ADVERTISEMENT

പണ്ടുകാലത്തെ നാട്ടുരാജ്യങ്ങളുടെ വെറിയും വൈരാഗ്യവും വീറും വാശിയും പോരും പോരായ്മകളുമുറങ്ങുന്ന രാജസ്ഥാന്‍റെ മണ്ണിലൂടെ, രാജകീയമായ ഒരു യാത്ര. ഒട്ടകങ്ങൾ നടന്നു നീങ്ങുന്ന മരുഭൂമികളും കോട്ടകൊട്ടാരങ്ങളുടെ ഗാംഭീര്യവും ആരവല്ലിയുടെ കരുതലില്‍ മയങ്ങുന്ന പട്ടണങ്ങളും അവയിലുടനീളമുള്ള കാക്കത്തൊള്ളായിരം തടാകങ്ങളും കാണാം. വൈഫൈ, എയർ കണ്ടീഷനിങ്, കോൺഫറൻസിങ് മുതലായ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്യാബിനുകള്‍, ആയുർവേദ സ്പാ, ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്തു തരാന്‍ ബട്ട്ലര്‍മാര്‍ തുടങ്ങി കൊട്ടാരസമാനമായ സൗകര്യങ്ങള്‍. യാത്രയിലുടനീളം, ഓരോ ആളിനെയും രാജാവാണെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള ആതിഥ്യമര്യാദ... ഓരോ സഞ്ചാരിയും ഒരിക്കലെങ്കിലും പോകണമെന്നു കൊതിക്കുന്ന യാത്രയാണ് ആഡംബര ട്രെയിനായ പാലസ് ഓണ്‍ വീല്‍സ് ഒരുക്കുന്നത്. 

ഇപ്പോഴിതാ, ഈ വര്‍ഷം ലോകത്തിലെ ഏറ്റവും മികച്ച ട്രെയിന്‍ യാത്രയായി  പാലസ് ഓൺ വീൽസിലെ യാത്രയെ തിരഞ്ഞെടുത്തിരിക്കുകയാണ് ട്രാവല്‍ മാഗസിനായ കോണ്ടേ നാസ്റ്റ് ട്രാവലര്‍. ഓരോ വര്‍ഷവും സഞ്ചാരികളുടെ പ്രിയപ്പെട്ട ഹോട്ടലുകൾ, എയർലൈനുകൾ, ക്രൂയിസുകൾ, ദ്വീപുകൾ മുതലായവ പ്രഖ്യാപിക്കുന്ന 37-ാമത് വാർഷിക റീഡേഴ്‌സ് ചോയ്‌സ് അവാർഡുകളുടെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപതോളം ട്രെയിനുകള്‍ ഈ ലിസ്റ്റിലുണ്ട്. പാലസ് ഓണ്‍ വീല്‍സ് അടക്കം ഇന്ത്യയില്‍ നിന്നുള്ള മൂന്നു ട്രെയിനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പതിനൊന്നാം സ്ഥാനത്ത് ഗോൾഡൻ ചാരിയറ്റ്, പതിമൂന്നാം സ്ഥാനത്ത് മഹാരാജാസ് എക്സ്പ്രസ് എന്നിവ ഇടം പിടിച്ചു. 

കർണാടക, ഗോവ, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിനാണ് ഗോൾഡൻ ചാരിയറ്റ്. ഹംപിയിലെ വിത്തല ക്ഷേത്രത്തിലെ ശിലാരഥത്തിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പാലസ് ഓൺ വീൽസിന്റെ അതേ മാതൃകയിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ട്രെയിൻ യാത്ര ഒരുക്കുന്നത്. 

കദംബ, ഹൊയ്‌സാല, രാഷ്ട്രകൂട, ഗംഗ, ചാലൂക്യ, ബഹാമണി, ആദിൽ ഷാഹി, സംഗമ, ശതവാഹന, യദുകുല, വിജയനഗര എന്നീ രാജവംശങ്ങളുടെ പേരിലുള്ള 18 കോച്ചുകളിലായി, 44 ക്യാബിനുകൾ ഉള്ള ഗോൾഡൻ ചാരിയറ്റ് ഒക്ടോബർ മുതല്‍ മാർച്ച് വരെയുള്ള മാസങ്ങളിൽ ആഴ്ചതോറും പ്രവർത്തിക്കുന്നു. ഒക്ടോബർ മാസത്തിൽ വിനോദസഞ്ചാര വകുപ്പും കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷനും ചേര്‍ന്നു നടത്തുന്ന പ്രത്യേക ദസറ ഫെസ്റ്റിവൽ ടൂറുമുണ്ട്. രണ്ട് റസ്റ്ററന്റുകൾ, ഒരു ലോഞ്ച് ബാർ, കോൺഫറൻസ് റൂം, ജിം, സ്പാ മുതലായ സൗകര്യങ്ങള്‍ ഇതിലുണ്ട്. 2013 ൽ വേൾഡ് ട്രാവൽ അവാർഡിൽ "ഏഷ്യയിലെ പ്രമുഖ ലക്ഷ്വറി ട്രെയിൻ" എന്ന പദവിയും ഗോൾഡൻ ചാരിയറ്റിന് ലഭിച്ചിരുന്നു.

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും മധ്യ ഇന്ത്യയിലുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ കുതിച്ചുപായുന്ന മഹാരാജാസ് എക്സ്പ്രസില്‍, പഞ്ചനക്ഷത്രഹോട്ടലുകളെ വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങളുണ്ട്. 2010 മാർച്ചിലാണ് ട്രെയിൻ സർവീസ് ആരംഭിച്ചത്. ഇതിനുള്ളില്‍ 5 ഡീലക്‌സ് കാറുകള്‍, 6 ജൂനിയര്‍ സ്യൂട്ട് കാറുകള്‍, 2 സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, 2 റസ്റ്റോറന്റുകള്‍ എന്നിവയുണ്ട്. ഹെറിറ്റേജ് ഓഫ് ഇന്ത്യ, ട്രഷേഴ്‌സ് ഓഫ് ഇന്ത്യ, ജെംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ പനോരമ, ഇന്ത്യന്‍ സ്പ്ലന്‍ഡര്‍ എന്നിങ്ങനെ അഞ്ച് പ്രത്യേക സീസണ്‍ പ്ലാനുകള്‍ മഹാരാജാസ് എക്സ്പ്രസ് ഒരുക്കുന്നു. 2012 മുതൽ 2018 വരെയുള്ള വേൾഡ് ട്രാവൽ അവാർഡിൽ തുടർച്ചയായി ഏഴ് തവണ "ലോകത്തിലെ പ്രമുഖ ലക്ഷ്വറി ട്രെയിൻ" ആയി മഹാരാജാസ് എക്‌സ്‌പ്രസ് തിരഞ്ഞെടുക്കപ്പെട്ടു. 2022 ലെ കോണ്ടെ നാസ്റ്റ് ട്രാവലർ റീഡേഴ്‌സ് ചോയ്‌സ് ട്രാവൽ അവാർഡും മഹാരാജാസ് എക്‌സ്‌പ്രസിനെ തേടിയെത്തി.

palace-on-wheels

ഫ്രഞ്ച് നാട്ടിൻപുറങ്ങളുടെയും സ്വിസ് പർവതനിരകളുടെയും മനംകുളിര്‍പ്പിക്കുന്ന പ്രകൃതിദൃശ്യങ്ങൾ കണ്ടുകൊണ്ട് യാത്ര ഒരുക്കുന്ന വെനീസ് സിംപ്ലോൺ ഓറിയന്റ് എക്സ്പ്രസ് ആണ് രണ്ടാം സ്ഥാനത്ത്. വിക്ടോറിയ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചയും സഫാരി യാത്രകളും ആസ്വദിച്ച് ദക്ഷിണാഫ്രിക്കയിലൂടെയുള്ള വിസ്മയിപ്പിക്കുന്ന യാത്രയൊരുക്കുന്ന റോവോസ് റെയിൽ, ബാസ്‌ക് കൺട്രി മുതൽ ഗലീഷ്യ വരെയുള്ള സ്‌പെയിനിന്റെ വടക്കൻ തീരപ്രദേശത്തിന്റെ അനുഭവങ്ങള്‍ പകരുന്ന ട്രാൻസ്കാന്റബ്രിക്കോ ഗ്രാൻ ലുജോ, ലോകത്തിലെ ഏറ്റവും വലിയ ദ്വീപുകളില്‍ ഒന്നായ ക്യുഷുവിന്‍റെ പേരിലുള്ള ജാപ്പനീസ് ട്രെയിന്‍ ജെ ആര്‍ ക്യുഷു എന്നിവയും ആദ്യ അഞ്ചു ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു. 

ബെല്‍മണ്ടിലെ ആൻഡിയൻ എക്സ്പ്ലോറർ, ഇംഗ്ലണ്ടിലെ ബ്രിട്ടീഷ് പുൾമാൻ, സ്വിറ്റ്സർലൻഡിലെ ഗ്ലേസിയർ എക്സ്പ്രസ്, സ്കോട്ട്ലൻഡിലെ റോയൽ സ്കോട്ട്സ്മാൻ, വടക്കേ അമേരിക്കയിലെ റോക്കി മൗണ്ടനീർ എന്നിവ യഥാക്രമം ആറു മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.

English Summary:

India's Palace on Wheels Steams Ahead as World's Top Train Journey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com