുതല്‍ ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നു, ഇത് രാത്രി ഒന്‍പതു മണിവരെ തുടരും. തടാകത്തിലൂടെയുള്ള ബോട്ടിങ് വളരെ ജനപ്രിയമാണ്. പെഡല്‍, റോവിങ്, മോട്ടോര്‍ ബോട്ടുകള്‍ എന്നിവ ലഭ്യമാണ്.

തടാകക്കരയിലെ അസ്തമയദൃശ്യം ഹൃദയം കവരും. കുങ്കുമസൂര്യന്‍റെ സായാഹ്നരശ്മികള്‍ തടാകത്തിലെ ജലത്തില്‍ ഒഴുകിപ്പടരുന്നത് വ്യത്യസ്തമായ ഒരു അനുഭൂതിയാണ് പകരുന്നത്. കൂടാതെ, പലയിടങ്ങളില്‍ നിന്നും പറന്നെത്തുന്ന ദേശാടനക്കിളികളും അവയെ നിരീക്ഷിക്കാന്‍ എത്തുന്നവരും ഒട്ടേറെയുണ്ട്. ഈ തടാകത്തെ ഇന്ത്യാ ഗവൺമെൻ്റ് സംരക്ഷിത ദേശീയ തണ്ണീർത്തടമായി പ്രഖ്യാപിച്ചിട്ടുണ്ട്

തടാകത്തിനരികില്‍ പിക്നിക് നടത്താനും കുതിരസവാരി, സൈക്ലിങ്, ഫൊട്ടോഗ്രഫി എന്നിവയ്ക്കും സൗകര്യമുണ്ട്. തടാകത്തിനടുത്തുള്ള 'ഗാര്‍ഡന്‍ ഓഫ് സൈലന്‍സി'ല്‍ പോയിരുന്ന് മെഡിറ്റേഷന്‍ ചെയ്യാം. 

ഏഷ്യൻ റോവിങ് ചാമ്പ്യൻഷിപ്പിന് വേദിയായ ഈ തടാകത്തിൽ, ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ചാനൽ റോയിങ്, യാടിങ് ഇവൻ്റുകൾ നടന്നിട്ടുണ്ട്. കൂടാതെ, മണ്‍സൂണ്‍ കാലത്ത് വിവിധ തരം മാമ്പഴങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന  മാമ്പഴ ഉത്സവം ഇവിടെ നടക്കാറുണ്ട്.

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശീതകാലത്താണ് സുഖ്ന തടാകം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. ഈ സമയത്ത് സൈബീരിയൻ താറാവ്, കൊക്കുകൾ തുടങ്ങിയ ദേശാടനക്കിളികളുടെ എണ്ണം കൂടുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വേനല്‍ക്കാലത്ത് ചൂടു കൂടുതലായതിനാല്‍ ഈ സമയത്ത് സന്ദര്‍ശനം ഒഴിവാക്കണം.

English Summary:

Sukhna Lake: Discover Chandigarh's Tranquil Oasis with Wamiqa Gabbi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com