ADVERTISEMENT

ഉത്സവ സീസണിന് മുന്നോടിയായി, ട്രെയിന്‍ ടിക്കറ്റിന്‍റെ മുന്‍‌കൂര്‍ റിസര്‍വേഷന്‍ കാലാവധി 120 ദിവസത്തിൽ നിന്ന് 60 ദിവസമായി കുറച്ച് ഇന്ത്യന്‍ റെയില്‍വേ. 2024 നവംബർ 1 മുതൽ ഇത് പ്രാബല്യത്തില്‍ വരുമെന്ന് റെയിൽവേ മന്ത്രാലയം ബുധനാഴ്ച  പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നു. ഇനിമുതല്‍ നിശ്ചയിച്ച യാത്രാ തീയതിക്ക് 4 മാസം മുമ്പ് അഡ്വാൻസ് റിസർവേഷൻ പിരീഡ് (എആർപി) പ്രകാരം യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല. പകരം പരമാവധി രണ്ടു മാസം വരെയുള്ള യാത്രകള്‍ക്ക് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാവൂ.

എന്നാല്‍, നിലവിലെ 120 ദിവസത്തെ അഡ്വാൻസ് റിസർവേഷൻ പിരീഡ് പ്രകാരം, 2024 ഒക്ടോബർ 31 വരെ യാത്ര ബുക്ക് ചെയ്തവര്‍ക്ക് കുഴപ്പമുണ്ടാവില്ലെന്നു ഔദ്യോഗിക സർക്കുലറിൽ പറയുന്നു. 

താജ് എക്സ്പ്രസ്, ഗോമതി എക്സ്പ്രസ് തുടങ്ങിയ ചില പകൽ സമയ എക്സ്പ്രസ് ട്രെയിനുകളുടെ കാര്യത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല, ഇവയില്‍ മുൻകൂർ റിസർവേഷനുള്ള കുറഞ്ഞ സമയ പരിധി നിലവിൽ പ്രാബല്യത്തിലുണ്ട്. വിദേശ വിനോദസഞ്ചാരികളുടെ 365 ദിവസത്തെ പരിധിയുടെ കാര്യത്തിലും മാറ്റമുണ്ടാവില്ല. റെയിൽവേ മന്ത്രാലയം സർക്കുലറിൽ വ്യക്തമായി. 

നിലവില്‍, 61 മുതൽ 120 ദിവസം വരെ മുൻകൂട്ടി ബുക്ക് ചെയ്ത 21% ടിക്കറ്റുകൾ റദ്ദാക്കപ്പെടുന്നുണ്ടെന്നും 5% യാത്രക്കാർ മാത്രമാണ് യാത്ര ആരംഭിക്കുന്നതിന് മുൻപ് ടിക്കറ്റ് റദ്ദാക്കാത്തതെന്നും റെയില്‍വേ ഇതിനു വിശദീകരണമായി പറഞ്ഞു. ഇത് മറ്റു യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചെന്നൈ, തിരുനെൽവേലി, സെങ്കോട്ടൈ, കോയമ്പത്തൂർ, തിരുവനന്തപുരം തുടങ്ങിയ തിരക്കേറിയ റൂട്ടുകളിൽ 120 ദിവസത്തെ റിസർവേഷൻ വിൻഡോ തുറന്നാലുടൻ ബിസിനസുകാര്‍, എംഎസ്എംഇകൾ, മെഡിക്കൽ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി അംഗങ്ങൾ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന സ്ഥിരം യാത്രക്കാർ വെള്ളി, ഞായർ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തുവയ്ക്കുന്നതു പതിവാണെന്ന് റെയിൽവേ പറഞ്ഞു. 

ടൂര്‍ പോകാന്‍ പ്ലാന്‍ ചെയ്യുന്നതിന്‍റെ ഭാഗമായി പല യാത്രക്കാരും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാറുണ്ടെങ്കിലും പലപ്പോഴും അവരുടെ ടിക്കറ്റുകൾ റദ്ദാക്കാറുണ്ട്. എന്നാല്‍, തീർഥാടന യാത്രക്ക് ബുക്ക് ചെയ്ത ആളുകള്‍ ടിക്കറ്റുകൾ സാധാരണയായി റദ്ദാക്കാറില്ല, ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നതാണ് കാരണം. 

ചെന്നൈയിൽ നിന്ന് കോയമ്പത്തൂർ, തിരുവനന്തപുരം, മംഗളൂരു, മധുര, തിരുനെൽവേലി, സെങ്കോട്ടൈ, നാഗർകോവിൽ എന്നിവിടങ്ങളിലേക്കുള്ള രാത്രി ട്രെയിനുകൾ വർഷം മുഴുവനും  സർവീസ് നടത്തുന്നുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ചെന്നൈയ്ക്കും കോയമ്പത്തൂർ, ബെംഗളൂരു, മധുരൈ എന്നിവയ്ക്കുമിടയിലുള്ള വന്ദേ ഭാരത്, ശതാബ്ദി, തേജസ് തുടങ്ങിയ പകൽസമയ ഇൻ്റർസിറ്റി സർവീസുകള്‍ക്ക് ഉയർന്ന ഡിമാൻഡാണ്, പ്രത്യേകിച്ച് അവധി ദിവസങ്ങളിലും ഉത്സവ സീസണുകളിലും. 

രണ്ടോ മൂന്നോ മാസം മുൻപേ തന്നെ വെയ്‌റ്റ്‌ലിസ്റ്റുകൾ 200–300 കവിഞ്ഞാലും ഉത്സവ സീസണിൽ പരമാവധി ആളുകള്‍ക്കു യാത്ര ചെയ്യാന്‍ സൗകര്യം ഒരുക്കാൻ റെയിൽവേക്ക് കഴിയുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.

ട്രെയിൻ റിസർവേഷൻ കാലാവധി 60 ദിവസമാക്കി മാറ്റിയത് നല്ലതോ? യാത്രക്കാർ പറയുന്നു

റെയിൽവേ റിസർവേഷനുള്ള കാലാവധി 120 ദിവസത്തിൽനിന്ന് 60 ദിവസമാക്കി മാറ്റിയ നടപടിയിൽ സമ്മിശ്ര പ്രതികരണവുമായി ഡൽഹി മലയാളികൾ. ഡൽഹിയിൽനിന്ന് കേരളത്തിലേക്കുള്ള യാത്രകൾക്ക് പെട്ടെന്നു ടിക്കറ്റ് ലഭിക്കാൻ പുതിയ മാറ്റം സഹായിക്കുമെന്ന് ഒരുവിഭാഗം പ്രതികരിക്കുമ്പോൾ മുൻപുണ്ടായിരുന്ന രീതി വീണ്ടും കൊണ്ടുവരിക മാത്രമാണ് റെയിൽവേ ചെയ്തതെന്ന് മറ്റൊരു വിഭാഗം പ്രതികരിക്കുന്നു. 

120 ദിവസം വരെയുള്ള യാത്രാതീയതികളിലേക്ക് ടിക്കറ്റുകൾ റിസർവ് ചെയ്യാനുള്ള സൗകര്യം ഈമാസം 31 വരെ മാത്രമേയുണ്ടാകുമെന്ന് കഴിഞ്ഞദിവസമാണ് റെയിൽവേ അറിയിച്ചത്. 61 മുതൽ 120 വരെ ദിവസം മുൻപു റിസർവ് ചെയ്ത ടിക്കറ്റുകളിൽ 21% റദ്ദാക്കുന്നതും 5% പേർ യാത്ര ചെയ്യാതിരിക്കുകയോ ചെയ്യുന്നതുമാണ് കാലാവധി ചുരുക്കാൻ കാരണമായി റെയിൽവേ പറയുന്നത്. കൂടിയ റദ്ദാക്കൽ നിരക്കും യഥാർഥ യാത്രക്കാരെത്താത്തതും ചില ജീവനക്കാർ കൈക്കൂലി വാങ്ങി അനധികൃത യാത്രക്കാരെ ആ സീറ്റുകളിൽ തിരുകിക്കയറ്റാനിടയാക്കുന്നു.ചില ട്രാവൽ ഏജന്റുമാർ, സീസണുകളിലേക്ക് കാലേക്കൂട്ടി ടിക്കറ്റുകൾ കൂട്ടമായി റിസർവ് ചെയ്യുന്നത് ഒഴിവാക്കാനും ഇതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നു. കാലാവധി ചുരുങ്ങുന്നതോടെ, പൊതുജനത്തിനു കൃത്യമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നും വെയ്റ്റ്‌ ലിസ്റ്റ് നോക്കി സ്പെഷൽ ട്രെയിനുകൾ തങ്ങൾക്കു കൃത്യമായി ആസൂത്രണം ചെയ്യാൻ സാധിക്കുമെന്നും റെയിൽവേ കരുതുന്നു.

"റെയിൽവേയുടെ നടപടി സ്വാഗതം ചെയ്യുന്നു. പരീക്ഷാ തീയതി, സെമസ്റ്റർ അവധി എന്നിവ നോക്കിയാണ് ഡൽഹി മലയാളി വിദ്യാർഥികൾ ടിക്കറ്റ് ബുക്ക് ചെയ്യുക. എന്നാൽ, പലപ്പോഴും ടിക്കറ്റുകൾ മാസങ്ങൾക്കു മുൻപേ ബുക്ക് ചെയ്തുപോയതായി കാണുന്നത് നാട്ടിലേക്കുള്ള യാത്ര ആശങ്കാജനകമാക്കും. അതേസമയം, അവധിക്കാലത്ത് കേരളത്തിൽ കൂടുതൽ സ്പെഷൽ ട്രെയിനുകൾ വേണം."

"സാധാരണക്കാർക്കും സ്വകാര്യ–അസംഘടിത മേഖലയിലെ ജീവനക്കാർക്കും റെയിൽവേയുടെ നടപടി ഗുണം ചെയ്യും. മുൻപ് 60 ദിവസമായിരുന്നു റിസർവേഷൻ കാലാവധി. എന്നാൽ പിന്നീട് കേന്ദ്രസർക്കാർ ഇത് അകാരണമായി 120 ദിവസമാക്കി. ഇപ്പോഴിതാ അത് വീണ്ടും അറുപതിലേക്ക് പുനഃസ്ഥാപിച്ചു. യാത്രക്കാരുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താതെ ഇത്തരം നടപടികൾക്കാണ് റെയിൽവേ മുൻതൂക്കം നൽകുന്നത്." വിനോദ് കമ്മാളം പ്രസിഡന്റ് , ജനസംസ്കൃതി

"റെയിൽവേയുടെ പരിഷ്കാരം സാധാരണക്കാർക്ക് ഉപകാരം ചെയ്യും. മുൻകൂട്ടി ടിക്കറ്റുകൾ റിസർവ് ചെയ്ത് പോയാൽ പെട്ടെന്ന് ടിക്കറ്റെടുക്കേണ്ടി വരുന്നവർ ബുദ്ധിമുട്ടും. അതിനാൽ 2 മാസ കാലാവധിയായി ഇതു നിജപ്പെടുത്തുന്നത് നല്ലതാണ്." 

"ഡൽഹി മലയാളികളെ സംന്ധിച്ചിടത്തോളം തികച്ചും സ്വാഗർതാർഹമായ നടപടിയാണിത്. ഓണം, ക്രിസ്മസ്, പെരുന്നാൾ, മണ്ഡലകാലം തുടങ്ങി ഉത്സവസീസണുകളിലാണ് പൊതുവേ മലയാളികൾ നാട്ടിലേക്ക് പോകാറുള്ളത്. അല്ലാതെയുള്ള യാത്രകളെല്ലാം അടിയന്തര ആവശ്യങ്ങൾക്കാണ്. ആ സമയത്ത്് പെട്ടെന്ന് ടിക്കറ്റെടുക്കാൻ നോക്കുമ്പോൾ മാസങ്ങൾക്കു മുൻപേ സീറ്റെല്ലാം ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകും. 120 ദിവസം മുൻപേ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലും അനിശ്ചിതത്വമുണ്ട്." മാത്യു ജോസ്, ചീഫ് ട്രഷറർ , ഡിഎംഎ

English Summary:

60-Day Train Ticket Booking: Boon or Bane for Travelers?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com