ADVERTISEMENT

വിനോദസഞ്ചാരികള്‍ക്ക് കര്‍ശനമായ വീസ നിയന്ത്രണങ്ങളുമായി ഇന്തൊനേഷ്യ. ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിക്കുന്ന സഞ്ചാരികൾക്കുള്ള പിഴകൾ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം, മുൻപ് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിച്ചിരുന്ന വീസ കുറ്റങ്ങൾക്ക് ഇപ്പോൾ 20 വർഷം വരെ തടവ് ലഭിക്കും. ഇമിഗ്രേഷൻ സംവിധാനം സംരക്ഷിക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുമാണ് പുതിയ മാറ്റം. പുതിയ മാറ്റങ്ങള്‍ പ്രകാരം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ അറിയാം.

ശിക്ഷ കഠിനം

പുതിയ ചട്ടങ്ങൾ പ്രകാരം, മുന്‍പ് ആറ് മാസം മുതൽ ഒരു വർഷം വരെ തടവ് വിധിച്ചിരുന്ന വീസ കുറ്റകൃത്യങ്ങൾക്ക് ഇപ്പോൾ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.

ഗവൺമെന്റിന്റെ ദൃഢ സമീപനം

ഈ മാറ്റം ഇന്തൊനേഷ്യയുടെ കുടിയേറ്റ സംവിധാനം സംരക്ഷിക്കുന്നതിലും വിനോദസഞ്ചാരികൾ നിയമത്തെ ബഹുമാനിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുളള സര്‍ക്കാരിന്‍റെ കർശനമായ നിലപാടാണ് കാണിക്കുന്നത്. 

ഓപ്പറേഷൻ ജാഗ്രതാര

വീസ നിയമങ്ങൾ നടപ്പിലാക്കുന്നതിനും വിദേശ സന്ദർശകരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി ഇന്തൊനേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് തുടങ്ങിയ പദ്ധതിയാണ് ഓപ്പറേഷൻ ജാഗ്രതാര.

നാടുകടത്തല്‍

ഓപ്പറേഷൻ ജാഗ്രതാരയുടെ ഭാഗമായി, ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചതിന് 400 പേരെ ഈ വർഷം ഇതിനകം നാടുകടത്തിയിട്ടുണ്ട്. 

നിയമം അനുസരിക്കുന്ന വിനോദസഞ്ചാരികളെ ബാധിക്കില്ല! 

30 ദിവസത്തെ വീസ ഓൺ അറൈവൽ അല്ലെങ്കിൽ 60 ദിവസത്തെ എക്സ്റ്റന്‍ഡഡ് വീസ പോലുള്ള വീസ നിയന്ത്രണങ്ങൾ പാലിക്കുന്ന വിനോദസഞ്ചാരികളെ പുതിയ നിയമങ്ങൾ ബാധിക്കില്ല.

ഇമിഗ്രേഷൻ ഓഫീസർമാർ

സഞ്ചാരികള്‍ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി 125 ഇമിഗ്രേഷൻ ഓഫീസർമാരെ ബാലിയിൽ വിന്യസിച്ചിട്ടുണ്ട്. 

ബാലിയുടെ പ്രാധാന്യം 

ഇന്തൊനേഷ്യയിലെ എക്കാലത്തെയും ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് ബാലി, സന്ദർശകർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ദ്വീപിന്റെ സല്‍പ്പേര് സംരക്ഷിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 

മെച്ചപ്പെടുത്തിയ പട്രോളിങ് 

ടൂറിസ്റ്റ് പ്രവർത്തനങ്ങൾ ഫലപ്രദമായി നിരീക്ഷിക്കുന്നതിന്, 20 ജീപ്പുകളിലും 20 മോട്ടോർസൈക്കിളുകളിലുമായി, ഓഫീസര്‍മാര്‍ ദ്വീപിൽ പട്രോളിങ് നടത്തും. 

ഇമിഗ്രേഷൻ ഓഫീസർമാർക്ക് സ്വയം സംരക്ഷണത്തിനും അപകടകാരികളായ രാജ്യാന്തര കുറ്റവാളികളെ കൈകാര്യം ചെയ്യാനുമായി തോക്കുകൾ കൈവശം വയ്ക്കാനുള്ള അധികാരം നൽകിയിട്ടുണ്ട്. വീസ ലംഘനങ്ങൾക്കു വേണ്ടി മാത്രമല്ല, പുതിയ നിയന്ത്രണങ്ങൾ. ഇത് ഇന്തൊനേഷ്യയിലെ അന്തർദേശീയ കുറ്റകൃത്യങ്ങൾ തടയാനും ലക്ഷ്യമിടുന്നു. രാജ്യത്തെ പൗരന്മാരുടെയും അന്തർദേശീയ സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗമായാണ് ഇന്തൊനേഷ്യൻ സർക്കാർ ഈ കർശനമായ നിയമങ്ങളെ കാണുന്നത്. അതിർത്തികളിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സഞ്ചാരികളുടെ ഒഴുക്ക് നിരീക്ഷിക്കുന്നതിനുമായി കൂടുതൽ ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുന്നതിനും പദ്ധതിയിടുന്നുണ്ട്.

English Summary:

Indonesia Cracks Down: Visa Violations Now Punishable by Up to 20 Years.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com