ലോകത്തിലെ മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള ഈ ഹോട്ടൽ
Mail This Article
ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയ്ക്കും ആഡംബര ആതിഥേയത്വ മേഖലക്കും അഭിമാനിക്കാംം. ഇന്ത്യയിൽ നിന്നുള്ള ഒരു ഹോട്ടൽ ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ഇടം കണ്ടെത്തി. 2024 ലെ ലോകത്തിലെ മികച്ച 50 ഹോട്ടലുകളുടെ പട്ടിക തയ്യാറാക്കിയപ്പോഴാണ് ഇന്ത്യൻ ഹോട്ടലും അതിൽ ഇടം കണ്ടെത്തിയത്. സുജൻ ജുവെയാണ് (Sujain Juve) പട്ടികയിൽ ഇടം കണ്ടെത്തിയ ഇന്ത്യൻ ഹോട്ടൽ. ആഗോള പട്ടികയിൽ 43 ആണ് ഈ ഹോട്ടലിന്റെ സ്ഥാനം. തുടർച്ചയായ രണ്ടാം വർഷമാണ് സുജൻ ജുവെ ഈ പട്ടികയിൽ ഇടം കണ്ടെത്തിയിരിക്കുന്നത്.
യാത്രാ ജേണലിസ്റ്റുകൾ, ഹോട്ടൽ ഉടമകൾ, പരിചയസമ്പന്നരായ ട്രാവൽ സ്പെഷലിസ്റ്റുകൾ എന്നിവർ ഉൾപ്പെടുന്ന 600 പേരടങ്ങുന്ന ഒരു സംഘമാണ് വോട്ട് ചെയ്ത് മികച്ച ഹോട്ടലുകളെ തിരഞ്ഞെടുക്കുന്നത്. വോട്ടെടുപ്പിന് ശേഷം ചൊവ്വാഴ്ച ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ഗിൽഡ് ഹാളിൽ വച്ചാണ് മികച്ച ഹോട്ടലുകളെ പ്രഖ്യാപിച്ചത്. ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള പ്രോപ്പർട്ടികളാണ് ഈ വർഷത്തെ പട്ടികയിൽ ഇടം പിടിച്ചത്.
ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു ഹോട്ടലായ സുജൻ ജുവെ രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്. ആഡംബര സഫാരി ക്യാംപ് കൂടിയാണ് ഇത്. സുസ്ഥിര വിനോദസഞ്ചാരത്തിന് പേര് കേട്ട സുജൻ ജുവെ പുള്ളിപുലികൾക്കു പ്രസിദ്ധമായ ഇടം കൂടിയാണ്. ആഡംബരത്തിന്റെയും വന്യതയുടെയും സമന്വയമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
2024 ഏറ്റവും മികച്ച ഹോട്ടലായി തായ്ലൻഡിലെ ലക്ഷ്വറി റിസോർട്ട് ആയ കാപെല്ല ബാങ്കോക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷം പതിനൊന്നാം സ്ഥാനത്ത് ആയിരുന്നു ഈ റിസോർട്ട്. അതിൽ നിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തിയ കാപെല്ല ഏഷ്യയിലെ ഏറ്റവും മികച്ച ഹോട്ടലെന്ന ബഹുമതിയും സ്വന്തമാക്കി. ഇറ്റലിയിലെ ലേക് കോമോയിലുള്ള വില്ലയായ പാസലാക്വ രണ്ടാം സ്ഥാനത്തേക്ക് എത്തി. പതിനെട്ടാം നൂറ്റാണ്ടിലെ വില്ല ആയ ഇത് 2023ൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആയിരുന്നു. ആഡംബര ഹോട്ടലായ റോസ് വുഡ് ഹോങ്കോങ്ങാണ് മൂന്നാം സ്ഥാനത്ത്.
ബാങ്കോക്കിൽ നിന്നുള്ള നാല് ഹോട്ടലുകൾ ഉൾപ്പെടെ പത്തൊമ്പത് ഹോട്ടലുകളുമായി ഏഷ്യയാണ് ഒന്നാം സ്ഥാനത്ത്. യൂറോപ്പിൽ നിന്നുള്ള 13 ഹോട്ടലുകളും നോർത്ത് അമേരിക്കയിൽ നിന്നുള്ള ഒമ്പത് ഹോട്ടലുകളും പട്ടികയിൽ ഇടം കണ്ടെത്തി. ആഫ്രിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിൽ നിന്ന് നാല് ഹോട്ടലുകളും സൗത്ത് അമേരിക്കയിൽ നിന്ന് ഒരു ഹോട്ടലും പട്ടികയിൽ ഇടം കണ്ടെത്തി. ഏഷ്യയിലെ മികച്ച ഹോട്ടലായി കാപെല്ല ബാങ്കോക്കും യൂറോപ്പിലെ മികച്ച ഹോട്ടലായി പാസാലാക്വയും നോർത്ത് അമേരിക്കയിലെ മികച്ച ഹോട്ടലായി ചാബ്ലെ യുകാറ്റനും സൗത്ത് അമേരിക്കയിലെ മികച്ച ഹോട്ടലായി റോസ് വുഡ് സാവോ പോളോയും ഓഷ്യാനയിലെ മികച്ച ഹോട്ടലായി ദി കാലിയും ആഫ്രിക്കയിലെ മികച്ച ഹോട്ടലായി മൗണ്ട് നെൽസനും തിരഞ്ഞെടുക്കപ്പെട്ടു.