റോഡിലൂടെ അന്തമില്ലാതെ നടക്കരുത്, ച്യൂയിങ്ഗം വേണ്ട; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ ഈ നാട്ടിൽ പിഴയടച്ച് മടുക്കും!
Mail This Article
യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഏതു രാജ്യത്തേക്കാണോ പോകുന്നതോ അവിടുത്തെ നിയമങ്ങളെക്കുറിച്ചും ഒരു ഏകദേശ ധാരണ ഉണ്ടായിരിക്കണം. പ്രത്യേകിച്ച് പൊതുവിടങ്ങളിൽ പെരുമാറേണ്ട രീതികളെക്കുറിച്ചും പാലിക്കേണ്ട മര്യാദകളെക്കുറിച്ചും അറിഞ്ഞിരിക്കണം. സിംഗപ്പൂർ യാത്രയ്ക്കായി ഒരുങ്ങുന്നവർ ഉണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഒന്നു നോക്കി വയ്ക്കുന്നതു നല്ലതാണ്. കാരണം, ശുചിത്വം, സുരക്ഷ, ക്രമസമാധാനം എന്നിവക്കെല്ലാം വലിയ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് സിംഗപ്പൂർ. അതുകൊണ്ടു തന്നെ ഈ രാജ്യം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ ആദ്യം തന്നെ പ്രാദേശികമായ നിയമങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം അത് സിംഗപ്പൂരിൽ സുഗമമായ വിനോദയാത്ര നടത്താൻ ഓരോ സഞ്ചാരിയെയും സഹായിക്കുന്നു.
ഏതു രാജ്യത്തു ചെന്നാലും അവിടുത്തെ പ്രാദേശിക നിയമങ്ങൾ പാലിക്കുന്നത് അവരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും നിങ്ങൾ ബഹുമാനിക്കുന്നുവെന്ന തോന്നൽ പ്രദേശവാസികളിൽ ഉണ്ടാക്കും. അത് നിങ്ങളുടെ യാത്ര കൂടുതൽ സുഗമമാക്കുകയും ചെയ്യും.
∙പൊതുസ്ഥലങ്ങളിൽ പുകവലി പാടില്ല
പുകവലി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് സിംഗപ്പൂരിൽ പ്രത്യേക സ്മോക്കിങ് സോണുകൾ ഉണ്ട്. എന്നാൽ, പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് ശിക്ഷാർഹമാണ്. ബസ് സ്റ്റോപ്പുകൾ, റസ്റ്റോറന്റുകൾ, പാർക്കുകൾ, എയർ കണ്ടീഷൻ ചെയ്തിരിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ പുകവലി വിലക്കിയിട്ടുണ്ട്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ പ്രദേശവാസികളോട് ചോദിക്കുക. 200 സിംഗപ്പൂർ ഡോളറാണ് ഏറ്റവും കുറഞ്ഞ പിഴ. എന്നാൽ, കോടതിയിൽ ശിക്ഷിക്കപ്പെട്ടാൽ 1000 സിംഗപ്പൂർ ഡോളർ ആണ് പിഴ.
∙ച്യൂയിങ്ഗം നിരോധിക്കപ്പെട്ട നാട്
ച്യൂയിങ്ഗം ഉപയോഗിക്കുന്നത് സിംഗപ്പൂരിൽ നിയമവിരുദ്ധമാണ്. നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് സിംഗപ്പൂരിൽ ച്യൂയിങ്ഗം നിരോധിച്ചിരിക്കുന്നത്. ആദ്യമായി ഈ നിയമം ലംഘിക്കുന്നവരിൽ നിന്ന് 1000 സിംഗപ്പൂർ ഡോളറാണ് പിഴയായി ഈടാക്കുക. എന്നാൽ തെറ്റ് ആവർത്തിച്ചാൽ 2000 സിംഗപ്പൂർ ഡോളറാണ് പിഴ. ച്യൂയിങ്ഗം ഇറക്കുമതി ചെയ്താൽ 10,000 എസ് ജി ഡി ആണ് പിഴയായി ഈടാക്കുക. അതേസമയം നികോടിൻ ഗം, ഡെന്റൽ ഗം എന്നിവ സിംഗപ്പൂരിൽ അനുവദനീയമാണ്.
∙മാലിന്യം വലിച്ചെറിയരുത്
സിംഗപ്പൂരിൽ എത്തി പുറത്തേക്ക് ഇറങ്ങുമ്പോൾ ഒരു ഡസ്റ്റ്ബിൻ കാണാൻ നിങ്ങൾക്കു കഴിയുന്നില്ലേ. എങ്കിൽ നിങ്ങളുടെ കൈയിലുള്ള ചോക്കലേറ്റിന്റെ കടലാസോ ടിഷ്യൂ പേപ്പറോ കൈയിൽ തന്നെ സൂക്ഷിക്കുക. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് സിംഗപ്പൂരിൽ കനത്ത പിഴ ഈടാക്കുന്ന കുറ്റമാണ്. ആദ്യമായി ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരിൽ നിന്ന് 1000 സിംഗപ്പൂർ ഡോളർ ( 64,658 ഇന്ത്യൻ രൂപ) ആണ് പിഴയായി ഈടാക്കുക. അതുകൊണ്ട് ഒരു ചെറിയ മിഠായി കടലാസ് പോലും അറിയാതെ പോലും വലിച്ചെറിയരുത്, കനത്ത പിഴ ഒടുക്കേണ്ടി വരും.
∙മയക്കുമരുന്ന് കൈവശം വച്ചാൽ
മയക്കുമരുന്നുകളും ലഹരിമരുന്നുകളും കൈവശം വയ്ക്കുന്നവരോടും വ്യാപാരം നടത്തുന്നവരോടും സിംഗപ്പൂരിൽ യാതൊരു ദയയുമില്ല. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ വമ്പൻ പിഴകളും മരണശിക്ഷകളുമാണ് സിംഗപ്പൂരിൽ ഉള്ളത്. ഐസ്, ഹെറോയിൻ, കഞ്ചാവ് പോലുള്ള ലഹരിമരുന്നുകൾ ഉപയോഗിക്കുന്ന ആൾക്ക് ഒരു വർഷം മുതൽ 10 വർഷം വരെയാണ് തടവുശിക്ഷ. 20,000 സിംഗപ്പൂർ ഡോളർ വരെ പിഴയും ഈടാക്കും.
∙പൊതുഗതാഗത സംവിധാനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്
എംആർടി ട്രെയിനുകളിലും സ്റ്റേഷനുകളിലും ഇരുന്ന് കുടിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്. അത്തരത്തിൽ നിയമലംഘനം നടത്തി പിടിക്കപ്പെട്ടാൽ 500 സിംഗപ്പൂർ ഡോളർ പിഴയായി ഈടാക്കും. 1987ലെ റാപിഡ് ട്രാൻസിറ്റ് സിസ്റ്റംസ് ആക്ട് അനുസരിച്ചാണ് ഈ വിലക്ക് നിലവിൽ വന്നത്.
ഇത്രയും മാത്രമല്ല, പൊതുനിരത്തിലൂടെ തോന്നിയ പോലെ നടന്നാലും പണി പാളും. റോഡുകളും തെരുവു വീഥികളും മുറിച്ചു കടക്കുമ്പോൾ ഉപയോഗിക്കാൻ നിർദ്ദിഷ്ട കാൽനട ക്രോസിങ്ങുകളുണ്ട്. നിർബന്ധമായും അതു തന്നെ ഉപയോഗിക്കണം. നിയമം തെറ്റിച്ച് നടക്കുന്നത് പിടിക്കപ്പെട്ടാൽ 50 സിംഗപ്പൂർ ഡോളർ ആണ് പിഴ. കുറ്റം ആവർത്തിച്ചാൽ 1000 സിംഗപ്പൂർ ഡോളർ പിഴയും അല്ലെങ്കിൽ മൂന്നു മാസം ജയിൽശിക്ഷയോ ലഭിക്കാം.